Wednesday, March 7, 2012

പട്ടിന്റെ ഇറക്കുമതിത്തീരുവ കൂട്ടണം: കണ്‍വന്‍ഷന്‍

ന്യൂഡല്‍ഹി: പട്ടുനൂല്‍ക്കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്ന നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് വിവിധ കര്‍ഷകസംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പട്ടിന്റെ വെട്ടിക്കുറച്ച ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കണം. മുപ്പത് ശതമാനമായിരുന്ന ഇറക്കുമതിത്തീരുവ അഞ്ച് ശതമാനമായാണ് കുറച്ചത്. ഇതോടെ ഇറക്കുമതി അനിയന്ത്രിതമായി വര്‍ധിച്ചു. ഇത് രാജ്യത്തെ 70 ലക്ഷത്തോളം കര്‍ഷകരുടെ ജീവിതം തകര്‍ത്തെന്ന് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയം പറഞ്ഞു.

2011 ഫെബ്രുവരിയില്‍ 312.53 രൂപയുണ്ടായിരുന്ന കൊക്കൂണിന്റെ വില ഇപ്പോള്‍ 194.48 ആയും പട്ടിന്റെ വില 2707 രൂപയില്‍നിന്ന്് 1859 ആയും കുറഞ്ഞു. പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. ചൈനയില്‍നിന്ന് തീരുവയില്ലാതെ 2500 ടണ്‍ പട്ട് ഇറക്കുമതി ചെയ്തത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണ്. ഒന്നേകാല്‍ലക്ഷം ടണ്ണിലേറെയാണ് ലോകത്താകെ പട്ടിന്റെ ഉല്‍പ്പാദനം. ഇതില്‍ 1,04,000 ടണ്ണും ചൈനയിലാണ്. ഇന്ത്യയിലെ ഉല്‍പ്പാദനം ഏകദേശം 20,000 ടണ്ണാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം പത്തുവര്‍ഷത്തിനിടയില്‍ പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍ 25 ശതമാനം കുറഞ്ഞു. ഈ രംഗത്ത് ഉറച്ചുനില്‍ക്കുന്ന കര്‍ഷകരെക്കൂടി ആട്ടിപ്പായിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പട്ടിന്റെ ഇറക്കുമതിത്തീരുവ 30 ശതമാനമായി പുനഃസ്ഥാപിക്കണം. കൃഷിച്ചെലവിലുണ്ടായ വര്‍ധന കണക്കിലെടുത്ത് കൊക്കൂണിന് മിനിമം താങ്ങുവില നിശ്ചയിക്കണം. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പട്ടുനൂല്‍ക്കൃഷിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണം. കസ്റ്റംസ് തീരുവ കുറച്ച ദിവസംമുതല്‍ മുന്‍കാലപ്രാബല്യത്തോടെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമീഷനെ നിയമിക്കണം. സെറികള്‍ച്ചര്‍ നയം പ്രഖ്യാപിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

പട്ടിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കലിനെതിരെയുള്ള അഖിലേന്ത്യാ സമരസമിതിയാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. അഖിലേന്ത്യാ കിസാന്‍സഭ ഉള്‍പ്പെടെയുള്ള സംഘടനകളിലെ കര്‍ഷകര്‍ പങ്കെടുത്തു. സിപിഐ എം ലോക്സഭാകക്ഷി നേതാവ് ബസുദേവ് ആചാര്യ ഉദ്ഘാടനംചെയ്തു. കര്‍ണാടക പ്രാന്ത റൈത സംഘം പ്രസിഡന്റ് മാരുതി മന്‍പഡെ അധ്യക്ഷനായി. കര്‍ണാടക സെറികള്‍ച്ചര്‍ മന്ത്രി ബി ആര്‍ ബച്ചെഗൗഡ, സി നാരായണസ്വാമി എംപി, മുന്‍ കര്‍ണാടക സ്പീക്കര്‍ രമേഷ്കുമാര്‍ , ജി സി ബയ്യറെഡ്ഡി എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ വിജു കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

deshabhimani 060312

1 comment:

  1. പട്ടുനൂല്‍ക്കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്ന നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് വിവിധ കര്‍ഷകസംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പട്ടിന്റെ വെട്ടിക്കുറച്ച ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കണം. മുപ്പത് ശതമാനമായിരുന്ന ഇറക്കുമതിത്തീരുവ അഞ്ച് ശതമാനമായാണ് കുറച്ചത്. ഇതോടെ ഇറക്കുമതി അനിയന്ത്രിതമായി വര്‍ധിച്ചു. ഇത് രാജ്യത്തെ 70 ലക്ഷത്തോളം കര്‍ഷകരുടെ ജീവിതം തകര്‍ത്തെന്ന് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയം പറഞ്ഞു.

    ReplyDelete