Tuesday, March 6, 2012

ഒഎന്‍ജിസിയില്‍ എല്‍ഐസിക്ക് 9.47ശതമാനം ഓഹരി

പൊതുമേഖലാ എണ്ണപര്യവേക്ഷണ കമ്പനിയായ ഒഎന്‍ജിസിയില്‍ എല്‍ഐസിക്ക് 9.47 ശതമാനം ഓഹരി. കഴിഞ്ഞദിവസം വില്‍പ്പനയ്ക്ക് വച്ച ഒഎന്‍ജിസി ഓഹരികളില്‍ 37.71 കോടി ഓഹരി കൂടി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വാങ്ങേണ്ടി വന്നതോടെയാണ് പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 9.47 ശതമാനമായി ഉയര്‍ന്നത്. ഒഎന്‍ജിസിയുടെ അഞ്ചുശതമാനം ഓഹരികള്‍ നേരത്തെ എല്‍ഐസി വാങ്ങിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒഎന്‍ജിസിയുടെ 42.77 കോടി ഓഹരികള്‍ സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചത്. ഒരോഹരിക്ക് കുറഞ്ഞവിലയായി 290 രൂപ നിശ്ചയിച്ചായിരുന്നു വില്‍പ്പനനീക്കം. വില്‍പ്പനയോട് പ്രതികരണം തണുപ്പനായതിനാല്‍ അവസാന നിമിഷം സര്‍ക്കാര്‍ എല്‍ഐസിയെ രംഗത്തിറക്കുകയായിരുന്നു. ഓഹരിയൊന്നിന് 303.67 രൂപയെന്ന ശരാശരി വിലയില്‍ എല്‍ഐസി 37.71 കോടി ഓഹരിയാണ് വാങ്ങിയത്. ഇതോടെ 12.766.75 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. ഇതില്‍ 88 ശതമാനവും എല്‍ഐസിയുടെ സംഭാവനയാണ്. പരമാവധി പത്ത് ശതമാനം ഓഹരി മാത്രമേ വില്‍ക്കാവൂ എന്ന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഒഎന്‍ജിസി ഓഹരികള്‍ വീണ്ടും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായാല്‍ മറ്റേതെങ്കിലും പൊതുമേഖലാസ്ഥാപനത്തിന്റെ സഹായം തേടേണ്ടിവരും.

പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുകയെന്ന നയം സ്വീകരിക്കുമ്പോഴും നിര്‍ണായകഘട്ടത്തില്‍ പൊതുമേഖലാസ്ഥാപനത്തിന്റെ സഹായം തേടേണ്ടിവന്നത് യുപിഎ സര്‍ക്കാരിന് ക്ഷീണമായി. ഒഎന്‍ജിസിക്ക് പിന്നാലെ ഓയില്‍ ഇന്ത്യ, ഭെല്‍ എന്നീ വമ്പന്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ വില്‍പ്പന കൂടി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴുണ്ടായ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പിന്മാറിയേക്കും. പൊതുബജറ്റിന് മുമ്പായി ഏതുവിധേനയും ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട ഓഹരിവില്‍പ്പന. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് നടപ്പുവര്‍ഷം നാല്‍പ്പതിനായിരം കോടി സമാഹരിക്കലായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ , ഇതുവരെ 14,000 കോടി മാത്രമാണ് സമാഹരിച്ചത്. അതേസമയം, എണ്ണകമ്പനികള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന സബ്സിഡി അനുവദിക്കുന്ന സര്‍ക്കാര്‍ നയമാണ് ഒഎന്‍ജിസി ഓഹരിവില്‍പ്പന പരാജയമാകാന്‍ കാരണമെന്ന വാദം കോര്‍പറേറ്റുകള്‍ ഉയര്‍ത്തിത്തുടങ്ങി. പെട്രോളിന് സമാനമായി ഡീസല്‍ - പാചകവാതക സബ്സിഡി കൂടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ വിപണിയില്‍ മെച്ചപ്പെട്ട ഫലമുണ്ടാകുമെന്നാണ് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വാദം.

deshabhimani 060312

1 comment:

  1. പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുകയെന്ന നയം സ്വീകരിക്കുമ്പോഴും നിര്‍ണായകഘട്ടത്തില്‍ പൊതുമേഖലാസ്ഥാപനത്തിന്റെ സഹായം തേടേണ്ടിവന്നത് യുപിഎ സര്‍ക്കാരിന് ക്ഷീണമായി.

    ReplyDelete