ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ അപകടകരവും പിന്തിരിപ്പനുമായ പുതിയ ഐടി ചട്ടം പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
ഒരു സന്ദേശത്തിന്റെ ആദ്യ സ്രോതസ്സ് എവിടെയെന്ന് സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഇത് സന്ദേശക്കൈമാറ്റ സംവിധാനത്തിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ചൂണ്ടിക്കാട്ടി. സാങ്കേതികവിദഗ്ധരും വസ്തുത ശരിവയ്ക്കുന്നു. ഇത്തരം സംവിധാനങ്ങളുടെ സുരക്ഷ തകരുന്നത് ഉപയോക്താക്കളുടെ സ്വകാര്യത വലിയരീതിയില്‍ ലംഘിക്കപ്പെടാന്‍ വഴിവയ്ക്കും.
ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള വാട്‌സാപ്പിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ ഫെയ്‌സ്ബുക്കും തയ്യാറാകണം
ഈ സാഹചര്യത്തില്‍ ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള വാട്‌സാപ്പിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ ഫെയ്‌സ്ബുക്കും തയ്യാറാകണമെന്ന് പിബി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വാട്‌സാപ് ഡാറ്റ ആവശ്യപ്പെടുന്ന ഫെയ്‌സബുക്, യൂറോപ്യന്‍ യൂണിയനില്‍ അവരുടെ നിര്‍ദേശാനുസരണം ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കളുടെ ട്വീറ്റുകള്‍ക്ക് "മാനിപ്പുലേറ്റഡ് മീഡിയ' ടാഗ് നല്‍കിയതിനാണ് ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ട്വിറ്ററിനെ വിരട്ടാന്‍ കേന്ദ്രം നീക്കം നടത്തിയത്. ഐടി മന്ത്രാലയത്തെ പക്ഷപാതപരമായ രീതിയില്‍ ഉപയോഗിക്കുന്ന ബിജെപിയുടെ നടപടി അംഗീകരിക്കാനാകില്ല. ട്വിറ്റര്‍ ഓഫീസുകള്‍ റെയ്ഡ് ചെയ്ത പൊലീസ് നടപടി വിരട്ടല്‍ തന്ത്രമാണെന്ന് വ്യക്തമെന്നും പിബി ചൂണ്ടിക്കാട്ടി.
No comments:
Post a Comment