Wednesday, July 7, 2010

സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വര്‍ധന

നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തില്‍ 17 ശതമാനത്തിന്റെയും നികുതിയേതര വരുമാനത്തില്‍ 29 ശതമാനത്തിന്റെയും വര്‍ധന ഉണ്ടായതതായി സി എ ജി റിപ്പോര്‍ട്ട്. നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 17 ശതമാനം (13,669 കോടി രൂപ)യുടെ വര്‍ധനവാണ് ഉണ്ടായത്.

വില്‍പ്പന- വ്യാപാര നികുതികള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും 2008-09 ല്‍ 21.4 ശതമാനം വര്‍ധിച്ചു. എക്‌സൈസില്‍ നിന്നുള്ള നികുതി മുന്‍ വര്‍ഷങ്ങളില്‍ നിന്നും 2008-09 ല്‍ 19.6 ശതമാനം വര്‍ധിച്ചു. നികുതിയേതര വരുമാനങ്ങളില്‍ വനം വന്യജീവി സംരക്ഷണം (14 ശതമാനം), ഭാഗ്യക്കുറി(31 ശതമാനം), പലിശ വരവും ലാഭവും ലാഭവിഹിതവും (8 ശതമാനം) എന്നിങ്ങനെയാണ്. 2009 മാര്‍ച്ച് 31 വരെ 12 വകുപ്പുകളില്‍ നിന്നും പിരിച്ചെടുക്കേണ്ട റവന്യൂ കുടിശിക 9465.95 കോടി രൂപയാണ്. ഇതില്‍ 74 ശതമാനം കുടിശികയും വാണിജ്യ നികുതി വകുപ്പും (3777കോടി രൂപ), ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് (3239 കോടി രൂപ) പിരിച്ചെടുക്കാനുള്ളതാണ്.

2008-09 ലെ നികുതി വരുമാനവും, നികുതിയോതര വരുമാനവും 12-ാം ധനകാര്യ കമ്മിഷന്‍ മാതൃകാ തുകയെക്കാള്‍ യഥാക്രമം 622.19 കോടി രൂപയും 171.55 കോടി രൂപയുമാണ്. സംസ്ഥാനത്തിന്റെ ശമ്പള ചിലവ് പലിശയുടെയും പെന്‍ഷന്റെയും ചിലവുകള്‍ ഒഴികെയുള്ള റവന്യൂ ചിലവിന്റെ ഏകദേശം 49 ശതമാനമാണ്. 12-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയേക്കാള്‍ 35 ശതമാനം കൂടുതലാണിത്. പദ്ധതി റവന്യൂ ചിലവുകള്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 41 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം മൂലധന ചിലവുകള്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 15 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

മൊത്തം ചിലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന്റെ മൂലധന ചിലവിന്റ അനുപാതം മറ്റ് സംസ്ഥാനങ്ങളുടെ 2008-09 ലെ ശരാശരിയായ 16.87നെക്കാള്‍ കുറവാണ് (5.49) എന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ കമ്പനികള്‍, നിയമാനുസൃത കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവകളില്‍ സര്‍ക്കാരിന്റെ മുതല്‍ മുടക്കില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദായം 0.8 മുതല്‍ 1.4 ശതമാനം വരെയായിരുന്നു. അതേസമയം ഈ കാലയളവില്‍ സര്‍ക്കാര്‍ എടുത്ത വായ്പകളുടെ പലിശ ശതമാനം 7.5 ശതമാനം മുതല്‍ 8.7 ശതമാനം വരെയാണ്. മുതല്‍ മുടക്കുകള്‍ക്ക് ഉയര്‍ന്ന വരുമാനം തേടുന്നത് സംസ്ഥാന സര്‍ക്കാരിന് ഗുണപ്രദമായിരിക്കുമെന്നും, ഉയര്‍ന്ന പലിശ നിരക്കില്‍ കടമെടുത്ത ഫണ്ടുകള്‍ ആദായം കുറഞ്ഞ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ക്ഷയിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2009 മാര്‍ച്ചോടെ റവന്യൂ കമ്മി ഇല്ലാതാക്കാനും, ധനകമ്മി മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമാക്കി കുറയ്ക്കാനും 12 ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സംസ്ഥാന ശമ്പള കമ്മിഷന്‍ ശുപാര്‍ശകശ് നടപ്പാക്കിയതിലുണ്ടായ സാമ്പത്തിക ബാധ്യത മൂലം സംസ്ഥാന സര്‍ക്കാരിന് ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലങ്കിലും 2010-11 ഓടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്ന ഇക്കാര്യങ്ങള്‍ നടപ്പാകണമെങ്കില്‍ ഉല്‍പ്പാദനക്ഷമമല്ലാത്ത ചിലവുകള്‍ ചുരുക്കണമെന്നും, അധിക വിഭവ സമാഹരണം നടത്തണമെന്നും സി എ ജി റിപ്പോര്‍ട്ട് പറയുന്നു.

ജനയുഗം ദിനപത്രത്തില്‍ നിന്ന്... ലിങ്ക്

1 comment:

  1. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തില്‍ 17 ശതമാനത്തിന്റെയും നികുതിയേതര വരുമാനത്തില്‍ 29 ശതമാനത്തിന്റെയും വര്‍ധന ഉണ്ടായതതായി സി എ ജി റിപ്പോര്‍ട്ട്. നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 17 ശതമാനം (13,669 കോടി രൂപ)യുടെ വര്‍ധനവാണ് ഉണ്ടായത്.

    ReplyDelete