Tuesday, March 6, 2012

വ്യാപക ചൂഷണം നേഴ്സിങ് മേഖലയില്‍ അമിതജോലിയും ആനുകൂല്യനിഷേധവും

ഡോ. ബലരാമന്‍ കമ്മിറ്റി മെയ് ഒന്നിന് റിപ്പോര്‍ട്ട് നല്‍കും

സ്വകാര്യമേഖലയിലെ  നഴ്‌സ്മാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോ ഗിച്ച  ഡോ. ബലരാമന്‍ കമ്മിറ്റി തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തി.  മെയ് ഒന്നിന്  ഗവണ്‍മെന്റിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന്  സമിതി ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ തൊഴില്‍ മേഖല തങ്ങളുടെ ജോലിക്ക്  അര്‍ഹമായ വേതനം ആവശ്യപ്പെടാന്‍പോലും  ഭയപ്പെടുകയാണെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

നഴ്‌സുമാരുടെ മിനിമം വേതനം  വീണ്ടും പുതുക്കുകയും  അവ എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാക്കുകയും വേണമെന്ന്  വിവിധ സംഘടനകളും വ്യക്തികളും  സമിതി മുമ്പാകെ ആവശ്യപ്പെട്ടു.  2009 ലെ മിനിമം വേതനം പോലും  പല സ്ഥാപനങ്ങളും നല്‍കുന്നില്ലെന്ന് പരാതിയുണ്ടായി. ജോലി 3 ഷിഫ്റ്റുകളിലായി പുനഃക്രമീകരിക്കുക, നഴ്‌സുമാരെ ട്രെയ്‌നികളായി നിലനിര്‍ത്തി  അര്‍ഹമായ വേതനം നിഷേധിക്കാതിരിക്കുക,  സ്ഥിര നിയമനം ഉറപ്പാക്കുക,  ഓവര്‍ടൈം ശമ്പളവും പ്രത്യേക അലവന്‍സുകളും  ലഭ്യമാക്കുക  തുടങ്ങിയ ആവശ്യങ്ങളും സമിതി മുമ്പാകെ ഉന്നയിക്കപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ  മുഴുവന്‍ ജീവനക്കാര്‍ക്കും  ഫെയര്‍വേജസ് ഏര്‍പ്പെടുത്തുക, ചുരുങ്ങിയ  വേതനം 15,000 രൂപ ആക്കുക, വാര്‍ഷിക ഇന്‍ക്രിമെന്റ് തുക വര്‍ധിപ്പിക്കുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ആയുര്‍വ്വേദം, ഹോമിയോപ്പതിക് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി മുമ്പാകെ ഉന്നയിക്കപ്പെട്ടു.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് സമിതി തൃശൂരിലെത്തിയത്. മാര്‍ച്ച് 12 ന് കോഴിക്കോട്ട് സിറ്റിംഗ് നടത്തും.

തെളിവെടുപ്പില്‍ മറ്റുകമ്മിഷന്‍ അംഗങ്ങളായ ഡെപ്യൂട്ടി ഡയറക്ടര്‍  - നഴ്‌സിംഗ്  എഡ്യൂക്കേ ഷന്‍ കേരള കണ്‍വീനര്‍ പ്രഫ. പ്രസന്നകുമാരി , രജിസ്ട്രാര്‍ - കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ് ജനറല്‍ പ്രൊഫ. ലത ആര്‍., ഡയറക്ടര്‍ എസ് ഐ എം ഇ ടി പ്രൊഫ. സലോമി ജോര്‍ജ്ജ്, കേരള നഴ്‌സിംഗ് സര്‍വ്വീസസ്  അഡീ ഷണല്‍ ഡയറക്ടര്‍  ദേവകി പി,  തൃശൂര്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ വത്സമ്മ ജോസഫ്  എന്നിവര്‍ പങ്കെടുത്തു.
(janayugom 060312)

വ്യാപക ചൂഷണം നേഴ്സിങ് മേഖലയില്‍ അമിതജോലിയും ആനുകൂല്യനിഷേധവും

തൃശൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നേഴ്സുമാരില്‍ അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതായും മെച്ചപ്പെട്ട വേതനവും ആനുകൂല്യവും നിഷേധിക്കുന്നതായും വെളിപ്പെടുത്തല്‍ . നേഴ്സിങ് മേഖലയിലെ പ്രശ്നം പഠിക്കുന്ന ഡോ. എസ് ബലരാമന്‍ കമ്മിറ്റി നടത്തിയ തെളിവെടുപ്പിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. അറ്റന്‍ഡര്‍മാരെ വ്യാജനേഴ്സുമാരായി വച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുന്ന വിവരവും സമിതിക്ക് ലഭിച്ചു. കുത്തിവയ്പും മരുന്നും നല്‍കുന്നതടക്കം ചികിത്സയില്‍ നേരിട്ട് ഇടപെടാന്‍ ഇക്കൂട്ടരെ അനുവദിക്കുന്നതിനാല്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യവും നിലവിലുണ്ട്.

തെളിവെടുപ്പിനെത്തിയ മുപ്പതോളം പേര്‍ നല്‍കിയ പരാതിയും തെളിവും ഞെട്ടിപ്പിക്കുന്നതാണെന്ന് അംഗങ്ങള്‍ സൂചിപ്പിച്ചു. നേഴസിങ് കൗണ്‍സിലിന്റെ രജിസ്ട്രേഡ് നേഴ്സുമാരില്‍ ചിലര്‍ക്കുമാത്രമാണ് മിനിമം വേതനം കിട്ടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ അപേക്ഷിച്ച് തൃശൂരിലെ ആശുപത്രികള്‍ മിനിമം വേതനം കൂടുതലായി നല്‍കുന്നുണ്ട്. എന്നാല്‍ , അമിതജോലിഭാരം ജില്ലയില്‍ വ്യാപകമാണ്. ആഴ്ചയില്‍ 48 മണിക്കൂറാണ് നിശ്ചിത ജോലിസമയം എന്നിരിക്കേ ഇതിന്റെ ഇരട്ടിയിലേറെ മണിക്കൂര്‍ ജോലിചെയ്യേണ്ട ഗതികേടിലാണ്. അതനുസരിച്ചുള്ള വേതനവും ഒരിടത്തും ഇല്ല. കേരളത്തിനു പുറത്തു പഠിച്ചവര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നേടാന്‍ രജിസ്ട്രേഷന്‍ വേണം. ഇത് കൃത്യമായി ചെയ്യാറില്ല. ഇവര്‍ക്ക് 500 മുതല്‍ 1500 രൂപവരെ മാത്രമാണ് കിട്ടുന്നത്.

നേഴ്സുമാരുടെയും ജീവനക്കാരുടെയും രേഖകള്‍ പല സ്ഥാപനങ്ങളും കൃത്യമായി സൂക്ഷിക്കുന്നില്ല. നിയമന ഉത്തരവ് പലയിടത്തും കാണാനില്ല. ഇന്‍ക്രിമെന്റ് ചോദിച്ചാല്‍ പിരിച്ചുവിടും. അതിനുശേഷം വീണ്ടും ജോലിക്കെടുക്കും. നേഴ്സിങ് വിദ്യാഭ്യാസ മേഖലയില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടി ഏറെയാണ്. പകുതിയിലധികം നേഴ്സിങ് സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകരില്ല. ആശുപത്രി വാര്‍ഡുകളിലും പ്രാക്ടിക്കല്‍വേളകളിലും അധ്യാപകരുടെ സൂപ്പര്‍വിഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ , ഈ ചട്ടം പാലിക്കപ്പെടുന്നില്ല. അക്കാദമിക, പശ്ചാത്തലസൗകര്യങ്ങളും കുറവ്. ഫീസ് വന്‍ തോതില്‍ വാങ്ങുന്നുണ്ട്.

തൃശൂര്‍ രാമനിലയത്തില്‍ നടന്ന സിറ്റിങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തെളിവുകളും പരാതികളും നല്‍കി. കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ടി പ്രസന്നകുമാരി, പ്രൊഫ. സലോമി ജോര്‍ജ്, ഡോ. വത്സമ്മ ജോസഫ്, ആര്‍ ലത, ബി ദേവകി എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ കമ്മിറ്റി അംഗങ്ങള്‍ പരിശോധന നടത്തി.

നേഴ്സുമാരുടെ സമരം ശക്തമാക്കുന്നു

കണ്ണൂര്‍ : സ്പെഷ്യാലിറ്റി ആശുപത്രിയിലെ നേഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗം പരാജയപ്പെട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നും സമരം ശക്തമാക്കുമെന്നും സ്റ്റാഫ് നേഴ്സസ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. തിങ്കളാഴ്ച സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥി, യുവജന, മഹിളാ, നേഴ്സിങ് സംഘടനകള്‍ രംഗത്തെത്തി. ചൊവ്വാഴ്ച ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.

നിശ്ചിത സമയത്തിനകം പരീക്ഷയെഴുതി വിജയിച്ചാലേ പിരച്ചുവിട്ടവരെ തിരിച്ചെടുക്കൂവെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ആവശ്യമായ യോഗ്യതയുള്ളവരില്‍നിന്ന് അഭിമുഖം നടത്തി ജോലിക്കെടുത്ത നേഴ്സുമാര്‍ക്ക് പരീക്ഷ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നതാണ് അസോസിയേഷന്‍ നിലപാട്. ആശുപത്രിയില്‍ യോഗ്യതയില്ലാത്തവരെ നേഴ്സിങ് ജോലികള്‍ക്ക് നിയോഗിച്ചതിനെതിരെ അസോസിയേഷന്‍ ഭാരവാഹികള്‍ ഡിഎംഒ, എസ്പി, നേഴ്സിങ് കൗണ്‍സില്‍ എന്നിവര്‍ക്ക് പരാതി നല്‍കി. തിങ്കളാഴ്ച കാഷ്വാലിറ്റി, ഐസിയു വിഭാഗങ്ങളിലൊഴിച്ചുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.

സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി സന്തോഷ്, ഒ കെ വിനീഷ് എന്നിവര്‍ സംസാരിച്ചു. കേരള ഗവ. സ്റ്റുഡന്റ്സ് നേഴ്സസ് അസോസിയേഷന്‍ , കേരള ഗവ. നേഴ്സസ് അസോസിയേഷനുകളും പകടനം നടത്തി. ഒ എസ് മോളി, ഹേമന്ത്രാജ്, സ്റ്റീഫിന്‍ , ജിതിന്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ , മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എന്നിവര്‍ സമരത്തെ അഭിവാദ്യംചെയ്ത് സംസാരിച്ചു. പ്രതികാര നടപടിയുടെ ഭാഗമായി മാനേജ്മെന്റ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും മിനിമം വേതനമുള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കണമെന്നുമാവശ്യപ്പെട്ട് ഞായറാഴ്ചയാണ് നേഴ്സുമാര്‍ സമരം ആരംഭിച്ചത്.

ഗോകുലം മെഡിക്കല്‍ കോളേജ്: മാനേജ്മെന്റ് കുപ്രചാരണം നടത്തുന്നുവെന്ന് സമരക്കാര്‍

വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരേക്കാള്‍ കൂടുതല്‍ ശമ്പളമാണ് മാനേജ്മെന്റ് നേഴ്സസ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കുന്നതെന്ന് ഓള്‍ ഇന്ത്യാ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേഴ്സുമാര്‍ക്ക് ലഭിക്കേണ്ട ഒരു ആനുകൂല്യവും നല്‍കുന്നില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാനേജ്മെന്റ് കുപ്രചാരണം നടത്തുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

നിലവില്‍ മാനേജ്മെന്റ് നല്‍കിയ ശമ്പളത്തില്‍ 10 നേഴ്സുമാര്‍ക്കുമാത്രമാണ് നേരിയ വര്‍ധനയുണ്ടായത്. അതേസമയം, മറ്റ് നേഴ്സുമാരുടെ നിലവിലുണ്ടായിരുന്ന ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സമരംചെയ്യുന്ന നേഴ്സുമാരെ കള്ളക്കേസില്‍ കുടുക്കുന്ന മാനേജ്മെന്റ് നടപടിയില്‍നിന്ന് പിന്മാറണമെന്നും ഗുണ്ടകളെ ഉപയോഗിച്ച് വനിതാ നേഴ്സുമാരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും സമരസമിതി സെക്രട്ടറി ശോഭ പറഞ്ഞു.

എന്നാല്‍ , സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടും നേഴ്സുമാര്‍ സമരം നടത്തുന്നത് ശരിയല്ലെന്ന് ഗോകുലം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പറഞ്ഞു. ശമ്പളവര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പാക്കി. വര്‍ധിപ്പിച്ച ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുകയുംചെയ്തു. എട്ടുമണിക്കൂര്‍ ജോലി ഉള്‍പ്പെടെയുള്ള പ്രധാന ആവശ്യങ്ങളെല്ലാം നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള ആവശ്യങ്ങള്‍ ഒമ്പതിന് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എത്തി ചര്‍ച്ചചെയ്യുമെന്ന് പറഞ്ഞിട്ടുള്ളതാണെന്നും പിന്നെയും സമരം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മാനേജ്മെന്റ് ചോദിക്കുന്നു.

നേഴ്സിങ് മേഖലയില്‍ നിയമനിര്‍മാണം ഉടന്‍ : മന്ത്രി

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരടക്കമുള്ള ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ ഭാരവാഹികളും നേഴ്സുമാരുടെ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും മിനിമംവേതനം നല്‍കണം. മിനിമംവേതനം നല്‍കാത്ത ആശുപത്രി മാനേജ്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇന്റേണ്‍ഷിപ് ലഭിക്കാതെ പുതുതായി പുറത്തിറങ്ങുന്ന നേഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ പരിശീലനം നല്‍കാം. എന്നാല്‍ , ഈ കാലയളവില്‍ മതിയായ സ്റ്റൈപെന്‍ഡ് നല്‍കണം. ഇന്റേണ്‍ഷിപ് ലഭിച്ചവര്‍ക്ക് ഇത് ബാധകമല്ല. ട്രെയ്നിങ് കാലത്തെ ഇന്റേണ്‍ഷിപ് തുക മാനേജ്മെന്റുകളും തൊഴിലാളി യൂണിയന്‍ നേതാക്കളും ലേബര്‍ കമീഷണറുമായി ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ മന്ത്രി അടൂര്‍ പ്രകാശ്, ലേബര്‍ കമീഷണര്‍ ടി ടി ആന്റണി, ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ , വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികള്‍ , നേഴ്സുമാരുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡി. കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നേഴ്സുമാര്‍ക്ക് ശമ്പളം കുറവ്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജോലിക്കാരായ നഴ്സുമാര്‍ക്ക് ശമ്പളം കുറവെന്ന് പരാതി. നഴ്സുമാര്‍ക്ക് 250 രൂപയാണ് ദിവസക്കൂലി. നഴ്സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെങ്കില്‍ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ അധ്യക്ഷയായ കലക്ടര്‍ യോഗം വിളിച്ചിട്ട് ആറുമാസമായി.

കാത്ത്ലാബ്, ട്രോമോ കെയര്‍ വിഭാഗത്തിലെ ഉള്‍പ്പെടെ അറുപത്തിമൂന്നോളം നേഴ്സുമാരാണ് ദുരിതത്തിലായത്. പകല്‍ ആറ് മണിക്കൂറും രാത്രി 12 മണിക്കൂറുമാണിവര്‍ ജോലിചെയ്യുന്നത്. 13 വര്‍ഷം സീനിയറായ നഴ്സുമാര്‍ വരെ സ്ഥിരപ്പെടാത്തവരായുണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ സ്റ്റാഫ് നേഴ്സുമാരുടെ ഒപ്പം ജോലിചെയ്യുന്ന ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് കുടുംബം പുലര്‍ത്താനാവുന്നില്ല.

അപകടകരമായ റേഡിയേഷനുള്ള കാര്‍ഡിയോളജി, കാത്ത്ലാബ്, ട്രോമാകെയര്‍ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നും തന്നെയില്ല. കോട്ടയം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വികസനസമിതിയോഗം വിളിച്ചുചേര്‍ക്കാന്‍ പോലും തയാറല്ലെന്ന് ആക്ഷേപമുണ്ട്. അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും യോഗം ചേര്‍ന്നതല്ലാതെപിന്നീട് കാര്യമായി ഒന്നും നടന്നില്ല. ജില്ലയിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയമാണ് താല്‍ക്കാലിക നഴ്സുമാരെ ദുരിതത്തിലാക്കിയത്.

deshabhimani 060312

2 comments:

  1. സ്വകാര്യമേഖലയിലെ നഴ്‌സ്മാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോ ഗിച്ച ഡോ. ബലരാമന്‍ കമ്മിറ്റി തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മെയ് ഒന്നിന് ഗവണ്‍മെന്റിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ തൊഴില്‍ മേഖല തങ്ങളുടെ ജോലിക്ക് അര്‍ഹമായ വേതനം ആവശ്യപ്പെടാന്‍പോലും ഭയപ്പെടുകയാണെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

    ReplyDelete
  2. ജില്ലയിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയമാണ് താല്‍ക്കാലിക നഴ്സുമാരെ ദുരിതത്തിലാക്കിയത്.....


    dont write stupid lines like above! this problem is not started in a single day. every hospital does the same.

    Nurses compare the salary and duty with western world. will the patients pay the same amount of money (like in western world) for their visit? I doubt not! so we need to understand both sides of the issue. I am sure the nurses are paid less...

    so what are your suggestions? let everyone know your stand too.... yea.. hartal... hartal... thats not the solution...:)

    ReplyDelete