Thursday, July 8, 2010

ഭോപാല്‍ വിധി ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതികപ്രശ്നങ്ങള്‍

ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ വ്യവസായ കൂട്ടക്കൊലയാണ് ഭോപാല്‍. 26 വര്‍ഷംമുമ്പ് 1984 ഡിസംബര്‍ രണ്ടിന് രാത്രി പതിനൊന്നരയോടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി പ്ളാന്റിലെ തൊഴിലാളികള്‍ക്കുണ്ടായ കണ്ണെരിച്ചിലായിരുന്നു മഹാദുരന്തത്തിന്റെ ആദ്യസൂചന. 25,000ത്തോളം പേരെ മരണത്തിലേക്കും ലക്ഷക്കണക്കിന് ഭോപാല്‍ നിവാസികളെ നിത്യദുരിതത്തിലേക്കും തള്ളിവിട്ട വിഷവാതകച്ചോര്‍ച്ച രാത്രി പത്തരയോടെയാണ് തുടങ്ങിയത്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ യൂണിയന്‍ കാര്‍ബൈഡിന്റെ രാസവസ്തുനിര്‍മാണ പ്ളാന്റിന്റെ പിഴവും കമ്പനി മാനേജ്മെന്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ്വരുത്തുന്നതില്‍ കാണിച്ച കുറ്റകരമായ അലംഭാവവുമാണ് ഈ കൂട്ടക്കൊലക്കും ദുരന്തത്തിനും വഴിവെച്ചത്.

മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യജീവന് പുല്ലുവിലപോലും കല്‍പ്പിക്കാത്ത അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യമാണ് ഇത്രയും വലിയൊരു നരഹത്യക്കും ലക്ഷങ്ങളുടെ നിത്യദുരിതത്തിനും തലമുറകളിലൂടെ പടരുന്ന ജനിതക വൈകല്യങ്ങള്‍ക്കും കാരണമായത്. മീതൈല്‍ ഐസോസയനേറ്റ് ടാങ്കിന്റെ താപനിലയും മര്‍ദവും ക്രമാതീതമായി കൂടിയതാണ് ദുരന്തകാരണമെന്ന് ശാസ്ത്രജ്ഞന്മാരും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കോണ്‍ക്രീറ്റ് സ്ളാബ് വര്‍ധിച്ച താപനിലയും മര്‍ദവും മൂലം ഇളകി സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കില്‍നിന്നും ചോര്‍ന്ന മീതൈല്‍ ഐസോസയനേറ്റ് ഭോപാല്‍ നഗരമാകെ പടരുകയായിരുന്നു. നാല്‍പ്പത്തിരണ്ട് ടണ്‍ മീതൈല്‍ ഐസോസയനേറ്റാണ് ടാങ്കില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ വെള്ളം കയറിയതായിരുന്നുപോലും അപകടകാരണം!

ഈ ഔദ്യോഗിക വിശദീകരണത്തിനപ്പുറം ഭോപാല്‍ കൂട്ടക്കൊലയുടെ യഥാര്‍ഥ കാരണം അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്റെ ലാഭ താല്‍പ്പര്യമായിരുന്നു. കീടനാശിനി പ്ളാന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ചയുമായിരുന്നു അപകടകാരണമെന്നത് അന്വേഷണസംഘം തന്നെ അവരുടെ ആദ്യ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഈ കുറ്റപത്രം തിരുത്തിയിരിക്കുകയായിരുന്നല്ലോ. ഒരു മഹാപാതകത്തിന് ഉത്തരവാദിയായ അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാനുള്ള നമ്മുടെ സുപ്രീംകോടതിയുടെ ഒരു ജുഡീഷ്യല്‍ ആക്ടിവിസം! അല്ലാതെ എന്തു പറയാന്‍!

യൂണിയന്‍ കാര്‍ബൈഡിന് ഭോപാലിന് സമാനമായ ഒരു ഫാക്ടറി അമേരിക്കയിലെ തന്നെ വെസ്റ്റ് വെര്‍ജീനിയയിലുണ്ട്. അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും ട്രീറ്റ്മെന്റ് പ്ളാന്റുകളുമൊന്നും ഭോപാലില്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നില്ല. ചെലവേറിയ സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമില്ലല്ലോ. ഇന്ത്യക്കാരന്റെ ജീവന് അമേരിക്കക്കാരനുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തു വില! ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയും ഉള്ള സുരക്ഷാസംവിധാനങ്ങള്‍പോലും ലാഭം വര്‍ധിച്ചിരുന്നതിന്റെ പേരില്‍ ഇല്ലാതാക്കുകയുംചെയ്യുന്ന നവീകരണങ്ങളാണ് വാറന്‍ ആന്‍ഡേഴ്സണ്‍ നടപ്പാക്കിയത്. തൊഴിലാളികളെ വെട്ടിക്കുറച്ചും അത്യന്തം മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ട്രീറ്റ്മെന്റ് പ്ളാന്‍ുകള്‍ അടച്ചുപൂട്ടിയും വ്യവസായം ലാഭകരമാക്കുക എന്ന കോര്‍പറേറ്റ് തന്ത്രമാണ് യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്‍ഡേഴ്സണ്‍ പരീക്ഷിച്ചത്. മലിനീകരണവും കമ്പനി പുറന്തള്ളുന്ന വിഷവസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ളാന്റിലെ താപനിലയും മര്‍ദവും നിയന്ത്രണവിധേയമാക്കുന്ന സുരക്ഷാക്രമീകരണങ്ങളും വെസ്റ്റ് വെര്‍ജീനിയയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ കുത്തക ഇന്ത്യയില്‍ അതൊന്നും ഏര്‍പ്പെടുത്തി പണം പാഴാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ദരിദ്ര രാജ്യത്തെ മനുഷ്യജീവന് എന്തു വില!

ദരിദ്ര രാജ്യങ്ങളിലേക്കുള്ള വിദേശ മൂലധനപ്രവാഹം സുഗമമാക്കുന്നതിന്റെ മറവില്‍ അത്യന്തം മാരകവും പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കിടയാകുന്നതുമായ വ്യവസായങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ മൂന്നാംലോക രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നു. കുറഞ്ഞ ചെലവില്‍ അധ്വാനശേഷിയും ആവശ്യമായ അന്തര്‍ഘടനാ സൌകര്യങ്ങളും വ്യവസായവല്‍ക്കരണത്തിന് നിക്ഷേപം പ്രതീക്ഷിച്ചുകഴിയുന്ന ഏഷ്യന്‍-ലാറ്റിന്‍-ആഫ്രിക്കന്‍ നാടുകളില്‍നിന്നും ഈ കുത്തകകള്‍ക്ക് എളുപ്പം തട്ടിയെടുക്കുവാന്‍ കഴിയുന്നു. അതേപോലെ വിദേശ നിക്ഷേപകര്‍ക്ക് ഏത് മാരകവ്യവസായവും ഒരു സുരക്ഷാസംവിധാനവും ഉറപ്പുവരുത്താതെ മൂന്നാംലോക രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യാം. വിഭവശോഷണവും പാരിസ്ഥിതിക പ്രശ്നവും വിഷയമാക്കി വിദേശ നിക്ഷേപങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന മൂന്നാംലോക ഭരണാധികാരികളെ ലോകബാങ്ക് ശാസിക്കുകവരെ ചെയ്യുന്നുണ്ട്.

ലോകബാങ്കിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന ലോറന്‍ സമ്മേഴ്സ് തൊണ്ണുറുകളുടെ ആദ്യം ഏഷ്യനാഫ്രിക്കന്‍ ലത്തിന്‍ രാജ്യങ്ങള്‍ വിദേശ മൂലധനത്തിന് ദേശീയ പരിഗണന കൊടുക്കണമെന്നും അതുപോലെ പാരിസ്ഥിതികപ്രശ്നത്തിന്റെയും സുരക്ഷാവ്യവസ്ഥയുടെയും പേരില്‍ വിദേശ കമ്പനികളെ തടയുന്നത് നിര്‍ത്തണമെന്നും എഴുതുകയുണ്ടായി. തുടര്‍ന്ന് ലോകബാങ്ക് തയാറാക്കിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പാരിസ്ഥിതികതന്ത്രം (Towards an environmental strategy for Asia) എന്ന രേഖയില്‍ മലിനീകരണ വിരുദ്ധവും പാരിസ്ഥിതിക സംരക്ഷണപരവുമായ നയങ്ങള്‍ ഈ രാജ്യങ്ങളിലെ വ്യവസായ വികസനത്തെ തടയുമെന്നാണ് പ്രസ്താവിക്കുന്നത്. ഈ രേഖ തയാറാക്കിയത് ലോകബാങ്ക് വിദഗ്ധരായ കാര്‍ടര്‍ ബ്രാന്റണും രമേശ്രാമന്‍കുട്ടിയുമാണ്. കോര്‍പറേറ്റ് കുത്തകകളുടെ വിവേചനരഹിതമായ വ്യവസായ ഇടപെടലും പാരിസ്ഥിതിക മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ വ്യവസായ ദുരന്തങ്ങള്‍ക്കും പാരിസ്ഥിതികത്തകര്‍ച്ചക്കും കാരണമെന്ന യാഥാര്‍ഥ്യത്തെ ഈ റിപ്പോര്‍ട് മറച്ചുപിടിക്കുകയാണ്.

ഏഷ്യയിലെ പാരിസ്ഥിതിക പ്രശ്നത്തിന്റെ നിര്‍ണായക കാരണം വിപണി നയപരാജയമാണെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. വിദേശ മൂലധനവും മലിനീകരണ വിമുക്തമായ സാങ്കേതികവിദ്യയും സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകണമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട് കല്‍പ്പിക്കുന്നത്. സാമ്രാജ്യത്വ മൂലധന വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ഭാരം മൂന്നാംലോക രാജ്യങ്ങളുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കുന്ന നയങ്ങളാണ്, ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍പോലും ഉറപ്പുവരുത്താതെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ചേക്കേറുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത്. അമേരിക്കന്‍ കമ്പനികള്‍ വരുത്തുന്ന മലിനീകരണത്തിന്റെയും വ്യവസായ ദുരന്തങ്ങളുടെയും ബാധ്യത മുഴുവന്‍ മൂന്നാംലോക രാജ്യങ്ങളുടെ ചുമലില്‍തന്നെ കെട്ടിയേല്‍പ്പിക്കുന്ന നയതീരുമാനങ്ങളും നിയമനിര്‍മാണവും രൂപപ്പെടുത്തുവാന്‍ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ നിര്‍ബന്ധിക്കുകയാണ് ഇന്ന് ലോകബാങ്കിന്റെയും സാമ്രാജ്യത്വരാജ്യങ്ങളുടെയും നയരൂപീകരണ വിദഗ്ധര്‍.

മഹാദുരന്തങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും മൂന്നാംലോക ജനതയെ നിഷ്കരുണം തള്ളിവിടുന്ന കോര്‍പറേറ്റ് മൂലധന താല്‍പ്പര്യങ്ങളുടേതായ ആഗോളസാഹചര്യത്തില്‍നിന്ന് വേണം ഭോപാല്‍ ദുരന്തത്തിന്റെയും 25 വഷങ്ങള്‍ക്ക് ശേഷമുണ്ടായ കോടതിവിധിയുടെയും രാഷ്ട്രീയവും സാമൂഹ്യവുമായ വിവക്ഷകളെ പരിശോധിക്കാന്‍. ഇന്ത്യപോലുള്ള ഒരു നവകൊളോണിയല്‍ രാജ്യത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് എന്തുമാകാമെന്ന അത്യന്തം അരക്ഷിതപൂര്‍ണവും ഉല്‍ക്കണ്ഠാകുലവുമായ അവസ്ഥയാണ് ഇപ്പോഴത്തെ കോടതിവിധി വ്യക്തമാക്കുന്നത്. നിയമാതീതമായി പ്രവര്‍ത്തിക്കുകയും മാരകമായ വിഷവാതക പ്രസരണത്തിലൂടെ കാല്‍ ലക്ഷത്തോളംപേരെ കൊലചെയ്യുകയും ലക്ഷങ്ങളെ ജീവഛവമാക്കുകയും ചെയ്ത ഒരു ബഹുരാഷ്ട്രകുത്തകക്ക് ഒരു പോറലുമേല്‍ക്കാതെ ഇവിടെനിന്ന് രക്ഷപ്പെടാനാവുന്നുവെന്നത് ഭീതിദമായ അവസ്ഥയാണ്. യൂണിയന്‍ കാര്‍ബൈഡ് മേധാവികള്‍ക്ക് എത്ര ഇന്ത്യക്കാരെ കുരുതികഴിച്ചാലും, ഭോപാലിലെ പാവങ്ങളെ നിത്യദുരിതത്തിലാക്കിയാലും ഈ രാജ്യത്തെ നിയമത്തിന്റെയും ഭരണകൂടത്തിന്റെയും ഒരു ഭീഷണിയും ശിക്ഷയുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാമെന്ന് വരുന്നത് ഇന്ത്യയെത്തപ്പെട്ട ദേശീയ അടിമത്വത്തിന്റെ ലജ്ജാകരമായ സ്ഥിതിവിശേഷത്തെയാണ് കാണിക്കുന്നത്.

ആണവബാധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഭോപാല്‍വിധി നല്‍കുന്ന സന്ദേശം ഓരോ ദേശസ്നേഹിയെയും മനുഷ്യസ്നേഹിയായ ഇന്ത്യക്കാരനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഒരു ജനസമൂഹത്തെയാകെ കശാപ്പുചെയ്ത കോര്‍പറേറ്റ് കുത്തകക്ക് രക്ഷപ്പെട്ടുപോകാനാവുന്നുവെന്ന ഈ വിധി നല്‍കുന്ന സന്ദേശം ആണവബാധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

വ്യാവസായിക ദുരന്തങ്ങളുടെ തന്നെ ചരിത്രത്തിലെ അത്യന്തം അപൂര്‍വമായൊരു കോര്‍പറേറ്റ് നരഹത്യയായിരുന്നു ഭോപാലിലേത്.26 വര്‍ഷം നീണ്ടുനിന്ന സംഭവബഹുലമായ നടപടികള്‍ക്ക് ശേഷം യഥാര്‍ഥ കുറ്റവാളികളെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടുള്ള ഒരു വിധി, ഭോപാല്‍ ദുരന്തത്തിന്റെ ഇരകളെ മാത്രമല്ല മുഴുവന്‍ മനുഷ്യസ്നേഹികളെയും രോഷാകുലരാക്കുന്നതാണ്. ഈയൊരു വിധിയില്‍ കേസിന്റെ നാള്‍വഴികളെയും കാര്‍ബൈഡ് കമ്പനിക്കനുകൂലമായ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും അനഭിലഷണീയമായ ഇടപെടലുകളെയും കുറിച്ചറിയുന്ന ഒരാള്‍ക്കും അസ്വാഭാവികതയൊന്നും അനുഭവപ്പെടില്ല.

ഇരുപത്തിനാല് വര്‍ഷം മുമ്പുതന്നെ കേസ് അന്വേഷിച്ച സി ബി ഐ സംഘം വാറന്‍ ആന്‍ഡേഴ്സനെ പ്രതിയാക്കി(304 വകുപ്പ്) മനഃപൂര്‍വമുള്ള നരഹത്യക്ക് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് കമ്പനി മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണല്ലോ അശ്രദ്ധമായ പ്രവൃത്തി മരണത്തിനിടയാക്കി (304എ വകുപ്പ്) എന്ന് ഇളവ് ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടത്. ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്കനുസൃതമായ ശിക്ഷയാണ് കോടതി വിധിച്ചതെന്ന് പല നിയമവിദഗ്ധരും നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടവും ജുഡീഷ്യറിയും പുലര്‍ത്തുന്ന അപമാനകരമായ അമേരിക്കന്‍ വിധേയത്വത്തിന്റെയും കോര്‍പറേറ്റ് പക്ഷപാതിത്വത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ഭോപാല്‍ വിധി. യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഓഫ് ഇന്ത്യയുടെ ചെയര്‍മാനും ഈ നരഹത്യക്ക് മുഖ്യ ഉത്തരവാദിയുമായ വാറന്‍ ആന്‍ഡേഴ്സനെ ഒരിക്കല്‍പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ നൊടിയിടയില്‍തന്നെ പൊലീസ് കസ്റ്റഡിയില്‍നിന്നും ജാമ്യമിറങ്ങി രാജ്യം വിടുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ നിയമസംവിധാനത്തെയാകെ അപഹാസ്യമാക്കുന്ന തരത്തില്‍ ഈ കൊലയാളി അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്നു. ഇന്ത്യക്കാരായ എട്ട് യൂണിയന്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥര്‍ക്കും നാമമാത്രശിക്ഷ നല്‍കിയ ഭോപാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി ജഡ്ജി, വാറന്‍ ആന്‍ഡേഴ്സനെക്കുറിച്ച് ഒരക്ഷരംപോലും തന്റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചില്ല.

1992-ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആന്‍ഡേഴ്സനെ അയാളുടെ പാട്ടിന് വിടുകയായിരുന്നു റാവു സര്‍ക്കാര്‍. കുപ്രസിദ്ധമായ ബൊഫോഴ്സ് കേസിലെ പ്രതി ക്വത്റോച്ചിയെ കുറ്റവിമുക്തരാക്കിക്കൊടുത്തവര്‍ 1992ല്‍ ആന്‍ഡേഴ്സനെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്നും വേര്‍പെടുത്തിക്കൊടുത്തു. പിന്നീട് ദുരിതബാധിതരുടെ സംഘടന നടത്തിയ നിയമപ്പോരാട്ടങ്ങളിലൂടെയാണ് 2009-ല്‍ ആന്‍ഡേഴ്സനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും അമേരിക്കന്‍ ഭരണകൂടവും പറയുന്നത് ഭോപാല്‍ ദുരന്തകേസിന് ഞങ്ങള്‍ ഉത്തരവാദിയല്ലെന്നാണ്. കാര്‍ബൈഡ് കമ്പനിയോ അതിന്റെ ഉദ്യോഗസ്ഥരോ ഈ കേസ് വിധി പറഞ്ഞ ഇന്ത്യയുടെ കോടതി പരിധിയില്‍ വരുന്നില്ലെന്നും അതുകൊണ്ട് ഈ വിധി ഞങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് ഈ അമേരിക്കന്‍ കുത്തകയുടെ ന്യായവാദം. ഇന്ത്യയും അമേരിക്കയുമായുള്ള സഹകരണത്തെയോ ആണവസഹകരണ ബില്ലിനെയോ ഈ വിധി ഒരു കാരണവശാലും ബാധിക്കില്ലെന്നാണ് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി റോബര്‍ട് ബ്ളൈക്ക് പ്രതീക്ഷ പ്രകടിപ്പിച്ചത്. അമേരിക്കന്‍ അധികൃതരുടെ വാദമനുസരിച്ച് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന് കീഴിലാണ് ഭോപാല്‍ കമ്പനി പ്രവര്‍ത്തിച്ചത്. ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് ഭോപാലിലെ പ്ളാന്റ് രൂപകല്‍പ്പനചെയ്തതും പ്രവര്‍ത്തിപ്പിച്ചതും ഉടമസ്ഥത വഹിച്ചതും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് ആണ്. ഭോപാല്‍ ദുരന്തത്തിന് അവര്‍ മാത്രമാണ് ഉത്തരവാദികള്‍! യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ പുത്രികാസ്ഥാപനം മാത്രമാണ് യു സി സി ഐ എല്‍ എന്ന പ്രാഥമിക വസ്തുതപോലും അമേരിക്കന്‍ ഭരണകൂടം മറച്ചുപിടിക്കുകയാണ്.

അമ്പതുകള്‍ മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ചാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഭോപാലില്‍ നിക്ഷേപം നടത്തിയത്. ഒരമേരിക്കന്‍ കമ്പനിക്ക് ഇന്ത്യന്‍ നിയമമനുസരിച്ച് ഇന്ത്യന്‍ കമ്പനിയായി തന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്യാം. ഇന്നിപ്പോള്‍ Multi lateral Investment Gurantee Agency (MIGA) യില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. നരസിംഹറാവുവിന്റെ കാലം മുതല്‍ ആഗോള മൂലധനത്തിന് ദേശീയ പരിഗണന നല്‍കി സംരക്ഷിക്കാന്‍ ഇന്ത്യ 'മിഗ'യില്‍ ഒപ്പിടുക വഴി ബാധ്യസ്ഥമായിരിക്കുകയാണ്. അമേരിക്കന്‍ കൊടി പറക്കുന്ന ഫാക്ടറിക്കും മൂലധനത്തിനും ദേശീയ പരിഗണന നല്‍കുന്ന സാമ്രാജ്യത്വ സേവയാണ് ഇന്ത്യന്‍ ഭരണകൂടം നടത്തിപ്പോരുന്നത്.

അമേരിക്കന്‍ അഗ്രി ബിസിനസ് കുത്തകയായ കാര്‍ഗിലിന്റെയും മൊണ്‍സാന്റോവിന്‍െയും അന്തകവിത്തുകള്‍ക്കെതിരെ കര്‍ണാടകയില്‍ കര്‍ഷകസമരം അക്രമാസക്തമായപ്പോള്‍ അമേരിക്കന്‍ ഭരണകൂടം നേരിട്ട് ഇടപെടുകയുണ്ടായി. കാര്‍ഗില്‍ സീഡ്സ് (ഇന്ത്യ) പ്രൈവറ്റ ്ലിമിറ്റഡിന്റെ വിത്ത് സംസ്കരണകേന്ദ്രം രോഷാകുലരായ കര്‍ഷകര്‍ കര്‍ണാടകയില്‍ അടിച്ചുതകര്‍ത്തപ്പോള്‍ അമേരിക്കന്‍ എംബസി റാവു ഗവണ്‍മെന്റിനെ താക്കീത് ചെയ്യുകയുണ്ടായി. മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനും അമേരിക്കന്‍ കമ്പനികള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കിയില്ലെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

എന്‍റോണ്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെട്ടതും മംഗലാപുരത്ത് കോജന്‍ട്രിക്സിനെതിരായ സമരം, ഡ്യൂപോങ് കമ്പനിക്കെതിരായ സമരം, പ്ളാച്ചിമടയിലെ കൊക്കക്കോളവിരുദ്ധ സമരം -ഇതിലെല്ലാം അമേരിക്കന്‍ ഭരണകൂടം അതീവ ഉല്‍ക്കണ്ഠയും അസഹിഷ്ണുതയും പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വരികയുണ്ടായി.

ലോകത്തെവിടെയും സ്വന്തം മൂലധനത്തിനെതിരായി ഉയര്‍ന്നുവരാവുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതൊരു ജനകീയ പ്രതിഷേധത്തെയും സൈനികമായി പോലും നേരിടാന്‍ മടികാണിക്കാത്ത അമേരിക്കയാണ് ഭോപാലിലെ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കൈകഴുകി രക്ഷപ്പെടാന്‍ ബദ്ധപ്പെടുന്നത്. ഭോപാല്‍ കേസില്‍ ഇത്രയും നഗ്നമായി അമേരിക്കന്‍ ഭരണകൂടവും കൊലയാളിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ഒരുവരി പ്രസ്താവന ഇറക്കി പ്രതിഷേധിക്കാന്‍പോലും ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. അമേരിക്കന്‍ വിധേയത്വംമൂലം ആത്മാഭിമാനം നഷ്ടപ്പെട്ട ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഒരടിമയുടെ തലത്തില്‍നിന്നുള്ള പ്രതിഷേധംപോലും ഉയര്‍ത്താന്‍ കഴിയാത്തവിധം അധഃപതിച്ചുപോയിരിക്കുന്നു.

ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ക്കെതിരായ വിധിപ്രസ്താവങ്ങളില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കാനാണ് നമ്മുടെ കോടതികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കമ്പനിയുടെ താല്‍പ്പര്യങ്ങളേക്കാള്‍ വലുതല്ലല്ലോ ജനങ്ങളുടെ ജീവനും ജീവിക്കാനുള്ള അവകാശങ്ങളും. സാമ്രാജ്യത്വ മൂലധന വ്യവസ്ഥക്കാവശ്യമായ രീതിയില്‍ ജുഡീഷ്യറിയും സ്വയം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ഭോപാല്‍ വിധിയും വ്യക്തമാക്കുന്നത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കെതിരായ എല്ലാറ്റിനെയും നിരാകരിക്കുന്ന പ്രവണതകള്‍ ഇന്ത്യയുടെ നീതിന്യായരംഗത്ത് പ്രബലപ്പെട്ടു വരികയാണ്. മൂലധനത്തിന്റെയും വന്‍ ബിസിനസ് ലോകത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കനുസരണമായ അമേരിക്കന്‍ നീതിന്യായ പ്രവണതകള്‍ സമകാലീന കോടതിവിധികളിലെല്ലാം പ്രകടമാണ്. വിദേശ കുത്തകകള്‍ക്കുവേണ്ടി ജനങ്ങളുടെ ജീവനെയും ദേശതാല്‍പ്പര്യങ്ങളെയും ബലികഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത ജനകീയ സമരങ്ങള്‍ ഉയര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഭോപാല്‍ വിധി വിരല്‍ചൂണ്ടുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍ chintha weekly 27062010

No comments:

Post a Comment