Sunday, July 18, 2010

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി കേരളീയസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമ്പോഴും യു ഡി എഫ് - കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചുകളി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടും ഈ സംഘടനയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനോ ഇവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യാനോ യു ഡി എഫും കോണ്‍ഗ്രസും ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ സംഭവത്തെ അപലപിക്കാന്‍ എത്തിയ യു ഡി എഫ് സംഘം അക്രമികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പോലും പറയാതെയാണ് മടങ്ങിയത്.

യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും നേതൃത്വം നല്‍കിയ സംഘത്തില്‍നിന്ന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം വിട്ടുനിന്നു. 'സംഘടനയുടെ പേര് പറയാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന്' കെ എം മാണി വെട്ടിത്തുറന്ന് പറയുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും നരനായാട്ട് നടത്തിയ സംഘടനയുടെ പേര് പറയാന്‍ തയ്യാറായില്ല. പേരെന്തുമാകട്ടെ ഭീകരസംഘടനകളെയെല്ലാം അമര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അടുത്ത ഉരുണ്ടുകളി.

ഇന്നലെ രാവിലെ പത്തോടെയാണ് യു ഡി എഫ് സംഘം ജോസഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്. ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിയെടുത്ത സ്ഥലവും സംഘം കണ്ടു. തുടര്‍ന്ന്് മൂവാറ്റുപുഴ ടി ബിയില്‍ വാര്‍ത്താസമ്മേളനവും നടത്തി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെപ്പറ്റി യു ഡി എഫിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴും നേരിട്ട് അഭിപ്രായം പറയാതെ എല്ലാ ഭീകരസംഘടനകളെയും അമര്‍ച്ച ചെയ്യണമെന്ന് മാത്രമായിരുന്നു മാണിയുടെ മറുപടി. കൈപ്പത്തിവെട്ടിയതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിനും ഭീകരസംഘടനയെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പോപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ കൂട്ടാക്കിയില്ല.

പി ടി തോമസ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിന്നിട് ഈ സംഘം എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തി ടി ജെ ജോസഫിനെയും സന്ദര്‍ശിച്ചു.

നിലമ്പൂരിലെ തീവണ്ടി അട്ടിമറിശ്രമം, അധ്യാപകന്റെ കൈവെട്ടിയ സംഭവം എന്നിവയുടെ പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്ന വേളയിലും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ നിയമസഭയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലെ കള്ളക്കള്ളി നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഘടനകളെ തരംതിരിക്കുന്ന ജോലി തന്നെ ആരും ഏല്‍പ്പിച്ചിട്ടില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചെയ്തത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടാക്കില്ലെന്ന് പ്രസംഗിച്ച ഉമ്മന്‍ചാണ്ടിയോട്, ഏതൊക്കെയാണ് ആ സംഘടനകളെന്ന് ചോദ്യമുയര്‍ന്നെങ്കിലും ഒരു സംഘടനയുടെയും പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന വന്ന ദിവസം തന്നെ അതിനെതിരായ പരസ്യനിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരുന്നു. ജനാധിപത്യത്തില്‍ ആരുടെ വോട്ടും വേണ്ടെന്ന് പറയാനുള്ള ധിക്കാരം കാട്ടില്ലെന്ന 'അതിവിനയം' നിറഞ്ഞ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആര്യാടന്റെ അഭിപ്രായം അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണെന്ന് പറയാനും ഉമ്മന്‍ചാണ്ടി മറന്നില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ ഡി ഫിന്റെയും സഹായം ലഭിച്ചതിനുള്ള പ്രത്യുപകാരം കൂടിയാണ് ഈ സംഘടനകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ അയഞ്ഞ നിലപാട്. വര്‍ഗീയ സംഘടനകളുടെ വരുമാനസ്രോതസ് അന്വേഷിക്കണമെന്നും ഇത്തരം സംഘടനകളെ നിരോധിക്കണമെന്നുമുള്ള ആവശ്യം പരക്കെ ഉയരുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മടിക്കുകയാണ്.

ജനയുഗം 18072010

പോപ്പുലര്‍ ഫ്രണ്ട് ഭീകരത യുഡിഎഫ് മറയ്ക്കുന്നു- പിണറായി

മതവിശ്വാസത്തിന്റെ മറപിടിച്ച് താലിബാന്‍ മോഡല്‍ ഭീകരത അഴിച്ചുവിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പേരുപറയാന്‍ യുഡിഎഫ് നേതാക്കള്‍ മടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈവെട്ടിയ അധ്യാപകന്റെ വീട് സന്ദര്‍ശിച്ച യുഡിഎഫ് കവീനര്‍ പി പി തങ്കച്ചനും കെ എം മാണിയും അക്രമികള്‍ ഏതു സംഘടനയില്‍പ്പെട്ടവരെന്നു പറയാന്‍ തയ്യാറായില്ല. അഡ്വ. വി ജി ഗോവിന്ദന്‍നായര്‍ സ്മാരക നിയമഗവേഷണ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് 'രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പിണറായി.

ഭീകരസംഘടനയുടെ പേരുപറയാന്‍ യുഡിഎഫ് നേതാക്കള്‍ എന്തിനാണ് ശങ്കിക്കുന്നത്. സമൂഹം തള്ളിക്കളഞ്ഞ ഇത്തരം വിഭാഗങ്ങളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുംപോലെ മുസ്ളിം ലീഗ് എന്‍ഡിഎഫിന് നല്ല സംരക്ഷണമാണ് നല്‍കിയത്. യുഡിഎഫ് ഭരണത്തില്‍ ഒട്ടേറെ കേസ് ലീഗ് ഇടപെട്ട് പിന്‍വലിച്ചുകൊടുത്തു. പൈപ്പുബോംബ്, ഗ്രീന്‍വാലി സ്ഫോടനം, കോഴിക്കോട് ബസ് സ്റ്റാന്‍ഡ് സ്ഫോടനം തുടങ്ങിയവ യുഡിഎഫ് ഭരിക്കുമ്പോഴാണ് നടന്നത്. മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന, സംസ്ഥാനാന്തര ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമീഷന്‍ നിര്‍ദേശപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബാഹ്യസമ്മര്‍ദം കാരണം കേന്ദ്രഗവര്‍മെന്റ് ഈ ആവശ്യം അംഗീകരിച്ചില്ല. മതഭീകരപ്രസ്ഥാനങ്ങള്‍ക്ക് മതവുമായി ഒരു ബന്ധവുമില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷ-ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വഴിപിഴച്ചുപോയ ഇക്കൂട്ടരെ ഭീകരവാദികളായി തന്നെ കണ്ട് ഒറ്റപ്പെടുത്തണം. മതവിശ്വാസവുമായി ഇവരെ കൂട്ടിക്കുഴയ്ക്കരുത്. ഇടതുപക്ഷപ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ സംഘടനകള്‍ക്ക് പൊതുസ്വഭാവമാണ്. രണ്ടു കൂട്ടരും ഞങ്ങള്‍ക്കുനേരെ കൊലക്കത്തി പ്രയോഗിക്കുന്നു. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവരെ ശക്തമായി എതിര്‍ക്കുന്നതുമൂലമാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്ന നിലപാടു സ്വീകരിക്കുന്നത്. എത്ര കടുത്ത ആക്രമണങ്ങളുണ്ടായാലും ഞങ്ങള്‍ ഈ നിലപാടു തുടരുക തന്നെ ചെയ്യും. മതനിരപേക്ഷ ചിന്താഗതിക്കാരായ മുഴുവന്‍ ജനവിഭാഗങ്ങളും ന്യൂനപക്ഷ-ഭൂരിപക്ഷ ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണം. വര്‍ഗീയരാഷ്ട്രീയത്തെ സമൂഹത്തില്‍നിന്നു തീര്‍ത്തും മാറ്റിനിര്‍ത്താന്‍ കഴിയണം. മതവിശ്വാസികളായ ഭൂരിപക്ഷവും ഭീകരതയ്ക്കെതിരാണ്. ഛിദ്രശക്തികള്‍ ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു തടയാന്‍ മതവിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഇടപെടണമെന്നും പിണറായി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് യുഡിഎഫ്: ബിജെപി

പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയതും സംരക്ഷിച്ചതും യുഡിഎഫ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് ഉറപ്പാക്കിയിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ധര്‍ണ നടത്തിയ യുഡിഎഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിക്കാത്തത് ഇതിന് തെളിവാണ്. ബിനാനിപുരത്ത് ഒരു തൊഴിലാളിയെ എന്‍ഡിഎഫ് സംഘം വെട്ടിക്കൊന്ന കേസ് ഒതുക്കിയത് എറണാകുളം ജില്ലയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയാണെന്നും മുരളീധരന്‍ ആരോപിച്ചു. എടയാര്‍ കാറ്റലിസ്റ്റ് കമ്പനിയിലെ തൊഴിലാളി കലാധരനെ വധിച്ച കേസിലെ പ്രതികളെയാണ് കോണ്‍ഗ്രസ് എംഎല്‍എ സംരക്ഷിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അന്നത്തെ റൂറല്‍ എസ്പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, എംഎല്‍എ ഇടപെട്ട് തുടരന്വേഷണം അട്ടിമറിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്ല ബന്ധത്തിലാണ്. കോണ്‍ഗ്രസിന്റെ ഈ നിലപാട് രാജ്യസുരക്ഷയ്ക്ക് എതിരാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 23 മുതല്‍ ആഗസ്ത്ഒമ്പതുവരെ പ്രചാരണ ജാഥ നടത്തും.

ദേശാഭിമാനി 18072010

3 comments:

  1. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി കേരളീയസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമ്പോഴും യു ഡി എഫ് - കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചുകളി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടും ഈ സംഘടനയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനോ ഇവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യാനോ യു ഡി എഫും കോണ്‍ഗ്രസും ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ സംഭവത്തെ അപലപിക്കാന്‍ എത്തിയ യു ഡി എഫ് സംഘം അക്രമികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പോലും പറയാതെയാണ് മടങ്ങിയത്.

    ReplyDelete
  2. തീവ്രവാദകേസിലെ പ്രധാനപ്രതി തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയോട് രാജിവെക്കാന്‍ കോഗ്രസ് ആവശ്യപ്പെടണമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞുമാണ് ആദ്യം പിടിയിലകപ്പെട്ട തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചതും ഉമ്മന്‍ചാണ്ടിയാണ്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പി ശശി ആവശ്യപ്പെട്ടു.

    deshabhimani news

    ReplyDelete
  3. പോപ്പുലര്‍ ഫ്രണ്ടിനോടും ജമാഅത്തെ ഇസ്ളാമിയോടുമുള്ള സമീപനത്തെച്ചൊല്ലി മുസ്ളിംലീഗില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ പരസ്യമായി പറയുമ്പോള്‍ അവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. തിങ്കളാഴ്ച ചേര്‍ന്ന മുസ്ളിംലീഗ് സംസ്ഥാന കൌസില്‍ യോഗത്തിലും ഇതേക്കുറിച്ച് രൂക്ഷമായ തര്‍ക്കമുണ്ടായി. എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ജൂലൈ 11ന് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്താണ് മുനീര്‍ ഇരുസംഘടനകള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. ഇവരുടെ വോട്ട് വാങ്ങി തിരുവനന്തപുരത്തേക്ക് പോകുന്നതിലും നല്ലത് ഇവിടെ സാധാരണക്കാരായി കഴിയുന്നതാണെന്നും മുനീര്‍ പറഞ്ഞു.

    deshabhimani 20072010

    ReplyDelete