Friday, October 18, 2013

ഇന്ത്യയില്‍ 1.4 കോടി അടിമപ്പണിക്കാര്‍

ലോകത്ത് മൂന്ന് കോടി ജനങ്ങള്‍ അടിമസമാന സാഹചര്യത്തിലാണെന്നും ഇതില്‍ പകുതിപ്പേര്‍ ഇന്ത്യയിലാണെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയുടെ പഠനം. അടിമജീവിതം നയിക്കുന്നവരുടെ ദേശീയ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നത് പടിഞ്ഞാറന്‍ അഫ്രിക്കന്‍ രാജ്യമായ മൗറിതാനിയയും. ആകെ ജനസംഖ്യയുടെ 4.2 ശതമാനവും ഇവിടെ അടിമജീവിതം നയിക്കുന്നവരാണത്രേ. ഓസ്ട്രേലിയ ആസ്ഥാനമായ മനുഷ്യാവകാശസംഘടന "വാക്ഫ്രീ" 162 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ ജനതയുടെ ദുരവസ്ഥ തുറന്നുകാട്ടപ്പെട്ടത്.

നിര്‍ബന്ധിക്കപ്പെട്ട് വ്യഭിചാരശാലകളില്‍ കഴിയേണ്ടിവരുന്നവര്‍, നിസ്സാരകൂലിക്ക് ജോലിയെടുക്കേണ്ടിവരുന്നവര്‍, കടക്കെണിയില്‍പെട്ടവര്‍, ജന്മനാ ദാസ്യവേലക്കാരാകുന്നവര്‍ തുടങ്ങിയ ഗണത്തില്‍പെട്ടവരെയാണ് ആധുനികലോകത്തെ അടിമകളായി സംഘടന വിവക്ഷിക്കുന്നത്. കൂലിയില്ലാതെ പണിയെടുപ്പിക്കാനുള്ള സംവിധാനമായി വിവാഹം മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവിതകാലം മുഴുവന്‍ കടക്കെണിയില്‍പ്പെട്ട് അടിമവേല ചെയ്യേണ്ടിവരുന്ന വന്‍ ജനസമൂഹം ഉള്ളതിനാലാണ് ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളില്‍ ജനനംകൊണ്ട് അടിമകളാകുന്നവരുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിമവേലയ്ക്കായി തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന സമ്പ്രദായവും നിലനില്‍ക്കുന്നു. പ്രലോഭിപ്പിച്ചും വ്യാജവാഗ്ദാനം നല്‍കിയും മാംസച്ചന്തയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. ലോകത്ത് 21 കോടി പേര്‍ക്ക് നിര്‍ബന്ധിത തൊഴിലുകളില്‍ ഏര്‍പ്പെടേണ്ടിവരുന്നതായി അന്താരാഷ്ട്ര തൊഴില്‍സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

deshabhimani

No comments:

Post a Comment