Friday, April 18, 2014

മാര്‍ക്വിസിന് ആദരാഞ്ജലി

മെക്സിക്കോ സിറ്റി: വിഭ്രമജനകമായ സാഹിത്യലോകം അനുവാചകര്‍ക്കായി തുറന്നിട്ട ലോകപ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസ് അന്തരിച്ചു. 87 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖം മൂലം ദീര്‍ഘകാലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കുടുംബ വക്താവ് ഫെര്‍ണാണ്ട ഫമിലിയറാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസും അദ്ദേഹത്തിന് നിത്യശാന്തി നേര്‍ന്ന് ട്വിറ്ററില്‍ സന്ദേശം കുറിച്ചു.

മാജിക്കല്‍ റിയലിസത്തിന്റെ അന്യമായ അനുഭൂതി ലോകം തുറന്നിട്ട ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതിക്ക് 1982ല്‍ നോബല്‍ സമ്മാനം ലഭിച്ചു. കോളറാ കാലത്തെ പ്രണയം, കുലപതിയുടെ ശരത്കാലം തുടങ്ങിയവയാണ് പ്രശസ്തകൃതികള്‍. പത്രപ്രവര്‍ത്തകന്‍ കൂടിയായ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ ശക്തിയും ചാരുതയും ലോകത്തിന് പരിചയപ്പെടുത്തി. നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. 1999 മുതല്‍ കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന നോവല്‍ കോടിക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ലാറ്റിനമേരിക്കന്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ ഊര്‍ജവും ആവേശവും അദ്ദേഹത്തിന്റെ കൃതികളില്‍ അന്തര്‍ലീനമായിരുന്നു. ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു മാര്‍ക്വിസ്. 1928 മാര്‍ച്ച് 6ന് കൊളംബിയയിലെ മാഗ്ഡലീനയിലെ അരക്കറ്റാക്ക എന്ന നദീതീര പട്ടണത്തിലായിരുന്നു ജനം. ഗബ്രിയേല്‍ ജോസ് ദെ ല കൊകോദിയ ഗാര്‍സിയ മാര്‍ക്വിസ് എന്നായിരുന്നു പൂര്‍ണനാമം. ബൊഗോട്ടയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദം നേടി. ബാരന്‍കിലെ എല്‍ ഹെറാള്‍ദോ, എല്‍ യൂനിവേഴ്സല്‍ എന്നീ ദിനപത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്. റോം, പാരീസ്, ബാഴ്സലോണ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും പത്രപ്രവര്‍ത്തകനായി. നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

1981ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, കൊളംബിയയിലെ എസ്സോ ലിറ്റററി പ്രൈസ് എന്നിവ അടക്കം നിരവധി ലോകപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫൗണ്ടേഷന്‍ ഓഫ് ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ഭാര്യ: മെഴ്സഡസ് ബാച്ച. പ്രശസ്ത സിനിമാ സംവിധായകന്‍ റോഡ്രിഗോ ഗാര്‍സിയയും ഗോണ്‍സാലോ ഗാര്‍സിയയുമാണ് മക്കള്‍. 1967ലാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ച ത്. വിവിധഭാഷകളില്‍ കോടിക്കണക്കിന് കോപ്പികളാണ് ഈ നോവല്‍ വിറ്റഴിഞ്ഞത്. 1970ല്‍ ഇംഗ്ലീഷ് പരിഭാഷയിറങ്ങി. അതോടെ ഈ സാങ്കല്‍പികനോവല്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴും പലഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

മലയാളത്തില്‍തന്നെ പത്തിലധികം പതിപ്പിറങ്ങി. അറുപതുകളില്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ സാഹിത്യവസന്തത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹവും. കൊളംബിയയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ രചനകളിലെ മുഖ്യപ്രതിപാദ്യം. രാഷ്ട്രീയവും ഉല്‍സവങ്ങളും സംഗീതവും മയക്കുമരുന്നുസംസ്കാരവുമെല്ലാം അദ്ദേഹത്തിനു വിഷയങ്ങളായി. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കു പശ്ചാത്തലമൊരുക്കിയത് ജന്‍മനാടായ അരാക്കറ്റാക്കയാണ്. "കഥപറയാന്‍ വേണ്ടി ജീവിക്കുന്നു"(ലിവിങ്ങ് ടു ടെല്‍ ദ ടെയ്ല്‍) എന്നാണ് ആത്മകഥക്കിട്ട പേര്.

കോളറക്കാലത്തെ പ്രണയമാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട നോവല്‍, സ്വന്തം മാതാപിതാക്കളുടെ പ്രണയമാണ് മാര്‍ക്വിസ് ഇതിന് പ്രമേയമാക്കിയത്. പ്രധാന കൃതികള്‍: ഇന്‍ ഈവിള്‍ അവര്‍, ക്രോണികിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, ദ സ്റ്റോറി എ ഷിപ്പ്ഡ് റിക്കഡ് സെയിലര്‍, ദ ജനറല്‍ ഇന്‍ ഹിസ് ലാബിറിന്ത്, ഓഫ് ലവ് ആന്‍ഡ് അദര്‍ ലീമന്‍സ്, മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോര്‍സ്, നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍,ലീഫ് സ്റ്റോം, ദ ഫ്രാഗ്രറന്‍സ് ഓഫ് ഗ്വാവ, ക്ലാന്‍ഡസൈന്‍ ഇന്‍ ചിലി, ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്ങ്, എ കണ്‍ട്രി ഫോര്‍ ചില്‍ഡ്രന്‍. കൂടാതെ നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.

മാന്ത്രികവാക്കുകള്‍ ബാക്കി

മെക്സിക്കോ സിറ്റി: ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍ വാക്കുകളുടെ മാന്ത്രികതകൊണ്ട് ലോകം കീഴടക്കിയ കഥാകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന് വിട. മെക്സിക്കോ സിറ്റിയിലെ വീട്ടില്‍ പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു സാഹിത്യപ്രേമികളുടെ പ്രിയ ഗാബോയുടെ അന്ത്യം. 87 വയസ്സായിരുന്നു. പ്രണയത്തിന്റെ തീവ്രതയും ബന്ധങ്ങളുടെ സങ്കീര്‍ണതയും നിറഞ്ഞ കഥകള്‍ ഭൂഖണ്ഡങ്ങള്‍ക്ക് പകര്‍ന്ന ഇതിഹാസത്തിന് 82ലെ നൊബേല്‍ സമ്മാനം ലഭിച്ചു. മലയാളിയെ അത്രയേറെ സ്വാധീനിച്ച മാര്‍ക്വേസ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റത്തിനൊപ്പം നിലയുറപ്പിച്ച സാഹിത്യകാരനുമാണ്.

അര്‍ബുദബാധിതനായിരുന്ന മാര്‍ക്വേസിനെ ന്യുമോണിയ ബാധിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ 31ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം ആശുപത്രി വിട്ട അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ മെഴ്സിഡസ് ബാച്ചയും മക്കളും അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച മെക്സിക്കോ സിറ്റിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം സംസ്കരിക്കും. മാര്‍ക്വേസിന്റെ വേര്‍പാടില്‍ കൊളംബിയ മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. "എക്കാലത്തെയും ഏറ്റവും മഹാനായ കൊളംബിയക്കാരന്റെ വേര്‍പാടില്‍ ഏകാന്തതയുടെയും ദുഃഖത്തിന്റെയും ആയിരം വര്‍ഷങ്ങള്‍"- കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവേല്‍ സാന്റോസ് ട്വിറ്ററില്‍ കുറിച്ചു. ഏറ്റവും മികച്ച ദാര്‍ശനിക എഴുത്തുകാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. മാര്‍ക്വേസിന്റെ കൃതികള്‍ അനശ്വരമായി നിലനില്‍ക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ലാറ്റിനമേരിക്കയ്ക്കും ലോകത്തിനും മാതൃകയായ മഹാനായ എഴുത്തുകാരനും ബുദ്ധിജീവിയെയുമാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടമായതെന്നും റൗള്‍ അനുശോചിച്ചു. ഏറ്റവും സ്വാധീനശക്തിയുള്ള സാഹിത്യ മഹാമേരുവാണ് വിടപറഞ്ഞതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദ് അനുസ്മരിച്ചു. മാര്‍ക്വേസിന്റെ വേര്‍പാട് നമ്മെ ദരിദ്രരാക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹോസെ മാനുവല്‍ ബറോസോ പറഞ്ഞു നീണ്ടകാലത്തെ പത്രപ്രവര്‍ത്തന അനുഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെയും സാഹിത്യലോകത്തെയും വിപുലപ്പെടുത്തി. ലോകരാഷ്ട്രീയത്തെ സൂക്ഷ്മതയോടെ നോക്കിക്കണ്ട, ക്യൂബന്‍ വിപ്ലവത്തിന്റെ ആരാധകനായ മാര്‍ക്വേസ്, വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ ഉറ്റസുഹൃത്തായിരുന്നു. അമേരിക്കന്‍ ആധിപത്യത്തിനുകീഴില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അനുഭവിച്ച ദുരിതം അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. 1927 മാര്‍ച്ച് ആറിന് കൊളംബിയയുടെ കരീബിയന്‍ തീരത്തെ മാഗ്ദലീനയില്‍ അരകാറ്റക ഗ്രാമത്തിലായിരുന്നു

ഗബ്രിയേല്‍ ഹോസെ ദെ ല കൊകോദിയ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ ജനം. മൂന്നുപതിറ്റാണ്ടോളം ജീവിച്ചത് മെക്സിക്കോയിലാണ്. ബൊഗോട്ടയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തിലും ജേര്‍ണലിസത്തിലും ഉന്നതബിരുദം നേടിയ അദ്ദേഹം, എല്‍ എക്സ്പെക്ടഡോ എന്ന ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു. റോം, പാരീസ്, ബാഴ്സലോണ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ലേഖകനായി. വീട്ടുവാടക കൊടുക്കാന്‍പോലും പണമില്ലാതെ വലഞ്ഞിരുന്ന കാലത്താണ് അദ്ദേഹം "ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍" എഴുതിത്തീര്‍ത്തത്. "67ല്‍ പുറത്തുവന്ന ഈ നോവല്‍ മാര്‍ക്വേസിന്റെയും ലാറ്റിനമേരിക്കന്‍ എഴുത്തിന്റെയും ഗതിതന്നെ മാറ്റിമറിച്ചു. 35 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ഈ നോവലിന്റെ മൂന്നുകോടിയിലേറെ കോപ്പികളാണ് ലോകത്താകെ വിറ്റഴിഞ്ഞത്. കട്ടിപ്പുരികവും മീശയുമുള്ള ദരിദ്രനായ എഴുത്തുകാരന്‍ അന്താരാഷ്ട്രതാരമായി. ലവ് ഇന്‍ ദി ടൈം ഓഫ് കോളറ, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍റ്റോള്‍ഡ്, ദ ജനറല്‍ ഇന്‍ ഹിസ് ലേബ്രിന്ത്, ആത്മകഥയായ ലിവിങ് ടു ടെല്‍ ദ ടെയ്ല്‍ എന്നിവയാണ് പ്രശസ്തമായ മറ്റു കൃതികള്‍, 2004ല്‍ പുറത്തിറങ്ങിയ "മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സ്" അവസാന നോവല്‍. ഫൗണ്ടേഷന്‍ ഓഫ് ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ എന്ന പ്രസ്ഥാനത്തിന് രൂപംനല്‍കിയ അദ്ദേഹം നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതി. നൊബേലിനുപുറമേ ഫ്രഞ്ച് സര്‍ക്കാര്‍ വിദേശിക്ക് നല്‍കുന്ന ഉന്നതബഹുമതിയായ ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, കൊളംബിയയിലെ എസ്സോ ലിറ്റററി പ്രൈസ് എന്നിവയടക്കം നിരവധി ലോകപുരസ്കാരങ്ങള്‍ നേടി. സിനിമാസംവിധായകന്‍ റോഡ്രിഗോ ഗാര്‍ഷ്യയും ഗോണ്‍സാലോ ഗാര്‍ഷ്യയുമാണ് മക്കള്‍.

deshabhimani

No comments:

Post a Comment