Friday, December 27, 2013

ഇ- ഡിസ്ട്രിക്ട് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു

പാലക്കാട്: പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. 23 തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വൈദ്യുതി, ഫോണ്‍, വെള്ളം എന്നിവയുടെ ബില്ലുകളടയ്ക്കാനും കഴിയുന്ന പദ്ധതി കഴിഞ്ഞ ആറുമാസമായി പ്രവര്‍ത്തനം ഇല്ലാത്ത സ്ഥിതിയിലാണ്. മുസ്ലിംലീഗിന്റെ താല്‍പ്പര്യപ്രകാരം നിയമിച്ച ഐടി മിഷന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വന്നതോടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞതെന്നാണ് അക്ഷയസംരംഭകര്‍ ആരോപിക്കുന്നത്. റവന്യൂ വകുപ്പിന്റെ നിസ്സഹകരണംകൂടിയായപ്പോള്‍ പ്രവര്‍ത്തനം താളംതെറ്റി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി തുടങ്ങുന്നത്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് തുടക്കമിട്ടത്. ദേശീയനിലവാരത്തില്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റിയതോടെ മറ്റ് ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മറ്റു ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 26ന് ആഘോഷപൂര്‍വം നടത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് അനുസരിച്ചാണ് ഫണ്ട് ലഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും ലാപ്ടോപ് വിതരണം ചെയ്തു. വില്ലേജ്-താലൂക്ക് ഓഫീസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു. കംപ്യൂട്ടറുകള്‍ നന്നാക്കാന്‍ ആവശ്യമായ പണവും അനുവദിച്ചു. ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ പത്തുലക്ഷം രൂപവീതം അനുവദിച്ചിരുന്നു. ഐടി മിഷനെ നോഡല്‍ ഏജന്‍സിയായി തീരുമാനിക്കുകയും ജില്ലാതലത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് ചുമതല നല്‍കുകയും ചെയ്തു. ആഴ്ചതോറും സംസ്ഥാന ഐടി മിഷന്‍ ജില്ലാതല വീഡിയോ കോണ്‍ഫറന്‍സ് നടത്തിയാണ് പദ്ധതി അവലോകനം ചെയ്തിരുന്നത്. കഴിഞ്ഞ ആറു മാസമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നില്ല.

അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷനായ ജില്ലാതല സമിതിയാണ് പദ്ധതി അവലോകനവും പരിശോധനയും നടത്തിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം റവന്യൂവകുപ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജില്ലാതല സമിതിയുടെ ചുമതല എഡിഎമ്മിന് നല്‍കി. എഡിഎം സെക്രട്ടറിയായി ഡിസ്ട്രിക്ട് ഇ-ഗവേണന്‍സ് സൊസൈറ്റി രൂപീകരിച്ചാണ് ചുമതല ഏല്‍പ്പിച്ചത്. ഇതോടെ പദ്ധതിയുടെ താളംതെറ്റി. ഉദ്യോഗസ്ഥര്‍ക്ക് തുടര്‍പരിശീലനത്തിന് നല്‍കിയ തുകയില്‍ ഒരുരൂപപോലും ചെലവഴിക്കാന്‍ കഴിഞ്ഞില്ല. പരിശീലനം നേടിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകകൂടി ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ ലാപ്ടോപ്പുകളില്‍ പലതും കേടായി. പലരില്‍നിന്നും തിരിച്ചുവാങ്ങി. ഇതിനിടെ സ്കൂള്‍ പ്രവേശനസമയത്ത് ഐടി മിഷന്‍ സെര്‍വര്‍ തകരാറിലായി, സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതു മറയാക്കി ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിനല്‍കാന്‍ തുടങ്ങി. സെര്‍വര്‍ തകരാര്‍ പരിഹരിച്ചശേഷവും പുതിയ ഉത്തരവിറക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ല. ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണ് കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് ഇല്ലാതാകുന്നത്.

അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സമ്മേളനം 29ന്

പാലക്കാട്: ഐടി മേഖലയിലെ തൊഴിലാളികള്‍, അക്ഷയ സംരംഭകര്‍, ഡിടിപി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ജില്ലാ സമ്മേളനം 29ന് മണ്ണാര്‍ക്കാട്ട് നടക്കും. രാവിലെ 10ന് റിറ്റ്സി മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐടി മേഖലയില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷംപേരും ഇപ്പോഴും അസംഘടിതരാണ്. ഈ സാഹചര്യം മുതലെടുത്ത് ഈ മേഖലയില്‍ തൊഴിലാളിചൂഷണം നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുകയാണ്. സംഘടന എന്ന നിലയ്ക്ക് അക്ഷയ സംരംഭകരുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. സര്‍ക്കാരിന്റെ തെറ്റായ നയംമൂലം ഒട്ടനവധി ചൂഷണങ്ങളാണ് അനുഭവിക്കുന്നത്. പരിമിതമായ പ്രതിഫലത്തുകയ്ക്കാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഇതിനുള്ള പ്രതിഫലം സമയബന്ധിതമായി സര്‍ക്കാര്‍ നല്‍കുന്നുമില്ല. പട്ടികജാതിവിഭാഗത്തിലെ കുട്ടികള്‍ക്ക് ഇ-ഗ്രാന്റ് ഡാറ്റ എന്‍ട്രി പ്രതിഫലത്തുക ഇനിയും നല്‍കിയിട്ടില്ല. കര്‍ഷക രജിസ്ട്രഷന്‍ നല്‍കിയ ഇനത്തില്‍ ആയിരങ്ങളുടെ കുടിശ്ശികയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കു ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക് അപേക്ഷ അയച്ചതിന്റെ പ്രതിഫലവും നല്‍കിയിട്ടില്ല. അക്ഷയ കേന്ദ്രങ്ങള്‍ ചെയ്തിരുന്ന ആരോഗ്യ ഇന്‍ഷുസര്‍സ് കാര്‍ഡ് പുതുക്കല്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കി. ഓണ്‍ലൈന്‍സേവനങ്ങളെ ഓപ്പണ്‍പോര്‍ട്ടലിലാക്കി അക്ഷയയില്‍നിന്ന് മാറ്റി. അക്ഷയയുടെ സബ്സെന്ററുകള്‍ അടപ്പിക്കുകയും ദൂരപരിധി ഒഴിവാക്കി പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉത്തരവിടുകയും ചെയ്തു. സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിലേക്ക് ആദ്യം പണം നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തു. നിരന്തരം ചൂഷണം ചെയ്യുകയും സംരംഭങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍നിലപാടാണ് അക്ഷയ സംരംഭകരെ സമരരംഗത്തിറക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇ- ഡിസ്ട്രിക്ട് പദ്ധതി പ്രകാരം 90ലക്ഷംരൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. എന്നാല്‍, സേവനങ്ങള്‍ നല്‍കുകവഴി 1.20കോടി രൂപ അക്ഷയകേന്ദ്രങ്ങള്‍ വഴി സര്‍ക്കാരിലേക്ക് അടച്ചു. ഇത്രയും മികച്ച പദ്ധതിയെ ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ ഏജന്റുമാരുടെ സമ്മര്‍ദമുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. അസോസിയേഷന്റെ മൂന്നാമത് ജില്ലാ സമ്മേളനമാണ് മണ്ണാര്‍ക്കാട് നടക്കുന്നത്. ജില്ലാ പ്രസിഡന്റ് വി ടി ശോഭന, പ്രസിഡന്റ് ടി പി പ്രദീപ്കുമാര്‍, ബാബു, അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment