Wednesday, July 7, 2010

അംബാനിമാര്‍ക്ക് തിരുമുല്‍ക്കാഴ്ച

എണ്ണവില സര്‍ക്കാര്‍ അടിക്കടി കൂട്ടിക്കൊണ്ടിരുന്നു. കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സര്‍ക്കാരിനായിരുന്നു. ആ അവകാശം ഉപേക്ഷിച്ചിരിക്കുന്നു. മേലില്‍ എണ്ണവില യഥേഷ്ടം ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് കൈമാറി സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. വില സര്‍ക്കാര്‍ നിര്‍ണയിച്ചിരുന്നപ്പോള്‍ പെട്രോളും ഡീസലും മണ്ണെണ്ണയും പാചകവാതകവും താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്നു. ഇനി കൊള്ളവില കൊടുക്കണം.

എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും അടിസ്ഥാനഘടകം എണ്ണയാണ്. എണ്ണവില ഉയര്‍ത്തുമ്പോള്‍ സകല ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകളും ഉയരും. അത് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരം സൃഷ്ടിക്കും. പൊതുകമ്പോളത്തില്‍ സാധനവിലക്കയറ്റം, പ്രത്യേകിച്ചും നിത്യോപയോഗ സാധനങ്ങളുടെ, അതീവ രൂക്ഷമായിരിക്കുന്ന പരിതസ്ഥിതിയില്‍, എണ്ണവില നിയന്ത്രണം ശക്തിപ്പെടുത്തുകയായിരുന്നു ആവശ്യം. അതല്ല സര്‍ക്കാര്‍ അവലംബിച്ച രീതി. പെട്രോള്‍ വില്‍പ്പനവില പൂര്‍ണമായും നിയന്ത്രണവിമുക്തമാക്കി. ഡീസല്‍വിലയും ആ വഴിക്കുതന്നെയെന്ന് വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലകള്‍ താങ്ങാനാകാത്തവിധം ഉയര്‍ത്തി. മണ്ണെണ്ണ വില ലിറ്ററിന് മൂന്നുരൂപയും പാചകവാതകവില സിലിണ്ടറിന് 35 രൂപയും കൂട്ടി. എണ്ണവില വര്‍ധന പൊതുവിലക്കയറ്റം രൂക്ഷമാക്കുമെന്ന വസ്തുത സര്‍ക്കാരിന് അറിയാത്തതല്ല. വിലകള്‍ ഉയരട്ടെ എന്നുതന്നെയാണ് ലക്ഷ്യം. അധികവില കുത്തക ഉല്‍പ്പാദകരുടെയും കുത്തക വ്യാപാരികളുടെയും പോക്കറ്റുകളില്‍ കൂടുതല്‍ പണമെത്തിക്കും. അവരുടെ ലാഭം പെരുകും. സാധാരണക്കാരുടെ ശുഷ്കമായ പോക്കറ്റുകള്‍ കൂടുതല്‍ ശോഷിക്കും. എങ്കിലും സാരമില്ല. എതിര്‍പ്പുകളെയെല്ലാം കുത്തക മാധ്യമങ്ങളെയും സര്‍ക്കാര്‍ സംവിധാനത്തെയും ഉപയോഗിച്ച് നേരിടാമെന്ന ഹുങ്കാണ് സര്‍ക്കാരിന്.

വിലനിയന്ത്രണം നീക്കുന്നതിന് അടിസ്ഥാനമായി ഉന്നയിക്കുന്ന മുഖ്യവാദം എണ്ണക്കമ്പനികള്‍ വന്‍നഷ്ടത്തിലാണെന്നുള്ളതാണ്. ഈ വാദം തികച്ചും അടിസ്ഥാനരഹിതമാണ്. മാത്രമല്ല വഞ്ചനാപരംകൂടിയാണ്. എണ്ണവിപണന കമ്പനികളൊന്നും നഷ്ടത്തിലല്ല. ലാഭത്തിലാണ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) എന്നിവയുടെ 2009-10ലെ വാര്‍ഷിക ബാലന്‍സ്ഷീറ്റ് തന്നെ തെളിവ്. അവ ലാഭമുണ്ടാക്കുന്നുണ്ട്. ലാഭത്തിന്മേലുള്ള നികുതിയും സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഐഒസി അടച്ചത് 4049.92 കോടി രൂപയുടെ നികുതിയാണ്. നികുതി കഴിച്ചുള്ള ലാഭം 10998.68 കോടി രൂപയും. എച്ച്പിസിഎല്ലിന്റെ നികുതി കഴിച്ചുള്ള ലാഭം 1301.37 കോടി രൂപയും ബിപിസിഎല്ലിന്റേത് 1475.15 കോടി രൂപയുമാണ്.

എണ്ണയുടെ അന്താരാഷ്ട്ര കമ്പോളവില ഉയരുന്ന അതേ അനുപാതത്തില്‍ ചില്ലറ വില്‍പ്പനവില ഉയര്‍ത്താത്തതുമൂലം കിട്ടേണ്ടിയിരുന്ന വരുമാനം ലഭിക്കാത്തതിനെയാണ് നഷ്ടമെന്ന് വ്യാഖ്യാനിക്കുന്നത്. 'അണ്ടര്‍ റിക്കവറി' എന്ന ഇനത്തില്‍പ്പെടുന്ന ഈ സാങ്കല്‍പ്പികനഷ്ടം രണ്ടുവിധത്തില്‍ സര്‍ക്കാര്‍ നികത്തുന്നുണ്ട്. ബോണ്ടുകള്‍ കൈമാറിയും എണ്ണ ശുദ്ധീകരണശാലകളുടെ (ഒഎന്‍ജിസി, ഒഐഎല്‍, ജിഎഐഎല്‍ തുടങ്ങിയവ) ലാഭം പങ്കിട്ടും. പൊതുമേഖലാ എണ്ണ വിപണനക്കമ്പനികള്‍ നഷ്ടത്തിലാണെന്ന വാദത്തിന് അടിസ്ഥാനമില്ല. മത്സരശേഷി ഉയര്‍ത്താനാണ് വിലനിര്‍ണയാവകാശം നല്‍കുന്നതെന്ന വാദത്തിലും കഴമ്പില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍ നയം. വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ എണ്ണക്കമ്പനികളും പെടും. മഹാരത്ന കമ്പനിയായി ഐഒസി പ്രഥമസ്ഥാനത്തുണ്ട്. പൊതുമേഖലാ സ്നേഹം തികഞ്ഞ കാപട്യമാണ്.

പിന്നെ എന്താണ് ഇപ്പോഴത്തെ നടപടിക്കുപിന്നിലെ പ്രചോദനം? കിരിത് പരീഖ് കമ്മിറ്റിയെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതിവാങ്ങിച്ചത് എന്ത് ലക്ഷ്യംവച്ചായിരുന്നു? കമ്മിറ്റി റിപ്പോര്‍ട്ടുതന്നെ അത് വ്യക്തമാക്കുന്നുണ്ട്. ശുപാര്‍ശകളുടെ രത്നച്ചുരുക്കം എന്ന ഭാഗത്ത് (ഖണ്ഡിക 5.2) ഇങ്ങനെ പറയുന്നു:

"പെട്രോള്‍, ഡീസല്‍ എന്നിവയുടെമേലുള്ള വിലനിയന്ത്രണം പൊതുമേഖലാ എണ്ണക്കമ്പനികളെയും സര്‍ക്കാരിനെയും ഒരുപോലെ സമ്മര്‍ദത്തിലാക്കുന്നു. വിലനിയന്ത്രണം എണ്ണവിപണനരംഗത്തെ സ്വകാര്യ കമ്പനികളെ പിന്‍വലിയാന്‍ നിര്‍ബന്ധിക്കുന്നു. ഇത് ആഭ്യന്തര എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു.''

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍ എന്നീ സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് വെളിപ്പെടുത്താതിരിക്കാനുള്ള ഔചിത്യം പരീഖ് കമ്മിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്! എങ്കിലും ലക്ഷ്യം വ്യക്തം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആരംഭിച്ച 1400 പെട്രോള്‍-ഡീസല്‍ പമ്പുകളില്‍ 600 എണ്ണം മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചുപോരുന്നത്. എസ്സാര്‍ ഓയിലിന്റെ 1342 പമ്പുകളില്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയാണ്. വിലനിയന്ത്രണം നീക്കിയ പ്രഖ്യാപനം വന്നയുടന്‍ എസ്സാര്‍ ഓയില്‍ പ്രഖ്യാപിച്ചത് ഇക്കൊല്ലംതന്നെ 400 പുതിയ പമ്പ് തുറക്കുമെന്നും വില്‍പ്പന ഓരോ മാസവും ഇരട്ടിയാക്കുമെന്നുമാണ്.

സ്വകാര്യ എണ്ണക്കമ്പനികളെ വളര്‍ത്തി വലുതാക്കുകയും പൊതുമേഖലാ എണ്ണക്കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുകയുമാണ് സര്‍ക്കാരിന്റെ എണ്ണനയത്തിന്റെ പൊരുള്‍. വിലനിയന്ത്രണം നീക്കിയാലുള്ള സ്ഥിതി എന്താകുമെന്ന് അനുഭവംതന്നെ തെളിവ്. 2008 ജൂലൈയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില 144 ഡോളറായിരുന്നു. ഡല്‍ഹിയില്‍ അന്ന് 44.53 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോളും 37.87 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസലും ലഭിച്ചിരുന്നു. സര്‍ക്കാരാണ് എണ്ണയുടെ ചില്ലറ വില്‍പ്പനവില നിശ്ചയിച്ചിരുന്നത്. വിലനിയന്ത്രണം ഉപേക്ഷിച്ച 2010 ജൂണ്‍ 26ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില 77 ഡോളറായിരുന്നു. അതായത് രണ്ടുവര്‍ഷംമുമ്പുണ്ടായിരുന്ന വിലയുടെ പകുതിയിലും താഴെ. പക്ഷേ, പെട്രോള്‍ വില 51.43 രൂപയായും ഡീസല്‍വില 40.10 രൂപയായും വര്‍ധിച്ചു. 2010 ജൂലൈ അഞ്ചിന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 71.81 ഡോളര്‍മാത്രമാണ്. ക്രൂഡ് ഓയില്‍ വില 150 ഡോളറായി വര്‍ധിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് കിരിത് പരീഖ് കമ്മിറ്റിതന്നെ കണക്കാക്കിയിട്ടുണ്ട്. പെട്രോള്‍ വില 79.32 രൂപയായും ഡീസല്‍വില 66.82 രൂപയായും ഉയരുമെന്നും ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 55.06 രൂപയും പാചകവാതക സിലിണ്ടര്‍ ഒന്നിന് 815.42 രൂപയും ആകുമെന്നും കണക്കാക്കുന്നു. ഇതൊരു ഊഹക്കണക്കാണ്. യഥാര്‍ഥസ്ഥിതി ഇതിനേക്കാള്‍ വഷളായിരിക്കും.

വില നിശ്ചയിക്കാന്‍ സ്വതന്ത്രാവകാശം കൈവന്ന എണ്ണക്കമ്പനികള്‍ ദയാപൂര്‍ണമായി പെരുമാറുമെന്ന് കരുതരുത്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില ഭീമമായ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. ചിലപ്പോള്‍ വില ഉയരും. ചിലപ്പോള്‍ താഴും. താഴുന്നതനുസരിച്ച് ആഭ്യന്തര എണ്ണവില താഴുകയില്ല. മാത്രവുമല്ല വര്‍ധിച്ച ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട ചരക്ക് കടത്തുകൂലിയും ബസ് ചാര്‍ജും ഓട്ടോറിക്ഷാ ചാര്‍ജും സാധനവിലകളും എണ്ണവില കുറയുന്നതനുസരിച്ച് താഴുമെന്ന് പ്രതീക്ഷിക്കരുത്. ഒരിക്കല്‍ വര്‍ധിച്ച വിലകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാനും കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്കും മേഖലകളിലേക്കും വ്യാപിക്കാനുമാണ് സാധ്യത.

2008 ഡിസംബറില്‍ ബാരലിന് 35.83 ഡോളറായിരുന്നു അന്താരാഷ്ട്ര വില. അതാണ് ഇപ്പോള്‍ 77 ഡോളറായി വര്‍ധിച്ചത്. ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിക്കും. ആഗോളസാമ്പത്തിക വളര്‍ച്ചയ്ക്കനുസരിച്ചാണ് ക്രൂഡ് ഓയിലിനുള്ള ആവശ്യം. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് അന്താരാഷ്ട്ര വിലയും ഉയരും. 2008-09ല്‍ ആഗോളമുതലാളിത്തം കടുത്ത പ്രതിസന്ധിയിലായിരുന്നു. എണ്ണവില കുറയാന്‍ അതാണ് കാരണം. ആഗോളമുതലാളിത്തം മെല്ലെയെങ്കിലും വളര്‍ച്ചയുടെ പാതയില്‍ പ്രവേശിക്കുകയാണ്. അടുത്ത പ്രതിസന്ധിയിലേക്ക് മുതലക്കൂപ്പുകുത്തുന്നതുവരെ എണ്ണവില വര്‍ധിച്ചുകൊണ്ടിരിക്കും. അടുത്ത ഏതാനും വര്‍ഷം എണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കും എന്നര്‍ഥം.

സമ്പദ് വ്യവസ്ഥയുടെ സകല മേഖലകളെയും ഗുരുതരമായി ബാധിക്കുന്ന അത്യധികം ജനവിരുദ്ധമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. എണ്ണവില വര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. ചരക്ക് കടത്തുകൂലിയിലുണ്ടാകുന്ന വന്‍വര്‍ധന കേരളത്തിലെത്തുന്ന സകല സാധനങ്ങളുടെയും വില ഉയര്‍ത്തും. ഉല്‍പ്പാദന-വിതരണ ചെലവ് കുത്തനെ വര്‍ധിക്കും. ബസ്, ടാക്സി, ഓട്ടോ ചാര്‍ജുകള്‍ ഉയരും. ജീവിതച്ചെലവിലെ വര്‍ധന തൊഴിലെടുക്കുന്നവരുടെ കൂലി ഉയര്‍ത്തും. സര്‍ക്കാര്‍ ചെലവുകള്‍ ഭീമമായി വര്‍ധിക്കും. ജനജീവിതത്തെ പാടെ തകര്‍ക്കാന്‍ പോന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. യോജിച്ച പ്രതിഷേധം ഉയരേണ്ട സന്ദര്‍ഭമാണിത്. ദൌര്‍ഭാഗ്യവശാല്‍ ജനപക്ഷനിലപാടല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റേത്. "ഒഴിവാക്കാന്‍ കഴിയാത്തതാണ് കേന്ദ്രത്തിന്റെ നടപടി; എന്നാല്‍ ഒഴിവാക്കേണ്ടതായിരുന്നു'' എന്നുള്ള പ്രതിപക്ഷനേതാവിന്റെ പ്രസ്താവന തന്നെ തെളിവ്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മികച്ച ഭാഷാവിദഗ്ധനുപോലും വിശദീകരിക്കാന്‍ പ്രയാസമാകും. ജി-20 ഉച്ചകോടിയിലേക്കുള്ള യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിച്ച ഒരു മലയാളം ചാനലിന്റെ മുഖ്യലേഖകന് പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ ജനങ്ങള്‍ നടത്തിയ ഹര്‍ത്താല്‍ 'കേരളത്തിലെ കോലാഹല'മായിരുന്നുവല്ലോ.

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 07072010

2 comments:

  1. എണ്ണവില സര്‍ക്കാര്‍ അടിക്കടി കൂട്ടിക്കൊണ്ടിരുന്നു. കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സര്‍ക്കാരിനായിരുന്നു. ആ അവകാശം ഉപേക്ഷിച്ചിരിക്കുന്നു. മേലില്‍ എണ്ണവില യഥേഷ്ടം ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് കൈമാറി സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. വില സര്‍ക്കാര്‍ നിര്‍ണയിച്ചിരുന്നപ്പോള്‍ പെട്രോളും ഡീസലും മണ്ണെണ്ണയും പാചകവാതകവും താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്നു. ഇനി കൊള്ളവില കൊടുക്കണം.

    ReplyDelete
  2. എല്ലാ നിയന്ത്രണങ്ങളും ഇനി കൊടീശ്വരന്മാര്‍ക്ക് . പാവങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍.ജയ് ഹിന്ദ്‌.

    ReplyDelete