Thursday, May 15, 2014

സര്‍ക്കാര്‍ ഓഫീസുകളിലും റിലയന്‍സ് ഇന്റര്‍നെറ്റ്

ഗ്രാമപഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലുമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ റിലയന്‍സിന്റെ കൈപ്പിടിയിലാക്കാന്‍ സര്‍ക്കാര്‍- റിലയന്‍സ് ഗൂഢധാരണ. കേരളത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിന് പകരമായി കേബിള്‍ ഇടുന്നതിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സൗജന്യകണക്ഷന്‍ ലഭ്യമാക്കാമെന്നാണ് റിലയന്‍സ് വാഗ്ദാനം. ഇതിന് സര്‍ക്കാര്‍ ധാരണയായിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്ന് തോന്നുന്ന വ്യവസ്ഥയ്ക്ക് പിന്നില്‍ റിലയന്‍സിനെ സഹായിക്കാനുള്ള ഗൂഢനിബന്ധനകളാണുള്ളത്.

പുതിയ നീക്കം സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നിലവില്‍ കണക്ഷനുള്ള ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനിടയാക്കുമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ പറഞ്ഞു. 2013 ജൂണിലും ഒക്ടോബറിലുമായി വിവരസാങ്കേതിക വകുപ്പിന്റെ രണ്ട് ഉത്തരവാണ് പുറത്തിറങ്ങിയത്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ഒഴികെയുള്ള 11 ജില്ലകളിലായി 1428.42 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ റിലയന്‍സിന് അനുമതി നല്‍കിയിട്ടുള്ളത്. നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് 100 എംബിപിഎസ് ബാന്‍ഡ്വിഡ്ത്തും ജില്ലാകേന്ദ്രത്തിലെ പൊതുഓഫീസുകള്‍ക്ക് 50 എംബിപിഎസും താലൂക്ക്- ബ്ലോക്ക്തല ഓഫീസുകള്‍ക്ക് 10 എംബിപിഎസും ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കണമെന്നാണ് ഒരു വ്യവസ്ഥ. കേബിള്‍ കടന്നുപോകുന്ന മേഖലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ക്കും കണക്ഷന്‍ നല്‍കണം. എല്ലാ മേഖലയിലും ഒരേതരം വിവര-വിനിമയ കിയോസ്കുകള്‍ സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളും കരാറിലുണ്ട്. കണക്ഷന്‍ മാത്രമാണ് സൗജന്യം. സേവനത്തിന് പക്ഷേ പണം നല്‍കേണ്ടിവരും.

സൗജന്യമായി കണക്ഷന്‍ നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ റിലയന്‍സ് ഏജന്റുമാര്‍ ഓഫീസര്‍മാരില്‍ സമ്മര്‍ദം ചെലുത്തി കണക്ഷന്‍ സ്ഥാപിക്കും. നാലു-ജി നെറ്റ്വര്‍ക്ക് സൗകര്യമുള്ളതിനാല്‍ ഓഫീസുകള്‍ പതുക്കെ റിലയന്‍സിലേക്ക് ഉപയോഗം മാറ്റും. പഞ്ചായത്ത് ഓഫീസുകള്‍ തമ്മിലുള്ള കേരള വൈഡ് ഏരിയ നെറ്റ്വര്‍ക്കിങ് സംവിധാനം, സ്കൂളുകളിലെ ഐടി അറ്റ്സ്കൂള്‍ തുടങ്ങിയ പദ്ധതികളും റിലയന്‍സിന്റെ കൈപ്പിടിയിലാകും. പൊതുമേഖലയിലെ ബിഎസ്എന്‍എല്ലിന്റെ ആധിപത്യം ഇല്ലാതാകുന്നതോടെ സേവനത്തിന് വില നിശ്ചയിക്കുക റിലയന്‍സാകും. ഇത്തരത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി എസ്ബിഐയില്‍ നുഴഞ്ഞുകയറുകയും സേവനരംഗം കൈപ്പിടിയിലാക്കുകയും ചെയ്തത് നേരത്തെ ദേശാഭിമാനി തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേരീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അടക്കം നിയന്ത്രിക്കാനുള്ള റിലയന്‍സിന്റെ ഗൂഢനീക്കത്തിന്റെ ആദ്യപടിയാണ് ഈ സൗജന്യ കണക്ഷനെന്ന് കരുതുന്നു. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

ഡി ദിലീപ് deshabhim

No comments:

Post a Comment