Friday, February 21, 2014

ഐടി അറ്റ് സ്കൂളില്‍ വന്‍ അഴിമതി

സ്കൂളുകളില്‍ വിവര സാങ്കേതിക വിനിമയ വിദ്യാഭ്യാസത്തിന്റെ വിപുലീകരണത്തിനായി രൂപീകരിച്ച ഐടി അറ്റ് സ്കൂളില്‍ അഴിമതി ഫയലുകള്‍ കുന്നുകൂടുന്നു. വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഐടി അറ്റ് സ്കൂള്‍ മുഖേന സംസ്ഥാനത്തെ സ്കൂളുകളില്‍ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കന്നതിനും അധ്യാപക പരിശീലനത്തിനും വിക്ടേഴ്സ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കേണ്ട തുകയാണ് മാനദണ്ഡങ്ങളൊന്നും കൂടാതെ അനുവദിച്ചശേഷം വ്യാജവൗച്ചറുകളും ബില്ലുകളും ഉപയോഗിച്ച് ഭരണസ്വാധീനമുള്ള ഉദ്യോഗസ്ഥര്‍ വിഴുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഡിറ്റ് ആരംഭിച്ചപ്പോള്‍ പല ബില്ലുകളും വൗച്ചറുകളും വ്യാജമാണെന്ന സംശയം ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു.

പല ഇടപാടുകള്‍ക്കും ഓഡിറ്റ് വിശദീകരണം ആരാഞ്ഞതോടെ അവരെ സ്വാധീനിക്കാനുള്ള ഭരണ രാഷ്ട്രീയ നീക്കങ്ങളും ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് മേധാവികള്‍ നടത്തുന്നുണ്ട്. അഴിമതിമാത്രം ലക്ഷ്യമിട്ട പ്രഖ്യാപനങ്ങളാണ് പ്രോജക്ടിലും ചാനലിലും നടക്കുന്നത്. വിക്ടേഴ്സ് ചാനലിന്റെയും ജില്ലാ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന്റെയും ഹെഡ് ഓഫീസിലെ ചെലവുകളുടെയും പേരിലാണ് വന്‍ വെട്ടിപ്പ്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് വിക്ടേഴ്സ് ചാനല്‍ നടത്തിയ ഒരു പരിപാടിക്ക് ലഭിച്ച തുക ഐടി അറ്റ് സ്കൂളിലെ പ്രൊഡക്ഷന്‍ മാനേജര്‍ സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. സംഭവം പുറത്തായപ്പോള്‍ ചാനലിലെ പരിപാടിയുടെ ഫയല്‍തന്നെ അപ്രത്യക്ഷമായി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലെ അഴിമതിക്ക് കൈയും കണക്കുമില്ല. ഹെഡ് ഓഫീസില്‍ ബൈക്കുകള്‍ വയ്ക്കുന്ന ഷെഡിന്റെ ഉയരം കൂട്ടാന്‍ നാല് ഇരുമ്പ് പൈപ്പ് സ്ഥാപിച്ചതിന് നാലു ലക്ഷം രൂപയാണ് ചെലവ് കാണിച്ചത്. 4000 രൂപയ്ക്ക് കിട്ടുന്ന പൈപ്പുകള്‍ക്കാണ് ഒരു ലക്ഷം രൂപവീതം ചെലവായതായുള്ള കണക്ക്. അവിശ്വസനീയമായ ഈ തുക അനുവദിച്ചാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജീവനക്കാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പണം അനുവദിച്ചിട്ടില്ല. ചീഫ് അക്കൗണ്ടന്റിന് വ്യാജ ബില്ലുകളും വൗച്ചറുകളും സംഘടിപ്പിച്ച് കൊടുക്കാന്‍മാത്രം ഒരു കീഴ് ജീവനക്കാരിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ഇടഞ്ഞ് ഐടി സ്കൂളില്‍നിന്ന് പുറത്തായ ലീഗ് നേതാവ് അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയുടെ വീട്ടുസാമഗ്രികള്‍ വീട്ടിലെത്തിച്ചവകയില്‍ 45,000 രൂപ തട്ടി. അതേസമയം, വസ്ത്രങ്ങളും ചില ബുക്കുകളുമല്ലാതെ മറ്റൊന്നും കൊണ്ടുപോകാനുണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സ്ഥിരം ഡയറക്ടര്‍ ഇല്ലാത്തതാണ് ഇവിടം അഴിമതിയുടെ വിളനിലമാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകുന്നത്. ചീഫ് അക്കൗണ്ടന്റായ റിട്ട. ഉദ്യോഗസ്ഥന്റെ കൈയിലാണ് ഇപ്പോള്‍ ഐടി അറ്റ് സ്കൂളിന്റെ ഭരണം. പല ബില്ലുകളും സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാണാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചീഫ് അക്കൗണ്ടന്റും കൂടി ഒത്തുകളിച്ച് മാറിയെടുക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment