Tuesday, March 6, 2012

പിറവം: "മന്ത്രിക്കു കഴിയാത്തത് എംഎല്‍എ ചെയ്തു"

"ടി എം ജേക്കബിനെക്കൊണ്ട് നടക്കാതിരുന്നത് എംജെ ജേക്കബിനെക്കൊണ്ട് സാധിക്കുമോ എന്നായിരുന്നു ആശങ്ക. പക്ഷേ, വിചാരിച്ചപോലെയല്ല, എം ജെ വന്നപ്പോള്‍ സംഗതി സാധിച്ചു." തിരുവാങ്കുളം കരിങ്ങാച്ചിറ പള്ളിയില്‍ 2010 ഒക്ടോബര്‍ 16നു ചേര്‍ന്ന 100-ാം വാര്‍ഷിക സമ്മേളനത്തില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ആമുഖപ്രസംഗത്തിലെ ഈ പരാമര്‍ശം എം ജെ ജേക്കബ് എന്ന പൊതുപ്രവര്‍ത്തകനുള്ള സാക്ഷ്യപത്രമാണ്. സെമിനാരിയിലേക്ക് വെള്ളം കിട്ടണമെന്ന ദീര്‍ഘകാല ആവശ്യമായിരുന്നു പ്രശ്നം. ഒരുപാടു ശ്രമിച്ചിട്ടും നടന്നില്ല. എം ജെ എംഎല്‍എയായശേഷം അദ്ദേഹം പ്രശ്നം ഏറ്റെടുത്തു. കാര്യം നടന്നു. ഇതു സൂചിപ്പിച്ചാണ്, മെത്രാന്മാരും മന്ത്രിമാരും മറ്റ് വിശിഷ്ടരും സന്നിഹിതരായ സമ്മേളനത്തില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ പ്രശംസ. വാക്കുപാലിക്കാത്തവരെ തിരിച്ചറിയാനും ഈ പരാമര്‍ശം ഉപകരിക്കുന്നു. എം ജെ മന്ത്രിയല്ലായിരുന്നു; പക്ഷേ അദ്ദേഹം വിചാരിച്ചപ്പോള്‍ കാര്യം നടന്നു.
2001-2006 വരെയുള്ള യുഡിഎഫ് ഭരണത്തില്‍ ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്നു ടി എം ജേക്കബ്. എന്നിട്ടും 2006ല്‍ എം ജെ ജേക്കബ് എംഎല്‍എയായി വന്നപ്പോള്‍ പിറവം മണ്ഡലമാകെ കുടിവെള്ള ക്ഷാമത്തിലായിരുന്നു. ആ വേനലിലെ പ്രധാന പ്രശ്നം ദാഹജലമായിരുന്നു. ടി എം ജേക്കബിന്റെ വീട്് പിറവം മണ്ഡലത്തിലെ തിരുമാറാടി പഞ്ചായത്തിലാണ്. 30 വര്‍ഷം അദ്ദേഹം എംഎല്‍എ ആയിരുന്നു. 1982 മുതലുള്ള എല്ലാ യുഡിഎഫ് സര്‍ക്കാരുകളിലും മന്ത്രിയുമായിരുന്നു; 2006ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ ഒഴികെ. എന്നിട്ടും കുടിനീരിനായി പിറവത്തുകാര്‍ നെട്ടോട്ടമോടി. ഈ പ്രശ്നത്തിന് ടി എം ജേക്കബ് മന്ത്രിയായിരുന്ന ഘട്ടത്തിലേതിനേക്കാളേറെ ആശ്വാസം 2006 മുതലുള്ള അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടായി എന്നത് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെ പ്പോലെ പിറവത്തെ ജനങ്ങളാകെ അനുഭവിച്ചറിഞ്ഞതാണ്.

അതീവ ഗുരുതരമായിരുന്നു ജലക്ഷാമം. എം ജെ പിന്നാലെ നടന്നു. 13 കോടി രൂപ അനുവദിപ്പിച്ച് വിവിധ പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. ചൂണ്ടി, പുതുക്കുളനിരപ്പ് തുടങ്ങിയ പദ്ധതികള്‍ ഇതില്‍ പ്രധാനം. ഈ പദ്ധതികള്‍ക്കുവേണ്ടി എം ജെ നിരന്തരം ഇടപെട്ടത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് അനുസ്മരിക്കാറുണ്ട്. ആ പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ മനസ്സുവച്ചിരുന്നെങ്കില്‍ കഴിഞ്ഞ 10 മാസംകൊണ്ട് പൂര്‍ത്തിയാക്കാമായിരുന്നു. കഴിഞ്ഞൊരു ദിവസം വോട്ട്പിടിക്കാന്‍ കള്ളുകുപ്പി "സമ്മാനവുമായി" കൊണ്ടുചെന്ന യുഡിഎഫുകാരെ "ഇതിനുപകരം ടാങ്കറില്‍ കുറച്ച് വെള്ളം കൊണ്ടുതന്നൂടെ" എന്നു ചോദിച്ച് നാട്ടുകാര്‍ മടക്കിവിട്ടത്രേ.

പിറവം മണ്ഡലത്തില്‍ ദേശീയനിലവാരത്തിലുള്ള റോഡ് ഇപ്പോഴുണ്ട്- നടക്കാവുമുതല്‍ ഒലിയപ്പുറംവരെയുള്ള 29 കിലോമീറ്റര്‍ . അതിനും എം ജെ വരേണ്ടിവന്നു എന്നതാണ് സത്യം. ഒലിയപ്പുറംമുതല്‍ കൂത്താട്ടുകുളം വരെയുള്ള റോഡിന് പുതിയ പദ്ധതിരേഖ എം ജെ കഴിഞ്ഞസര്‍ക്കാരിനു സമര്‍പ്പിക്കുകയും കരാറാകുകയും പണി ആരംഭിക്കുകയും ചെയ്തതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ തെരഞ്ഞെടുപ്പു കമീഷന്‍ അത് നിര്‍ത്തിവയ്പിച്ചു. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ആ പദ്ധതിയെ തിരിഞ്ഞുനോക്കിയിട്ടില്ല.
(പി ജയനാഥ്)

നാട്ടിടങ്ങളില്‍ ചരിത്രംരചിച്ച വരവേല്‍പ്പ്

ആള്‍ക്കൂട്ടത്തിനിടയിലൂടെ ചുവന്ന മാലകളിട്ട് തന്റെ അടുത്തെത്തിയ എം ജെ ജേക്കബിന് മാലയിട്ടശേഷം ഉള്ളേലികുന്നത്തെ സുനിലിന്റെ മകള്‍ മൂന്നുവയസ്സുകാരി ഗൗരി പറഞ്ഞു: "നേഴ്സറീല് പോയി എല്ലാരോടും പറയണം". സുന്ദരിക്കുട്ടിയുടെ കവിളില്‍ തലോടിയശേഷം എം ജെ മുന്നോട്ടുനീങ്ങി. കടത്തിണ്ണയില്‍ കാത്തുനിന്ന പിഞ്ചുകുട്ടികള്‍ ഒരോരുത്തരായി മാല അണിയിച്ചപ്പോള്‍ ജേക്കബേട്ടന് സന്തോഷം. ഓരോരുത്തരുടെയും തലയില്‍ വാത്സല്യത്തോടെ തഴുകി, ചിലരുടെ കവിളില്‍ തട്ടി അദ്ദേഹം മുന്നോട്ടു നീങ്ങി. ലക്ഷംവീട് കോളനിയില്‍ എം ജെ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ വാര്‍ധക്യരോഗങ്ങളാല്‍ അവശനായ ശ്രീധരന്‍ വേച്ചുപിടിച്ച് ടാറിട്ട റോഡിലെത്തി. കത്തുന്ന വെയിലില്‍ അല്‍പ്പനേരം നിന്നതും തലചുറ്റി. ഭാര്യ സുലോചനയും അയല്‍ക്കാരും ഓടിയെത്തി പിടിച്ചില്ലായിരുന്നെങ്കില്‍ വീഴുമായിരുന്നു. മുറ്റത്തൊരു സ്റ്റൂളിട്ട് ശ്രീധരനെ ഇരുത്തി. "ഒരു തോര്‍ത്തുകൂടി തലയില്‍ ഇടാതെ വെയിലത്തിറങ്ങിയല്ലോ..." സുലോചനയുടെ പരിഭവംപറച്ചിലിനിടയിലും ശ്രീധരന്റെ കണ്ണുകള്‍ റോഡിലേക്കായിരുന്നു. കാത്തിരിപ്പിനൊടുവില്‍ "ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുന്നണിപ്പോരാളി സഖാവ് എം ജെ ജേക്കബ് ഇതാ ഈ വാഹനത്തിനുപിറകെ" എന്ന വാക്കുകള്‍ കേട്ടതും ശ്രീധരന്‍ എഴുന്നേറ്റു. നിറചിരിയോടെ എം ജെ അടുത്തെത്തിയപ്പോള്‍ ആ കൈകള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. എം ജെ എത്തിയപ്പോള്‍ രാമമംഗലം മാര്‍ക്കറ്റിലെ കുര്യന്‍ സ്റ്റോഴ്സ് ഉടമ മത്തായി കാത്തുനിന്ന് മാലയിട്ടു, കൈകുലുക്കി, സന്തോഷം ഒന്നുകൂടി രേഖപ്പെടുത്താന്‍ എം ജെയെ ഇറുക്കെ കെട്ടിപ്പിടിച്ചു.
മാര്‍ക്കറ്റിനകത്ത് ഉണക്കമീന്‍ വില്‍ക്കുന്നവര്‍ എം ജെയോട് പറഞ്ഞു: "ഞങ്ങള്‍ ഈ കരക്കാരല്ല. എന്നാല്‍ ഞങ്ങള്‍ അറിയാവുന്ന എല്ലാരോടും പറയും എം ജെയെ വിജയിപ്പിക്കണമെന്ന്". ഗ്രാമഭംഗി തുളുമ്പുന്ന നാട്ടിടവഴികളിലും തിരക്കേറിയ കവലകളിലും എം ജെയെ രാമമംഗലത്തുകാര്‍ കാത്തുനിന്ന് പകര്‍ന്നുനല്‍കിയത് സ്നേഹം മാത്രമായിരുന്നു. പകല്‍ 11ന് കിഴുമുറി കോളനിയില്‍ എത്തിയപ്പോള്‍ നാട്ടുകാരും അടുത്ത തോട്ടത്തിലെ തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ജേക്കബിനെ സ്വീകരിക്കാനെത്തിയത്. സ്ത്രീകളായിരുന്നു അധികവും. മാലയിടാന്‍ കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിര അവസാനിച്ചപ്പോള്‍ മറുപടിപ്രസംഗത്തിനായി മൈക്ക് കൈയിലെടുത്ത് ജേക്കബ്ബേട്ടന്‍ പറഞ്ഞു:

"നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിനും എന്താണ് ഞാന്‍ തിരിച്ചുതരിക. എന്നും നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടാവും എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു".

രാവിലെ ഭണ്ഡാരപ്പടിയില്‍നിന്നാണ് എം ജെ പര്യടനം തുടങ്ങിയത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനംചെയ്തു. കാവുങ്കട, കല്ലറക്കോട്, കോട്ടപ്പുറം, കൈലോലി, പള്ളിത്താഴം, പുത്തന്‍പുരയ്ക്കല്‍കുടി, കടവ്, മന്നായത്ത് കവല എല്ലായിടത്തും നാട്ടുകാരുടെ സ്നേഹം വിളിച്ചോതുന്ന സ്വീകരണം. പൂക്കോട്ടുപടിയിലായിരുന്നു ഉച്ചഭക്ഷണം. ഇടയ്ക്ക് സിപിഐ എം ജില്ലാസെക്രട്ടറി എം വി ഗോവിന്ദനും കൂത്താട്ടുകുളം ഏരിയ സെക്രട്ടറി എ എം ചാക്കോയും എത്തി. കെ വി ഏലിയാസ്, എം എന്‍ മോഹനന്‍ , സി കെ വര്‍ഗീസ്, സി എന്‍ സദാമണി, എം ഉണ്ണികൃഷ്ണന്‍ ,സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ കെ രാഗേഷ്, എം സ്വരാജ്, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പി എസ് മോഹനന്‍ , ഒ എന്‍ വിജയന്‍ , ലോക്കല്‍ സെക്രട്ടറി പി എം പൈലി, ഉഴവൂര്‍ വിജയന്‍ , കെ വി മത്തായി, കെ എന്‍ സുഗതന്‍ , ടി സി സന്‍ജിത്, കെ എന്‍ ഗോപി, കെ എന്‍ രജീഷ്, കെ ചന്ദ്രശേഖരന്‍ എന്നിവരും സംസാരിച്ചു.
(എം അഖില്‍)

കുടുംബയോഗങ്ങളിലേക്ക് കുത്തൊഴുക്ക്

ഒരു നാട് കുടുംബസമേതം ജനപക്ഷ രാഷ്ട്രീയത്തിന്റെ ശരിയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ പിറവം മണ്ഡലത്തില്‍ ദൃശ്യമാകുന്നത്. യുഡിഎഫ് ക്യാമ്പിനെ പരാജയഭീതിയിലാഴ്ത്തുന്ന ജനപങ്കാളിത്തമാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച കുടുംബയോഗങ്ങളിലെങ്ങും കാണുന്നത്. എല്‍ഡിഎഫിന്റെ സമുന്നത നേതാക്കള്‍ പങ്കെടുത്ത് നടത്തുന്ന കുടുംബയോഗങ്ങള്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു. നാടിന്റെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സംവാദവേദികളായും ഇതു മാറുന്നു. കൂത്താട്ടുകുളം പഞ്ചായത്തില്‍ ഇതുവരെ മൂവായിരത്തോളം പേര്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. 10 ബൂത്തിലായി നാല്‍പ്പത്തഞ്ചോളം കുടുംബയോഗങ്ങള്‍ കഴിഞ്ഞു. പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍ , പി രാജേന്ദ്രന്‍ , കെ സുരേഷ്കുറുപ്പ്, സാജു പോള്‍ , എം പ്രകാശന്‍ , എം രാജഗോപാല്‍ , എന്‍ സി മോഹനന്‍ , പി കെ സോമന്‍ , പി കെ ശിവശങ്കരപ്പിള്ള, മുണ്ടക്കയം സദാശിവന്‍ , കമല സദാനന്ദന്‍ , പി കെ ശ്രീധരന്‍ , വി കെ ശിവന്‍ , എ എസ് രാജന്‍ , കെ ചന്ദ്രശേഖരന്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. ചോറ്റാനിക്കരയില്‍ 82 കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. ഏഴും എട്ടും കുടുംബയോഗങ്ങള്‍വരെ ഒരോ ബൂത്തിലും കഴിഞ്ഞു. അറുപതോളം പേര്‍വരെ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നു. രണ്ടു ബൂത്ത്വീതം കേന്ദ്രീകരിച്ച് കുടുംബസദസ്സുകളും ചേരുന്നുണ്ട്. എം സി ജോസഫൈന്‍ , കെ കെ ജയചന്ദ്രന്‍ , സി വി കുഞ്ഞമ്പു, കെ തുളസി, സുഭാഷ്ചന്ദ്രബോസ്, സി പി ഉഷ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.
തിരുമാറാടിയില്‍ 110 പേര്‍വരെ പങ്കെടുത്ത വിപുലീകൃത കുടുംബയോഗങ്ങള്‍ നടന്നു. പി കെ ശ്രീമതി, എം വി ജയരാജന്‍ , ജെയിംസ് മാത്യു, കെ വി ശശി, സി എന്‍ ബാലകൃഷ്ണന്‍ , ശിവന്‍ തുടങ്ങിയവരും യോഗങ്ങളില്‍ പങ്കെടുക്കുന്നു. സാധാരണ കുടുംബയോഗങ്ങളില്‍ 50 പേര്‍വരെ പങ്കെടുക്കുന്നു. മൊത്തം നാല്‍പ്പത്തഞ്ചിലധികം കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. പിറവം പഞ്ചായത്തില്‍ തോമസ് ഐസക്, പി കെ ശ്രീമതി, കെ കെ ഷൈലജ, കെ എന്‍ ബാലഗോപാല്‍ , എന്‍ ആര്‍ ബാലന്‍ തുടങ്ങിയവര്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. സാധാരണ കുടുംബയോഗങ്ങളില്‍ നൂറ്റി ഇരുപത്തഞ്ചോളം പേര്‍വരെ പങ്കെടുക്കുമ്പോള്‍ വിപുലീകൃത കുടുംബയോഗങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വന്‍തോതില്‍ ദൃശ്യമായി. വിപുലീകൃത കുടുംബയോഗങ്ങള്‍ കൂടാതെത്തന്നെ എഴുപത്തഞ്ചിലധികം സാധാരണ കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. മുളന്തുരുത്തിയില്‍ നാല്‍പ്പതിലധികം കുടുംബയോഗങ്ങള്‍ കഴിഞ്ഞു. 125 പേര്‍വരെ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എം എ ബേബി, എസ് ശര്‍മ, ബാബു എം പാലിശേരി, എം എം വര്‍ഗീസ്, കെ ജെ ജേക്കബ്, ടി ആര്‍ ഗോപിനാഥന്‍ , വി എസ് ഷഡാനന്ദന്‍ , സി കെ റെജി, കെ എം ദിനകരന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മാണത്തൊഴിലാളികള്‍ , കൈത്തൊഴിലാളികള്‍ എന്നിവരുടേതടക്കമുള്ള പ്രത്യേക കുടുംബയോഗങ്ങളും നടക്കുന്നു.

മണീട് പഞ്ചായത്തില്‍ എഴുപതിലധികം കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. ഇരുന്നൂറിലേറെപേര്‍വരെ പങ്കെടുത്ത കുടുംബയോഗങ്ങളും നടന്നു. എം എ ബേബി, സി എന്‍ മോഹനന്‍ , കെ രാധാകൃഷ്ണന്‍ എന്നിവര്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നു. ആമ്പല്ലൂരില്‍ അറുപതിലേറെ കുടുംബയോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. സ്ത്രീകളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ഒരോ കുടുംബയോഗത്തിലും ഉണ്ടാകുന്നത്. എ വിജയരാഘവന്‍ , എം സി ജോസഫൈന്‍ , പി കെ ശ്രീമതി, എളമരം കരിം, പി മമ്മിക്കുട്ടി, പി കെ ശശി, പി കെ ഹരികുമാര്‍ , പി എം ഇസ്മയില്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. ഇലഞ്ഞി പഞ്ചായത്തില്‍ അമ്പതിലേറെ കുടുംബയോഗങ്ങള്‍ നടന്നു. തോമസ് ഐസക്, കെ കെ ഷൈലജ, എസ് രാജേന്ദ്രന്‍ , ബാബുപോള്‍ , കെ എം നാസര്‍ , സി കെ മണിശങ്കര്‍ , കെ എന്‍ ഗോപിനാഥ്, പി എസ് ഷൈല, പി കെ ജോസ്, പി സി തോമസ് എന്നിവര്‍ പങ്കെടുത്തു. തിരുവാങ്കുളത്ത് നൂറുകണക്കിനുപേര്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളാണ് നടക്കുന്നത്. എ കെ ബാലന്‍ , പി രാജീവ് എന്നിവര്‍ പങ്കെടുക്കുന്നു. നാല്‍പ്പതിലേറെ യോഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലും നാല്‍പ്പതിലേറെ കുടുംബയോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. എ വിജയരാഘവന്‍ , കെ ചന്ദ്രന്‍പിള്ള, കെ എന്‍ ഉണ്ണികൃഷ്ണന്‍ , സ്യമന്തഭദ്രന്‍ , ജോണ്‍ഫെര്‍ണാണ്ടസ്, നാരായണദാസ് എന്നിവര്‍ പങ്കെടുക്കുന്നു. നൂറുകണക്കിനുപേരാണ് യോഗങ്ങളില്‍ എത്തുന്നത്.

ഇരുമ്പനത്ത് 43 കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. എ കെ ബാലന്‍ , പി രാജീവ്, സി കെ പരീത്, ഹെന്നി ബേബി, സുധാകരന്‍ തുടങ്ങിയവരും യോഗങ്ങളില്‍ പങ്കെടുക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മണീട് പഞ്ചായത്ത് 38-ാം ബൂത്തില്‍ ഇടത്തരം കര്‍ഷകരുടെ സംഗമം സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. എഴക്കരനാട് സ്രാപ്പിള്ളി മാമലയില്‍ വര്‍ഗീസിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ് തോമസ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍ , സി എന്‍ മോഹനന്‍ , കണ്ണൂര്‍ ജില്ല സെക്രട്ടറിയറ്റ് അംഗം കെ എം ജോസഫ്, കൊല്ലം ജില്ല സെക്രട്ടറിയറ്റ് അംഗം കെ എസ് ജയമോഹനന്‍ , വി സോജകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി ബി രതീഷ് സ്വാഗതം പറഞ്ഞു. എഴക്കരനാട് കാശിമനപ്പടി 39-ാം ബൂത്ത് സ്ഥാനത്തുകുന്നേല്‍ ശശിയുടെ വീട്ടില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ എം എ ബേബി, സി എന്‍ മോഹനന്‍ , സി എന്‍ രാജന്‍ കെ എം ജോസഫ്, കെ കെ ഏലിയാസ് എന്നിവര്‍ സംസാരിച്ചു. ടി ജെ വര്‍ഗീസ് അധ്യക്ഷനായി. എം വി വര്‍ഗീസ് സ്വാഗതം പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ ആള്‍മാറാട്ടവും

ഉപതെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ആള്‍മാറാട്ടം. മണീട് പഞ്ചായത്ത് 40-ാം നമ്പര്‍ ബൂത്തില്‍ (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെട്ടിത്തറ) 1102 നമ്പര്‍ വോട്ടിലാണ് ആള്‍മാറാട്ടം. ഗീതു ഗോപി എന്നാണ് വോട്ടറുടെ പേര്. എന്നാല്‍ ചിത്രം ഗീതു ഗോപിയുടേതല്ല; മറ്റൊരു സ്ത്രീയുടേതാണ്. വീട്ടുപേര് കുന്നില്‍ പുത്തന്‍പുരയില്‍ എന്നു മാറ്റിയിട്ടുമുണ്ട്. കൊല്ലാട്ടില്‍ ഗോപിയുടെ മകള്‍ ഗീതു ഗോപി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഹിയറിങ്ങിന് ഹാജരാകുകയും ചെയ്തു. പക്ഷേ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചില്ല. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഗീതു ഗോപിയുടെ പേരിലുള്ള കോളത്തില്‍ മറ്റൊരു സ്ത്രീയുടെ ചിത്രമാണുള്ളത്.

ഉപതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ യുഡിഎഫ് വന്‍തോതില്‍ ക്രമക്കേട് നടത്തിയിരുന്നു. അന്യസംസ്ഥാനത്തുനിന്ന് ജോലിക്കുവന്നവര്‍ , മറ്റു ജില്ലകളിലെയും മണ്ഡലത്തിനു പുറത്തെയും യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. എല്‍ഡിഎഫ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും താലൂക്ക് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് യുഡിഎഫുകാര്‍ കള്ളവോട്ടിനായി നല്‍കിയ 4000 അപേക്ഷ അധികൃതര്‍ക്ക് തള്ളേണ്ടിവന്നു. എങ്കിലും അന്തിമപട്ടിക പ്രസിദ്ധീകരിച്ചതിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് ഗീതു ഗോപിയുടെ പേരില്‍ ആള്‍മാറാട്ടം. ഗീതു ഗോപി എല്‍ഡിഎഫ് അനുഭാവിയാണ്.

"ടോര്‍ച്ച്" പവര്‍ക്കട്ടിന്റെ മുന്നോടി

സംസ്ഥാനത്ത് സമ്പൂര്‍ണ പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടോര്‍ച്ച് ചിഹ്നമായി തെരഞ്ഞെടുത്തതെന്ന് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. രാമമംഗലം ഊരമനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ വാഹനപര്യടന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പവര്‍ക്കട്ട് മാത്രമല്ല; കേരളത്തിന്റെ സമസ്തമേഖലയിലും ഇരുട്ടുപരക്കും. യുഡിഎഫിന്റെ ഇന്നത്തെ ദുരവസ്ഥ മറച്ചുപിടിക്കാന്‍ പിറവത്തുകാരുടെ കണ്ണില്‍ ടോര്‍ച്ചടിച്ച് രക്ഷപ്പെടാമെന്ന് യുഡിഎഫ് കരുതേണ്ട. വികസനനേട്ടങ്ങള്‍കൊണ്ട് പിറവത്തെ ജനതയ്ക്കുമുന്നില്‍ ഉദയസൂര്യനെപ്പോലെ പ്രകാശിച്ചുനില്‍ക്കുന്ന എം ജെയ്ക്കു മുന്നില്‍ ടോര്‍ച്ച്വെട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടമായി മാറും. മാര്‍ച്ച് 17ന് ടോര്‍ച്ചിന്റെ ബള്‍ബ് ഫ്യൂസാകുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

ജനം തള്ളി; യുഡിഎഫ് പര്യടനം ഓട്ടപ്രദക്ഷിണമായി

യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് പഴയ തിരുവാങ്കുളം പഞ്ചായത്ത് പ്രദേശത്ത് പര്യടനം നടത്തി. രാവിലെ ട്രാക്കോ കേബിള്‍ ജങ്ഷനില്‍നിന്നാരംഭിച്ച പര്യടനം വൈകിട്ട് തിരുവാങ്കുളത്ത് സമാപിച്ചു. സ്വീകരണത്തിലെ പങ്കാളിത്തക്കുറവുമൂലം രാവിലത്തെ പര്യടനം നേരത്തേ അവസാനിപ്പിച്ചു. ഇരുമ്പനം പ്രദേശത്തെ പര്യടനമാണ് ഒരുമണിക്കൂര്‍ നേരത്തേ അവസാനിപ്പിച്ചത്. ട്രാക്കോ കേബിള്‍ ജങ്ഷനില്‍ ബെന്നി ബഹനാന്‍ എംഎല്‍എ ഉദ്ഘാടനംചെയ്ത പര്യടനത്തില്‍ തുടക്കം മുതലേ ജനങ്ങളുടെ സഹകരണക്കുറവ് പ്രകടമായി. സ്വീകരണത്തിന് ആളുകളെത്താത്തതുമൂലം നിശ്ചയിച്ചതിലും നേരത്തെ പര്യടനം സ്വീകരണകേന്ദ്രങ്ങളിലൂടെ കടന്നുപോയി. 1.30ന് ഐശ്വര്യ നഗറിലെ സ്വീകരണത്തിനുശേഷം ഉച്ചഭക്ഷണത്തിനു പിരിയുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എല്ലായിടത്തും തിരക്കിട്ട് സ്വീകരണം നല്‍കി 12.30നുതന്നെ രാവിലത്തെ പര്യടനം അവസാനിച്ചു. സ്ഥാനാര്‍ഥിയെ അനുഗമിക്കുന്ന ഏഴോളം വാഹനങ്ങളില്‍നിന്നിറങ്ങിയവരാണ് സ്വീകരണകേന്ദ്രങ്ങളില്‍ അല്‍പ്പമെങ്കിലും ആളനക്കം സൃഷ്ടിച്ചത്.

ചാനല്‍ തെരഞ്ഞെടുപ്പു പരിപാടിക്കിടെ സിപിഐ എം പ്രവര്‍ത്തകന് മര്‍ദനം

ചാനല്‍ നടത്തിയ തെരഞ്ഞെടുപ്പു പരിപാടിക്കിടെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകനു പരിക്കേറ്റു. സിപിഐ എം കുലൈറ്റിക്കര നോര്‍ത്ത് ബ്രാഞ്ച് അംഗം മാരീത്താഴം തൊട്ടിപ്പറമ്പില്‍ ടി പി സതീശനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സതീശനെ മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം ആമ്പല്ലൂര്‍ ലോക്കല്‍ സെക്രട്ടറി എം പി നാസറിനെയും ഗുണ്ടകള്‍ ആക്രമിക്കാനായി വളഞ്ഞു. എന്നാല്‍ , സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെറുത്തതിനാല്‍ പിന്തിരിഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജങ്ഷനില്‍ മനോരമ ടിവിയുടെ "വോട്ടുകവല" പരിപാടിക്കിടെയാണ് സംഭവം. എം പി നാസര്‍ , ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ എസ് കുര്യാക്കോസ്, ബിജെപി നേതാവ് പീതാംബരന്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്കിടെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് കൂവാന്‍ തുടങ്ങി. നാസറിനെക്കൊണ്ട് എല്‍ഡിഎഫിന്റെ നിലപാട് വിശദീകരിക്കാന്‍ സമ്മതിക്കാതെയായിരുന്നു കൂവല്‍ . ഉദയംപേരൂരില്‍നിന്നുള്ള സ്വകാര്യബസ് മുതലാളിയും ഒപ്പമെത്തിയ ചില ഗുണ്ടകളും കൂവാന്‍ ഉണ്ടായിരുന്നു. ഈ സമയം പരിപാടിയില്‍ പങ്കെടുത്ത പ്രേക്ഷകന്‍ പഞ്ചായത്ത് പ്രസിഡന്റിനോട് കുടിവെള്ളവിതരണത്തെപ്പറ്റിയുള്ള ചോദ്യം ഉന്നയിച്ചു. ഇതുകേട്ട് പ്രകോപിതരായ ഗുണ്ടകള്‍ ഓടിവന്ന് ഇയാളെ തൊഴിച്ചുതെറിപ്പിച്ചു. തടസ്സം പിടിക്കാന്‍ ചെന്നപ്പോള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ച് സതീശനെ മര്‍ദിക്കുകയായിരുന്നു. പിന്നീട് ഇവര്‍ നാസറിനെ വളഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ചാനല്‍സംഘം പരിപാടി നിര്‍ത്തി സ്ഥലംവിട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കാഞ്ഞിരമറ്റം ജങ്ഷനില്‍ പ്രകടനം നടത്തി. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സതീശനെ സിപിഐ എം നേതാക്കളായ എ വിജയരാഘവന്‍ , എളമരം കരീം പിറവം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് എന്നിവര്‍ സന്ദര്‍ശിച്ചു.

എം ജെയുടെ വിജയത്തിന് ഡിവൈഎഫ്ഐ സ്ക്വാഡ്

ഡിവൈഎഫ്ഐ ചോറ്റാനിക്കര പഞ്ചായത്ത് കണ്‍വന്‍ഷന്‍ ചോറ്റാനിക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ കെ ജയചന്ദ്രന്‍ എംഎല്‍എ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അനിത, തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് എ യു ബിജു, മേഖലാ സെക്രട്ടറി അഡ്വ. ബിപിന്‍ ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് എ എസ് ശ്രീകുമാര്‍ അധ്യക്ഷനായി. വി പി പ്രമോദ്, രാജേന്ദ്രന്‍ , സി വി സുഭാഷ്, കെ വി വിനയന്‍ , വി ആര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ വിജയിപ്പിക്കുന്നതിനായി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ 25 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷനില്‍ വനിതകളടക്കം ഇരുന്നൂറിലേറെപ്പേര്‍ പങ്കെടുത്തു.

deshabhimani 060312

1 comment:

  1. "ടി എം ജേക്കബിനെക്കൊണ്ട് നടക്കാതിരുന്നത് എംജെ ജേക്കബിനെക്കൊണ്ട് സാധിക്കുമോ എന്നായിരുന്നു ആശങ്ക. പക്ഷേ, വിചാരിച്ചപോലെയല്ല, എം ജെ വന്നപ്പോള്‍ സംഗതി സാധിച്ചു." തിരുവാങ്കുളം കരിങ്ങാച്ചിറ പള്ളിയില്‍ 2010 ഒക്ടോബര്‍ 16നു ചേര്‍ന്ന 100-ാം വാര്‍ഷിക സമ്മേളനത്തില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ആമുഖപ്രസംഗത്തിലെ ഈ പരാമര്‍ശം എം ജെ ജേക്കബ് എന്ന പൊതുപ്രവര്‍ത്തകനുള്ള സാക്ഷ്യപത്രമാണ്. സെമിനാരിയിലേക്ക് വെള്ളം കിട്ടണമെന്ന ദീര്‍ഘകാല ആവശ്യമായിരുന്നു പ്രശ്നം. ഒരുപാടു ശ്രമിച്ചിട്ടും നടന്നില്ല. എം ജെ എംഎല്‍എയായശേഷം അദ്ദേഹം പ്രശ്നം ഏറ്റെടുത്തു. കാര്യം നടന്നു. ഇതു സൂചിപ്പിച്ചാണ്, മെത്രാന്മാരും മന്ത്രിമാരും മറ്റ് വിശിഷ്ടരും സന്നിഹിതരായ സമ്മേളനത്തില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ പ്രശംസ. വാക്കുപാലിക്കാത്തവരെ തിരിച്ചറിയാനും ഈ പരാമര്‍ശം ഉപകരിക്കുന്നു. എം ജെ മന്ത്രിയല്ലായിരുന്നു; പക്ഷേ അദ്ദേഹം വിചാരിച്ചപ്പോള്‍ കാര്യം നടന്നു.

    ReplyDelete