Tuesday, July 13, 2010

വിദ്യാഭ്യാസ മികവിന് ഒരു കോഴിക്കോടന്‍ മാതൃക

സമഗ്രം, കാര്യക്ഷമം വിദ്യാഭ്യാസ മികവിന് ഒരു കോഴിക്കോടന്‍ മാതൃക

വിദ്യാഭ്യാസ സംവിധാനത്തില്‍ ഏറ്റവും മുന്തിയ പരിഗണന ആര്‍ക്കാവണം? ഈ ചോദ്യത്തിനുത്തരം കാണാന്‍ കോഴിക്കോട് ജില്ലാപഞ്ചായത്തിന് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. ഇവിടെ പ്രഥമസ്ഥാനം കുട്ടികള്‍ക്കുതന്നെ വേണമെന്ന അവരുടെ തിരിച്ചറിവിന്റെ സാക്ഷ്യപത്രമായിരുന്നു കഴിഞ്ഞ നാലുവര്‍ഷമായി നടത്തിവന്ന ജില്ലയിലെ വിദ്യാഭ്യാസ ഇടപെടല്‍. കേവലം ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിയില്ലെന്നും മറിച്ച് കുട്ടികളുടെ മാനസികരോഗ്യത്തിലും ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ജില്ലാപഞ്ചായത്തിന് ബോധ്യപ്പെട്ടു. ഇതായിരുന്നു വിദ്യാലയ ജനാധിപത്യവേദി രൂപീകരണത്തിലേക്കും സ്കൂളുകളില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലേക്കും നയിച്ചത്.

കുട്ടികള്‍ക്ക് തങ്ങളുടെ ഇടം തിരിച്ചറിയുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട പരിഗണനയും സൌകര്യങ്ങളും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ജില്ലാപഞ്ചായത്തിന്റെ വിദ്യാലയ ജനാധിപത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിലേറ്റവും ശ്രദ്ധേയമായ ഘടകം ക്ളാസ്സഭ എന്ന ആശയമായിരുന്നു. ക്ളാസ് ലീഡറും ക്ളാസ് മന്ത്രിമാരും നയിക്കുന്ന ക്ളാസ് സഭകള്‍ ഗ്രാമസഭയ്ക്ക് സമാനമായ പ്രവര്‍ത്തനാനുഭവമാണ് കാഴ്ചവച്ചത്. മാസത്തില്‍ രണ്ടുതവണ വൈകിട്ട് നാലിനുശേഷം ഒരുമണിക്കൂര്‍ വീതം ക്ളാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുള്ള ക്ളാസ് സഭകളില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ ഉള്ളുതുറന്ന ചര്‍ച്ചയാണ് നടന്നുവരുന്നത്. ഇതിന്റെ മിനിറ്റ്സ് നേരെ പ്രധാനാധ്യാപകന് കുട്ടികള്‍ കൈമാറും. സ്കൂളില്‍ സൂക്ഷിക്കേണ്ട ഒരു പ്രധാന രേഖയായി ഇത് നിര്‍ദേശിക്കുകകൂടി ചെയ്തതോടെ കുട്ടികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അധികൃതര്‍ക്ക് തിരിച്ചറിയാനും പരിഹാരമുണ്ടാക്കാനും കഴിഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡ് ജില്ലാപഞ്ചായത്ത് എല്ലാ ഹൈസ്കൂളുകളിലും സ്ഥാപിക്കുകൂടി ചെയ്തപ്പോള്‍ തങ്ങളുടെ അനുഭവങ്ങള്‍ അതുമായി താരതമ്യം ചെയ്യാന്‍ കുട്ടികള്‍ക്ക് അവസരം കിട്ടി. ക്ളാസ് സഭയുടെ സംഘാടനം, നേതൃശേഷി വികസിപ്പിക്കല്‍, സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍, ശുചിത്വം തുടങ്ങിയ മേഖലകളില്‍ ക്ളാസ് ലീഡര്‍മാര്‍ക്ക് ബ്ളോക്ക് തലത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ പരിശീലനം നല്‍കുന്നുവെന്നതും ഈ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സഹായകമായി. പുതിയ അധ്യയനവര്‍ഷം താല്‍ക്കാലിക ക്ളാസ് ലീഡര്‍മാരെ പങ്കെടുപ്പിച്ച് ജില്ലയില്‍ 13 കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

രക്ഷാകര്‍തൃവിദ്യാഭ്യാസം

വിദ്യാഭ്യാസ ഘടനയില്‍ രക്ഷിതാക്കള്‍ക്കുള്ള സ്ഥാനം വലുതാണ്. അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും അതുവഴി കുട്ടികള്‍ക്കുമുള്ള പിന്തുണാ സംവിധാനമായി രക്ഷാകര്‍തൃ കൂട്ടായ്മകളെ വളര്‍ത്തിയെടുക്കാനാണ് ജില്ലാപഞ്ചായത്ത് ശ്രമിച്ചത്. അതിനായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റുമാര്‍ക്ക് നിരവധി തവണ ജില്ല-ബ്ളോക്ക് തലത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.

പാരന്റ് കൌണ്‍സില്‍ എന്ന ഒരു നൂതനാശയം കഴിഞ്ഞ രണ്ടുവര്‍ഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരീക്ഷിച്ചുവരുന്നുണ്ട്. ക്ളാസ് പിടിഎകളില്‍നിന്ന് തെരഞ്ഞെടുത്ത ക്ളാസ് പിടിഎ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും അടങ്ങുന്ന ഒരു സ്കൂള്‍തല സമിതിയാണ് പാരന്റ് കൌണ്‍സില്‍. പിടിഎ പ്രസിഡന്റ്, ഹെഡ്മാസ്റര്‍, സ്റാഫ് സെക്രട്ടറി എന്നിവരും അംഗങ്ങളായിരിക്കും. ക്ളാസ് പിടിഎകളില്‍ നടന്ന ചര്‍ച്ചകള്‍ സ്കൂള്‍തലത്തില്‍ ക്രോഡീകരിക്കലും കൂട്ടായി പരിഹാരം കാണലുമാണ് പാരന്റ് കൌണ്‍സിലിന്റെ പ്രധാന ദൌത്യം. അക്കാദമിക പിന്തുണാ സംവിധാനമെന്ന നിലയിലാണ് പാരന്റ് കൌണ്‍സിലിനെ സ്കൂളില്‍ പ്രയോജനപ്പെടുത്തിവരുന്നത്. സ്കൂള്‍ ക്ളബ്ബുകള്‍, ഉച്ചഭക്ഷണപരിപാടി തുടങ്ങിയവയ്ക്കെല്ലാം പാരന്റ് കൌണ്‍സിലില്‍നിന്ന് പ്രത്യേക ചുമതലക്കാരുണ്ടാകും. സ്കൂള്‍തലത്തില്‍ പാരന്റ് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് പരിശീലനവും 'രക്ഷിതാവറിയാന്‍' എന്ന കൈപ്പുസ്തകവും ജില്ലാപഞ്ചായത്ത് നല്‍കുകയുണ്ടായി.

രക്ഷാകര്‍തൃ പരിശീലനത്തിന് പുതിയൊരു ശ്രമംകൂടി കോഴിക്കോട് ജില്ലാപഞ്ചായത്ത് നടത്തുകയുണ്ടായി. സ്കില്‍ഫുള്‍ പാരന്റിങ് എന്ന പേരില്‍ സ്കൂളില്‍ 50 രക്ഷിതാക്കള്‍ക്ക് തുടര്‍ച്ചയായി അഞ്ചുദിവസ പരിശീലനമാണ് ശില്‍പ്പശാലയില്‍ നല്‍കിയത്. പാഠ്യപദ്ധതി സമീപനം, ആരോഗ്യം, സംസ്കാരം, മനഃശാസ്ത്രം, കുടുംബം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്കില്‍ഫുള്‍ പാരന്റിങ് പരിപാടിയുടെ ഫലം ഏറെ ആവേശകരമായിരുന്നു.

ലൈബ്രറി നവീകരണം

അറിവിന്റെ നിര്‍മാണമാണ് പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത്. അതിനാവട്ടെ ലൈബ്രറികള്‍ പോലുള്ള പശ്ചാത്തല സൌകര്യങ്ങള്‍ സ്കൂളുകളില്‍ അത്യന്താപേക്ഷിതമാണ്. ജില്ലാപഞ്ചായത്തിന്റെ മുന്‍കൈയോടെ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിനുള്ള ഒരു പദ്ധതിതന്നെ ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കി. എല്ലാ സര്‍ക്കാര്‍ ഹൈസ്കൂള്‍ ക്ളാസ്മുറികള്‍ക്കും ക്ളാസ് ലൈബ്രറിക്കുള്ള ഷെല്‍ഫുകള്‍ വിതരണംചെയ്തായിരുന്നു തുടക്കം. അതത് സ്കൂളുകളുടെ മുന്‍കൈയോടെ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിന് ഒരു മത്സരത്തിനുതന്നെ തുടര്‍ന്ന് ജില്ല വേദിയൊരുക്കി. സ്കൂള്‍തലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും ലൈബ്രറികളുടെ നവീകരണ പ്രഖ്യാപനം നടന്നു. മികച്ച ലൈബ്രറികള്‍ക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി.

വിജയോത്സവം

എസ്എസ്എല്‍സി റിസള്‍ട്ട് ഉയര്‍ത്തുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച വിജയോത്സവം ജില്ലയില്‍ ഇന്ന് ഒരാവേശമായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ വിദ്യാലയങ്ങളുടെ മാത്രം ചുമതലയായി കാണാതെ സമൂഹം മൊത്തം പങ്കെടുക്കുന്ന ഒരു സാമൂഹിക പ്രക്രിയായി മാറ്റാന്‍ ശ്രമിച്ചുവെന്നതാണ് വിജയോത്സവം പദ്ധതിയുടെ പ്രത്യേകത. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആശയ രൂപീകരണത്തിന് ആവശ്യമായ അടിസ്ഥാന ധാരണകള്‍ ഉറപ്പാക്കുന്നതിനും സംഘപഠനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി മികച്ച വിജയം ഉറപ്പാക്കുന്നതിനും സഹായകമായ കൈപ്പുസ്തകം ഓരോ വര്‍ഷവും തയ്യാറാക്കി ജില്ലാപഞ്ചായത്ത് സ്കൂളുകളില്‍ വിതരണംചെയ്തു. ഇക്കഴിഞ്ഞ വര്‍ഷത്തേത് കുട്ടികള്‍ക്കുതന്നെ നേരിട്ട് പ്രയോജനപ്പെടുത്താവുന്ന തരത്തിലായിരുന്നു തയ്യാറാക്കിയത്. ഇത് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി. രാത്രികാല പഠനക്യാമ്പുകളും ജില്ലയില്‍ വളരെ സജീവമായിരുന്നു. ഇതിനാവശ്യമായ സാമ്പത്തികസഹായം ജില്ലാപഞ്ചായത്ത് സ്കൂളുകള്‍ക്ക് നല്‍കി. കുടുംബശ്രീ യൂണിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച അയല്‍പക്ക പഠന കേന്ദ്രങ്ങളായിരുന്നു വിജയോത്സവത്തിന്റെ ഏറെ ശ്രദ്ധേയമായ ഘടകം. ഒരു പ്രദേശത്തെ എസ്എസ്എല്‍സി വിദ്യാര്‍ഥികളെ പ്രാദേശികമായി സംഘടിപ്പിച്ച് ആരംഭിച്ച പഠനകേന്ദ്രങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വലിയ പിന്തുണയാണ് പ്രദാനംചെയ്തത്. ജില്ലയില്‍ മികച്ച ഗ്രേഡ് നേടുന്നവരുടെയും തുടര്‍ പഠന യോഗ്യതക്കാരുടെയും ശതമാനം ഓരോ വര്‍ഷവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിനുപിന്നിലും വിജയോത്സവം പദ്ധതിയുടെ പങ്ക് വലുതാണ്.

അധ്യാപികാ ശാക്തീകരണം

എണ്ണത്തില്‍ കൂടുതലുള്ള അധ്യാപികമാരെ സ്കൂള്‍ പ്രവര്‍ത്തനത്തിലും സമൂഹനേതൃത്വത്തിലും സജീവമാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു ജില്ലാപഞ്ചായത്തിന്റെ അധ്യാപികാ ശാക്തീകരണം പരിപാടി. അധ്യാപികമാരുടെ തന്നെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങളെല്ലാം. സ്കൂള്‍ തലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതല അധ്യാപികമാരെ ഏല്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ചുമതലയേറ്റ അധ്യാപികമാര്‍ക്ക് ജില്ലാ തലത്തില്‍ പ്രത്യേക പരിശീലനം ജില്ലാപഞ്ചായത്ത് നല്‍കി. ആയിരം അധ്യാപികമാരെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിച്ച അധ്യാപിക സംഗമം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി.

വിദ്യാലയ ചരിത്രം സിഡികളിലേക്ക്

ഓരോ പ്രദേശത്തിന്റെയും വളര്‍ച്ചയ്ക്ക് നെടുംതൂണായി പ്രവര്‍ത്തിച്ച വിദ്യാലയങ്ങളുടെ ചരിത്രമെന്നത് ആ പ്രദേശത്തിന്റെ തന്നെ ചരിത്രമാണ്. ഇത് തിരിച്ചറിയുന്നത് പൊതുവിദ്യാലയങ്ങളുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും സംരക്ഷണത്തിന് ജനങ്ങള്‍ക്ക് ആവേശമുണ്ടാക്കും. ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയ ചരിത്ര സിഡി നിര്‍മാണം ഈയൊരു കാഴ്ചപ്പാടോടെയാണ് നടപ്പിലാക്കിയത്. സ്കൂളുകള്‍ ഓരോന്നും അവരവരുടെ വിഭവമുപയോഗിച്ചാണ് സിഡികള്‍ നിര്‍മിച്ചത്. 40 ശതമാനം ഹൈസ്കൂളുകളും ഏതാനും പ്രൈമറി സ്കൂളുകളുമാണ് പ്രാദേശിക സമൂഹത്തിന്റെ സഹായത്തോടെ സ്വന്തം വിദ്യാലയ ചരിത്രം വീഡിയോ ചിത്രങ്ങളാക്കിയത്.

'പാത'- ആരോഗ്യബോധവല്‍ക്കരണം

ജീവതശൈലീരോഗങ്ങള്‍, ട്രോമാകേര്‍, മാനസിക സംഘര്‍ഷം, കായികക്ഷമത തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങളില്‍ വിദ്യാലയങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് ജില്ലാപഞ്ചായത്ത് തയ്യാറാക്കിയ 'പാത' പദ്ധതിയുടെ ഒരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ വിഷയങ്ങളില്‍ ആറ് വീഡിയോ ചിത്രങ്ങള്‍ നിര്‍മിക്കലാണ് പദ്ധതി. ഇതില്‍ ആദ്യ എപ്പിസോഡ് പൂര്‍ത്തിയായിക്കഴിഞ്ഞു. അതുപയോഗിച്ചുള്ള പരിശീലനവും പ്രദര്‍ശന പരിപാടികളും ഈ അധ്യയനവര്‍ഷാരംഭത്തില്‍ സ്കൂളുകളില്‍ നടക്കും.

ഇന്ത്യയൊന്ന്, നമ്മളൊന്ന്, മാനവരൊന്ന്

തീവ്രവാദവും വര്‍ഗീയതയും ശക്തിപ്പെട്ട സാഹചര്യത്തില്‍ മുന്‍വര്‍ഷം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പരിപാടിയാണ് ഇന്ത്യയൊന്ന്, നമ്മളൊന്ന്, മാനവരൊന്ന് ക്യാമ്പയിന്‍. എല്ലാ വിദ്യാലയങ്ങളിലും ഈ സന്ദേശമുള്ള ബാനറുകള്‍ നവംബര്‍ 14നും ജനുവരി 26നും ഇടയ്ക്കുള്ള ക്യാമ്പയിന്‍ കാലത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി. ദേശഭക്തി തെളിയിക്കല്‍, ചരിത്രപ്രദര്‍ശനം, സ്നേഹദീപം തെളിയിക്കല്‍, നൃത്തശില്‍പ്പം തുടങ്ങിയ വിവിധ പരിപാടികള്‍ ഈ കാലയളവില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുകയുണ്ടായി.

ചിട്ടയായ പ്രവര്‍ത്തനവും കാര്യക്ഷമതയ്ക്കും പരസ്പര സഹകരണത്തിനും നല്‍കിയ ഊന്നലുമാണ് ജില്ലയുടെ നേട്ടത്തിന് നിദാനം. ഇതിന് നേതൃത്വം വഹിച്ചുവരുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി, സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ഡിഡിഇ കെ വി വിനോദ്ബാബു എന്നിവര്‍ക്ക് അഭിമാനിക്കാനുള്ള വക ഏറെയാണ്.

ജില്ലയില്‍ 18 മാസ്റര്‍ റിസോഴ്സ് സെന്ററുകള്‍

ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുകളിലെ അധ്യാപകര്‍ക്ക് ആവശ്യമായ പഠനാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രൂപത്തില്‍ ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒന്നുവീതം വിഷയത്തില്‍ മാസ്റര്‍ റിസോഴ്സ് സെന്ററുകള്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുകയുണ്ടായി. റിസോഴ്സ് സെന്ററിലേക്കാവശ്യമായ പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍, ലാബ് ഉപകരണങ്ങള്‍ എന്നിവയും ജില്ലാപഞ്ചായത്ത് അനുവദിച്ചു.

ഫര്‍ണിച്ചറുകള്‍ക്ക് 54 ലക്ഷം രൂപ ലാബ് ഉപകരണങ്ങള്‍ക്ക് 50 ലക്ഷം രൂപ

ജില്ലാപഞ്ചായത്ത് പരിധിയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ബെഞ്ച്, ഡെസ്ക്ക് എന്നിവ വാങ്ങുന്നതിന് 54 ലക്ഷം രൂപയും ലാബ് ഉപകരണങ്ങള്‍ക്ക് 50 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് ചെലവഴിച്ചു. ക്ളാസ് ലൈബ്രറികള്‍ക്ക് ആവശ്യമായ അലമാരകള്‍ നല്‍കുന്നതിന് 24 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് ചെലവഴിക്കുകയുണ്ടായി.

ഹയര്‍ സെക്കന്‍ഡറിയില്‍ 'പുതുവെളിച്ചം'

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് എസ്എസ്എല്‍സിക്കുശേഷം ഒരു ബ്രിഡ്ജ് കോഴ്സ് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. 'പുതുവെളിച്ചം' എന്ന പേരിലുള്ള ഈ പരിപാടിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ളാസും സംഘടിപ്പിച്ചു.

പുതിയ 46 ക്ളാസ് മുറികള്‍ ഏഴ് കോടി രൂപയുടെ അറ്റുകുറ്റപ്പണി

ഭൌതിക സൌകര്യങ്ങളൊരുക്കുന്നതില്‍ ഒരു വന്‍കുതിച്ചുചാട്ടമാണ് കോഴിക്കോട് ജില്ലയിലെ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും നടത്തിയത്. ജില്ലാപഞ്ചായത്ത് ഇതിനകം 46 ക്ളാസ് മുറികളാണ് സ്വന്തം നിലയില്‍ പണികഴിപ്പിച്ചത്. ഇതിനുപുറമെ ഏഴ് കോടി രൂപയുടെ അറ്റകുറ്റപ്പണികളും കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് നടത്തുകയുണ്ടായി. ടെലിവിഷന്‍, ആര്‍ഒടി സംവിധാനം എല്ലാ സ്കൂളുകളിലും നടപ്പിലാക്കി. ഇതിനായി 8.83 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

കെ കെ ശിവദാസന്‍ ചിന്ത വാരിക 020072010

1 comment:

  1. വുവുസേലകളെപ്പറ്റിയല്ല....!

    ReplyDelete