തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച വൈകിട്ട് ആറിന് കൊണ്ടുവന്ന മൃതദേഹം കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം രാത്രി ഏഴോടെ കടപുഴ നവോദയ ഗ്രന്ഥശാലയില്‍കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെയും സമൂഹത്തിന്റെ നാനാ തുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രന്‍, മാബിനോയ് വിശ്വം, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് ജി മുരളീധരന്‍, കേരള സാഹിത്യ അക്കാദമിക്കുണ്ടേി എക്സിക്യൂട്ടീവ് അംഗം ഡി ബഞ്ചമിന്‍, ഡി വിനയചന്ദ്രന്റെ ആത്മസുഹൃത്ത് കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്ത, കഥാകൃത്ത് സക്കറിയ, കവികളായ ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ചവറ കെ എസ് പിള്ള, ഗിരീഷ് പുലിയൂര്‍, കവയിത്രി എം ആര്‍ ജയീഗത, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, കൊല്ലം ജില്ലാ സെക്രട്ടറി പി കെ ഗോപന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി, ഡിസി ബുക്സിനുവേണ്ടി രവി ഡി സി, കെ ഐ ജോസഫ്, ആര്‍ എസ് അനില്‍, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ്, ബാബു കുഴിമറ്റം, കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് എല്‍ സജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ബി തൃദീപ്കുമാര്‍, കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ജി പ്രതാപവര്‍മ തമ്പാന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ചന്ദ്രിക മാഞ്ഞു; കണ്ണീരുണങ്ങാതെ കല്ലട
കൊല്ലം: അക്ഷരങ്ങളോടും പ്രകൃതിയോടുമുള്ള പ്രണയത്തിന്റെ സാഗരത്തെ ഹൃദയത്തിലാവാഹിച്ച് ശീതീകരിച്ച കണ്ണാടിക്കൂട്ടിനുള്ളില്‍ പ്രിയ കവി കിടന്നു, മറ്റൊരു കവിതയ്ക്കു മുമ്പുള്ള നിമേഷമായ ധ്യാനത്തിലെന്നപോലെ. വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി പ്രകൃതിയും നിശ്ശബ്ദമായി. കല്ലടയാറും വവ്വാല്‍ക്കാവും ഉപരിക്കുന്നിലെ ഇലഞ്ഞിമരവും അവയെ വാനോളം വാഴ്ത്തിപ്പാടിയ പ്രണയാതുരമായ കവിമനസ്സിന് അന്ത്യാഭിവാദ്യമേകി. മലയാളത്തിന്റെ കാവ്യലോകത്ത് പ്രപഞ്ച വിശുദ്ധിയുടെ പരിമളം പരത്തിയ പ്രൊഫ. ഡി വിനയചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ഗ്രാമീണകവിതയുടെ കുലപതി ഇനി ഓര്‍മ.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കടപുഴയുടെ നാട്ടുവഴികളെല്ലാം നവോദയ ഗ്രന്ഥശാലയിലേക്കായിരുന്നു. കിഴക്കെ കല്ലടയുടെ ഗ്രാമ്യവിശുദ്ധിയെ അക്ഷരങ്ങളിലാവാഹിച്ച പ്രിയപ്പെട്ട വിനയചന്ദ്രന്‍ മാഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഗ്രാമം ഒരുമനസ്സോടെ ഒഴുകിയെത്തി. കൊല്ലത്ത് സി കേശവന്‍ സ്മാരക ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഭൗതികശരീരം കടപുഴയിലെ നവോദയ ഗ്രന്ഥശാലയില്‍ എത്തിച്ചത്. എഴുത്തിന്റെ വഴിയില്‍ എന്നും പ്രകാശംനല്‍കിയ ഗ്രന്ഥശാലയായിരുന്നു കവിയുടെ നാട്ടിലെ തട്ടകം. ശീതീകരിച്ച കണ്ണാടിക്കൂട്ടില്‍ പ്രിയ കവി നിത്യനിദ്രയിലമര്‍ന്നപ്പോള്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ ഈറനായ കണ്ണുകളോടെ കാവലിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സഹോദരങ്ങളായ വേണുഗോപാലപിള്ള, ദീപാങ്കുരന്‍, നവോദയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് 11ന് മൃതദേഹം ചിതയൊരുക്കിയ കൊട്ടാരം വീട്ടുപറമ്പിലേക്കെടുത്തു. അവിടെ താല്‍ക്കാലികമായി കെട്ടിയ പന്തലില്‍ വച്ച മൃതദേഹത്തില്‍ അടുത്ത ബന്ധുക്കള്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. കുഞ്ഞനുജന്റെ ചേതനയറ്റ മുഖം കാണാനാകാതെ സഹോദരിമാരായ ശ്രീദേവിയമ്മയും ശ്രീകുമാരിയമ്മയും തളര്‍ന്നുവീണു. അലമുറയിട്ട ചെറിയമ്മ രാധമ്മയമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കള്‍ നിസ്സഹായരായി. മൃതദേഹം 11.30ന് സമീപത്തൊരുക്കിയ ചിതയിലേക്കെടുത്തപ്പോള്‍ വീണ്ടും രോദനങ്ങളുയര്‍ന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയായി പൊലീസുകാര്‍ ബ്യൂഗിള്‍ വായിച്ചു. തുടര്‍ന്ന് സഹോദരപുത്രന്‍ നന്ദു ചിതയ്ക്ക് തീകൊളുത്തി. ആശ്രമത്തിന്റെ ഏകാന്തതയുറങ്ങുന്ന സ്വപ്നസുന്ദരമായൊരു വീട് നിര്‍മിച്ച് ശിഷ്ടകാലം കഴിയണമെന്ന് മോഹിച്ച മണ്ണില്‍തന്നെ കവിയും അലിഞ്ഞുചേര്‍ന്നു; മരിക്കാത്ത കവിതകള്‍ ബാക്കിവച്ച്.
(സനല്‍ ഡി പ്രേം)
കല്ലടയില്‍ ഇനി കവിത കേള്‍ക്കാത്ത ഇടവഴികള്‍
കൊല്ലം: തുമ്പയും കാട്ടുകിളികളും കടത്തുവള്ളങ്ങളും കണ്ട് ഉച്ചത്തില്‍ കവിതചൊല്ലി നിലാവിന്റെ വെളിച്ചത്തില്‍ ഇടവഴികളിലൂടെ ഉച്ചത്തില്‍ കവിതചൊല്ലി നടക്കാന്‍ ഇനി വിനയചന്ദ്രന്‍ വരില്ല. നീളന്‍ ജുബ്ബയും നിറമുള്ള തലക്കെട്ടും കറുത്ത കണ്ണടയും ധരിച്ച് ആകാശത്തുനിന്ന് പൊട്ടിവീണപോലെ എത്താറുള്ള പ്രിയ സുഹൃത്ത് ഇനി ഓര്‍മകളില്‍ മാത്രം. കിഴക്കെ കല്ലടയിലെ നാട്ടുവഴികളില്‍ പ്രകൃതിയോടു രമിച്ച് നാടന്‍ പാട്ടുപാടി നാട്ടുവര്‍ത്തമാനവും പറഞ്ഞു നടക്കാറുള്ള മൂവര്‍ സംഘത്തില്‍ ഇനി സൂര്യനാരായണ ഭട്ടതിരിയും പരമേശ്വരന്‍ ആചാരിയും മാത്രം. തനിച്ചാക്കി പോയ ആത്മമിത്രത്തിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ആദ്യാവസാനം സാക്ഷിയാകുമ്പോള്‍ ഇരുവര്‍ക്കും കണ്ണീരടക്കാനായില്ല.
പ്രായത്തില്‍ തന്നേക്കാള്‍ വളരെ മുതിര്‍ന്നവരാണെങ്കിലും സൂര്യനാരായണ ഭട്ടതിരിയും പരമേശ്വരന്‍ ആചാരിയും വിനയചന്ദ്രന് വേര്‍പിരിയാനാകാത്ത സുഹൃത്തുക്കളായിരുന്നു. പരമേശ്വരന്‍ ആചാരി കോയിപ്പുറം ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വിനയചന്ദ്രന്റെ അധ്യാപകനായിരുന്നു. നവോദയ ഗ്രന്ഥശാലയുടെ രൂപീകരണത്തിന് മുന്‍കൈയെടുത്തതും മൂവരുംചേര്‍ന്നാണ്. സൂര്യനാരായണന്റെ കുടുംബ വീടായ മൂത്തേടത്ത് മഠത്തിലായിരുന്നു വിനയചന്ദ്രന്റെ കവിതാചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത്. ആരോഗ്യ വകുപ്പില്‍ പാലക്കാട്ട് എല്‍ഡി ക്ലാര്‍ക്കായി കിട്ടിയ ജോലിയില്‍ പ്രവേശിക്കാന്‍ പോയത് സൂര്യനാരായണനൊപ്പമായിരുന്നു. എന്നാല്‍, കുറച്ചുമാസത്തിനുശേഷം ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് പട്ടാമ്പി സംസ്കൃത കോളേജില്‍ മലയാളം എംഎയ്ക്ക് ചേര്‍ന്നത്. റെക്കോഡ് മാര്‍ക്കില്‍ ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. കേരളവര്‍മയില്‍ പ്രൊഫസറായിരുന്ന സൂര്യനാരായണന്റെ ഭാര്യ സരസ്വതിയുടെ അമ്മാവനാണ് പരീക്ഷാ പേപ്പര്‍ നോക്കിയത്. ഇത്ര സമ്പൂര്‍ണമായ ഉത്തരക്കടലാസ് ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നെ് അദ്ദേഹംപറഞ്ഞതും സൂര്യനാരായണ ഭട്ടതിരി ഓര്‍ക്കുന്നു.
മനസ്സുകളെ സഞ്ചാരപഥമാക്കിയ കവി
ശാസ്താംകോട്ട: കവി ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍ അനുശോചിച്ച് നവോദയ ഗ്രന്ഥശാലയുടെ അങ്കണത്തില്‍ യോഗം ചേര്‍ന്നു. കവി ചവറ കെ എസ് പിള്ള അധ്യക്ഷനായി. ഓട്ടേറെ രചനകളിലൂടെ മനുഷ്യമനസ്സില്‍ സഞ്ചാരം നടത്തിയ കവിയായിരുന്നു ഡി വിനയചന്ദ്രനെന്ന് ബിനോയ്വിശ്വം എംഎല്‍എ പറഞ്ഞു. വിയോജിപ്പുള്ളപ്പോഴും കവിതയുടെ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി ഏഴാച്ചേരി രാമചന്ദ്രന്‍ അനുസ്മരിച്ചു. പി കുഞ്ഞിരാമന്‍നായര്‍ക്കുശേഷം കവിതയ്ക്കായി ജീവിതം സമര്‍പ്പിച്ച മറ്റൊരു കവിയില്ലെന്ന് ഏഴാച്ചേരി പറഞ്ഞു. നിഷ്കളങ്കത മുഖമുദ്രയാക്കിയ കവിയായിരുന്നു വിനയചന്ദ്രനെന്ന് എഴുത്തുകാരന്‍ സക്കറിയ സ്മരിച്ചു. കലാപകാരിയായ കവികളുടെ തലമുറയ്ക്ക് തുടക്കംകുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണെന്നും സക്കറിയ ചൂണ്ടിക്കാട്ടി.
വേര്‍പാടിന്റെ വേദനയാണ് തനിക്കിപ്പോഴെന്ന് കവി കുരീപ്പുഴ പറഞ്ഞു. വിനയചന്ദ്രന്റെ കവിത ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതായി- അദ്ദേഹം പറഞ്ഞു. കല്ലടക്കാരുടെ എംഎല്‍എ എന്നാണ് വിനയചന്ദ്രന്‍ തന്നെ വിശേഷിപ്പിച്ചിരുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. പ്രൊഫ. ഡി വിനയചന്ദ്രന്‍ വേറിട്ട ശൈലി കവിതയില്‍ തുടക്കംകുറിച്ചെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി വി എന്‍ മുരളി പറഞ്ഞു. ഗ്രാമീണരുമായി ഏറ്റവുമധികം സംവദിച്ച കവിയായിരുന്നു വിനയചന്ദ്രനെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. മണ്ണിനേയും പുഴയേയും പ്രകൃതിയേയും അദ്ദേഹം സ്നേഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാബു കുഴിമറ്റം, പി കെ ഗോപന്‍, ഇന്ദ്രബാബു, ഡോ. സി ഉണ്ണിക്കൃഷ്ണന്‍, ഗിരീഷ് പുലിയൂര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 130213


No comments:
Post a Comment