Saturday, July 17, 2010

തൊഴിലെടുക്കുന്നവരുടെ ഐക്യം മഹത്തായ മാതൃക

വിലക്കയറ്റത്തിനും പൊതുമേഖലാ ഓഹരി വില്‍പ്പനയ്ക്കുമെതിരെ ഒമ്പത് കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായി സെപ്തംബര്‍ ഏഴിന് ദേശീയ പൊതുപണിമുടക്ക് നടത്താനുള്ള ആഹ്വാനം സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായത്തിന്റെ തുടക്കമായി വിലയിരുത്താവുന്നതാണ്. തൊഴിലാളിവര്‍ഗത്തെ രാഷ്ട്രീയം, മതം, ജാതി, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചുനിര്‍ത്തി എക്കാലത്തും ജനങ്ങളെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കാന്‍ കഴിയുമെന്ന ശതകോടീശ്വരന്മാരുടെയും അവരുടെ ദല്ലാളന്മാരുടെയും ധാരണ തിരുത്താന്‍ ഈ യോജിപ്പിന് കഴിയുമെന്നുകരുതാം.

സെപ്തംബര്‍ ഏഴിന്റെ പണിമുടക്ക് കൂലി കൂടുതല്‍ നേടാനോ ജോലിസ്ഥിരത, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനോ മറ്റെന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുവേണ്ടിയോ അല്ല. രാഷ്ട്രത്തിന്റെ ഭദ്രമായ ഭാവിയും പൊതുതാല്‍പ്പര്യവും സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പണിമുടക്ക് ആഹ്വാനംചെയ്തിട്ടുള്ളത് എന്ന വസ്തുത അതിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ഒമ്പത് കേന്ദ്ര തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി സമ്മേളിച്ചുകൊണ്ടാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബിഎംഎസുകൂടി സഹകരിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ഉപേക്ഷിക്കുക, സാമ്പത്തികപ്രതിസന്ധിയുടെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് ദേശീയനിധി രൂപീകരിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങി പണിമുടക്കിന് ആധാരമായ വിഷയങ്ങള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്തവയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കന്‍ ഈ പണിമുടക്ക് പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

2009 സെപ്തംബര്‍ 14ന് പത്ത് കേന്ദ്ര തൊഴിലാളിസംഘടനകള്‍ ആദ്യമായി ഒരു വേദിയില്‍ ഒത്തുചേരാന്‍ തയ്യാറായി. ഒക്ടോബര്‍ 28ന് പ്രതിഷേധദിനം ആചരിച്ചു. ഡിസംബര്‍ 16ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മാര്‍ച്ച് അഞ്ചിന് ജയില്‍നിറയ്ക്കല്‍ സമരം നടത്തി. പ്രധാനമന്ത്രിക്ക് രണ്ടുതവണ നിവേദനം സമര്‍പ്പിച്ചു. അങ്ങനെ പടിപടിയായ പ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെട്ടുവന്ന ഐക്യത്തിന്റെ ഫലമാണ് പണിമുടക്കിനുള്ള ആഹ്വാനമായി രൂപംപ്രാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ് ചെയ്തത്. ഗത്യന്തരമില്ലാതെയാണ് പണിമുടക്കിന് ആഹ്വാനംചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതമായത്. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് വിലക്കയറ്റം മൂര്‍ച്ഛിപ്പിക്കാനുള്ള സഹായവും സൃഷ്ടിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുവര്‍ഷത്തിനുള്ളില്‍ മൂന്നാംതവണയും വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ലോറിഉടമകള്‍ ഏകപക്ഷീയമായി ചരക്കുകൂലി വര്‍ധിപ്പിച്ചുകഴിഞ്ഞു. ബസ്, ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ വാഹനങ്ങള്‍ കൂലി വര്‍ധിപ്പിക്കാനുള്ള കരുനീക്കങ്ങള്‍ ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച് സാധനവിലയും കുത്തനെ ഉയരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഒടുവിലത്തെ ആഴ്ചയിലും മേലോട്ടുതന്നെയാണ്. ജീവിതച്ചെലവ് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമൂലം ജനങ്ങളുടെ ജീവിതനിലവാരം ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നു. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു.

സാമ്രാജ്യത്വസാമ്പത്തകിനയത്തിന്റെ അടിസ്ഥാനം വിപണി സമ്പദ്ഘടനയാണല്ലോ. ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കേണ്ടത് വിപണിയിലാണെന്നാണ് ഇക്കൂട്ടരുടെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും വിപണിയില്‍ നിശ്ചയിച്ചാല്‍ മതി, വിലനിയന്ത്രണം വേണ്ടെന്ന് തീരുമാനിക്കാനുള്ള പ്രേരണ. പെട്രോള്‍വിലയുടെ നിയന്ത്രണമാണ് ആദ്യപടിയായി വേണ്ടെന്നുവച്ചത്. വൈകാതെ ഡീസലിന്റെ വിലനിയന്ത്രണവും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. തുടര്‍ന്ന് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വിപണിതന്നെ നിശ്ചയിക്കും. ഇതാകട്ടെ റിലയന്‍സിനും എസ്സാര്‍ കമ്പനിക്കും അമിതലാഭം കൊയ്തെടുക്കാനുള്ള സഹായംചെയ്യലാണെന്ന് രണ്ടാഴ്ചയ്ക്കകം തെളിഞ്ഞുകഴിഞ്ഞു. അന്തര്‍ദേശീയ വിപണിയില്‍ അസംസ്കൃതഎണ്ണയുടെ വില കുറഞ്ഞിട്ടും ആഭ്യന്തരവിപണിയില്‍ അതനുസരിച്ച് കുറച്ചിട്ടില്ല.

ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 40,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്ര ഖജനാവിലേക്ക് പ്രതിവര്‍ഷം 20,000 കോടി രൂപ ലാഭവിഹിതം നല്‍കുന്ന വ്യവസായസ്ഥാപനങ്ങളാണ് തുച്ഛമായ വിലയ്ക്ക് വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ചത്. ഇതും പൊതുതാല്‍പ്പര്യത്തിനല്ല. സ്വകാര്യകുത്തകകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും അമിതലാഭം കൊയ്തെടുക്കാനാണ്. നെഹ്റുവിന്റെ കാലത്ത് പൊതുമേഖല വളര്‍ത്തിയത് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ സ്ഥാപിക്കാനൊന്നുമല്ലെന്ന് അന്നുതന്നെ തൊഴിലാളിവര്‍ഗം തിരിച്ചറിഞ്ഞതാണ്. എങ്കിലും സാമ്രാജ്യത്വശക്തിയെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ രാഷ്ട്രത്തിന് പ്രാപ്തി നല്‍കുന്നതായിരുന്നു പൊതുമേഖല. എന്നാല്‍, ഇതെല്ലാം കൈയടക്കാന്‍ ശതകോടീശ്വരന്മാര്‍ ഇപ്പോള്‍ കഴിവ് സംഭരിച്ചിരിക്കുന്നു.

2007ല്‍ ഇന്ത്യയിലെ 40 ശതകോടീശ്വരന്മാരുടെ ആസ്തി 6,80,000 കോടി രൂപയായിരുന്നത് 2008ല്‍ 14,04,000 കോടി രൂപയായി പെരുകി. ഒമ്പത് ശതകോടീശ്വരന്മാരുടെ സ്ഥാനത്ത് 53 ശതകോടീശ്വരന്മാരാണ് ഇന്ത്യയില്‍ യുപിഎ ഭരണത്തില്‍ അതിവേഗം വളര്‍ന്നുവന്നത്. ലോകത്തിലെ 10 ധനികരില്‍ നാലുപേര്‍ ഇന്ത്യയിലാണെന്നുവന്നു. ഇത്ര വലിയ ആസ്തി ആര്‍ജിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാഹചര്യമൊരുക്കിയത് യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണെന്ന് തൊഴിലാളിവര്‍ഗത്തിന് അറിയാം. ഈ വളര്‍ച്ച ദൈവാനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കാനുള്ള മൌഢ്യം തൊഴിലാളിവര്‍ഗത്തിനില്ല. അമിതമായ ചൂഷണമാണ് അമിതസമ്പാദ്യത്തിന്റെ പിന്നിലുള്ള കാരണമെന്ന് വ്യക്തം. തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനശക്തി ചൂഷണംചെയ്തും ജനങ്ങളെ കൊള്ളയടിച്ചും ആര്‍ജിച്ചതാണ് ഈ സമ്പത്തെന്ന ശരിയായ തിരിച്ചറിവ് തൊഴിലാളിവര്‍ഗത്തിനുണ്ടായിക്കഴിഞ്ഞെന്നാണ് കരുതേണ്ടത്. മുതലാളിവര്‍ഗം അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒരൊറ്റ സംഘടനയിലാണ് അണിനിരന്നിട്ടുള്ളത്. തൊഴിലാളിവര്‍ഗത്തിനും സംഘടനകള്‍ പലതാണെങ്കിലും നിര്‍ണായകഘട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ യോജിച്ച പണിമുടക്കാഹ്വാനം.

ദേശാഭിമാനി മുഖപ്രസംഗം 17072010

1 comment:

  1. വിലക്കയറ്റത്തിനും പൊതുമേഖലാ ഓഹരി വില്‍പ്പനയ്ക്കുമെതിരെ ഒമ്പത് കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായി സെപ്തംബര്‍ ഏഴിന് ദേശീയ പൊതുപണിമുടക്ക് നടത്താനുള്ള ആഹ്വാനം സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായത്തിന്റെ തുടക്കമായി വിലയിരുത്താവുന്നതാണ്. തൊഴിലാളിവര്‍ഗത്തെ രാഷ്ട്രീയം, മതം, ജാതി, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചുനിര്‍ത്തി എക്കാലത്തും ജനങ്ങളെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കാന്‍ കഴിയുമെന്ന ശതകോടീശ്വരന്മാരുടെയും അവരുടെ ദല്ലാളന്മാരുടെയും ധാരണ തിരുത്താന്‍ ഈ യോജിപ്പിന് കഴിയുമെന്നുകരുതാം.

    ReplyDelete