Thursday, June 20, 2013

"പ്രിസം" പദ്ധതി: ഹര്‍ജി സുപ്രീംകോടതി പരിഗണനയില്‍

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍. ഹര്‍ജിക്ക് അടിയന്തര പരിഗണനയാണ് കോടതി നല്‍കിയിരിക്കുന്നത്. കേസ് അടുത്തയാഴ്ച കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ എ കെ പട്നായിക്, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ച് മാറ്റിവച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിഭാഗം മുന്‍ ഡീന്‍ പ്രൊഫ. എസ് എന്‍ സിങ് ആണ് അഭിഭാഷകനായ വിരാഗ് ഗുപ്ത മുഖേന ഹര്‍ജി സമര്‍പ്പിച്ചത്.

അമേരിക്ക നടത്തുന്ന വിവരചോരണം ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചാണ് അമേരിക്കയ്ക്ക് വിവരം ചോര്‍ത്തുന്നത്. മാത്രമല്ല, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റംകൂടിയാണ് ഈ നടപടി. അമേരിക്ക ആസ്ഥാനമായ ഒന്‍പത് ഇന്റര്‍നെറ്റ് കമ്പനിയാണ് ഇന്ത്യയില്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് 630 കോടി ഡാറ്റ ഇതിനകം കൈമാറി. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളും ഇങ്ങനെ ചോര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പല സുപ്രധാന വിവരങ്ങളും ഇന്റര്‍നെറ്റ് സംവിധാനത്തില്‍ സൂക്ഷിക്കുന്നുണ്ട്. ഇവയുടെ സെര്‍വറുകള്‍ ഇന്ത്യക്ക് പുറത്താണ്. ഇതില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു. അമേരിക്കയുടെ "പ്രിസം" പദ്ധതിയനുസരിച്ചാണ് രഹസ്യം ചോര്‍ത്തല്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സുരക്ഷാ സംവിധാനം ഉണ്ടാക്കണം. അമേരിക്ക ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് കമ്പനികളുടെ സേവനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനികളെല്ലാം അവയുടെ സെര്‍വറുകള്‍ ഇന്ത്യയില്‍തന്നെ സ്ഥാപിക്കണം. ഇത്രയും ഗുരുതര കുറ്റകൃത്യം നടത്തിയിട്ടും ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ അവസ്ഥയാണ്. രാജ്യത്തിന്റെ പരമാധികാരം ഗുരുതര ഭീഷണി നേരിടുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.വിവരം ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ അത്ഭുതവും ആശങ്കയും പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു നടപടിയുമെടുത്തില്ല.
(വി ജയിന്‍)

deshabhimani

No comments:

Post a Comment