Tuesday, March 6, 2012

പിറവം ചൂടില്‍ സഭയും തിളച്ചു

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യദിനംതന്നെ സഭാതലം പിറവം തെരഞ്ഞെടുപ്പു ചൂടില്‍ തിളച്ചുമറിഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഏറിയപങ്കും വാശിയോടെ നിലയുറപ്പിച്ചു. മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതിനെക്കുറിച്ചായിരുന്നു പതിമൂന്നാം സഭയിലെ നാലാം സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയം. സര്‍ക്കാര്‍ നിലപാടിനെതിരെ രോഷം അണപൊട്ടി ഒഴുകി. ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന് മുട്ടുവിറയ്ക്കുന്നത് എന്തിനാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി കെ ഗുരുദാസന്‍ ചോദിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

നന്ദിപ്രമേയത്തിന്റെ അവതാരകനായ ടി എ അഹമ്മദ് കബീറിന്റെ മനസ്സില്‍ വികസനമുന്നേറ്റത്തില്‍ സര്‍ക്കാര്‍ ബൈപാസ് പണിയുന്ന ദൃശ്യമേയുള്ളൂ. അറേബ്യയിലെ മുഴുവന്‍ സുഗന്ധം പൂശിയാലും സര്‍ക്കാരിന്റെ ദുര്‍ഗന്ധം മാറില്ലെന്ന് കബീറിന് ജി സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പിറവത്തെ മാലിന്യ സംസ്കരണ ശാലയില്‍ സര്‍ക്കാരിന്റെ സംസ്കാരം നടക്കുമെന്നും അദ്ദേഹത്തിന് തീര്‍ച്ച. അണലിയേക്കാള്‍ വിഷമുള്ള "മണ്ഡലി" (മണ്ഡലം ഭാരവാഹികള്‍) ഭരണമാണ് ഇപ്പോള്‍ നടക്കുന്നതത്രേ. തലമുടി ചീകിയൊതുക്കിയതല്ലാതെ ഉമ്മന്‍ചാണ്ടിയില്‍ പ്രകടമായ മാറ്റം പുറമെയില്ല. പക്ഷേ, മുഖ്യമന്ത്രി സാദാ "ഉമ്മന്‍ചാണ്ടി"യില്‍നിന്ന് യാഥാസ്ഥിതികനായ ഉമ്മന്‍ചാണ്ടിയിലേക്കുള്ള യാത്രയിലാണ്. വിജിലന്‍സിനെ രാഷ്ട്രീയ ആയുധമാക്കിയത് ഇതിന് തെളിവാണ്. പിറവം കഴിയുമ്പോള്‍ യുഡിഎഫ് എന്ന ദുശ്ശാസനന്റെ തലതകര്‍ത്ത് പാഞ്ചാലി (എല്‍ഡിഎഫ്) അഴിച്ചിട്ട മുടി കെട്ടുമെന്ന് ജി സുധാകരന്‍ വെല്ലുവിളി ഉയര്‍ത്തി.

1964ന് ശേഷം കെഎസ്ആര്‍ടിസി എന്ന ഒരു വാക്കില്ലാത്ത നയപ്രഖ്യാപനം ഇതാദ്യമാണെന്ന് മാത്യു ടി തോമസ് ചൂണ്ടിക്കാട്ടി. ഒമ്പത് മാസത്തിനിടെ 46 കര്‍ഷകര്‍ ആത്മഹത്യചെയ്തതാണ് സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും ഫോണ്‍ എടുക്കാന്‍ ആളെ വച്ചതാണ് നേട്ടമായി ചിത്രീകരിക്കുന്നതെന്ന് വി ശിവന്‍കുട്ടി. മന്ത്രിമാര്‍ക്ക് പഠനക്ലാസ് നടത്തിയിട്ട് എന്തെങ്കിലും മാറ്റമുണ്ടായോയെന്നും അദ്ദേഹം ആരാഞ്ഞു. നയപ്രഖ്യാപനത്തിലുടനീളം പോസിറ്റീവ് സമീപനമേ കെ എന്‍ എ ഖാദറിന് കാണാനായുള്ളൂ. "എമര്‍ജിങ് കേരള" കൂടി കഴിഞ്ഞാല്‍ എല്ലാമായെന്നാണ് ഖാദറിന്റെ പക്ഷം. പിറവത്ത് ജനിക്കുന്ന കുഞ്ഞിന് ഐക്യജനാധിപത്യ മുന്നണിയുടെ മുഖമായിരിക്കുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി.

സര്‍ക്കാര്‍ഗണകനായ പി സി ജോര്‍ജ് ഗണിച്ചത് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം. എങ്കില്‍പ്പിന്നെ മതസംഘടനകളുടെ പിറകെ എന്തിന് നടക്കുന്നുവെന്നായി പി കെ ഗുരുദാസന്‍ . പിറവത്ത് തോറ്റാലും ജയിച്ചാലും സര്‍ക്കാരിന് ഒന്നുമില്ലെന്ന് വീമ്പുപറയുന്നതിലെ പൊള്ളത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. നയം പറഞ്ഞ് വോട്ട് പിടിക്കാന്‍ തയ്യാറുണ്ടോയെന്നും ഗുരുദാസന്‍ വെല്ലുവിളിച്ചു.

ആട് തേക്ക് മാഞ്ചിയം തട്ടിപ്പിനോടാണ് നയപ്രഖ്യാപന പ്രസംഗത്തെ സി ദിവാകരന്‍ ഉപമിച്ചത്. പശുവിന്റെയും ഭ്രൂണത്തിന്റെയും കാര്യം ആരെങ്കിലും നയപ്രഖ്യാപനത്തില്‍ പറയുമോയെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ വിമാനത്താവളവും കോച്ച് ഫാക്ടറിയും വിഴിഞ്ഞം തുറമുഖവും അലിഗര്‍ യൂണിവേഴ്സിറ്റി ക്യാമ്പസുമൊക്കെ കൊണ്ടുവന്നത് ആരാണെന്നും സി ദിവാകരന്‍ ആരാഞ്ഞു. കരയും ആകാശവും കടലും വിറ്റ യുഡിഎഫ് പാതാളം പോലും വില്‍ക്കുന്ന സ്ഥിതിയാണെന്ന് കെ കെ ലതിക കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഹണിമൂണ്‍പോലും ഉപേക്ഷിച്ചതിലാണ് വി ടി ബല്‍റാം ആവേശംകൊണ്ടത്. സ്വകാര്യബില്‍ ഫെയ്സ് ബുക്കില്‍ കടത്തിവിട്ടതിന് സ്പീക്കറുടെ റൂളിങ് ഏറ്റുവാങ്ങിയ ബല്‍റാം സാങ്കേതികവിദ്യ സ്വായത്തമാക്കാന്‍ മടിക്കരുതെന്ന് ഉപദേശിക്കാനും മറന്നില്ല.
(കെ ശ്രീകണ്ഠന്‍)

വര്‍ഗീയതയെക്കുറിച്ച് പറയാന്‍ സര്‍ക്കാരിന് ഭയം: ഗുരുദാസന്‍

ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് വര്‍ഗീയതയെക്കുറിച്ച് പറയാന്‍ ഭയമാണെന്ന് പി കെ ഗുരുദാസന്‍ നിയമസഭയില്‍ പറഞ്ഞു. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ ഒരു പരാമര്‍ശവും നയപ്രഖ്യാപന പ്രസംഗത്തിലില്ല. വര്‍ഗീയതയ്ക്കെതിരെ സംസാരിക്കുന്നതിന് സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു ഗുരുദാസന്‍ .

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിക്കുന്നത്. 12 ലക്ഷം കുടുംബങ്ങളുടെ അത്താണിയായ പരമ്പരാഗത തൊഴില്‍ മേഖലയെക്കുറിച്ച് സര്‍ക്കാരിന് മിണ്ടാട്ടമില്ല. പൊതുമേഖല വിറ്റുതുലയ്ക്കുമെന്നാണ് പ്രഖ്യാപനം. 72,000 വരുന്ന അങ്കണവാടി ജീവനക്കാരുടെ നാലുമാസത്തെ അലവന്‍സ് വര്‍ധന നിഷേധിച്ചു. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം കടലാസില്‍ ഉറങ്ങുന്നു. ഇവയ്ക്ക് ഭരണാനുമതി നല്‍കാന്‍പോലും എട്ടുമാസത്തെ ഭരണത്തിന് കഴിഞ്ഞില്ല. ഇരുനൂറ്റിയിരുപത് മാതൃകാ മത്സ്യഗ്രാമങ്ങള്‍ എന്ന പദ്ധതിയും ഇല്ലാതാക്കുന്നു. സമ്പാദ്യ സമാശ്വാസ പദ്ധതി എടുത്തുകളഞ്ഞു. യുഡിഎഫ് ഭരണത്തില്‍ കര്‍ഷകര്‍ മാത്രമല്ല; മത്സ്യത്തൊഴിലാളികളും ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. വിലക്കയറ്റം തടയാന്‍ ക്രിയാത്മകമായ നടപടിയില്ല. ക്ഷേമപെന്‍ഷന്‍ വിതരണം നിലച്ചു. ഇത് ആയിരം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭ്യമാക്കാനും നടപടിയില്ല.

നേഴ്സുമാര്‍ക്ക് മിനിമം കൂലി ഉറപ്പാക്കുന്നതിനുപകരം മാനേജ്മെന്റുകള്‍ക്ക് സഹായകരമായ പ്രഖ്യാപനമാണ് നയപ്രഖ്യാപനത്തിലുള്ളത്. നേഴ്സുമാര്‍ക്ക് കുറഞ്ഞ കൂലിയും സേവന വേതന വ്യവസ്ഥയും തൊഴില്‍ സൗകര്യവും ഉറപ്പാക്കാന്‍ നിയമത്തില്‍ മാറ്റം വരുത്തണം. അവര്‍ക്ക് ഇടക്കാലാശ്വാസം നല്‍കണം. പട്ടികവിഭാഗത്തിന്റെ പേരില്‍ ഭരണക്കാര്‍ കള്ളക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ ചീഫ് വിപ്പ് ഈ വിഭാഗത്തിനെ ചീത്ത വളിച്ച് ആക്ഷേപിക്കുന്നു. പിറവത്ത് 10,000 വോട്ടിന് വിജയിക്കുമെന്ന് വീമ്പ് പറയുന്നവര്‍ മതസംഘടനകളുടെ പിന്നാലെ പായുകയാണെന്നും ഗുരുദാസന്‍ പറഞ്ഞു.

സംസ്ഥാനത്ത് പൊതുഭരണമില്ല: ജി സുധാകരന്‍

യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് പൊതുഭരണമില്ലാതായതായി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രികാര്യാലയങ്ങള്‍ക്ക് ഏകോപനമില്ല. നയപ്രഖ്യാപനപ്രസംഗത്തിന്റെ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഇത്തരക്കാരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നു. ഭരണം കരാര്‍പണിയാണെന്നുകണ്ട് പരമാവധി കാര്യസാധ്യതയ്ക്കുള്ള നെട്ടോട്ടമാണ് നടക്കുന്നത്. ചില മന്ത്രിമാരില്‍ അപരന്മാര്‍ ആവേശിച്ചിരിക്കുന്നു. സര്‍ക്കാര്‍പരിപാടികള്‍ക്കുപോലും ഗ്രൂപ്പടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പടം ചേര്‍ത്ത് ബോര്‍ഡ് വയ്ക്കുന്നു. പിറവത്ത് ഒറ്റക്കെട്ടെന്ന് അഭിനയിക്കുമ്പോഴും ഭരണകക്ഷിക്കുള്ളില്‍ അഗ്നിപര്‍വതം പുകയുന്നു. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വാക്കുകള്‍ . രാഷ്ട്രീയപ്രതികാരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഭരണത്തെ ഉപയോഗിക്കുന്നു. സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതുപോലെ വിജിലന്‍സിനെ യുഡിഎഫ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതായും ജി സുധാകരന്‍ പറഞ്ഞു.

deshabhimani 060312

1 comment:

  1. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യദിനംതന്നെ സഭാതലം പിറവം തെരഞ്ഞെടുപ്പു ചൂടില്‍ തിളച്ചുമറിഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഏറിയപങ്കും വാശിയോടെ നിലയുറപ്പിച്ചു. മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതിനെക്കുറിച്ചായിരുന്നു പതിമൂന്നാം സഭയിലെ നാലാം സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയം. സര്‍ക്കാര്‍ നിലപാടിനെതിരെ രോഷം അണപൊട്ടി ഒഴുകി. ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന് മുട്ടുവിറയ്ക്കുന്നത് എന്തിനാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി കെ ഗുരുദാസന്‍ ചോദിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

    ReplyDelete