Tuesday, March 6, 2012

സോഷ്യലിസത്തിന്റെ അന്ത്യം പ്രഖ്യാപിച്ചവര്‍ക്ക് തെറ്റി: കാരാട്ട്

പ്രൗഢഗംഭീര തുടക്കം

ചരിത്രത്തിന്റെ വിധാതാക്കളായ ആയിരങ്ങളെ സാക്ഷികളാക്കി സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ചരിത്രപ്രദര്‍ശനത്തിന് പ്രൗഢഗംഭീര തുടക്കം. പുതുമയാര്‍ന്നതും കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതുമായ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും പുതുമകളോടെയായിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ലാപ്ടോപ്പില്‍ വിരലമര്‍ത്തിയതോടെ വിപ്ലവേതിഹാസത്തിന്റെ ദൃശ്യങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞു. കരിമരുന്ന് വര്‍ഷത്തോടൊപ്പം മാനത്ത് ഒരായിരം വര്‍ണബലൂണുകളുമുയര്‍ന്നതോടെ നിറപ്പകിട്ടാര്‍ന്നതായി ടൗണ്‍ഹാളിന്റെ മാനവും പരിസരവും. പ്രസംഗത്തിനു ശേഷം പ്രകാശ് കാരാട്ട് ടൗണ്‍ഹാളിനെതിര്‍വശത്തുള്ള പ്രദര്‍ശന നഗരിയില്‍ നാടമുറിച്ച് പ്രവേശനത്തിന് തുടക്കമിട്ടു. പാര്‍ടി നേതാക്കളായ വി വി ദക്ഷിണാമൂര്‍ത്തി, ടി പി രാമകൃഷ്ണന്‍ , പി സതീദേവി, മേയര്‍ എ കെ പ്രേമജം, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി മോഹനന്‍ , എം ഭാസ്കരന്‍ , കെ ചന്ദ്രന്‍ , സി ഭാസ്കരന്‍ , കെ പി കുഞ്ഞമ്മദ്കുട്ടി എന്നിവരോടൊപ്പം പ്രദര്‍ശനം കണ്ടു. മുഖ്യശില്‍പി ആനന്ദക്കുട്ടനും എ കെ രമേശും പോസ്റ്ററുകള്‍ വിശദീകരിച്ച് പരിചയപ്പെടുത്തി.

ചരിത്രം ജനകീയമാണെന്ന കാഴ്ചപ്പാട് വിളംബരം ചെയ്യുംവിധം വര്‍ണാഭമായി ഉദ്ഘാടന ചടങ്ങ്. വന്‍ ജനപങ്കാളിത്തമായിരുന്നു ഉദ്ഘാടനം നടന്ന ടൗണ്‍ഹാളിലും പരിസരത്തും. ഉദ്ഘാടനത്തിനു മുന്നോടിയായി മുത്തുക്കുടയുമായി സ്ത്രീകളണിനിരന്ന ചെറുപ്രകടനമുണ്ടായി. ചെത്തുതൊഴിലാളികള്‍ തൊഴില്‍വേഷത്തില്‍ ചെങ്കൊടിയേന്തി പ്രകടനമായെത്തിയത് ജനശ്രദ്ധയാകര്‍ഷിച്ചു. കോല്‍ക്കളിയും ബാന്‍ഡ് വാദ്യവും തിറയുമായി പ്രകടനങ്ങളുടെ ഘോഷയാത്ര ചടങ്ങിന് കൊഴുപ്പേകി. ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ സി പി അബൂബക്കര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി സംസാരിച്ചു. പ്രദര്‍ശന കമ്മിറ്റി കണ്‍വീനര്‍ എ കെ രമേശ് സ്വാഗതവും അജയന്‍ നന്ദിയും പറഞ്ഞു. ഇനി ഒരുമാസം വിജ്ഞാനത്തിന്റെയും അറിവിന്റെയും അലകടല്‍ തീര്‍ക്കുന്ന പ്രദര്‍ശന നഗരിയിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തും. ഇഎംഎസിന്റെ നാമധേയത്തില്‍ ടൗണ്‍ഹാളിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. രാവിലെ 9 മുതല്‍ രാത്രി 8 വരെ. ചരിത്രകാരന്മാരും എഴുത്തുകാരും ശില്‍പ്പികളും ഗ്രാഫിക് ഡിസൈനര്‍മാരുമുള്‍പ്പെടെ വിവിധ മേഖലകളിലെ നിരവധി വ്യക്തികളുടെ പ്രയത്നഫലമാണ് പ്രദര്‍ശനം.

സോഷ്യലിസത്തിന്റെ അന്ത്യം പ്രഖ്യാപിച്ചവര്‍ക്ക് തെറ്റി: കാരാട്ട്

കഴിഞ്ഞ നൂറ്റാണ്ടിനൊടുവില്‍ സോഷ്യലിസത്തിന് ഭാവിയുണ്ടോ എന്ന് ചോദിച്ചവര്‍ , ഈ നൂറ്റാണ്ടിന് ഒരു ദശകം പിന്നിടുമ്പോള്‍ മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ട് ആരംഭിച്ച "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ചരിത്രത്തിന് അന്ത്യമായെന്ന് പ്രചരിപ്പിച്ചവരുടെ വാദം തെറ്റാണെന്ന് സാമ്രാജ്യത്വത്തിനെതിരെ ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നു. ഈ സമരങ്ങളുടെ ഭാഗമായി സാമ്രാജ്യത്വചൂഷണങ്ങള്‍ക്കെതിരെ ജനാധിപത്യശക്തികളുടെ പുനരേകീകരണവും നടക്കുകയാണ്. സാമ്രാജ്യത്വത്തിനും അതിന്റെ ഉന്നതരൂപമായ ഫാസിസത്തിനുമെതിരെ അതിശക്തമായ സമരം നടന്ന സമയമാണ് 20-ാംനൂറ്റാണ്ട്. എന്നാല്‍ , സോവിയറ്റ് യൂണിയന്റെ പതനത്തോടെ ചരിത്രം അവസാനിച്ചെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ , നിലനില്‍ക്കുന്ന സാമ്രാജ്യത്വത്തിനും അതിന്റെ അധിനിവേശത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ മനുഷ്യരാശി അതിശക്തമായ സമരം നടത്തുകയാണിപ്പോള്‍ . സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുപുറത്തുള്ള കമ്യൂണിസ്റ്റ് പാര്‍ടികളില്‍ ഏറ്റവും വലുതാണ് സിപിഐ എം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇടതുപക്ഷ- ജനാധിപത്യ ബദല്‍ സൃഷ്ടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം സിപിഐ എമ്മിനുണ്ട്. യുപിഎ സര്‍ക്കാരിന്റെ നവ ഉദാരനയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ മുന്നോട്ടുവയ്ക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷ പാര്‍ടികള്‍ക്കും മാത്രമേ കഴിയൂ. അതിനായി തൊഴിലെടുക്കുന്നവരുടെ സമരനിരയ്ക്ക് രൂപംനല്‍കണം. അതിലൂടെയേ ഇടതുപക്ഷബദല്‍ സൃഷ്ടിക്കാനാകൂ.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മറ്റു ബൂര്‍ഷ്വാ പാര്‍ടികളുടെയും വെല്ലുവിളി നേരിട്ടാണ് സിപിഐ എം, തൊഴിലെടുക്കുന്നവരുടെ ഐക്യനിര കെട്ടിപ്പടുക്കുന്നത്. കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ പാര്‍ടിയുടെ കരടുരാഷ്ട്രീയ, പ്രത്യയശാസ്ത്ര രേഖകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ഇതിനായുള്ള പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കാരാട്ട് പറഞ്ഞു.

കോഴിക്കോട് ടൗണ്‍ഹാളിലും (ഇ കെ നായനാര്‍നഗര്‍) പരിസരത്തുമായി തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കാരാട്ട് ചരിത്രപ്രദര്‍ശനം ഉദ്ഘാടനംചെയ്തത്. ചരിത്രപ്രദര്‍ശന സമിതി ചെയര്‍മാന്‍ പ്രൊഫ. സി പി അബൂബക്കര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ കെ രമേശ് സ്വാഗതവും കെ അജയന്‍ നന്ദിയും പറഞ്ഞു.

മഹത്തായ ദൃശ്യാനുഭവം: പ്രകാശ് കാരാട്ട്

"തൊഴിലാളി വര്‍ഗ കാഴ്ചപ്പാടിലൂടെ സോഷ്യലിസത്തിന്റെ ഭാവിയെന്ന സന്ദേശം പകരുന്ന ഈ ചരിത്ര പ്രദര്‍ശനം മഹത്തായ ദൃശ്യാനുഭവമാണ്. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇവിടെയെത്തുന്ന പതിനായിരങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഗുണം ചെയ്യും. സംഘാടകര്‍ക്ക് അഭിവാദനങ്ങള്‍". സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായ ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം പാര്‍ടി ജനറല്‍സെക്രട്ടറി സന്ദര്‍ശക ഡയറിയില്‍ കുറിച്ചിട്ട ആദ്യവാചകങ്ങളാണിത്. തുടര്‍ന്ന് സംഭാവനപ്പെട്ടിയില്‍ കാരാട്ടും ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയും ആദ്യ സംഭാവന നിക്ഷേപിക്കുകയും ചെയ്തു.

"ജീവിതം സമരം സര്‍ഗാത്മകത" പുറത്തിറക്കി

കമ്യൂണിസ്റ്റ്- കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവും വടക്കന്‍ പാട്ടിന്റെ അടിത്തട്ടു കണ്ടെത്തിയ സാഹിത്യകാരനുമായ എം കെ പണിക്കോട്ടി(എം കേളപ്പന്‍) യുടെ ആത്മകഥ "അമൃതസ്മരണകളി"ലെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് "ജീവിതം സമരം സര്‍ഗാത്മകത" എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ചരിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തിക്ക് ഡോക്യുമെന്ററിയുടെ സിഡി നല്‍കിയാണ് പ്രകാശനം ചെയ്തത്.

ജന്മി നാടുവാഴിത്ത കാലഘട്ടത്തിലെ കര്‍ഷകത്തൊഴിലാളി ജീവിതത്തിന്റെ ദുരിതപൂര്‍ണമായ അവസ്ഥയും അവയ്ക്കെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടവും ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തെ എങ്ങനെ ബാധിച്ചു എന്നും അതിനെതിരായ ബോധവല്‍ക്കരണ- നവോത്ഥാന പ്രവര്‍ത്തനവുമുണ്ട്. വടക്കന്‍പാട്ട് സാഹിത്യത്തില്‍ ഒട്ടേറെ പഠനങ്ങളും പുസ്തകങ്ങളും രചിച്ച പണിക്കോട്ടിയുടെ സാഹിത്യ ജീവിതത്തിലെ ഏടുകള്‍ ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു. തീക്ഷ്ണവും ത്യാഗോജ്വലവുമായ പോരാട്ടത്തോടൊപ്പം സര്‍ഗാത്മകതയും പകര്‍ന്നുനല്‍കിയ പണിക്കോട്ടിയെപ്പറ്റിയുള്ള ഡോക്യുമെന്ററി നിര്‍മിച്ചത് റെഡ് മീഡിയയാണ്. ശബ്ദമിശ്രണം, സംഗീതം: അജിത് ശ്രീധര്‍ . ക്യാമറ: സുരേഷ്ബാബു, നിധീഷ് ഉണ്ണി, സുഖേഷ് ശേഖര്‍ . എഡിറ്റിങ്: ഷൈലേഷ് റെഡ്. റിനീഷ് തിരുവള്ളൂരാണ് രചനയും സംവിധാനവും.

മനംകവര്‍ന്ന് അപ്പമേസ്ത്രി

അഭിനയരംഗത്തെ "പുലിജന്മ"മായിരുന്നു നടന്‍ മുരളി. നിരവധി അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ അത്ഭുതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തു. "നെയ്ത്തുകാരനി"ലെ അപ്പമേസ്തിരിയിലൂടെ അഭിനയ തികവിനെ മലയാളി ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. ആ ഓര്‍മകളെയാണ് 20- ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിവസത്തെ സമ്പന്നമാക്കിയത്.

പൊലീസ് മര്‍ദനങ്ങളെ അയാള്‍ ഭയന്നില്ല. നെഞ്ചിനു നേരെ ഉയര്‍ന്ന ബൂട്ടുകള്‍ അയാളിലെ കമ്യൂണിസ്റ്റിന് കൂടുതല്‍ ആയുസ് നല്‍കി. നെയ്ത്തുകാരനായി ജീവിക്കുമ്പോഴും നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നല്ലപ്രവര്‍ത്തകനും സംഘാടകനുമായി അപ്പ മാറുന്നു. നാട്ടിലെ ഓരോപ്രശ്നങ്ങളിലും അയാള്‍ ജനപക്ഷത്തുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് നിന്ന് മാറികൊണ്ടിരിക്കുന്ന ലോകത്തെ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് അയാള്‍ വിശദീകരിച്ചു. പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും ഹൃദയപക്ഷത്ത് നിര്‍ത്തിയ അപ്പക്ക് അവരുടെ വാക്കുകള്‍ ഭാവിയിലേക്കുള്ള ചൂണ്ടുപലകകളായിരുന്നു. ഫ്ളാഷ്ബാക്കില്‍ ഇടകലര്‍ന്നെത്തുന്ന ചരിത്രം പോയകാലത്ത് കണ്ണൂരിലെ നാട്ടിപ്പുറങ്ങളിലുണ്ടായിരുന്ന നിരവധി അപ്പമാരെ ഓര്‍മപ്പെടുത്തുകയാണ്. രോഗാതുരനായി വീട്ടില്‍ കഴിയുന്ന അപ്പമേസ്തിരി സ്ഥിരബോധത്തോടെ നാട്ടിലെ സംഭവങ്ങളോട് പ്രതികരിക്കുന്നു. ഒടുവില്‍ നെയ്ത്തുകാരന്‍ വിടവാങ്ങുമ്പോള്‍ ഓര്‍മകളാല്‍ പ്രേക്ഷകരുടെ കണ്ണുകള്‍ സജലങ്ങളായി. നടന്‍ മുരളിക്ക് മാത്രമല്ല അപ്പമേസ്തിരിക്കും മരണമില്ലെന്ന് ഉറപ്പിച്ചാണ് കാണികള്‍ പ്രദര്‍ശന നഗരിക്ക് പുറത്ത് കടന്നത്. പ്രിയനന്ദനന്റെ ആദ്യചിത്രം കൂടിയായ നെയ്ത്തുകാരനിലൂടെ മുരളിയുടെ അദൃശ്യസാന്നിധ്യം ഓരോരുത്തരും അനുഭവിച്ചു. റോമാന്‍ പൊളാന്‍സ്കിയുടെ ദി പിയാനിസ്റ്റും പ്രദര്‍ശിപ്പിച്ചു.മൂന്നുദിവസങ്ങളായി ടൗണ്‍ഹാളില്‍ നടന്ന മേള എട്ടു മുതല്‍ തുടരും. എട്ടിന് വൈകിട്ട് ആറിന്് ഇറാനിയന്‍ ചിത്രമായ "എ സെപ്പറേഷന്‍" പ്രദര്‍ശിപ്പിക്കും. ഒമ്പതു മുതല്‍ ചരിത്ര പ്രദര്‍ശന പവലിയനിലെ മിനി തിയേറ്ററില്‍ തുടര്‍ന്നുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടക്കും.

സുരേന്ദ്രന്റെ കരവിരുതില്‍ പോര്‍വീര്യം തുടിക്കും

കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണാശില്‍പവുമായി പാര്‍ടി കോണ്‍ഗ്രസിന് അഭിവാദനം. ശില്‍പി സുരേന്ദ്രന്‍ കൂക്കാനമാണ് കയ്യൂരിന്റെ സമരവീര്യം ശില്‍പത്തിലൊരുക്കിയത്. ധീരവിപ്ലവകാരികളായ അപ്പു, ചിരുകണ്ടന്‍ , അബൂബക്കര്‍ , കുഞ്ഞമ്പുനായര്‍ , എന്നിവരുടെ രൂപങ്ങളാവിഷ്കരിച്ചിരിക്കയാണ് സുരേന്ദ്രന്‍ . മെഡി. കോളേജിന് മുന്നിലെ ട്രാഫിക് ഐലന്റിലാണ് സര്‍ഗാത്മകവും സമരാവേശം തുളുമ്പുന്നതുമായ ശില്‍പം. കയ്യൂരിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിന്റെ പുനരാവിഷ്കാരമെന്നോണം നാലുരക്തസാക്ഷികളുമുണ്ട് ശില്‍പത്തില്‍ . അതോടൊപ്പം ആ വിപ്ലവഗ്രാമത്തിന്റെ ജൈവികതകൂടി സുരേന്ദ്രന്‍ ആവിഷ്കരിച്ചു. തേജസ്വിനി പുഴയോരത്ത് പ്രസിദ്ധമായ അരയാല്‍ക്കടവുണ്ട്. അരയാല്‍ ഇന്ന് കടപുഴകിയെങ്കിലും അരയാല്‍ ചുവട്ടിനടുത്തായാണ് രക്തസാക്ഷി സ്തൂപം. തന്റെ ശില്‍പത്തില്‍ അരയാല്‍ച്ചുവട്ടിനു കീഴിലായാണ് രക്തസാക്ഷികളെ സൃഷ്ടിച്ചിരിക്കുന്നത്. സ്തൂപത്തിന് മുകളില്‍ വലിയൊരു രക്തപതാക പാറുന്നു. ആകര്‍ഷകമെന്നതിനൊപ്പം ലാളിത്യമാണ് സവിശേഷത. കീറച്ചാക്കുകളും കമുകിന്‍ തുണ്ടുകളും കല്ലുമുപയോഗിച്ചാണീ സൃഷ്ടി. രാഷ്ട്രീയപ്രതിബദ്ധതക്കൊപ്പം ശില്‍പിയുടെ പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടും ശില്‍പത്തില്‍ വായിച്ചെടുക്കാം. രണ്ടാഴ്ചയോളം അധ്വാനിച്ചാണ് ശില്‍പം പൂര്‍ത്തീകരിച്ചത്. സിനിമാ കലാസംവിധായകനായും ചിത്രകലാധ്യാപകനായും പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ള കലാകാരനാണ് സുരേന്ദ്രന്‍കൂക്കാനം. കണ്ണൂരിലെ കൂക്കാനം സ്വദേശിയായ സുരേന്ദ്രന്റെ സൃഷ്ടികളില്‍ ഉജ്വലവും ശ്രദ്ധേയവുമായത് കരിവെള്ളൂരിലെ രക്തസാക്ഷിസ്തൂപമാണ്. കാസര്‍കോട് കൊടക്കാട് ഡിവൈഎഫ്ഐ രജതജൂബിലി വാര്‍ഷികത്തില്‍ 25 അടി ഉയരത്തില്‍ തീര്‍ത്ത ശില്‍പവും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാവുമ്പായി രക്തസാക്ഷിസ്തൂപം നിര്‍മാണമാണ് അടുത്തപദ്ധതി. രക്താസാക്ഷി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ശില്‍പവും കലാസൃഷ്ടിയും തയ്യാറാക്കുന്ന സുരേന്ദ്രന്‍ വയലാറടക്കമുള്ള വിപ്ലവഭൂമികളിലെത്തി രചനയ്ക്ക് ഊര്‍ജം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സ്മൃതിമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് ശില്‍പപ്രദര്‍ശനയാത്ര എന്ന സ്വപ്നത്തിലാണീ അമ്പതുകാരന്‍ .

ബഹുജന വിദ്യാഭ്യാസ പരിപാടി

കുറ്റ്യാടി: ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി എന്തുകൊണ്ട് മാര്‍ക്സിസം എന്തുകൊണ്ട് സിപിഐ എം ബഹുജന വിദ്യാഭ്യാസ പരിപാടി മുണ്ടക്കുറ്റിയില്‍ നടന്നു. മരുതോങ്കര ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി കെ ബാലന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്, സി പി അശോകന്‍ എന്നിവര്‍ സംസാരിച്ചു. വി പി വിനോദന്‍ സ്വാഗതം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് കുടുംബസംഗമങ്ങള്‍ ആവേശമായി

നാദാപുരം/വടകര: ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി വിഷ്ണുമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തെരുവംപറമ്പില്‍ കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വസം അനുഭവിച്ച കിഴക്കയില്‍ നാരായണനെ പി മോഹനന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സി എച്ച് ബാലകൃഷ്ണന്‍ , ടി വി ശങ്കരന്‍ , കെ നാണു എന്നിവര്‍ സംസാരിച്ചു. സി രാജന്‍ സ്വാഗതം പറഞ്ഞു. കീത്താടി കുഞ്ഞിരാമന്‍ , ചവ്വലായി കൃഷ്ണന്‍ , കുനിയില്‍ ശങ്കരന്‍ , ചക്യാംപറത്ത് കൃഷ്ണന്‍ തുടങ്ങിയ ആദ്യകാല കമ്മ്യൂണിസ്റ്റുകളെ അനുസ്മരിച്ച സിപിഐ എം കുറുമ്പയില്‍ ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. പി കെ ശശി അധ്യക്ഷനായി. സി ഭാസ്കരന്‍ , കെ ശ്രീധരന്‍ , കെ പി ബാലന്‍ , പി കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. വി ദിനേശന്‍ സ്വാഗതം പറഞ്ഞു.

deshabhimani 060312

1 comment:

  1. കഴിഞ്ഞ നൂറ്റാണ്ടിനൊടുവില്‍ സോഷ്യലിസത്തിന് ഭാവിയുണ്ടോ എന്ന് ചോദിച്ചവര്‍ , ഈ നൂറ്റാണ്ടിന് ഒരു ദശകം പിന്നിടുമ്പോള്‍ മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട്ട് ആരംഭിച്ച "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete