Wednesday, July 21, 2010

പ്രവാസിക്കെതിരെ ചൂഷണപദ്ധതി

ചൂഷണംചെയ്യേണ്ട ഒരു കോളനിജനതയായാണോ ഇന്ത്യാഗവണ്‍മെന്റ് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തെ കാണുന്നത് എന്നുചോദിക്കാതെ വയ്യ. ഇത് ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഗള്‍ഫ് മലയാളിസമൂഹത്തിന്റെ പുനരധിവാസത്തിനായി കേരള ഗവമെന്റ് സമര്‍പ്പിച്ച സമഗ്രപദ്ധതിക്ക് അനുമതി നിഷേധിച്ചതുമുതല്‍, സമഗ്ര പ്രവാസികുടിയേറ്റനിയമം കൊണ്ടുവരുന്നതിലുള്ള വൈമുഖ്യംവരെ എത്രയോ കാര്യങ്ങള്‍. ഇപ്പോള്‍ ചൂഷണത്തിന്റെയും അവഗണനയുടെയും നീണ്ട പരമ്പരയ്ക്കൊടുവിലിതാ ഗള്‍ഫ് ഇന്ത്യാക്കാരന് മറ്റൊരു കനത്ത ആഘാതംകൂടി. വിമാനയാത്രക്കൂലി നിരക്കിലെ അസഹനീയമായ വര്‍ധനയാണത്. ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കുവന്നു തിരിച്ചുപോകുന്നതിന് ചുരുങ്ങിയ മാസങ്ങള്‍ക്കുമുമ്പ് എത്രയാകുമായിരുന്നോ, അത്രയായിരിക്കുന്നു ഇന്ന് ഒരു വഴിക്കുള്ള യാത്രക്കൂലി. സാധാരണക്കാര്‍ക്കുവേണ്ടിയെന്നുപറഞ്ഞ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്പോലും സാധാരണക്കാരനെ പിഴിയാനുള്ള മത്സരത്തിലാണ്. ഇതേക്കുറിച്ചുചോദിച്ചാല്‍ ഞങ്ങള്‍ യാത്രക്കൂലി കൂട്ടിയിട്ടില്ല എന്നാണ് എയര്‍ ഇന്ത്യയുടെ മറുപടി. 'മുമ്പ് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് ഏഴായിരം രൂപയ്ക്കുപോകാമായിരുന്നു. 30,000 രൂപയ്ക്കും പോകാമായിരുന്നു. ഇന്ന് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യത ഇല്ലാതാക്കി. അത്രയേ ചെയ്തിട്ടുള്ളൂ' എന്നൊരു വിശദീകരണവും അവര്‍ തരും.
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിന്റെ ലഭ്യത ഇല്ലാതാക്കലാണ് ഫലത്തില്‍ ഉയര്‍ന്ന ചാര്‍ജ് ഈടാക്കല്‍ എന്ന് ഗള്‍ഫ് മലയാളികള്‍ക്കറിയാം; എയര്‍ ഇന്ത്യക്കത് അംഗീകരിക്കാന്‍ മടിയാണെങ്കിലും.

എന്തുകൊണ്ടാണ് ഇപ്പോള്‍ പൊടുന്നനെ കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഇല്ലാതാക്കിയത് എന്ന് ചിന്തിക്കുമ്പോഴാണ് എയര്‍ഇന്ത്യ അടക്കമുള്ള വിമാനകമ്പനികളുടെ കൊള്ളലാഭവ്യഗ്രതയും ചൂഷണമനഃസ്ഥിതിയും വെളിവാകുന്നത്. ജൂലൈ ഒന്നുമുതല്‍ സെപ്തംബര്‍ ആദ്യവാരംവരെ ഗള്‍ഫ് നാടുകളില്‍ വേനലവധിക്കാലമാണ്. ഈ ഘട്ടത്തിലാണ് അവിടെയുള്ള മലയാളി കുടുംബങ്ങള്‍ ഏതാണ്ട് കൂട്ടത്തോടെ കേരളത്തിലേക്ക് വരുന്നത്. ഇവരില്‍ പലര്‍ക്കും കുടുംബത്തോടെ വരാന്‍ മറ്റൊരു അവസരമില്ല. അതുകൊണ്ടുതന്നെ, എത്ര ബുദ്ധിമുട്ടിയാലും അവര്‍ ഈ സമയത്തുതന്നെ നാട്ടിലെത്തും. ഇതറിയാവുന്ന വിമാനകമ്പനികള്‍ ചൂഷണത്തിന് ഇതുതന്നെ അവസരം എന്നമട്ടില്‍ കുറഞ്ഞ നിരക്കുകളാകെ പിന്‍വലിച്ച് കൂടിയ നിരക്കില്‍ മാത്രം ടിക്കറ്റ് നല്‍കുന്നു. അപ്പോള്‍ വര്‍ധന ഇരട്ടിയോളമാകും. ഇതര വിമാനകമ്പനികളുടെ മനുഷ്യത്വരഹിതമായ കൊള്ളയടിയില്‍ എയര്‍ ഇന്ത്യയും പങ്കാളിയാകുന്നു.

എയര്‍ഇന്ത്യ ചെയ്യുന്നതിനെ ന്യായീകരണമില്ലാത്തത് എന്നുപറഞ്ഞാല്‍മാത്രം പോരാ. അന്യായംകൂടിയാണ്. കാരണം, കേരളം - ഗള്‍ഫ് മേഖലയില്‍നിന്നാണ് എയര്‍ഇന്ത്യയുടെ മൊത്തം വരവിന്റെ മുപ്പത്തിമൂന്നുശതമാനവും. വരുമാനത്തില്‍ മൂന്നുമാസംകൊണ്ട് പത്തൊമ്പതര ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി എയര്‍ഇന്ത്യയുടെ ഗള്‍ഫ് റീജിയണല്‍ മേധാവി അഭയ് പഥക് പറഞ്ഞിട്ട് ആഴ്ചകളായിട്ടേയുള്ളൂ. വന്‍തോതിലുള്ള വരുമാനവര്‍ധനയുണ്ടെന്നാണല്ലോ ഇതിനര്‍ഥം. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന സാധാരണക്കാരന്റെ വ്യോമവാഹനത്തെക്കൂടി കൊള്ളയടിക്കുന്ന ഉപകരണമായി മാറ്റിയതിന് എന്ത് ന്യായമാണ് എയര്‍ ഇന്ത്യക്ക് പറയാനുണ്ടാകുക?

ഗള്‍ഫ് മലയാളിയില്‍നിന്നുള്ള വരുമാനംകൊണ്ട് നടന്നുപോകുന്ന ഒരു സ്ഥാപനം ഗള്‍ഫ് മലയാളിയെത്തന്നെ ചൂഷണത്തിന്റെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി കൊള്ളയടിക്കുന്നു. ഓണം-ഈദ്-ക്രിസ്മസ് ആഘോഷഘട്ടങ്ങളും വിമാനകമ്പനികള്‍ കൊള്ളയ്ക്കുള്ള ഘട്ടമായാണ് കാണാറ്. അവധിക്ക്സാധാരണക്കാരായ പ്രവാസി മലയാളികള്‍ നാട്ടില്‍ വന്നുപോകരുതെന്നു കല്‍പിക്കുംപോലെയാണിത്. വിദേശ വിമാനകമ്പനികളെ അപേക്ഷിച്ച്, എയര്‍ഇന്ത്യക്കും കേന്ദ്ര വ്യോമയാന വകുപ്പിനും ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാരോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. വിദേശകമ്പനികള്‍ നിരക്കുകൂട്ടുമ്പോള്‍ ഈ സെക്ടറില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ച് ഇവര്‍ക്ക് ഇടപെടാവുന്നതാണ്. സാധാരണസമയത്തെ കുറഞ്ഞനിരക്ക് അവധിഘട്ടങ്ങളില്‍ പിന്‍വലിക്കാതിരിക്കാവുന്നതാണ്. എയര്‍ഇന്ത്യ അതു ചെയ്യുന്നില്ലെങ്കില്‍ സിവിള്‍ ഏവിയേഷന്‍ വകുപ്പിന് അക്കാര്യം ആവശ്യപ്പെടാം. അതുമല്ലെങ്കില്‍, ഗള്‍ഫില്‍പോയി പ്രതികൂലസാഹചര്യങ്ങളോടുമല്ലിട്ടു പണിയെടുക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് കരുണയുണ്ടെങ്കില്‍ കേന്ദ്രമന്ത്രിസഭയ്ക്ക് ഇക്കാര്യം സംബന്ധിച്ച് നിര്‍ദേശം നല്‍കാം. കേന്ദ്രപ്രവാസി വകുപ്പിന് ഇക്കാര്യം ഏറ്റെടുക്കാം.

പക്ഷേ, ആരും ഒന്നും ചെയ്യുന്നില്ല. ഇന്ത്യയുടെ വിദേശനാണ്യശേഖരത്തെ ശക്തിപ്പെടുത്താന്‍ സ്വന്തം വിയര്‍പ്പുകൊണ്ട് സംഭാവന ചെയ്യുന്നവരാണ് മരുഭൂമികളില്‍ കഴിയുന്ന നമ്മുടെ പ്രവാസികള്‍ എന്ന ചിന്തപോലും കേന്ദ്രത്തിന് ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ചൂഷണംചെയ്യേണ്ട കോളനിജനതയായാണോ ഈ ഭരണാധികാരികള്‍ ഗള്‍ഫ് ഇന്ത്യന്‍ സമൂഹത്തെ കാണുന്നത് എന്നു ചോദിക്കേണ്ടിവരുന്നത്.

എയര്‍ ഇന്ത്യ ഇടയ്ക്കിടെ ഗള്‍ഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു. മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കാന്‍ യാത്രക്കാരെ ഇത്തരം വീഴ്ചകളിലൂടെ ഇവര്‍ നിര്‍ബന്ധിക്കുന്നു. അവയിലാകട്ടെ, കൂടിയ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു. വളരെ പഴകിയ വിമാനങ്ങള്‍ ഗള്‍ഫ് സര്‍വീസിനായി നീക്കിവയ്ക്കുന്നു. എയര്‍ ഇന്ത്യയിലെ യാത്രാസുരക്ഷയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയോടെ യാത്രക്കാര്‍ മറ്റ് എയര്‍ സര്‍വീസുകളെ ആശ്രയിക്കുന്ന അവസ്ഥയുണ്ടാകുന്നു.

മംഗലാപുരം അപകടം പൈലറ്റിന്റെ തെറ്റുകൊണ്ടാണെന്നു പറയുന്നു. ശരി; എന്നാല്‍, അതിന് മൂന്നുദിവസംമുമ്പ് റിയാദില്‍നിന്ന്കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് മസ്കത്തില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നതിന് എന്തു വിശദീകരണമാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച, അബുദാബിയില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ താഴുന്നതിനു തൊട്ടമുമ്പായി തിരിച്ചുവിടേണ്ടിവന്നു. അത് പിന്നീട് ചെന്നിറങ്ങിയത് മസ്കത്തിലാണ്. അബുദാബിയില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട യാത്രക്കാരെ കൊച്ചിവരെ കൊണ്ടുവന്നിട്ട് മസ്കത്തിലിറക്കി. ഞായറാഴ്ച പുലര്‍ച്ചയ്ക്കുമുമ്പ് അബുദാബിയില്‍നിന്ന് തിരിച്ചവര്‍ ഒടുവില്‍ കൊച്ചിയിലെത്തിയത് തിങ്കളാഴ്ച രാത്രി! നാലു മണിക്കൂര്‍കൊണ്ട് ചെല്ലാവുന്നിടത്ത് എത്താന്‍ എയര്‍ ഇന്ത്യക്കു വേണ്ടിവന്നത് നാല്‍പ്പതു മണിക്കൂര്‍. ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വീസ് റദ്ദായതിന്റെ അഞ്ച് ശതമാനംപോലും യൂറോപ്പ് മേഖലയിലുണ്ടാകുന്നില്ല എന്നോര്‍ക്കണം.

ഗള്‍ഫുകാര്‍ക്ക് ഇത്രയൊക്കെ മതിയെന്ന് എയര്‍ഇന്ത്യയും കേന്ദ്ര വ്യോമയാനമന്ത്രാലയവും ചിന്തിക്കുന്നുണ്ടാകണം. ആ ചിന്തകൊണ്ടാകണമല്ലോ, കഴിഞ്ഞവര്‍ഷം 43 പുതിയ വിമാനങ്ങള്‍ വാങ്ങിയതില്‍ ഒന്നുപോലും ദിവസേന 200 സര്‍വീസ് നടത്തുന്ന ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ നീക്കിവയ്ക്കാതിരുന്നത്. ഗള്‍ഫ് മലയാളിസമൂഹത്തിനെതിരായുള്ള അവധിക്കാല ചൂഷണപദ്ധതിയില്‍ എയര്‍ ഇന്ത്യ പങ്കുചേരുന്നത് പ്രതിഷേധാര്‍ഹമാണ് എന്നുമാത്രം പറയട്ടെ. കുറഞ്ഞ നിരക്കില്‍ കുടുതല്‍ സര്‍വീസ് ഈ മേഖലയില്‍ എയര്‍ ഇന്ത്യയെക്കൊണ്ട് നടത്തിക്കാന്‍ കേന്ദ്രം ഇടപെടാതിരിക്കുന്നത് തിരുത്തപ്പെടേണ്ട തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടുകകൂടി ചെയ്യട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 22072010

1 comment:

  1. ചൂഷണംചെയ്യേണ്ട ഒരു കോളനിജനതയായാണോ ഇന്ത്യാഗവണ്‍മെന്റ് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തെ കാണുന്നത് എന്നുചോദിക്കാതെ വയ്യ. ഇത് ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഗള്‍ഫ് മലയാളിസമൂഹത്തിന്റെ പുനരധിവാസത്തിനായി കേരള ഗവമെന്റ് സമര്‍പ്പിച്ച സമഗ്രപദ്ധതിക്ക് അനുമതി നിഷേധിച്ചതുമുതല്‍, സമഗ്ര പ്രവാസികുടിയേറ്റനിയമം കൊണ്ടുവരുന്നതിലുള്ള വൈമുഖ്യംവരെ എത്രയോ കാര്യങ്ങള്‍. ഇപ്പോള്‍ ചൂഷണത്തിന്റെയും അവഗണനയുടെയും നീണ്ട പരമ്പരയ്ക്കൊടുവിലിതാ ഗള്‍ഫ് ഇന്ത്യാക്കാരന് മറ്റൊരു കനത്ത ആഘാതംകൂടി. വിമാനയാത്രക്കൂലി നിരക്കിലെ അസഹനീയമായ വര്‍ധനയാണത്. ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കുവന്നു തിരിച്ചുപോകുന്നതിന് ചുരുങ്ങിയ മാസങ്ങള്‍ക്കുമുമ്പ് എത്രയാകുമായിരുന്നോ, അത്രയായിരിക്കുന്നു ഇന്ന് ഒരു വഴിക്കുള്ള യാത്രക്കൂലി. സാധാരണക്കാര്‍ക്കുവേണ്ടിയെന്നുപറഞ്ഞ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്പോലും സാധാരണക്കാരനെ പിഴിയാനുള്ള മത്സരത്തിലാണ്. ഇതേക്കുറിച്ചുചോദിച്ചാല്‍ ഞങ്ങള്‍ യാത്രക്കൂലി കൂട്ടിയിട്ടില്ല എന്നാണ് എയര്‍ ഇന്ത്യയുടെ മറുപടി. 'മുമ്പ് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് ഏഴായിരം രൂപയ്ക്കുപോകാമായിരുന്നു. 30,000 രൂപയ്ക്കും പോകാമായിരുന്നു. ഇന്ന് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യത ഇല്ലാതാക്കി. അത്രയേ ചെയ്തിട്ടുള്ളൂ' എന്നൊരു വിശദീകരണവും അവര്‍ തരും.

    ReplyDelete