Saturday, October 12, 2013

സെനറ്റ് ഹാള്‍ നല്‍കാത്തത് അധാര്‍മികം: എം കെ സാനു

വയലാര്‍ രാമവര്‍മ അനുസ്മരണ ചടങ്ങിനും വയലാര്‍ അവാര്‍ഡ് സമര്‍പ്പണത്തിനും കേരള സര്‍വകലാശാല സെനറ്റ് ഹാള്‍ നല്‍കില്ലെന്ന തീരുമാനം അധാര്‍മികവും സംസ്കാരവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം കെ സാനു പ്രതികരിച്ചു.

മുമ്പ് അവാര്‍ഡ് സമര്‍പ്പണത്തിന് സെനറ്റ് ഹാള്‍ സൗജന്യമായി അനുവദിച്ചിരുന്നു. ഇത്തവണ ഹാള്‍ അനുവദിക്കാതിരിക്കുന്നതിനു കാരണം അറിയിച്ചിട്ടില്ല. ഇത്തവണത്തെ അവാര്‍ഡ്് ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മയ്ക്കാണ്. അദ്ദേഹത്തിനോടൊ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടൊ പുസ്തകത്തോടൊ ഉള്ള വിരോധമാകും സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനത്തിനു പിന്നിലെന്നു വേണം കരുതാന്‍. നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലെങ്കിലും അതു പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ സത്ത. അതുകൊണ്ട് സര്‍വകലാശാലയുടെ തീരുമാനം ജനാധിപത്യവിരുദ്ധമാണ്. മുമ്പൊരിക്കലും രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം നടപടി ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രി എ കെ ആന്റണിയും അംഗമായ വയലാര്‍ രാമവര്‍മ ട്രസ്റ്റ് രാഷ്ട്രീയമോ രാഷ്ട്രീയ ചായ്വോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അവാര്‍ഡിനുള്ള പുസ്തകം തെരഞ്ഞെടുക്കുന്നതില്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ല. ആസ്വാദകര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളില്‍നിന്നാണ് ജഡ്ജിമാര്‍ അവസാന തീരുമാനം എടുക്കുന്നത്. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. എന്‍ അനില്‍കുമാര്‍, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരായിരുന്നു ഇത്തവണ ജഡ്ജിമാര്‍. പ്രഭാവര്‍മയുടെ ശ്യാമമാധവം കൃഷ്ണന്റെ കഥയാണ്. ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെയും നവീനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും സൂചിപ്പിക്കുന്ന അപൂര്‍വഭംഗിയുള്ള കാവ്യമാണത്. അതു മനസ്സിലാക്കണമെങ്കില്‍ വായിച്ചുനോക്കണം. ഹാള്‍ അനുവദിക്കില്ലെന്നു തീരുമാനിച്ചവരാരും അത് വായിച്ചിട്ടുണ്ടാകില്ല- സാനു പറഞ്ഞു.

സര്‍വകലാശാല സാംസ്കാരികവിവേകം കൈവിടരുത്: സാഹിത്യസംഘം

തിരു: മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനത്തിനും അവാര്‍ഡ് സമര്‍പ്പണത്തിനും സെനറ്റ് ഹാള്‍ അനുവദിക്കില്ലെന്ന കേരള സര്‍വകലാശാലയുടെ തീരുമാനം സാംസ്കാരിക നിലവാരത്തിന് യോജിക്കാത്തതാണെന്ന് പുരോഗമന കലാസാഹിത്യസംഘം പറഞ്ഞു. എത്രയും പെട്ടെന്ന് തീരുമാനം തിരുത്താനും സമ്മേളനത്തിന് വേദി അനുവദിക്കാനും സര്‍വകലാശാല തയ്യാറാവണമെന്ന് സംഘം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നതരായ സാംസ്കാരിക- രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടുന്നതാണ് വയലാര്‍ ട്രസ്റ്റ്്. മുന്‍വര്‍ഷങ്ങളില്‍ സമാനമായ പരിപാടികള്‍ക്ക് സെനറ്റ്ഹാള്‍ നല്‍കിയിരുന്നു. ഇപ്പോഴത്തെ നടപടി കേരളത്തിന്റെ സാംസ്കാരിക രംഗത്തെയും സര്‍വകലാശാലയെയും ആക്ഷേപിക്കുന്നതാണെന്നും പ്രസിഡന്റ് യു എ ഖാദറും ജനറല്‍സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും അഭിപ്രായപ്പെട്ടു.

തീരുമാനം അന്ധവും സങ്കുചിതവും: ഒ എന്‍ വി

തിരു: കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയലാര്‍ രാമവര്‍മ അകാലത്തില്‍ വിടപറഞ്ഞപ്പോള്‍ സി അച്ചുതമേനോനും അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും മുന്‍കൈയെടുത്താണ് വയലാര്‍ രാമവര്‍മ സാഹിത്യ ട്രസ്റ്റ് രൂപീകരിച്ചത്. ആദ്യത്തെ വയലാര്‍ രാമവര്‍മ അവാര്‍ഡ് ലളിതാംബിക അന്തര്‍ജനത്തിന് ഇതേ സെനറ്റ് ഹാളില്‍ എ കെ ആന്റണിയാണ് നല്‍കിയത്. അന്ന് 25,000 രൂപയുടെ പാരിതോഷികമെന്ന് പറഞ്ഞാല്‍ അത് വലിയ സംഭവമായിരുന്നു. ആ അവാര്‍ഡ് സായാഹ്നം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് വയലാര്‍ അവാര്‍ഡ് സമര്‍പ്പണത്തിന്റെ സ്ഥിരം വേദി സെനറ്റ് ഹാളായിരിക്കുമെന്നും അതിന് വാടക വാങ്ങിക്കുന്നതല്ലെന്നും ഒരു അലിഖിത തീരുമാനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രൊഫ. എന്‍ കൃഷ്ണപിള്ളയും ഡോ. സുകുമാര്‍ അഴീക്കോടും സുഗതകുമാരിയും മറ്റും സെനറ്റ് ഹാളില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചത്. ഇതൊക്കെ നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ അംശമാണ്.

വയലാര്‍ അവാര്‍ഡും കേരള സര്‍വകലാശാല സെനറ്റ് ഹാളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രതയും അന്തസ്സും ഈ പുതിയ നിഷേധാത്മക തീരുമാനത്തിലൂടെ ലംഘിക്കപ്പെട്ടെന്നതില്‍ അത്യധികം ദുഃഖമുണ്ട്. ഒരു സ്ഥാപനത്തിന്റെ ഭരണച്ചുമതല കൈയാളുന്നവര്‍ അതിന്റെ ചരിത്രവും പൈതൃകവും അറിഞ്ഞിരിക്കണം. എന്നാല്‍, സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ ഇന്ന് പല തീരുമാനവും വളരെ അന്ധവും സങ്കുചിതവുമായ കക്ഷി രാഷ്ട്രീയബോധത്താല്‍ നിര്‍ണയിക്കപ്പെടുന്നു എന്നത് വലിയ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത്. വളരെ സൗമ്യവും ശാന്തവുമായ ഭാഷയില്‍ മാത്രം സംസാരിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ഇതേപ്പറ്റി അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരണാത്മകമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നുമാത്രം-സൂര്യനെ മറയ്ക്കാന്‍ ഒരു കാര്‍മേഘത്തുണ്ട് ഊറ്റം കൊള്ളുകയാണെങ്കില്‍ അത് നിമിഷനേരത്തേക്ക് മാത്രമായിരിക്കുമെന്ന് എല്ലാവരും ഓര്‍ക്കുക.

deshabhimani

No comments:

Post a Comment