Wednesday, March 7, 2012

കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് ഇറ്റലി നികുതി ചുമത്തുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഇറ്റലി കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ക്കും നികുതി ചുമത്തുന്നു. സാമൂഹ്യസേവനമെന്ന പേരില്‍ നല്‍കിയിരുന്ന ഇളവ് ഒഴിവാക്കി സഭയുടെ ആസ്തികള്‍ക്ക് നികുതി ഈടാക്കാനാണ് മരിയോ മോണ്ടി സര്‍ക്കാരിന്റെ നീക്കം. നികുതിവെട്ടിപ്പ് തടയാനും നികുതിപിരിവ് കാര്യക്ഷമമാക്കാനുമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് സഭയുടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വസ്തുനികുതി ഏര്‍പ്പെടുത്തുന്നത്.

വത്തിക്കാന്റെ പരമാധികാരം ഇറ്റലി അംഗീകരിച്ചതിന്റെയും പൊതുഉപയോഗത്തിനായി ഏറ്റെടുത്ത സഭാസ്ഥാപനങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കുകയും ചെയ്തതിന്റെയും വാര്‍ഷികത്തലേന്ന് ഫെബ്രുവരി പത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിനിര്‍ദേശം വിവാദമായിരിക്കുകയാണ്. നിലവിലുള്ള തദ്ദേശീയ വസ്തുനികുതിയായ ഐസിഐക്കു പകരം ഐഎംയു എന്നപേരില്‍ പുതിയ നികുതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പഴയ നികുതിയായ ഐസിഐ പ്രകാരം വരുമാനമുണ്ടാക്കുന്ന മതസ്ഥാപനങ്ങളെപ്പോലും നികുതിയടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു. വര്‍ഷം 13 കോടി മുതല്‍ 80 കോടി ഡോളര്‍വരെ ഇത്തരത്തില്‍ സഭയ്ക്ക് ഇളവ് ലഭിക്കുന്നതായാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മതസ്ഥാപനങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന പേരിലായിരുന്നു ഈ ഇളവ്. ഐഎംയു നിലവില്‍വരുന്നതോടെ മതസ്ഥാപനങ്ങളെ വരുമാനമുണ്ടാക്കുന്നവയും അല്ലാത്തവയുമെന്ന് വേര്‍തിരിക്കും. ധനമന്ത്രാലയം പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഈ വേര്‍തിരിക്കല്‍ . സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന മതസ്ഥാപനങ്ങള്‍ നികുതി അടയ്ക്കേണ്ടിവരും. ഇവയില്‍നിന്ന് നികുതി ഈടാക്കണമെന്ന് 2005ല്‍ ഇറ്റാലിയന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

യൂറോപ്പിനെയാകെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇറ്റലിയുടെ പൊതുകടം രണ്ട് ലക്ഷം കോടി യൂറോയാണ്. ചെലവുചുരുക്കലിനും സാമ്പത്തികപരിഷ്കാരത്തിനും ഇറ്റലി നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും തുടര്‍ച്ചയായി ആവശ്യപ്പെടുന്നതാണ്. ഈ സാഹചര്യത്തിലാണ് നികുതി ഘടന പരിഷ്കരിക്കാന്‍ മോണ്ടിസര്‍ക്കാര്‍ തീരുമാനിച്ചത്. മതസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ റദ്ദാക്കണമെന്ന് റാഡിക്കല്‍ പാര്‍ടി അടക്കമുള്ള പല കക്ഷികളും സംഘടനകളും ഏറെക്കാലമായി വാദിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും ഈ നിലപാടിലാണ്. സഭാസ്ഥാപനങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കുന്ന നികുതി ഇളവിനെക്കുറിച്ച് 2010ല്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം നടത്തിയിരുന്നു.

deshabhimani 060312

1 comment:

  1. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഇറ്റലി കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ക്കും നികുതി ചുമത്തുന്നു. സാമൂഹ്യസേവനമെന്ന പേരില്‍ നല്‍കിയിരുന്ന ഇളവ് ഒഴിവാക്കി സഭയുടെ ആസ്തികള്‍ക്ക് നികുതി ഈടാക്കാനാണ് മരിയോ മോണ്ടി സര്‍ക്കാരിന്റെ നീക്കം. നികുതിവെട്ടിപ്പ് തടയാനും നികുതിപിരിവ് കാര്യക്ഷമമാക്കാനുമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് സഭയുടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വസ്തുനികുതി ഏര്‍പ്പെടുത്തുന്നത്.

    ReplyDelete