Tuesday, March 6, 2012

കര്‍ഷകത്തൊഴിലാളി പെന്‍ഷനും മുടങ്ങി

സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനെതുടര്‍ന്ന് സംസ്ഥാനത്ത് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണവും മുടങ്ങി. കഴിഞ്ഞ സെപ്തംബറില്‍ ഓണത്തിനു മുന്നോടിയായി വിതരണം ചെയ്തശേഷം ഇതുവരെ ഒരു കര്‍ഷകത്തൊഴിലാളിക്കുപോലും പെന്‍ഷന്‍ കിട്ടിയിട്ടില്ല. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങുന്നത്. വാര്‍ധക്യത്തിന്റെ അവശതയില്‍ കഴിയുന്ന 5,45,063 കര്‍ഷകത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുന്നു. ഈ തുച്ഛമായ തുകയാണ് ഇവരുടെ ഏക ആശ്രയം. സര്‍ക്കാരിന്റെ ക്രൂരതമൂലം ഇവരുടെ കുടുംബങ്ങള്‍ ദുരിതത്തിലായി. വികലാംഗര്‍ , വിധവകള്‍ , വയോജനങ്ങള്‍ , 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങി പത്തരലക്ഷത്തിലേറെപ്പേരുടെ പ്രതിമാസ പെന്‍ഷന്‍ വിതരണം സ്തംഭിച്ചതിനുപുറമെയാണ് കര്‍ഷകത്തൊഴിലാളിപെന്‍ഷനും മുടങ്ങിയത്.

67.38 കോടി രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കാനായി നീക്കിവച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ നല്‍കാനാകും. ഇത് അനുവദിക്കുന്നതിന് സാങ്കേതികമായി ഒരു തടസ്സവുമില്ല. എന്നിട്ടും സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിക്കുന്നു. ഈ സാമ്പത്തികവര്‍ഷം തുടര്‍ന്നുള്ള മൂന്നുമാസത്തേക്ക് ഫണ്ട് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍വകുപ്പിലെ ബന്ധപ്പെട്ട വിഭാഗം കത്തയച്ച് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. മറ്റ് ക്ഷേമപെന്‍ഷനുകളെപ്പോലെ കര്‍ഷകത്തൊഴിലാളി പെന്‍ഷനും പ്രതിമാസം 400 രൂപയായി ഉയര്‍ത്തിയെങ്കിലും സെപ്തംബര്‍വരെ 300 രൂപവീതം മാത്രമാണ് വിതരണംചെയ്തത്. ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍വരെയുള്ള പ്രതിമാസ കുടിശ്ശിക 100 രൂപവീതവും കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്. ഈ തുകയും കിട്ടാനിടയില്ല.

2006ല്‍ യുഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മാസങ്ങളുടെ കുടിശ്ശിക ഉണ്ടായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന് മാസങ്ങള്‍ക്കകംതന്നെ കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ അതത് മാസം വിതരണംചെയ്തു. ഓണക്കാലത്ത് ഒരുമാസത്തെ മുന്‍കൂര്‍ പെന്‍ഷനും നല്‍കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനമാസം പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ട്രഷറികളില്‍ മുന്‍കൂര്‍ ഫണ്ടും നീക്കിവച്ചു. ഇതനുസരിച്ച് ഏപ്രില്‍ , മെയ് മാസങ്ങളില്‍ ഉള്‍പ്പെടെ പെന്‍ഷന്‍ കൃത്യമായി നല്‍കി. എന്നാല്‍ , തുടര്‍ന്നുള്ള മാസങ്ങളില്‍ വിതരണം തടസ്സപ്പെട്ടു. ഒടുവില്‍ ഓണക്കാലത്തും പെന്‍ഷന്‍ വിതരണംചെയ്യാത്തത് വിവാദമായപ്പോഴാണ് ധൃതിപിടിച്ച് ഓണത്തിനുതലേന്നും പിറ്റേന്നുമൊക്കെയായി പെന്‍ഷന്‍ അനുവദിച്ചത്. അന്ന് സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ കുറ്റപ്പെടുത്തി. ഫണ്ട് അനുവദിച്ചിട്ടും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും ബോധപൂര്‍വം പെന്‍ഷന്‍ നല്‍കിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇത് അന്വേഷിച്ച് നടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ , സര്‍ക്കാരിന്റെ അലംഭാവമാണ് പെന്‍ഷന്‍ വൈകാന്‍ കാരണമായതെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി തലയൂരി.

deshabhimani 060312

1 comment:

  1. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനെതുടര്‍ന്ന് സംസ്ഥാനത്ത് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണവും മുടങ്ങി. കഴിഞ്ഞ സെപ്തംബറില്‍ ഓണത്തിനു മുന്നോടിയായി വിതരണം ചെയ്തശേഷം ഇതുവരെ ഒരു കര്‍ഷകത്തൊഴിലാളിക്കുപോലും പെന്‍ഷന്‍ കിട്ടിയിട്ടില്ല. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങുന്നത്. വാര്‍ധക്യത്തിന്റെ അവശതയില്‍ കഴിയുന്ന 5,45,063 കര്‍ഷകത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുന്നു. ഈ തുച്ഛമായ തുകയാണ് ഇവരുടെ ഏക ആശ്രയം. സര്‍ക്കാരിന്റെ ക്രൂരതമൂലം ഇവരുടെ കുടുംബങ്ങള്‍ ദുരിതത്തിലായി. വികലാംഗര്‍ , വിധവകള്‍ , വയോജനങ്ങള്‍ , 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങി പത്തരലക്ഷത്തിലേറെപ്പേരുടെ പ്രതിമാസ പെന്‍ഷന്‍ വിതരണം സ്തംഭിച്ചതിനുപുറമെയാണ് കര്‍ഷകത്തൊഴിലാളിപെന്‍ഷനും മുടങ്ങിയത്.

    ReplyDelete