Sunday, July 25, 2010

സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണം: പ്രധാനമന്ത്രി

സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും കര്‍ഷകര്‍ക്കുള്ള സബ്സിഡിയോടെയുള്ള വൈദ്യുതിവിതരണം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രി. 55-ാമത് ദേശീയ വികസന കൌസില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട കാലവര്‍ഷം ലഭിച്ചതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഡിസംബറോടെ ആറ് ശതമാനമായി കുറയുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണം. പശ്ചാത്തല വികസനസൌകര്യത്തില്‍ സ്വകാര്യമേഖലയെ വര്‍ധിച്ചതോതില്‍ പങ്കെടുപ്പിക്കണം. കാര്‍ഷികോല്‍പ്പാദനവര്‍ധന പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവളര്‍ച്ച വിലക്കയറ്റം നേരിടാന്‍ അനിവാര്യമാണ്. നാല് ശതമാനം കാര്‍ഷികവളര്‍ച്ചയെന്ന ലക്ഷ്യം നേടാനായിട്ടില്ലെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇനിയെങ്കിലും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

2005-06 സാമ്പത്തികവര്‍ഷം ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ച നേടാനായെങ്കിലും 2008-09 സാമ്പത്തികവര്‍ഷം അത് 6.7 ശതമാനമായി കുറഞ്ഞു. ആഗോള സാമ്പത്തികപ്രതിസന്ധിയാണ് ഇതിന് കാരണം. ഉത്തേജക പാക്കേജുകള്‍ നല്‍കിയതിന്റെ ഫലമായി സാമ്പത്തികവളര്‍ച്ച 7.4 ശതമാനമായി വര്‍ധിച്ചു. ഈ സാമ്പത്തികവര്‍ഷം സാമ്പത്തികവളര്‍ച്ച 8.5 ശതമാനമായിരിക്കും. അടുത്തവര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചരക്ക്- സേവന നികുതി നടപ്പാക്കാന്‍ മുഖ്യമന്ത്രിമാരുടെ സഹായം അഭ്യര്‍ഥിച്ചു. ഇത് നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതിയും അതിന് പകുതിയിലധികം സംസ്ഥാനങ്ങളുടെ അംഗീകാരവും ആവശ്യമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികവളര്‍ച്ചയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണി സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ സഹകരണത്തോടെ നേരിടും. ഈ മേഖലകള്‍ക്ക് പ്രത്യേക വികസനപദ്ധതി നടപ്പാക്കാന്‍ ആസൂത്രണകമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനാവകാശനിയമവും പഞ്ചായത്ത്രാജ് സംവിധാനവും കാര്യക്ഷമമായി നടപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയില്‍ വന്‍ സ്വകാര്യ നിക്ഷേപത്തിന് അനുമതി

കാര്‍ഷികമേഖലയില്‍ വന്‍ സ്വകാര്യ നിക്ഷേപത്തിന് അനുമതി നല്‍കാന്‍ ദേശീയ വികസന കൌണ്‍സില്‍ (എന്‍ഡിസി) തീരുമാനം. വാള്‍മാര്‍ട്ട്, മൊസാന്റോ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികമേഖല തീറെഴുതുന്നതാണിത്. കാര്‍ഷിക ഉല്‍പ്പാദനത്തിലും വിപണനത്തിലുമുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയാനും തീരുമാനമായി. കാര്‍ഷിക ഉല്‍പ്പാദന വിപണനസമിതി (എപിഎംസി) നിയമത്തില്‍ സമഗ്രമായ പരിഷ്കാരം വരുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത 55-ാമത് എന്‍ഡിസി യോഗത്തിനു സമാപനം കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് കാര്‍ഷിക മേഖലയും ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലെത്തിക്കുന്ന പ്രഖ്യാപനമുണ്ടായത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഇടക്കാല വിലയിരുത്തലിനാണ് എന്‍ഡിസി ചേര്‍ന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് കൃഷിഭൂമി വാങ്ങാനും അവരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ടുസ്വീകരിക്കാനും ഇനി സംവിധാനമുണ്ടാകും. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം കുറയുകയും വാണിജ്യവിളകളുടെ ഉല്‍പ്പാദനം കൂടുകയും ചെയ്യും. ഇതിന്റെ ഭാഗമായി കരാര്‍ കൃഷിയും വ്യാപിപ്പിക്കും. ഇടത്തരം ദരിദ്ര കൃഷിക്കാര്‍ കാര്‍ഷിക മേഖലയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കപ്പെടും. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ ഇതിനകം എപിഎംസി നിയമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കൃഷി സംസ്ഥാന വിഷയമായിട്ടും കേന്ദ്രം തന്നെ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിന്റെ മുന്നോടി കൂടിയാണ് എപിഎംസി നിയമ ഭേദഗതി. മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ 35 പിന്നോക്ക ജില്ലകള്‍ക്കായി പ്രത്യേക സംയോജിത പദ്ധതി തയ്യാറാക്കിവരികയാണെന്ന് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്ലുവാലിയ പറഞ്ഞു. പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. നഗരവല്‍ക്കരണത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കേന്ദ്ര നഗരവികസന മന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഉപസസമിതിക്ക് രൂപംനല്‍കാനും യോഗം തീരുമാനിച്ചു. ചില മുഖ്യമന്ത്രിമാരും ഈ സമിതിയില്‍ അംഗങ്ങളായിരിക്കും.
(വി ബി പരമേശ്വരന്‍)

പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കണം: മുഖ്യമന്ത്രി

പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കി ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിനും പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭ്യമാക്കണം. വര്‍ധിപ്പിച്ച ഇന്ധനവില പിന്‍വലിക്കണമെന്നും വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറാനുള്ള തീരുമാനം തിരുത്തണമെന്നും ദേശീയ വികസനസമിതി യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭക്ഷ്യസബ്സിഡി 50,000 കോടി രൂപ വര്‍ധിപ്പിക്കണം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന ഈ തുക കണ്ടെത്താന്‍ പ്രയാസമില്ല. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കണം. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്രം ഉത്തരവാദിത്തം നിറവേറ്റണം. ആളോഹരി ഭക്ഷ്യധാന്യലഭ്യത ഏതാനും വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. ജനസംഖ്യാവളര്‍ച്ച 1.4 ശതമാനമാണ്. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനവര്‍ധന 1993 മുതല്‍ 2004 വരെ 0.69 ശതമാനമായിരുന്നു. 2009-10ല്‍ ഇത് വീണ്ടും കുറഞ്ഞ് 0.32 ശതമാനത്തിലെത്തി.

പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കാന്‍ ഇത് കാരണമായി. ഭക്ഷ്യധാന്യവില കുതിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ സംഭരണശാലകളില്‍ കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു. വന്‍തോതില്‍ പയറുവര്‍ഗങ്ങളും മറ്റും കയറ്റുമതി ചെയ്യുന്നു. ഈ രണ്ട് നടപടിയും ആളോഹരി ഭക്ഷ്യലഭ്യത 57 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാക്കി.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് വിവിധ ഏജന്‍സികള്‍ക്ക് വന്‍ തുക നല്‍കുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതത് മേഖലകളിലെ ആവശ്യകതയ്ക്കനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണം. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ സാമ്പത്തികബാധ്യത ഉണ്ടാകും. പതിമൂന്നാം ധനകമീഷന്‍ ലഭ്യമാക്കുന്ന തുക 15 ശതമാനമേ ആകുന്നുള്ളൂ. മുഴുവന്‍ സാമ്പത്തികബാധ്യതയും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ ഏറെ കാലതാമസം എടുക്കുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആസൂത്രണ കമീഷന്റെ അനുമതി കിട്ടിയിട്ടില്ല. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിക്ക് സംസ്ഥാനം സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രബജറ്റില്‍ അതേക്കുറിച്ച് പരാമര്‍ശമില്ല. പൊതു- സ്വകാര്യപങ്കാളിത്ത മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം കടുംപിടിത്തം തുടരുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 25072010

3 comments:

  1. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും കര്‍ഷകര്‍ക്കുള്ള സബ്സിഡിയോടെയുള്ള വൈദ്യുതിവിതരണം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രി. 55-ാമത് ദേശീയ വികസന കൌസില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട കാലവര്‍ഷം ലഭിച്ചതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഡിസംബറോടെ ആറ് ശതമാനമായി കുറയുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണം. പശ്ചാത്തല വികസനസൌകര്യത്തില്‍ സ്വകാര്യമേഖലയെ വര്‍ധിച്ചതോതില്‍ പങ്കെടുപ്പിക്കണം. കാര്‍ഷികോല്‍പ്പാദനവര്‍ധന പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവളര്‍ച്ച വിലക്കയറ്റം നേരിടാന്‍ അനിവാര്യമാണ്. നാല് ശതമാനം കാര്‍ഷികവളര്‍ച്ചയെന്ന ലക്ഷ്യം നേടാനായിട്ടില്ലെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇനിയെങ്കിലും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കാര്‍ഷികോത്പാദനം വര്‍ദ്ദിപ്പിക്കണം എന്ന് പറയുമ്പോഴും നാം ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളെ ആണെന്ന കാര്യം വിസ്മരിക്കരുത്.
    കാര്‍ഷിക വൃത്ത്തിയ്ക്കുള്ള ഒരു അന്തിരീക്ഷം ഇന്ന് കേരളത്തില്‍ നിലവിലുണ്ടോ..?
    ഒത്തിരി സ്നേഹത്തോടെ
    റ്റോംസ്

    ReplyDelete