Tuesday, March 6, 2012

രാഹുല്‍ ഏശിയില്ല

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധം കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ പൊതുവില്‍ പ്രതിഫലിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ നടത്തിയ പ്രചണ്ഡ പ്രചാരണം അമ്പേ പൊളിഞ്ഞു. യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പിന്നാക്കം പോയി.

പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ന്നതിനും കാരണം യുപിഎ സര്‍ക്കാരിന്റെ മങ്ങിയ പ്രതിഛായ തന്നെയാണ്. യുപിയില്‍ 2007ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള നാല്‍പ്പതിലധികം സീറ്റുകള്‍ നേട്ടമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എന്നാല്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 22 മണ്ഡലങ്ങളില്‍ ജയിച്ചിരുന്നു. 65 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു കൂടുതല്‍ സീറ്റ് കിട്ടിയത്. ഇപ്പോള്‍ അതിനേക്കാള്‍ മോശമായി കോണ്‍ഗ്രസിന്റെ നില. രാഹുലിന്റെ സംഘടനാ പുനഃസംവിധാനവും ഹൈടെക് പ്രചാരണവും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ് ഇത് തെളിയിക്കുന്നത്.

2 ജി അടക്കമുള്ള വന്‍ അഴിമതികളുടെ ഘോഷയാത്രയായിരുന്നു 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ കണ്ടത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്ന നിരവധി പദ്ധതികള്‍ കൊണ്ടുവന്ന യുപിഎ ഒന്നാം സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി ജനവിരുദ്ധ നയങ്ങളും പരിപാടികളും ഒന്നൊന്നായി പുറത്തെടുത്ത യുപിഎ രണ്ടാം സര്‍ക്കാര്‍ അതിനെതിരെ ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധം കണ്ടില്ല. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കാന്‍ അവസരം കാത്തിരുന്ന ജനങ്ങള്‍ അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരായ ശക്തമായ ജനവികാരമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തിന് ഫലമുണ്ടായില്ല. പഞ്ചാബില്‍ അകാലി-ബിജെപി സഖ്യ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന് സംഘടനാപരമായ കാരണങ്ങളുണ്ടെങ്കിലും അഴിമതിയും ജനവിരുദ്ധ നയങ്ങളും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനെ പകരംവെക്കാനാകില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ദ്രോഹകരമായ രീതിയില്‍ രാസവളത്തിന്റെ വിലനിയന്ത്രണം എടുത്തുകളയുകയും സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത യുപിഎ സര്‍ക്കാരിന്റെ നടപടി കാര്‍ഷിക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗോവയിലും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയാണ് ജനവിധി. മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം കിട്ടിയത്.
(വി ജെയിന്‍)

റായ്ബറേലിയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും നഷ്ടമായി

ലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. റായ്ബറേലിയിലെ അഞ്ച് നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. നാല് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും ഒരു സീറ്റില്‍ പീസ് പാര്‍ട്ടിയുമാണ് വിജയിച്ചത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ കോലാഹലങ്ങള്‍ക്കും ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേതിയില്‍ അഞ്ചില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു.

deshabhimani

1 comment:

  1. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധം കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ പൊതുവില്‍ പ്രതിഫലിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ നടത്തിയ പ്രചണ്ഡ പ്രചാരണം അമ്പേ പൊളിഞ്ഞു. യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പിന്നാക്കം പോയി.

    ReplyDelete