Saturday, February 2, 2013

സാഹിത്യ അക്കാദമിയില്‍ വിവാദമൊഴിയുന്നില്ല 'കോണ്‍ഗ്രസ് സാഹിത്യകാരന്മാര്‍' സര്‍ക്കാരിനെതിരെ


തൃശൂര്‍: പ്രമുഖരെയും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരെയും പരിഗണിക്കാതെ പുതിയ ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ച് സാഹിത്യ അക്കാദമി പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. ഡോ.റോസി തമ്പി, പ്രഫ.കല്‍പ്പറ്റ നാരായണന്‍, കൈനികര ഷാജി, അയ്മനം ജോണ്‍, ബേബി തോമസ്, രാജരാജേശ്വരി, പാലോട് വാസുദേവന്‍, ആര്‍ ലോപ, ജോര്‍ജ്ജ് ജോസഫ്, ചന്ദ്രമതി എന്നിവരാണ് പുതിയ അംഗങ്ങള്‍.

കഴിഞ്ഞ കമ്മിറ്റിയില്‍ പ്രസിഡന്റിനോടും സെക്രട്ടറിയോടും വിയോജിപ്പ് രേഖപ്പെടുത്തിയവരെയും ബാലചന്ദ്രന്‍ വടക്കേടത്തിനെ പിന്തുണച്ചവരെയും പൂര്‍ണ്ണമായും തഴഞ്ഞാണ് പുതിയ ജനറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ജോസ് പനച്ചിപ്പുറം, പി കെ പാറക്കടവ്, ജെ കെ വി സന്തോഷ് എന്നിവരെ നിലനിറുത്തുകയും ചെയ്തു. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്  ആഘോഷപൂര്‍വ്വം സംഘടിപ്പിച്ച വിശ്വമലയാള മഹോല്‍സവത്തെ ഇകഴ്ത്തിക്കാണിച്ചുവെന്നും അക്കാദമിയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അക്കാദമി വൈസ് ചെയര്‍മാനായിരുന്ന ബാലചന്ദ്രന്‍ വടക്കേടത്ത്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്ന കെ രഘുനാഥ്, സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍, അജയപുരം ജ്യോതിഷ്‌കുമാര്‍, ഗിരിജ സേതുനാഥ്, ഡോ.പ്രമീള ദേവി എന്നിവരെ പുറത്താക്കിയിരുന്നു.

അക്ബര്‍ കക്കട്ടിലിനെ വൈസ് ചെയര്‍മാനായും ജോസ് പനച്ചിപ്പുറം, പ്രഫ.ഡി ബെഞ്ചമിന്‍, ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രഫ.ജെ കെ വി സന്തോഷ്, ഇബ്രാഹിം ബേവിഞ്ച, എം ഡി രാജേന്ദ്രന്‍, വിജയലക്ഷ്മി, പി കെ പാറക്കടവ്, ജോണ്‍ സാമുവല്‍, അജിതന്‍ മേനോത്ത്, ഫാ. വി പി ജോസഫ്, ജെന്നിങ്‌സ് ജേക്കബ്, വാണിദാസ് എളയാവൂര്‍, മീനമ്പലം സന്തോഷ്, ഇന്ദുമേനോന്‍, ആര്‍ കെ രമേഷ് എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ റോസി തമ്പി, കല്‍പ്പറ്റ നാരായണന്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ ലിസ്റ്റ് സെക്രട്ടറി അവതരിപ്പിക്കുകയായിരുന്നു.

ചര്‍ച്ചകള്‍ കൂടാതെ ലിസ്റ്റിന് അംഗീകാരം നല്‍കി 20 മിനുട്ടുകള്‍ കൊണ്ട് ജനറല്‍ കൗണ്‍സില്‍ രൂപീകരണം അവസാനിപ്പിച്ചു. പ്രമുഖരെ തഴഞ്ഞ ജനറല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളതായി കൈനികര ഷാജി മാത്രമാണ് ഉള്ളത്. സി പി എം വിരുദ്ധരാണെന്ന മേല്‍വിലാസമാണ് ഇവര്‍ക്ക് കൂട്ടിനെങ്കിലും തീവ്ര ഇടതുപക്ഷക്കാരാണെന്ന ആക്ഷേപവും ഇവര്‍ക്കെതിരെ സാംസ്‌കാരിക രംഗത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു കഴിഞ്ഞു. ഇന്നലെ അംഗീകാരം നല്‍കിയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം അടുത്ത ആഴ്ച ആദ്യം ചേരും. ഇതില്‍ നിന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

janayugom 020213

No comments:

Post a Comment