Thursday, May 27, 2021

ഐടി പ്ലാറ്റ്‌ഫോംസ്‌: ‘ചട്ടം’ പഠിപ്പിക്കാൻ തന്നെ കേന്ദ്രം - ദിനേശ്‌വർമ എഴുതുന്നു

സോഷ്യൽ മീഡിയ ഉൾപ്പെടെ ഐടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാർഗനിർദേശങ്ങളടങ്ങിയ ചട്ടം പ്രാബല്യത്തിൽ വന്നതോടെ വലിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തി. ‘ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ്‌ 2021 ’ കേന്ദ്രം  പ്രസിദ്ധപ്പെടുത്തിയത്‌ ഫെബ്രുവരി 25നാണ്‌. മൂന്നു മാസം കഴിഞ്ഞാൽ ഇതിലെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന്‌ സർക്കാർ അന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതോടെ ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റർ, ഇൻസ്റ്റ, വാട്‌സാപ്, ടെലഗ്രാം തുടങ്ങി ഇന്ത്യയിൽ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ  ഭാവി എന്താകുമെന്നതിൽ ചർച്ച സജീവമാണ്‌.

2000ലെ ഐടി നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഇടനിലക്കാരായി പരിഗണിച്ച്‌, അവയിൽ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. ‘സേഫ്‌ ഹാർബർ’ എന്നറിയപ്പെടുന്ന ഈ പരിരക്ഷ പുതിയ ചട്ടങ്ങൾ നിലവിൽ വന്ന മെയ്‌ 25ന്‌ ഇല്ലാതായി. ഒരു നിയമവിരുദ്ധ ഉള്ളടക്കം  പ്രസിദ്ധീകരിച്ചാൽ അതിട്ട ആളോടൊപ്പം പ്ലാറ്റ്‌ഫോമും നിയമനടപടി നേരിടാം. പുതിയ മാർഗനിർദേശങ്ങളുടെ സാധുതയെ ചോദ്യംചെയ്ത്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ വാട്സാപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതിയിലും ഇതുസംബന്ധിച്ച്‌ ഹർജിയുണ്ട്‌. ഭരണഘടനാദത്തമായ സുരക്ഷ, സ്വകാര്യത എന്നിവയുടെ ലംഘനമാണ്‌ പുതിയ ചട്ടങ്ങളെന്ന വാദമാണ്‌ ഹർജി നൽകിയവരുൾപ്പെടെ ഐടി പ്ലാറ്റ്‌ഫോമുകൾ മുന്നോട്ടുവയ്ക്കുന്നത്‌. പുതിയ ചട്ടം പറയുന്നു: ഓരോ പ്ലാറ്റ്‌ഫോമും ഇന്ത്യയിലുള്ള ഒരാളെ സ്ഥാപനത്തിന്റെ ചുമതലക്കാരനായി (ചീഫ്‌ കംപ്ലയൻസ്‌ ഓഫീസർ) വയ്‌ക്കണം. പുതിയ മാനദണ്ഡങ്ങൾ പ്രകാരമാണോ പോസ്‌റ്റുകളെന  പരിശോധിക്കണം. സംശയാസ്പദമായവ  നീക്കണം.

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പരിശോധിച്ച്‌ നടപടിയെടുക്കാൻ ഐടി പ്ലാറ്റ്‌ഫോമുകളിലെ തന്നെ ചുമതലക്കാരുൾപ്പെട്ട  സമിതി രൂപീകരിക്കണം. അതിന്റെ തലപ്പത്ത്‌ ഹൈക്കോടതി ജഡ്ജിയിൽ കുറയാത്ത ഒരാളായിരിക്കണം.മേൽപ്പറഞ്ഞ രണ്ടു തട്ടിലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ കേന്ദ്ര ഐടി വകുപ്പ്‌ നേരിട്ട്‌ ഇടപെട്ട്‌ നടപടിയെടുക്കണം. ഇവയാണ്‌ പുതിയ ചട്ടത്തിന്റെ കാതൽ.  നിയന്ത്രണത്തിന്റെയും നടപടിയുടെയും  ആത്യന്തിക അധികാരം കേന്ദ്ര സർക്കാരിന്‌ കൈവരികയാണ്‌.  രാഷ്‌ട്രപതിയുടെ അസാധാരണമായ ഒരുത്തരവിലൂടെ എല്ലാ ഐടി പ്ലാറ്റ്‌ഫോമുകളെയും കേന്ദ്ര ഐടി വകുപ്പിന്റെ കീഴിൽ കൊണ്ടുവന്നിരുന്നു.

കെണി മെസേജിങ്‌ ആപ്പുകൾക്ക്‌

എല്ലാ പ്ലാറ്റ്‌ഫോമുകളെയും ദോഷകരമായി ബാധിക്കുന്ന ചട്ടങ്ങളാണ്‌ ഇതിലുള്ളതെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലുണ്ടായിരുന്ന സുരക്ഷയും സ്വകാര്യതാ സംരക്ഷണവും ആവിഷ്കാര സ്വാതന്ത്ര്യവും ഹനിക്കപ്പെടും. ഏറ്റവും ദോഷകരമായി ബാധിക്കുക വാട്സാപ്, ടെലഗ്രാം തുടങ്ങി മെസേജിങ്‌ ആപ്പുകളെയാണ്‌. ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ പോകുന്ന സന്ദേശം ‘എൻക്രിപ്റ്റ്‌ ’ ചെയ്ത്‌ അഥവാ മറ്റുള്ളവർക്ക്‌ മനസ്സിലാകാത്തവിധം രഹസ്യ കോഡുകൾ വഴിയാണ്‌ കൈമാറുന്നത്‌. കേന്ദ്രം പറയുന്നത്‌ ഏതു സന്ദേശവും ഏതു ഘട്ടത്തിൽവച്ചും പരിശോധിക്കാനും ചോർത്താനും കഴിയണമെന്നാണ്‌. ഇത്‌ സന്ദേശത്തിന്‌ നിലവിലുള്ള സ്വകാര്യത നഷ്ടപ്പെടുത്തും.

മറ്റൊന്ന്‌, സന്ദേശത്തിന്റെ ഉറവിടമേത്‌? ആര്‌? എന്ന വിവരങ്ങൾ കൂടി കൈമാറണമെന്നാണ്‌. മെസേജിങ്‌ ആപ്‌ രംഗത്തെ വിദഗ്ധർ പറയുന്നത്‌ രാജ്യവിരുദ്ധമോ നിയമവിരുദ്ധമോ അധിക്ഷേപകരമോ ആയ ഏതു സന്ദേശവും നീക്കാനും  അത്‌ ഇട്ടവർക്കെതിരെ നടപടിയെടുക്കാനും  ഇപ്പോൾ സംവിധാനമുണ്ട്‌. എന്നാൽ, ‘ആക്ഷേപകരമായത്‌ ഏത്‌’ എന്ന്‌ നിശ്ചയിക്കാനുള്ള അധികാരംകൂടി കേന്ദ്ര ഐടി വകുപ്പിന്‌ ലഭിക്കുന്നതോടെ അതിന്റെ ലക്ഷ്യം മാറുമെന്നാണ്‌.

ബോംബെ ഐഐടിയിലെ വിവരസാങ്കേതികവിദ്യാ വിദഗ്ധനായ ഡോ. മനോജ്‌ പ്രഭാകരൻ പറയുന്നത്‌ നിലവിലുള്ള ‘എൻക്രിപ്ഷൻ ’ രീതി വളഞ്ഞ വഴിയിലൂടെ പൊളിച്ചാൽ ക്രിമിനലുകളായിരിക്കും അത്‌ കൂടുതൽ ഉപയോഗിക്കുക എന്നാണ്‌. നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷമാണ്‌ ഐടി പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷയും സ്വാതന്ത്ര്യവും ചോദ്യംചെയ്യുന്ന നീക്കമുണ്ടായത്‌.   നെറ്റ്‌ഫ്ലിക്സ്‌ ഉൾപ്പെടെ ഒടിടി പ്ലാറ്റ്‌ ഫോമുകളിൽ വരുന്ന സീരീസുകളിലെ ഉള്ളടക്കത്തിനെതിരെ വൻ പ്രചാരണം നടത്തിയിരുന്നു. ഇപ്പോൾ, പുതിയ ചട്ടത്തിന്റെ വരുതിയിൽ ഒടിടികളും ഉൾപ്പെടുന്നു.

എന്താണ്‌ ലക്ഷ്യം?

സമൂഹത്തിൽ വലിയ സ്വാധീനമായി മാറിക്കഴിഞ്ഞു സാമൂഹ്യ മാധ്യമങ്ങളുൾപ്പെടെയുള്ള ഐടി പ്ലാറ്റ്‌ഫോമുകൾ. അതിർവരമ്പുകൾ കടക്കുമ്പോൾ നിയന്ത്രിക്കാനുള്ള സംവിധാനം നിശ്ചയമായും ആവശ്യമാണ്‌. ഇപ്പോൾ തന്നെ അത്തരം നിയന്ത്രണ സംവിധാനങ്ങളുണ്ട്‌.  കാലാനുസൃതമായി അവ പരിഷ്കരിക്കുകയാണ്‌ വേണ്ടത്‌.

ഏറ്റവുമൊടുവിൽ, ഇന്ത്യയിലെ സോഷ്യൽ മീഡിയ കമ്പനികൾക്ക്‌ കേന്ദ്ര സർക്കാർ കർശനമായ ഒരു നിർദേശം കൊടുത്തു. ‘മഹാമാരിയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന തെറ്റായ ഉള്ളടക്കങ്ങൾ നീക്കണം.’ എന്നാൽ, അതോടൊപ്പം ചേർത്ത്‌ മറ്റൊന്നുകൂടി പറഞ്ഞു;  മഹാമാരിയെ നേരിടുന്നതിൽ കേന്ദ്ര സർക്കാരിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങളും നീക്കണം.

ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകൾ അത്‌ വിസമ്മതിച്ചു. തുടർന്നാണ്‌ ഓരോ കാരണം പറഞ്ഞ്‌ അവരോട്‌ കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ തുടങ്ങിയത്‌.

വിമർശിക്കുന്നത്‌ ആരൊക്കെയാണോ, ഏതു വഴിയിലൂടെയാണോ അവയെല്ലാം അവസാനിപ്പിക്കുകയാണ്‌ ഇന്ത്യയിലെ പുതിയ ‘ജനാധിപത്യം’! പുതിയ ചട്ടങ്ങൾ സംബന്ധിച്ച്‌ ഐടി പ്ലാറ്റ്‌ഫോമുകൾ നിയമയുദ്ധത്തിലേക്ക്‌ നീങ്ങുന്നതിനാൽ സംഘപരിവാർ അധികാരകേന്ദ്രങ്ങൾ ‘നിയമം’ പ്രയോഗിച്ചേക്കാം. പക്ഷേ, ജനങ്ങളുടെ മുന്നിൽ ‘സുരക്ഷ, സ്വകാര്യത, സ്വാതന്ത്ര്യം’ എന്നിവയെല്ലാം ഒരു ചോദ്യചിഹ്നമായി അവശേഷിക്കും.

ദിനേശ്‌വർമ 

No comments:

Post a Comment