Thursday, July 15, 2010

വിടരാന്‍ കൊതിക്കുന്ന ക്രിസ്ത്യന്‍ താമരകള്‍

മതത്തിന്റെ ആശയവാദപരമായ ഉള്ളടക്കത്തെ വിമര്‍ശനപരമായി തിരസ്കരിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ ചരിത്രപരമായ അനിവാര്യതയെ മനസ്സിലാക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട്, വിശ്വാസങ്ങളെ ബഹുമാനിക്കാനും ആരാധനാ സ്വാതന്ത്യ്രത്തിനായി പോരാടുന്നവരോടൊപ്പം നിലയുറപ്പിക്കാനും അവര്‍ക്കു കഴിയുന്നു. എന്നാല്‍ സമ്പന്നവര്‍ഗ്ഗവുമായി കൂട്ടുചേര്‍ന്നുകൊണ്ട് ചൂഷണത്തിനുള്ള ഉപകരണമായി മതത്തെ മാറ്റുന്ന പൌരോഹിത്യത്തെ കമ്യൂണിസ്റുകാര്‍ ശക്തമായി എതിര്‍ക്കുന്നു. ഈ വസ്തുത മനസ്സിലാക്കാതെ, മതവുമായി അനുരഞ്ജനത്തിലാവുന്നുവെന്ന് യാന്ത്രികഭൌതികവാദികളും വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശയവാദികളും കമ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്താറുണ്ട്; രണ്ടും ശരിയല്ല.

ഓരോ മതത്തിനും അതിന്റേതായ പൌരോഹിത്യസംവിധാനമുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാണ്. ഒരു ടി.വി.ചാനല്‍ സംവാദത്തില്‍ ഒരു ബിഷപ്പ് പറഞ്ഞതുപോലെ, സഭാവിശ്വാസികളുടെ കേവലം ആത്മീയകാര്യത്തില്‍ മാത്രമല്ല, ഭൌതികക്ഷേമത്തിലും ഇടപെടുന്നവരാണ് ക്രിസ്ത്യന്‍ വൈദികര്‍. ഈയിടെ ഇടുക്കി ജില്ലയിലെ പള്ളികളില്‍ വായിച്ച ഒരു ഇടയലേഖനം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഒരു ദിവസം ഗവണ്മെന്റിനെതിരെ സമരം ചെയ്യാന്‍ സഭാവിശ്വാസികളോടുള്ള ആഹ്വാനമായിരുന്നു. അതിനനുസരിച്ച് സമരം നടക്കുകയും ചെയ്തു. ഇതുപോലെ, പല പ്രവര്‍ത്തനങ്ങളും പുരോഹിതന്മാരുടെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ അരങ്ങേറാറുണ്ട്.

വിവിധ വിശ്വാസങ്ങള്‍ പുലരുന്ന നമ്മുടേതുപോലെയുള്ള സമൂഹത്തില്‍, സ്വവിശ്വാസത്തിന്റെ പരിരക്ഷ (immunity) അവകാശപ്പെട്ടുകൊണ്ട്, പൊതുവായ വിഷയങ്ങളില്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ നടത്തുന്ന വിഭാഗീയ ഇടപെടലുകള്‍ പൊതുസമൂഹത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് പോറലേല്പിക്കുന്നവയാണ്. വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ നടത്തുന്ന പല പ്രസ്താവനകളും വര്‍ഗീയമായ വിഭാഗീയത വളര്‍ത്താന്‍ പോരുന്നവയാണ്. സമൂഹത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായുള്ളത് ക്രിസ്ത്യാനികള്‍ മാത്രമല്ല. അതുപോലെ, സഭാവിശ്വാസികള്‍ മാത്രമല്ല കര്‍ഷകരായുള്ളതും. സ്വസഭാവിശ്വാസികളില്‍ പ്രയോഗിക്കുന്ന അധികാരം, പൊതുസമൂഹത്തില്‍ പൌരോഹിത്യം പ്രയോഗിക്കുമ്പോള്‍ വിമര്‍ശനം സ്വയം ക്ഷണിച്ചു വരുത്തുന്നു. ഇത്തരം വൈദികരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ പൌരന്മാര്‍ക്കുമുണ്ട്. സാമുദായിക ബഹുത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഏതെങ്കിലും പൊതുപ്രശ്നത്തില്‍ വിശ്വാസികളെ വിഭാഗീയമായി സംഘടിപ്പിച്ചുകൊണ്ട് പൌരോഹിത്യം ഇടപെടുന്നത് തെറ്റാണ്. അത് മതത്തിന്റെ രാഷ്ട്രീയത്തിലുള്ള ഇടപെടലാണ്; അങ്ങിനെ ചെയ്യുന്ന പുരോഹിതന്മാര്‍ തീകൊണ്ട് തല ചൊറിയുകയാണ് ചെയ്യുന്നത്.

ഈ പശ്ചാത്തലത്തില്‍ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ പൊതുവിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ പൌരോഹിത്യം നടത്തുന്ന ഇടപെടല്‍ പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് ആദ്യകാല മിഷണറിമാര്‍ നടത്തിയ നിസ്തുല സേവനങ്ങളെ മനസാ നമിച്ചുകൊണ്ട് മാത്രമേ, അത്തരമൊരു പരിശോധന നടത്താന്‍ കഴിയുകയുള്ളു. മതപ്രചാരണത്തിനെത്തിയവരായിരുന്നെങ്കിലും, പൊതു സാമൂഹ്യസേവനം അവരുടെ ലക്ഷ്യമായിരുന്നു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവര്‍ അക്ഷരവെളിച്ചം നല്‍കി. എന്നാല്‍, അവരുടെ സമര്‍പ്പണ മനോഭാവവും വിശാലവീക്ഷണവും ഇന്ന് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടനകള്‍ക്കും വൈദികര്‍ക്കും, പൊതുവേ, ഇല്ലാതായിരിക്കുന്നു. ക്രിസ്തുമതം കേരളത്തിലും മുതലാളിത്തത്തിന്റെ മതമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്ത മൂല്യങ്ങള്‍ സ്വീകരിച്ച് പള്ളി സ്വയം സമ്പത്ത് സമാഹരിക്കുകയും മുതലാളിത്ത താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്നു. സഭാവിശ്വാസികളല്ലെന്നതിന്റെ പേരില്‍ അധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ഉപേക്ഷിച്ച്, അധ്വാനിക്കാത്ത സഭാവിശ്വാസികളുടെ (സമ്പന്നരുടെ) പാപപരിഹാരവും സ്വര്‍ഗമോക്ഷവും ഒരുക്കുന്ന ജോലിയിലാണ്, പൊതുവേ, പള്ളിയും പട്ടക്കാരനും ഇന്ന് വ്യാപൃതരായിരിക്കുന്നത്.

സാമൂഹ്യനീതിയലധിഷ്ഠിതവും സമത്വപൂര്‍ണവും മതനിരപേക്ഷവുമായ സമൂഹം കെട്ടിപ്പടുക്കുകയെന്ന പരമമായ ഭരണഘടനാലക്ഷ്യം നേടിയെടുക്കുന്നതിന് അനുഗുണമല്ല, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ (സാമുദായിക) ഏജന്‍സികളുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസ മേഖലയില്‍ പൊതുവേയും ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ചും സാമുദായിക സംഘടനകളുടെ ആധിപത്യമാണ് നിലനില്‍ക്കുന്നത്. മറ്റെന്തിനൊക്കെ ഉതകിയാലും ഭരണഘടനാലക്ഷ്യം നേടിയെടുക്കുന്നതിന് ഈ അവസ്ഥ സഹായകമല്ല. കേവലമായ അറിവും കഴിവും പകര്‍ന്നു നല്‍കുന്നതിനപ്പുറം, നിക്ഷിപ്ത താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഭാഗീയ മനോഭാവവും സമുദായ സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഉല്പാദിപ്പിക്കുന്നു.

മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിലെ വിശ്വാസസമൂഹത്തെ ആത്മവിശ്വാസമില്ലായ്മയും പരിഭ്രാന്തിയും ബാധിച്ചിരിക്കുന്നു. വിദ്യാലയങ്ങള്‍ സ്ഥാപിച്ച് കുട്ടികളേയും യുവാക്കളേയും പ്രത്യയശാസ്ത്രപരമായി പരുവപ്പെടുത്താനുള്ള മതസംഘടനകളുടെ വ്യഗ്രതയില്‍ നിന്നും ഇത് വ്യക്തമാണ്. ബാഹ്യമായി നോക്കിയാല്‍, കേരളീയരില്‍ ആധ്യാത്മിക ചിന്ത വര്‍ദ്ധിച്ചുവരികയാണ്. വ്യാപകമായ മതപ്രഭാഷണങ്ങളും, മലകയറ്റങ്ങളും, പ്രാര്‍ത്ഥനാമാരികളും, തീര്‍ത്ഥയാത്രകളും, പൊങ്കാലകളും, ചന്ദനക്കുടങ്ങളും, ഉത്സവങ്ങളും, പെരുന്നാളുകളും, സപ്താഹയജ്ഞങ്ങളും, ആള്‍ദൈവസമാരോഹങ്ങളും കാണുന്നവര്‍ക്ക് അങ്ങിനെ തോന്നാം. എന്നാല്‍, കാല്‍ചുവട്ടില്‍ നിന്നും വിശ്വാസത്തിന്റെ പാറപൊടിഞ്ഞു പോകുന്നതിന്റെ അങ്കലാപ്പും തന്ത്രപ്പാടുമാണ് പ്രകടനപരമായ മതാത്മകതയുടെ കാരണം. അറിവിന്റെ പുതിയ സൂര്യന്മാര്‍ ശാസ്ത്രലോകത്തുദിക്കുമ്പോള്‍, വിശ്വാസത്തിന്റെ ഹിമശൈലങ്ങള്‍ ഉരുകിപ്പോകുന്നു. ജഡ ഭൌതികപ്രകൃതിയില്‍ നിന്നുമാണ് ജീവനുണ്ടായതെന്നും, ജൈവരൂപങ്ങളുടെ പതിപ്പുകള്‍ (clones) മനുഷ്യനുണ്ടാക്കാമെന്നും, ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഒരേ ജനിതക പാരമ്പര്യത്തില്‍പെട്ടവരായതിനാല്‍ സമന്മാരും സഹോദരന്മാരുമാണെന്നും, കൃത്രിമജീവന്‍പോലും സമീപഭാവിയില്‍ മനുഷ്യന് നിര്‍മ്മിക്കാനാവുമെന്നുമുള്ള അവസ്ഥയിലേക്ക് ശാസ്ത്രം വളരുകയും പ്രപഞ്ചത്തില്‍ ദൈവത്തിന്റെ സ്ഥാനം ശൂന്യമാകുകയും ചെയ്യുമ്പോള്‍, ദൈവത്തിനേക്കാളും പരിഭ്രാന്തി സൃഷ്ടിവാദികള്‍ക്കും വൈദികര്‍ക്കുമാണ്. സ്വന്തം സ്ഥാനം, മാനം, അധികാരം, സമ്പത്ത്, സ്വാധീനം എന്നിവ നഷ്ടപ്പെടുമെന്ന ഭീതിയില്‍, സങ്കുചിത വിശ്വാസസമൂഹങ്ങളുടെ കോട്ടകള്‍ കെട്ടി സുരക്ഷിതത്വമുറപ്പുവരുത്താനുള്ള യത്നത്തിലാണവര്‍. ആരാധനാലയങ്ങളോടൊപ്പം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഇതിനായി ഉപയോഗിക്കാന്‍ അവര്‍ തയ്യാറാകുമ്പോള്‍, ഊനം തട്ടുന്നത് നമ്മുടെ മഹത്തായ ഭരണഘടനാലക്ഷ്യങ്ങള്‍ക്കാണ്.

ശാസ്ത്രത്തെ ഭയക്കുന്നതുപോലെ, മതസമൂഹം കമ്യൂണിസ്റാശയങ്ങളേയും ഭയക്കുന്നു. ഭൌതികപ്രപഞ്ചത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രവും സമൂഹത്തെക്കുറിച്ചു പഠിക്കുന്ന കമ്യൂണിസവും പ്രസരിപ്പിക്കുന്ന അറിവുകള്‍ വിശ്വാസത്തിന്റെ ആധാരശിലകള്‍ ഉലയ്ക്കുമ്പോള്‍, മതവിപണിയിലെ കങ്കാണിമാര്‍ വിഹ്വലരാകുന്നു. കമ്യൂണിസ്റ്റുകാര്‍ വിശ്വാസധ്വംസനം നടത്തുന്നുവെന്ന് പ്രചരിപ്പിച്ച്, സാധാരണജനങ്ങളെ സ്വപക്ഷത്ത് അണിനിരത്താന്‍ അവര്‍ ശ്രമിക്കുന്നു. "വിശ്വാസധ്വംസനം'' എന്ന ആക്ഷേപം ശക്തമായ ഒരു പ്രചരണതന്ത്രമാണ്. മനുഷ്യന്റെ ഏറ്റവും ശക്തമായ സാമൂഹ്യവികാരമായ വിശ്വാസത്തെ ഇളക്കിവിട്ടാല്‍ സാമുദായിക സംഘാടനം എളുപ്പമാകും. കൊല്ലാനും ചാകാനും തയ്യാറാകുന്ന ഒരു ഉന്മാദാവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ച്, നിക്ഷിപ്തതാല്പര്യത്തിന് അവരെ വിനിയോഗിക്കുകയാണ് മതാധികാരികളുടെ ലക്ഷ്യം.

മതവിശ്വാസത്തിന്റെ പ്രത്യയശാസ്ത്രപരവും അനുശീലനപരവുമായ സാധ്യതകള്‍ പൌരോഹിത്യത്തിന് പണ്ടേ അറിവുള്ളതാണ്. സ്വര്‍ഗനരകങ്ങളിലുള്ള വിശ്വാസവും മരണഭീതിയും സജീവമാക്കിയാണ് പൌരോഹിത്യം മേധാവിത്വം നിലനിര്‍ത്തുന്നത്. കൂട്ടപ്പാട്ടുകളിലും, സംഘഗാനങ്ങളിലും, നെഞ്ചത്തടിയിലും, നിലവിളികളിലും കൂടി ഭക്ത്യുന്മാദം വളര്‍ത്തിയാണ് മതം മനുഷ്യമനസില്‍ ആധിപത്യം ചെലുത്തുന്നത്. വിമര്‍ശനരഹിതമായി ശൈശവം മുതല്‍ സ്വാംശീകരിക്കുന്ന മതപ്രത്യയശാസ്ത്രത്തെ, വിമര്‍ശനപരമായി വിസര്‍ജ്ജിച്ചു കളയുന്നതിന് പ്രയാസമുണ്ടെന്നറിയുന്ന മതമേധാവികള്‍ സ്വന്തം വിദ്യാലയങ്ങളിലെ വിദ്യാഭ്യാസത്തോടൊപ്പം വിശ്വാസപ്രചരണവും വിശ്വാസദൃഢീകരണവും നടത്തുന്നു.

ഇക്കാര്യത്തില്‍ മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അന്തരീക്ഷവും പ്രത്യേകം താരതമ്യം ചെയ്യേണ്ടതാണ്. തികച്ചും മതനിരപേക്ഷമായ അന്തരീക്ഷത്തിലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യയനം നടക്കുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. വിദ്യാലയാധിപന്മാരായി ഏതു വിശ്വാസിക്കും സമുദായക്കാരനും നിയമനം ലഭിക്കാം. എന്നാല്‍, നാളിതുവരെ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഹെഡ്മാസ്ററുടെയോ, പ്രിന്‍സിപ്പലിന്റെയോ വിശ്വാസം വിദ്യാര്‍ത്ഥികളുടെ അച്ചടക്ക പ്രശ്നവുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. സാമുദായിക ബഹുസ്വരത പുലരുന്ന നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ഓരോ സര്‍ക്കാര്‍ വിദ്യാലയവും. വിവിധ സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മതനിരപേക്ഷമായി സഹകരിക്കാനും സ്നേഹിക്കാനും സഹിഷ്ണുതയോടെ വര്‍ത്തിക്കാനുമുള്ള അവസരം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരുക്കുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളും കമ്യൂണിസ്റിടതുപക്ഷവും അവശേഷിക്കുന്നതുകൊണ്ടാണ് കേരളം ഇന്ന് മതനിരപേക്ഷതയുടെ ശാദ്വലഭൂമിയായിരിക്കുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് മതന്യൂനപക്ഷങ്ങളും സാമുദായികസംഘടനകളും നടത്തുന്ന വിദ്യാലയങ്ങളില്‍ ഉള്ളത്. ജാതീയവും മതപരവുമായ പരിഗണനകള്‍ ഇവിടങ്ങളിലെ അക്കാദമിക അന്തരീക്ഷത്തെ അദൃശ്യമായി വിഷമയമാക്കുന്നു. പല കലാലയങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനാലയങ്ങളും പ്രാര്‍ത്ഥനാസമയങ്ങളുമുണ്ട്. 'മോറല്‍ എഡ്യുക്കേഷന്‍' (സദാചാരവിദ്യാഭ്യാസം) എന്ന പേരില്‍ വിദ്യാലയ മാനേജ്മെന്റിന്റെ വിശ്വാസം പഠിപ്പിക്കാറുണ്ട്. മാത്രമല്ല, മറ്റു സമുദായക്കാരുടെ വസ്ത്രധാരണത്തില്‍പോലും അച്ചടക്കത്തിന്റെ പേരില്‍, നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധൈര്യപ്പെടാറുണ്ട്. അടുത്ത സമയത്ത്, ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ ഒരു മുസ്ളീം പെണ്‍കുട്ടി തട്ടമിട്ടതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട വിവരം പത്രങ്ങളില്‍ വന്നിരുന്നല്ലോ. പഠനവും പരീക്ഷയുമായി ബന്ധപ്പെട്ടതിനെയെല്ലാം ആകസ്മികതയുടെയും, വിധിയുടെയും, ദൈവാനുഗ്രഹത്തിന്റെയും ഫലമായി കാണാനും, മനുഷ്യപ്രയത്നത്തെ നിസാരമാക്കാനുമുള്ള ശ്രമം മതന്യൂനപക്ഷസമുദായങ്ങളുടെ സ്കൂളുകളില്‍ നടക്കാറുണ്ട്. പരീക്ഷ അടുക്കുമ്പോള്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളേയും മെഴുകുതിരി കത്തിച്ച് കൂട്ടപ്രാര്‍ത്ഥനയ്ക്കും കുരിശിനുചുറ്റും പ്രദക്ഷിണത്തിനും കൊണ്ടുപോകുക ചില സ്കൂളുകളില്‍ പതിവാണ്.

സമൂഹത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദികര്‍ അധികാരികളായി വരുന്നത് വിദ്യാലയത്തിന്റെ സെക്കുലര്‍ സ്വഭാവത്തെ ബാധിക്കുമെന്ന് തെളിയിക്കുന്ന ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല വൈദിക മേലധികാരികളും സ്വന്തം വിശ്വാസം ശരിയെന്നും, അതിനനുസരിച്ച് കാര്യങ്ങള്‍ നടത്തണമെന്നും ശഠിക്കുന്നവരാണ്. ഒരേ സമയം വൈദികനും പ്രിന്‍സപ്പലുമായി ഡബിള്‍റോളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന വ്യക്തി സ്വസഭക്കാരെ കൂടെ നിര്‍ത്തുകയും മറ്റുള്ളവരെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നുവെന്ന പരാതി കേട്ടിട്ടുണ്ട്. വിഭാഗീയമായി അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കണക്കാക്കുന്നത് കലാലയത്തിന്റെ സെക്കുലര്‍ മനസിനെ കലുഷമാക്കാറുണ്ട്. പലപ്പോഴും, യുവത്വത്തിലേക്കുള്ള പിറവിയുടെ ആവേശത്തോടെ പുരോഗമനപരമായ ആശയങ്ങളെ സ്വീകരിക്കുന്ന കോളേജു വിദ്യാര്‍ത്ഥികള്‍, മനുഷ്യരെ മുഴുവന്‍ അമാനവീകരിച്ച് 'കുഞ്ഞാടുകളാ'യി തെളിയിച്ചുകൊണ്ടു പോകാനാഗ്രഹിക്കുന്ന 'മുഖ്യ ഇടയന്' (പ്രിന്‍സിപ്പാലായ വൈദികന്) അനഭിമതരായിക്കും. മറ്റുള്ളവരെ അനുഗ്രഹിക്കാനുയര്‍ത്തുന്ന അദ്ദേഹത്തിന്റെ കൈ, ഇവരെ അമര്‍ച്ച ചെയ്യാനായുമ്പോള്‍, അത് സ്വാഭാവികമായും അലോസരങ്ങള്‍ക്കും അച്ചടക്കലംഘനത്തിനും, ഒരുപക്ഷേ, അക്രമത്തിനും വഴിവെക്കും. ഇത്തരം സംഭവങ്ങള്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലും, തൃശൂര്‍ സെന്റ് തോമസ് കോളേജിലും മറ്റും മുന്‍ കാലങ്ങളിലുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇതാ, സി.എം.എസ് കോളേജിലും. സി.എം.എസ് കോളേജ് പ്രശ്നത്തില്‍ വൈദികസഹജമായ ക്ഷമയോ സമചിത്തതയോ പ്രിന്‍സിപ്പല്‍ പ്രകടിപ്പിച്ചില്ലെന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. വിശ്വാസപരമോ, മതപരമോ അല്ലാത്ത പ്രശ്നത്തെപ്പോലും വിശ്വാസത്തിനെതിരായ കടന്നാക്രമണമായി ചിത്രീകരിച്ച് സ്വന്തം വാദമുഖത്തിന്റെ ദൌര്‍ബല്യത്തിന് മറയിടാന്‍ അദ്ദേഹം ശ്രമിച്ചു. ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവും പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും തമ്മില്‍ സര്‍ക്കാര്‍ കോളേജുകളിലുണ്ടാകാറില്ല. പലപ്പോഴും, ദുര്‍വ്വാശിയും ഭീരുത്വവും അധികാരികളിലുണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ അതിരുകടക്കുന്നത്. സി.എം.എസിലും അതുതന്നെയാണ് സംഭവിച്ചത്.

ദൌര്‍ഭാഗ്യകരമായ സംഭവമെന്നതിലുപരി, നമ്മുടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ, പ്രത്യേകിച്ചും, ക്രിസ്ത്യന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിച്ചിട്ടുള്ള രോഗാതുരതയുടെ ലക്ഷണമാണിത്. ന്യൂനപക്ഷപദവിയെന്നത് സ്വവിശ്വാസപ്രകടനത്തിനും പ്രയോഗത്തിനുമുള്ള അവസരമായി അവര്‍ മാറ്റുന്നു. ടി.വിയിലെ സംവാദത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് സി.എം.എസ് കോളേജിന്റെ പ്രിന്‍സിപ്പല്‍, അദ്ദേഹം ഒരു ഈശ്വരവിശ്വാസിയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കോളേജിലെ വിദ്യാര്‍ത്ഥിസമരവുമായി ബന്ധപ്പെട്ടുണ്ടായ അച്ചടക്കപ്രശ്നവും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും തമ്മില്‍ എന്തു ബന്ധമെന്ന് മനസിലാകുന്നില്ല. എന്തായാലും സ്വവിശ്വാസപ്രഖ്യാപനത്തിലൂടെ, സമരം ചെയ്യുന്നവരെ വിശ്വാസവിരുദ്ധരായി മുദ്രകുത്താനും വിശ്വാസികളെ സ്വപക്ഷത്ത് അണിനിരത്താനുമുള്ള സൂത്രശാലിത്വം പ്രയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ വിലകുറഞ്ഞ ഒരു പ്രവര്‍ത്തിയായിപ്പോയി അതെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി ഇരിക്കാനുള്ള അക്കാദമിക യോഗ്യത അദ്ദേഹത്തിനുണ്ടായേക്കാം, എന്നാല്‍, ഒരു സെക്കുലര്‍ സമൂഹത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായിരിക്കാനുള്ള ധാര്‍മ്മികയോഗ്യത വൈദികനായ അദ്ദേഹത്തിനുണ്ടോയെന്ന കാര്യം സംശയാസ്പദമാണ്. ഭരണഘടനയില്‍ വാഴ്ത്തപ്പെട്ടിട്ടുള്ള മതേതരമൂല്യങ്ങള്‍ക്ക് ശക്തിപകരുന്ന സംഭവങ്ങളല്ല സി.എം.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ടുണ്ടായത്. അതിനു കാരണക്കാര്‍ വിദ്യാര്‍ത്ഥികളല്ല, കോളേജധികാരികള്‍ തന്നെയാണ്.

എന്തുകൊണ്ട് ചില വൈദികര്‍ മേധാവികളായി വരുന്ന ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ മാത്രം വിദ്യാര്‍ത്ഥിസമരം വിശ്വാസവിരുദ്ധമെന്ന് മുദ്ര കുത്തപ്പെടുന്നു? ഇത് കേരളസമൂഹം സവിശേഷമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെല്ലാം അവിശ്വാസികളല്ല. ചില വൈദികര്‍ മേലധികാരികളായി എത്തുന്ന ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ മാത്രം വര്‍ഗീയത വളര്‍ത്തുന്ന അനിഷ്ടസംഭവങ്ങളുണ്ടാകുന്നത് നിസാര പ്രശ്നമല്ല. ഇത് ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ മാത്രം വിഷയമല്ല; അവരുടെ മാത്രം കാര്യവുമല്ല; എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണ്. ബഹുമത വിശ്വാസികളായ ജനങ്ങളുള്ള ഒരു സമൂഹത്തില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ/കര്‍ഷകരെ/അധ്യാപകരെ മാത്രം പ്രത്യേകമായി സംഘടിപ്പിച്ച് ചില വൈദികര്‍ പടനീക്കം നടത്തുന്നത് വിശ്വാസത്തെ വര്‍ഗീയവത്ക്കരിക്കാനും രാഷ്ട്രീയമുതലെടുപ്പു നടത്താനും മാത്രമേ ഉതകൂ. വാസ്തവത്തില്‍, ചില വൈദിക മേധാവികള്‍ ക്രിസ്ത്യന്‍ സ്വത്വരാഷ്ട്രീയത്തിന്റെ പ്രയോഗമാണ് നടത്തുന്നത്. അധ്വാനിക്കുന്നവരെ സംഘടിപ്പിച്ച യേശുക്രിസ്തുവിന്റെ വര്‍ഗരാഷ്ട്രീയമല്ല, വര്‍ഗീയരാഷ്ട്രീയമാണ് അവര്‍ പ്രയോഗിക്കുന്നത്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ലക്ഷ്യം പാവപ്പെട്ടവനും അധ്വാനിക്കുന്നവനുമായ ക്രിസ്ത്യാനികളുടെ നന്മയല്ല, സമ്പന്നരായ ക്രിസ്ത്യാനിയുടെ നേട്ടമാണ്. അവരെകൂടെ നിര്‍ത്തിക്കൊണ്ട് പൊതുസമൂഹത്തിനുള്ളില്‍ ഒരു പൌരോഹിത്യരാഷ്ട്രം (ഠവലീരൃമശേര മെേലേ) അതിര്‍ത്തി തിരിച്ചെടുക്കുകയാണ് ചില മതമേലധ്യക്ഷന്മാരുടെ ലക്ഷ്യമെന്ന് തോന്നിപ്പോകുന്നു. താമരശ്ശേരി രൂപതയുടെ 'താമരമൊട്ടുകളും', സി.എം.എസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ ഈശ്വരവിശ്വാസവിളംബരവും അതാണ് സൂചിപ്പിക്കുന്നത്.

വര്‍ഗീയ കാര്‍ഡു കളിക്കുന്നതില്‍ ഹിന്ദുത്വവാദികളോടും മുസ്ളീം വര്‍ഗീയവാദികളോടുമൊപ്പമാണോ ചില ക്രിസ്ത്യന്‍ വൈദികരെന്ന് സംശയിക്കേണ്ടിയിക്കുന്നു. സി.എം.എസ് കോളേജിലെ സമരം ഒത്തുതീര്‍ത്തതിനുശേഷം മാനേജ്മെന്റ് പുറത്തിറക്കിയ ചാക്രികലേഖനം വിദ്വേഷത്തിന്റെയും പകയുടേയും അക്രൈസ്തവമായ മനോഭാവംകൊണ്ട് പങ്കിലമാണ്. ക്ഷമയും വിടുതിയും ഉപദേശിക്കുന്ന വൈദികമനസിന് എങ്ങനെ വൈരനിര്യാതനബുദ്ധിയോടെ വര്‍ഗീയവികാരം വളര്‍ത്താന്‍ കഴിയും? തീവ്രവാദികളെന്ന് മുദ്രകുത്തി നിരോധിക്കേണ്ട ക്രിമിനല്‍ സംഘമാണ് എസ്എഫ്ഐയെന്ന് ആരോപിക്കുമ്പോള്‍, മാനേജ്മെന്റിന്റെ ഇംഗിതം വെളിവാകുന്നു. മാനേജ്മെന്റിന് ഇഷ്ടമല്ലാത്ത സംഘടനാപ്രവര്‍ത്തനവും രാഷ്ട്രീയനിലപാടും കോളേജില്‍ വെച്ചു പൊറുപ്പിക്കില്ലെന്ന ഫാഷിസ്റ് മനസ്സാണ് ഇവിടെ സജീവമാകുന്നത്. ശരി, എസ്എഫ്ഐ പുറത്തുപോയാല്‍? പകരം? താമരശ്ശേരി രൂപതയുടെ "താമരമൊട്ടു''കളില്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കണം! അതാണവരുടെ ഉന്നം. "താമര'' എന്ന പദം ഇന്ത്യന്‍ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സവിശേഷമായ അര്‍ത്ഥം സൂചിപ്പിക്കുന്നതിനാല്‍ താമരശേരിരൂപതയും മറ്റും 'ക്രിസ്ത്യന്‍ താമരകള്‍' വിടര്‍ത്താനുള്ള ശ്രമിത്തിലാണെന്ന് തോന്നുന്നു. വിദ്യാഭ്യാസത്തിലൂടെ മതനിരപേക്ഷ സമൂഹം ഇന്ത്യയില്‍ രൂപപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സാഹചര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും? "കര്‍ത്താവേ! ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കറിയാം. ഇവരോട് ക്ഷമിക്കരുതേ!'' എന്ന് പ്രാര്‍ത്ഥിച്ചിരുന്നാല്‍ മതിയോ?

ഡോ. കെ.പി.കൃഷ്ണന്‍കുട്ടി ചിന്ത വാരിക 16072010

1 comment:

  1. മതത്തിന്റെ ആശയവാദപരമായ ഉള്ളടക്കത്തെ വിമര്‍ശനപരമായി തിരസ്കരിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ ചരിത്രപരമായ അനിവാര്യതയെ മനസ്സിലാക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട്, വിശ്വാസങ്ങളെ ബഹുമാനിക്കാനും ആരാധനാ സ്വാതന്ത്യ്രത്തിനായി പോരാടുന്നവരോടൊപ്പം നിലയുറപ്പിക്കാനും അവര്‍ക്കു കഴിയുന്നു. എന്നാല്‍ സമ്പന്നവര്‍ഗ്ഗവുമായി കൂട്ടുചേര്‍ന്നുകൊണ്ട് ചൂഷണത്തിനുള്ള ഉപകരണമായി മതത്തെ മാറ്റുന്ന പൌരോഹിത്യത്തെ കമ്യൂണിസ്റുകാര്‍ ശക്തമായി എതിര്‍ക്കുന്നു. ഈ വസ്തുത മനസ്സിലാക്കാതെ, മതവുമായി അനുരഞ്ജനത്തിലാവുന്നുവെന്ന് യാന്ത്രികഭൌതികവാദികളും വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശയവാദികളും കമ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്താറുണ്ട്; രണ്ടും ശരിയല്ല.

    ReplyDelete