Wednesday, December 23, 2020

സുഗതകുമാരിക്ക് ആദരാഞ്ജലി

തിരുവനന്തപുരം>  മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി  സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ  ആയിരുന്നു അന്ത്യം.  രാവിലെ 10. 52 നാണ് അന്ത്യം സംഭവിച്ചത്‌ .തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രോങ്കോന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമായിരുന്നു പ്രധാന പ്രശ്നം. ചൊവ്വാഴ്ച ഹൃദയാഘാതവും ഉണ്ടായി.

 

 പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വനിത കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22ന് ആറന്‍മുളയില്‍  ജനിച്ചത്. ആദ്യ കവിതസമാഹാരം മുത്തുചിപ്പി. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു സുഗതകുമാരി. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ കവി പോരാളിയായി.

പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്.  അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി 'അത്താണി' , മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു.  തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സംസ്ഥാനവനിത കമീഷന്‍ അധ്യക്ഷ, തളിര്  മാസികയുടെ പത്രാധിപര്‍, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.  

2006ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്,  കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.

എഴുത്തച്ഛന്‍ പുരസ്‌കാരം,  വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, സരസ്വതി സമ്മാന്‍  തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.

ഭര്‍ത്താവ്: പരേതനായ ഡോ. കെ വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, അധ്യാപികയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ. ബി സുജാതദേവി എന്നിവര്‍ സഹോദരങ്ങളാണ്.ഔദ്യോഗിക ബഹുമതിയും പുഷ്പചക്രവുമുള്‍പ്പടെയുള്ള മരണാനന്തര ആദരങ്ങള്‍ തനിക്ക് വേണ്ടെന്ന് ഒസ്യത്തില്‍ എഴുതിവെച്ചാണ് കവയിത്രി യാത്രയാവുന്നത്.  

കൃതികള്‍

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. പത്ത് കവിത സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും സുഗതകുമാരിയുടേതായുണ്ട്.

രാത്രിമഴ പെയ്‌തൊഴിഞ്ഞു.. നിരാലംബരുടെ നാവായ കവയിത്രി

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ കവി പോരാളിയായി.

സൈലന്റ്‌വാലി സമരത്തിലെ ഇടപെടലാണ് പരിസ്ഥിതി പ്രവര്‍ത്തകയായി അടയാളപ്പെടുത്തിയത്. പ്രകൃതി സംരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയുമായി. അനാഥ സ്ത്രീകളുടെയും മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികളുടെയും സംരക്ഷണത്തിന് അഭയ എന്ന സംഘടന ആ നേതൃത്വത്തിലുണ്ടായത്. സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണുമായി.

എഴുത്തുകാര്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യം പിതാവിന്റെ സ്വാധീനത്തില്‍നിന്നാവണം രൂപപ്പെട്ടത്. 'മരത്തിനു സ്തുതി' കവിത സൈലന്റ്‌വാലി പ്രക്ഷോഭ കാലത്ത് ആക്ടിവിസ്റ്റുകളുടെ പ്രതികരണങ്ങളുടെ പരിഛേദമായി. അക്കാല പ്രചാരണങ്ങളിലെല്ലാം അത് ചൊല്ലപ്പെട്ടു. തിരുവനന്തപുരം മനോരോഗാശുപത്രിയില്‍ സുഗതകുമാരി നടത്തിയ സന്ദര്‍ശനത്തില്‍നിന്നാണ് 'അഭയ' ആരംഭിക്കാനുള്ള തീരുമാനം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദംനേടിയ ശേഷം 1955ല്‍ തത്വചിന്തയില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ തത്വചിന്തയില്‍ മോക്ഷം എന്ന സങ്കല്‍പത്തെക്കുറിച്ച് താരതമ്യ പഠനത്തില്‍ മൂന്നു വര്‍ഷം ഗവേഷണം നടത്തിയെങ്കിലുംപൂര്‍ത്തിയാക്കിയില്ല.

1975ലാണ് ആദ്യ കവിത പുറത്തുവന്നത്. വ്യാജ പേരിലെഴുതിയ അത് ശ്രദ്ധ നേടി. തുടര്‍ന്ന് മലയാള കവിതയില്‍ സുഗതകുമാരി കവിതയുടെ പര്യായമായി. 'പാതിരാപ്പൂക്കള്‍'ക്ക് 68ല്‍ സാഹിത്യ അക്കാദമി, 'രാത്രിമഴ' 78ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹമായി. പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, അമ്പലമണി, മണലെഴുത്ത്, കൃഷ്ണകവിതകള്‍, രാധയെവിടെ, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച തുടങ്ങി മുപ്പതോളം കാവ്യസമാഹാരങ്ങളും നിരവധി ഗദ്യ രചനകളും കവി മലയാളത്തിന് സമ്മാനിച്ചു.

ആദ്യകാല കവിതകള്‍ സ്‌നേഹത്തിനുവേണ്ടിയുള്ള ദുരന്താത്മക അന്വേഷണമായിരുന്നു. ഭാവഗീത പ്രധാനമായ ആ ഘട്ടത്തില്‍നിന്നും സാമൂഹ്യ തിന്മകള്‍ക്കും അനീതിക്കുമെതിരായ പ്രതികരണങ്ങളായി കവിത ഭാവാന്തരപ്പെട്ടു. പാരിസ്ഥിതിക പ്രശ്‌നങ്ങളും സമകാലിക സ്ഥിതികളും അവയില്‍ വിഷയമായി. പ്രതികരണക്ഷമതയും തത്വചിന്താപരമായ ഉള്‍ക്കാഴ്ചയും നിറഞ്ഞതായിരുന്നു പല  രചനകളും. കാല്‍പനിക ഭാവഗീതിയ്ക്ക് പുതുജീവന്‍ കൈവന്നു.

സ്ത്രീപ്രശ്‌നങ്ങളുടെ അകത്തളങ്ങളിലേക്കുള്ള അന്വേഷണമായി പിന്നീട്. സ്ത്രീപുരുഷ ബന്ധത്തിലെ ആന്തരിക സൂക്ഷ്മതയിലേക്കും കടന്നുചെന്നു. കവിതയിലെന്നപോലെ സാമൂഹ്യ ജീവിതത്തിലും  സ്ത്രീനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തി. ആത്മദു:ഖവും അസന്തുഷ്ടിയും ആവിഷ്‌ക്കരിച്ച ആ കവിതകള്‍ പാരമ്പര്യ ശൈലിയെ കൈവെടിഞ്ഞില്ല. 'എന്റെ വൈകാരിക വിക്ഷോഭങ്ങളെയാണ് കവിതയാക്കിയത്, ചിലത് സന്തോഷത്തിന്റെ നിമിഷങ്ങളും പങ്കുവെയ്ക്കുന്നുവെന്ന്' പറയുകയുണ്ടായി. ഇത്തരം വൈയക്തികാന്വേഷണങ്ങളില്‍ നിന്നെല്ലാം നിഷ്ഫലവും അര്‍ഥരഹിതവുമായ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു എന്ന് പിന്നീട് തന്റെ കാവ്യവഴിയെ രേഖപ്പെടുത്തി.

No comments:

Post a Comment