Monday, January 18, 2021

സാഹിത്യകാരന്മാര്‍ നിഷ്‌പക്ഷ നിരീക്ഷകരായി ചുരുങ്ങരുത്: മുഖ്യമന്ത്രി

 നിഷ്‌പക്ഷ നിരീക്ഷകർമാത്രമായി ഇരുന്നുകൂടാ എന്ന്‌ എഴുത്തുകാരോട്‌  കാലം നിർദേശിക്കുന്ന ചരിത്രഘട്ടമാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് ഒ എൻ വി പുരസ്‌കാരസമർപ്പണം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ട കാലത്തെക്കുറിച്ച് സാഹിത്യരചനകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിവും വിദ്വേഷവും കലുഷിതമായ കാലമാണിത്. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡമായി മതത്തെ പരിഗണിക്കുന്ന ഭീകര അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കി മതരാഷ്ട്രീയം പിടിമുറുക്കുന്നു. ഈ ഉൽക്കണ്ഠയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാഹിത്യകാരന്മാർക്ക്‌ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ ഒ എൻ വി  സാഹിത്യ പുരസ്കാരം ഡോ . എം ലീലാവതിക്ക്‌ സംവിധായകൻ    അടൂർ ഗോപാലകൃഷ്ണൻ  സമ്മാനിക്കുന്നു

മനുഷ്യൻ തെരുവിൽ മരിക്കുമ്പോൾ പൂങ്കാവനത്തെക്കുറിച്ച് വർണിക്കാൻ കവിക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരം സാഹിത്യകാരന്മാരെ മറക്കാൻ വായനക്കാർക്കും അവകാശമുണ്ട്. ജീവിത യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് സാഹിത്യമെഴുതി ജനങ്ങൾക്ക് ആ അനുഭവം നൽകിയവരാണ് മികച്ച സാഹിത്യകാരന്മാരായി നിലകൊള്ളുന്നത്.

കാലത്തിനുനേർക്ക് കണ്ണടച്ചിരുന്ന് സാഹിത്യമെഴുതിയ കവിയല്ല ഒ എൻ വി. മനുഷ്യർക്ക് മനുഷ്യോചിതമായി ജീവിക്കാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം അദ്ദേഹം സ്വപ്‌നം കണ്ടു. കമ്യൂണിസ്റ്റ് പാർടിയോട് ജീവിതത്തിലുടനീളം സഹകരിച്ച വേറിട്ട വ്യക്തിത്വമാണ് ഒ എൻ വി. പി ഭാസ്‌കരനും വയലാറും ഒ എൻ വിയും തിരുനെല്ലൂരും പുതുശേരിയുമൊക്കെ ഉയർത്തിപ്പിടിച്ച മൂല്യബോധം പിൽക്കാല കവികൾക്ക് അതേപോലെ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞോ എന്ന് ചിന്തിക്കണം. ജനങ്ങൾക്കും ജീവിതത്തിനുമൊപ്പം മണ്ണിനും കാലത്തിനുമൊപ്പം നിന്നാലേ ജനമനസ്സുകളിൽ ജീവിക്കാനാകൂ.

ഒ എൻ വി കവിതകളെ ഡോ. ലീലാവതിയെപ്പോലെ മനസ്സിലാക്കിയ മറ്റൊരാളില്ല. നിരൂപണരംഗത്ത് സ്ത്രീസാന്നിധ്യം കുറവാണ്. ലീലാവതിയാകട്ടെ, ഏകാന്ത ദ്വീപുപോലെ തെളിഞ്ഞുനിൽക്കുന്നു. സാഹിത്യരംഗത്ത് ലീലാവതി സ്ഥാനമുറപ്പിച്ചത് പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാറുന്ന മുറയ്ക്ക് ഒ എൻ വിയുടെയും ഡോ. എം ലീലാവതിയുടെയും സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന പരിപാടികൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

No comments:

Post a Comment