Tuesday, July 6, 2010

അള്‍ത്താര രാഷ്ട്രീയവേദിയാക്കരുത്

പുരോഹിതരുടെ കടമ ഇതല്ല: പുലിക്കുന്നേല്‍

ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയെയോ സ്വതന്ത്രനെയോ പിന്തുണയ്ക്കണമെന്നോ വേണ്ടെന്നോ പറയാന്‍ പുരോഹിതന്മാര്‍ക്ക് കടമയില്ലെന്ന് ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. തീരുമാനമെടുക്കാനുള്ള അവകാശം ജനത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. രാഷ്ട്രീയം വ്യത്യസ്തമായ സാമൂഹ്യഘടനയാണെന്ന് ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ മനസ്സിലാക്കണം. ഈ ഘടന ഭരണഘടന സൃഷ്ടിച്ചതുമാണ്. ഇതിന്റെ വിജയത്തിന് പൌരബോധമുള്ള ജനങ്ങള്‍ അവരവരുടേതായ തീരുമാനങ്ങള്‍ എടുക്കും. സ്വതന്ത്രമായി ഒരാളെ തെരഞ്ഞെടുക്കാന്‍ വിട്ടുകൊടുക്കുന്ന അഭിപ്രായത്തിലാണ് ജനാധിപത്യസൌധം നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ മുല്ലയ്ക്കോ മെത്രാനോ സമൂഹത്തെ പൊതുവായി ആഹ്വാനംചെയ്യാന്‍ അവകാശമില്ല. ഇവിടത്തെ ക്രൈസ്തവര്‍ക്ക് പ്രത്യേകമായ ഉപദേശം രാഷ്ട്രീയത്തില്‍ ആവശ്യവുമില്ല- പുലിക്കുന്നേല്‍ പറഞ്ഞു.

മതത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ ആപത്ത്: യാക്കോബായ സഭ

മതം രാഷ്ട്രീയത്തിലിടപെടുന്നത് ആപത്താണെന്ന നിലപാടാണ് എന്നും യാക്കോബായ സുറിയാനി സഭയ്ക്കുള്ളതെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. മതവും രാഷ്ട്രീയവും രണ്ടാണ്. ഇവ വ്യത്യസ്ത മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിനും അതിന്റേതായ ദൌത്യമുണ്ട്. മതം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അത് രാഷ്ട്രീയത്തിലിടപെടുമ്പോള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കും. വിശ്വാസികളില്‍ പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടാകും. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മതം സ്വാധീനം ചെലുത്തുന്നത് ജനാധിപത്യ മതേതരസംവിധാനത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

അള്‍ത്താര രാഷ്ട്രീയവേദിയാക്കരുത്: ഡോ. സെബാസ്റ്യന്‍ പോള്‍

അള്‍ത്താരകള്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാകുന്നതും ബലിമധ്യേ കാര്‍മികന്‍ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതും ശരിയല്ലെന്ന് ഡോ. സെബാസ്റ്യന്‍ പോള്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കെതിരായാണ്, ഇടയലേഖനത്തിലൂടെ കത്തോലിക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെയല്ല ഇടതുപക്ഷ സ്വതന്ത്രര്‍. ജനസമ്മതിയുള്ള പൊതുപ്രവര്‍ത്തകരാണ് സ്വതന്ത്രരായി ചില ഘട്ടങ്ങളില്‍ മത്സരരംഗത്ത് വരുന്നത്. അങ്ങനെയുള്ളവര്‍ ഇടതുപക്ഷത്ത് ധാരാളമുണ്ടെന്ന തിരിച്ചറിവാണ് മെത്രാന്മാരെ ഈ ആഹ്വാനം നല്‍കാന്‍ പ്രേരിപ്പിച്ചത്. ലോക്സഭയില്‍ ഇതുവരെ നൂറ്റമ്പതിലധികം സ്വതന്ത്രര്‍ ജയിച്ചെത്തിയെന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വതന്ത്രര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിന് തെളിവാണ്. ഈ യാഥാര്‍ഥ്യം വിസ്മരിച്ചാണ് വിശ്വാസത്തെ മുന്‍നിര്‍ത്തി വിലകുറഞ്ഞ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സഭ മുതിരുന്നത്.

deshabhimani 07072010

3 comments:

  1. കമ്യൂണിസവും ക്രൈസ്തവ മാനവികതയും
    സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

    ReplyDelete
  2. http://jagrathablog.blogspot.com/2010/01/blog-post_19.html

    ReplyDelete
  3. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതി തയ്യാറാക്കി പള്ളികളില്‍ വായിക്കുന്ന ഇടയലേഖനം ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്നതും ഭരണഘടനയുടെ നഗ്നമായ അവഹേളനവുമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ അവിശ്വാസികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പള്ളികളില്‍ വായിക്കുന്ന ഇടയ ലേഖനം രാഷ്ട്രീയത്തില്‍ മതപൌരോഹിത്യം നടത്തുന്ന നഗ്നമായ ഇടപെടലാണ്. ഭരണഘടനയുടെ ആമുഖത്തില്‍തന്നെ മതേതര റിപ്പബ്ളിക് എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയില്‍ പൌരോഹിത്യം നടത്തുന്ന ഇത്തരം ഇടപെടലുകള്‍ ഒരിക്കലും അനുവദിച്ചുകൂടാത്തതാണ്. ഇന്ത്യന്‍ ജനത ഏറെ ബഹുമാനിക്കുന്ന മതമാണ് ക്രിസ്തുമതം. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ക്രിസ്ത്യന്‍ മിഷനറിമാര്‍ നല്‍കിയ സേവനത്തിന് നാം കടപ്പെട്ടവരുമാണ്. എന്നാല്‍ ഇത്തരം അപകടകരമായ വര്‍ഗീയവല്‍ക്കരണത്തിന് മുന്‍കാല സേവനം ന്യായീകരണമാവില്ല. മുഴുവന്‍ അഭിഭാഷകരും ജനാധിപത്യ വിശ്വസികളും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ പറഞ്ഞു.

    ReplyDelete