Wednesday, March 7, 2012

"മാജിക്"പൊളിഞ്ഞു; കോണ്‍ഗ്രസ് നാണംകെട്ടു

കേന്ദ്രഭരണം നയിക്കുന്ന കോണ്‍ഗ്രസിന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. ഗോവയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പിന്നിലായി. പഞ്ചാബിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. ഉത്തരാഖണ്ഡില്‍ കിതച്ചുനിന്നു. മണിപ്പുരില്‍മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസജയം.

തെരഞ്ഞെടുപ്പുഫലം ദേശീയരാഷ്ട്രീയത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. കോണ്‍ഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാന്‍ ഒപ്പമുള്ളവര്‍ നിര്‍ബന്ധിതരാകും. നിയമസഭയില്‍ 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടി 224 സീറ്റില്‍ വിജയിച്ച് വ്യക്തമായ ആധിപത്യം നേടി. വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ അവസാനംവരെ എസ്പിതന്നെയായിരുന്നു മുന്നില്‍ . ഭരണകക്ഷിയായിരുന്ന ബഹുജന്‍ സമാജ് പാര്‍ടിക്ക് 80 സീറ്റ് ലഭിച്ചു. 100 സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് 28 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 47 സീറ്റ് നേടി ബിജെപി മൂന്നാംസ്ഥാനത്ത് തുടര്‍ന്നു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ആര്‍എല്‍ഡിക്ക് 10 സീറ്റ് ലഭിച്ചു. ആര്‍എല്‍ഡിയുടെ സഹായമില്ലായിരുന്നെങ്കില്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതിലും മോശമാകുമായിരുന്നു.

മുലായംസിങ് യാദവുതന്നെ മുഖ്യമന്ത്രിയാകുമെന്ന് എസ്പി വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ലോക്സഭാംഗമായ മുലായം മുഖ്യമന്ത്രിയായശേഷം നിയമസഭയിലേക്ക് മത്സരിക്കും. പഞ്ചാബില്‍ അകാലിദള്‍ -ബിജെപി സര്‍ക്കാരിനെതിരായ ജനവികാരവും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചില്ല. കോണ്‍ഗ്രസിനേക്കാള്‍ ഭേദം അകാലിദള്‍ ആണെന്ന് ജനം വിധിയെഴുതി. 40 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലേറുന്നതിന് പഞ്ചാബ് സാക്ഷ്യംവഹിച്ചു. മുഖ്യമന്ത്രിയായി പ്രകാശ്സിങ് ബാദല്‍ തുടരും. സഹോദരന്റെയും മറ്റൊരു ബന്ധുവിന്റെയും ശക്തമായ വെല്ലുവിളി നേരിട്ട് അദ്ദേഹം ലമ്പി മണ്ഡലത്തില്‍ വിജയിച്ചു.

ഗോവയില്‍ ബിജെപി സഖ്യം ഉയര്‍ത്തിയ വെല്ലുവിളി നേരിടാനാകാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. 40 സീറ്റില്‍ 21 ബിജെപിയും മൂന്നെണ്ണം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടിയും നേടി. കോണ്‍ഗ്രസിന് ഒമ്പത് സീറ്റേ ലഭിച്ചുള്ളൂ. മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ ഗോവയില്‍ അധികാരമേല്‍ക്കും. മണിപ്പുരില്‍ ഒഖ്റം ഇബോബി സിങ്ങിനെ ജനങ്ങള്‍ വീണ്ടും അധികാരമേല്‍പ്പിച്ചു. 60 അംഗ നിയമസഭയില്‍ 42 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് നേടി. ഉത്തരാഖണ്ഡില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 70 സീറ്റില്‍ കോണ്‍ഗ്രസ് 32 ഉം ബിജെപി 31 ഉം നേടി. മൂന്ന് സീറ്റ് നേടിയ ബിഎസ്പിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമാകും. നിലവില്‍ മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബി സി ഖണ്ഡൂരി പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത ആഘാതമായി.

മുന്‍മുഖ്യമന്ത്രി രമേശ് പൊക്രിയാല്‍ ജയിച്ചിട്ടുണ്ടെങ്കിലും ഇദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വരും. മറുവശത്ത് കോണ്‍ഗ്രസും ഇതേ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എച്ച് എസ് റാവത്ത്, പിസിസി പ്രസിഡന്റ് യശ്പാല്‍ ആര്യ എന്നിവരൊക്കെ ജയിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുതിര്‍ന്ന നേതാവ് എന്‍ ഡി തിവാരിയും പ്രായത്തിന്റെ അവശതകളൊക്കെ മറന്ന് സജീവമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും എന്നെങ്കിലുമൊരിക്കല്‍ കോണ്‍ഗ്രസ് യുപിയില്‍ തിരിച്ചുവരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ബഹുജനാടിത്തറ ദുര്‍ബലമെന്നാണ് ഈ തെരഞ്ഞെടുപ്പുഫലവും കാണിക്കുന്നതെന്നും അദ്ദേഹം സമ്മതിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്സിങ് രാജിസന്നദ്ധത അറിയിച്ചു.
(വി ജയിന്‍)

"മാജിക്"പൊളിഞ്ഞു തിളങ്ങിയത് അഖിലേഷ്

ലഖ്നൗ: 20 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിച്ച യുവാക്കളില്‍ തിളങ്ങിയത് സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്. പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാമായിരുന്ന ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിയെയും അവസാനം തുറുപ്പുചീട്ടായി ഇറക്കിയ പ്രിയങ്കഗാന്ധിയെയും രാഷ്ട്രീയ ലോക്ദള്‍ നേതാവും കേന്ദ്രമന്ത്രി അജിത്സിങ്ങിന്റെ മകനും പാര്‍ലമെന്റ് അംഗവുമായ ജയന്ദ് ചൗധരിയെയും നിഷ്പ്രഭമാക്കിയാണ് അഖിലേഷിന്റെ നേട്ടം. ബിഎസ്പിയില്‍നിന്ന് ഭരണം തിരിച്ചുപിടിച്ചു മാത്രമല്ല വോട്ടെടുപ്പിന് മുമ്പെ വിജയം പ്രഖ്യാപിച്ച് തേരോട്ടം തുടങ്ങിയ രാഹുലിനെ നിഷ്പ്രഭമാക്കിയുമാണ് മൂലായംസിങ് യാദവിന്റെ മകനും ലോക്സഭ അംഗവുമായ ഈ മുപ്പത്തൊമ്പതുകാരന്‍ താരമായത്. മൂലായംസിങ് യാദവിനൊപ്പമാണ് അഖിലേഷും സമാജ്വാദിയെ നയിച്ചത്. പാര്‍ടിക്ക് പുതിയ മുഖം നല്‍കാനും അദ്ദേഹത്തിനായി. മൂലായം സിങ്ങിനോടൊപ്പംതന്നെ അടുത്ത മുഖ്യമന്ത്രിയായിപ്പോലും അഖിലേഷിന്റെ പേര് ഉയര്‍ന്നുകഴിഞ്ഞു.

രണ്ടായിരത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കനൂജില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചാണ് അഖിലേഷ് രാഷ്ട്രീയരംഗത്ത് സജീവമായത്. 2004ലും 2009ലും നടന്ന തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചു. 2009ല്‍ ഫിറോസാബാദില്‍നിന്നും കനൂജില്‍നിന്നും വിജയിച്ച ഈ യുവ എന്‍ജിനിയര്‍ ഫിറോസാബാദ് ഉപേക്ഷിക്കുകയായിരുന്നു. 1973 ജുലൈ ഒന്നിന് ജനിച്ച അഖിലേഷ് മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദവും ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. സമാജ്വാദിയില്‍ ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യംചെയ്യുന്ന അപൂര്‍വ നേതാവാണ് അഖിലേഷ്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത് തമ്പടിച്ചത്. യുപി തെരഞ്ഞെടുപ്പിലെ മിടുക്ക് രാഹുലിന്റെ കഴിവ് തെളിയിക്കാനുള്ളതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചനയും നല്‍കിയിരുന്നു. ആദിവാസി വീടുകളില്‍ പാര്‍ത്തും തട്ടുകടയില്‍നിന്ന് ചായകുടിച്ചും തൊഴിലാളികള്‍ക്കൊപ്പം മണ്ണുചുമന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ചെല്ലുന്നിടത്തുനിന്നെല്ലാം തോക്കുമായി പിടികൂടിയ ആളുകളെ ദയാപൂര്‍വംവിട്ടും ഗാന്ധിസം കാട്ടി. എന്നാല്‍ , ഫലം വന്നതോടെ അമേത്തിയടക്കമുള്ള കോണ്‍ഗ്രസ് തറവാട് കുളംകോരിയതിന്റെ ഉത്തരവാദിത്തവും രാഹുലിനായി.

കൈവിട്ടു... അമേത്തിയും റായ്ബറേലിയും

ഉത്തര്‍പ്രദേശില്‍ നെഹ്റുകുടുംബത്തിന്റെ തട്ടകമായി അറിയപ്പെടുന്ന റായ്ബറേലിയും അമേത്തിയും കോണ്‍ഗ്രസിനെ കൈവിട്ടു. ഈ മേഖലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്തും തോറ്റത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി. അമേത്തിയിലെയും റായ്ബറേലിയിലെയും വോട്ടര്‍മാര്‍കൂടി കൈവിട്ടതോടെ യുപിയില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായി. സോണിയ ഗാന്ധിയെ പാര്‍ലമെന്റിലെത്തിച്ച റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍പോലും കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനായില്ല. മൂന്ന് മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുംചെയ്തു.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് പിന്നിലായി. ഇവിടെ രണ്ട് മണ്ഡലത്തില്‍ കഷ്ടിച്ച് കടന്നുകൂടി. അമേത്തി നിയമസഭാ മണ്ഡലത്തില്‍ യുപിയിലെ ക്രിമിനല്‍ നേതാക്കളില്‍ പ്രമുഖനായ സഞ്ജയ്സിങ്ങിന്റെ ഭാര്യ അമിത സിങ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തോറ്റു. എസ്പിയുടെ ഗായത്രി പ്രസാദാണ് ഏഴായിരത്തിലേറെ വോട്ടിന് അമിതയെ തോല്‍പ്പിച്ചത്.

റായ്ബറേലി മണ്ഡലത്തില്‍ പീസ് പാര്‍ടിയിലെ അഖിലേഷ്കുമാര്‍ സിങ് അരലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അവധേഷ് ബഹാദൂര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സലോണ്‍ , ഗൗരിഗഞ്ച് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ദയനീയമായി തോറ്റു. തിലോയ്, ജഗദീഷ്പുര്‍ മണ്ഡലങ്ങള്‍ മാത്രമാണ് നേര്‍ത്ത ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്. റായ്ബറേലിയിലെ മണ്ഡലങ്ങളായ ബച്രാവന്‍ , ഹര്‍ചന്ദ്പുര്‍ , സറേനി, ഉന്‍ചഹര്‍ എന്നിവിടങ്ങളിലെല്ലാം സമാജ്വാദി പാര്‍ടിക്കാണ് വിജയം. സെറേനിയിലും ഉന്‍ചഹറിലും കോണ്‍ഗ്രസ് മൂന്നാമതായി.

സോണിയയും രാഹുലും പ്രിയങ്കയും ദിവസങ്ങളോളം തങ്ങി പ്രചാരണം നടത്തിയിട്ടും അമേത്തിയും റായ്ബറേലിയും തങ്ങളെ കൈവിട്ടത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. താരപ്രചാരണത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ . കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയും മലയാളിയുമായ ലൂയിസ് ഖുര്‍ഷിദ് ഫാറൂഖാബാദ് മണ്ഡലത്തില്‍ തോറ്റു. യുപി പിസിസി അധ്യക്ഷ റിത ബഹുഗുണ ജോഷി കടുത്ത മത്സരം അതിജീവിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും

യുപിയാണ് ഡല്‍ഹിയിലേക്കുള്ള വഴി. യുപി നിയമസഭാ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കും. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ വിലയിരുത്തിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം മുതലെടുക്കാന്‍പോലും കോണ്‍ഗ്രസിനെ ജനങ്ങള്‍ അനുവദിച്ചില്ല. യുപിഎയുടെ ജനവിരുദ്ധ ഭരണനയങ്ങളാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പു ഫലം ഉള്‍ക്കൊള്ളാനാകാതെ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിന് വരുംനാളുകളില്‍ കൂടുതല്‍ തിരിച്ചടിയായിരിക്കും ഉണ്ടാവുക. കോണ്‍ഗ്രസിനെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നുവെന്ന സൂചന ഉള്‍ക്കൊണ്ട് മറ്റ് മതനിരപേക്ഷ ജനാധിപത്യ പാര്‍ടികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഭാവിയില്‍ ദേശീയരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കും. ഉത്തര്‍പ്രദേശില്‍ മന്ത്രിസഭാ രൂപീകരണത്തിന് സമാജ്വാദി പാര്‍ടിക്ക് കോണ്‍ഗ്രസിന്റെ സഹായം തേടേണ്ടിവരുമെന്നാണ് പലരുംകരുതിയിരുന്നത്. പകരമായി കേന്ദ്രഭരണത്തില്‍ തങ്ങളുടെ നയങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സഖ്യകക്ഷിയായി എസ്പി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുകയും ചെയ്തു. ഇങ്ങനെ വന്നാല്‍ , തങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അവഗണിച്ച് മുന്നോട്ടുപോകാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ടായിരുന്നു. എല്ലാം തകിടംമറിഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ പല നടപടികളോടും ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്നു കോണ്‍ഗ്രസ്. ലോക്പാല്‍ ബില്‍ , ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ കാര്യങ്ങളില്‍ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. എന്നാല്‍ , ഘടകകക്ഷികളെ പരിഗണിക്കാതെയുള്ള പോക്ക് ഇനി കോണ്‍ഗ്രസിന് ബുദ്ധിമുട്ടാകും. യുപിയില്‍ സമാജ്വാദി പാര്‍ടിയുമായി തെരഞ്ഞെടുപ്പിനുമുമ്പുതന്നെ സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ , തെരഞ്ഞെടുപ്പിനുശേഷം ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടാമെന്നാണ് സമാജ്വാദി പാര്‍ടി കരുതിയത്. എന്നാല്‍ , ഇപ്പോള്‍ അതും വേണ്ടിവരില്ല. ആ നിലയ്ക്ക് കോണ്‍ഗ്രസുമായി നിശ്ചിത അകലം പാലിക്കുംവിധമാകും സമാജ്വാദി പാര്‍ടിയുടെ പോക്ക്.

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷയും മക്കളും കഠിനമായ പ്രചാരണ പ്രവര്‍ത്തനം നടത്തിയിട്ടും പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇത് സമാജ്വാദി പാര്‍ടിയും ഗൗരവമായി എടുത്തിട്ടുണ്ട്. ഭാവിയില്‍ കോണ്‍ഗ്രസുമായി യുപിയില്‍ ധാരണയുണ്ടാക്കുന്നതിനെ ജനങ്ങള്‍ സ്വീകരിക്കില്ലെന്ന് സമാജ്വാദി പാര്‍ടിയും മനസ്സിലാക്കുന്നുണ്ട്. ഇതനുസരിച്ച് ദേശീയ രാഷ്ട്രീയത്തിലും നിലപാട് സ്വീകരിക്കേണ്ടിവരും. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ഒരു രാഷ്ട്രീയസംവിധാനത്തെ ജനങ്ങള്‍ സ്വീകരിക്കില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാര്‍ടികളെയും സ്വാധീനിക്കും. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ശക്തമായ രാഷ്ട്രീയ ധ്രുവീകരണത്തിന് അരങ്ങൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തോല്‍വിയുടെ ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്ന് രാഹുല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ഗാന്ധി ഏറ്റെടുത്തു. യുപി ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയുമുണ്ടാകും. യുപിയില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. താനാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. അതുകൊണ്ട് ഉത്തരവാദിത്തം ഏല്‍ക്കുന്നു. സംഘടനാതലത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യമാണ് യുപിയില്‍ തിരിച്ചടിയായത്- രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഭരണം നടത്താന്‍ ശ്രമിക്കുമെന്ന് യുപിയില്‍ എസ്പിയുടെ വിജയശില്‍പ്പിയായ അഖിലേഷ് സിങ് യാദവ് പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. കര്‍ഷകരുടെ അമ്പതിനായിരംവരെയുള്ള കടങ്ങള്‍ എഴുതിതള്ളുകയാകും ആദ്യംചെയ്യുക. മായാവതി നിര്‍മിച്ച ദളിതസ്മാരകങ്ങളൊന്നും പൊളിച്ചുമാറ്റില്ല. അതെല്ലാം അതേപടി നിലനില്‍ക്കും- അഖിലേഷ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. ഒരു ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യതപോലും തള്ളികളയാനാകില്ല. മമത ഇടഞ്ഞുനില്‍ക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിന് അധികനാള്‍ മുന്നോട്ടുപോകാനാകില്ല. ഒരു ഇടക്കാല തെരഞ്ഞെടുപ്പിന് ബിജെപി ഒരുക്കമാണ്. തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് സമ്മിശ്രമാണ്. പഞ്ചാബിലും ഗോവയിലും നേട്ടമുണ്ടായി. ഉത്തരാഖണ്ഡില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. യുപി ഫലത്തില്‍ തൃപ്തിയില്ല- സുഷമ പറഞ്ഞു.

deshabhimani 070312

1 comment:

  1. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത് തമ്പടിച്ചത്. യുപി തെരഞ്ഞെടുപ്പിലെ മിടുക്ക് രാഹുലിന്റെ കഴിവ് തെളിയിക്കാനുള്ളതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചനയും നല്‍കിയിരുന്നു. ആദിവാസി വീടുകളില്‍ പാര്‍ത്തും തട്ടുകടയില്‍നിന്ന് ചായകുടിച്ചും തൊഴിലാളികള്‍ക്കൊപ്പം മണ്ണുചുമന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ചെല്ലുന്നിടത്തുനിന്നെല്ലാം തോക്കുമായി പിടികൂടിയ ആളുകളെ ദയാപൂര്‍വംവിട്ടും ഗാന്ധിസം കാട്ടി. എന്നാല്‍ , ഫലം വന്നതോടെ അമേത്തിയടക്കമുള്ള കോണ്‍ഗ്രസ് തറവാട് കുളംകോരിയതിന്റെ ഉത്തരവാദിത്തവും രാഹുലിനായി.

    ReplyDelete