വടക്കന്‍മലബാറില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നിലപാടില്‍നിന്ന് ലീഗ് പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കര്‍ഷകരുടെ ആത്മഹത്യയല്ല കൊലപാതകമാണ് നടക്കുന്നതെന്നും അതിന് സര്‍ക്കാര്‍ വിചാരണ നേരിടണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുല്ലക്കര രത്നാകരന്‍ ചൂണ്ടിക്കാട്ടി. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി അച്ചുതണ്ട് കേരളത്തെ ശക്തമായി മുന്നോട്ടുനയിക്കുമെന്നാണ് നന്ദിപ്രമേയത്തെ പിന്തുണച്ച സണ്ണിജോസഫിന്റെ പക്ഷം. കണ്ണൂരില്‍ മുസ്ലിംലീഗ് തീവ്രവാദത്തിന് പിന്നാലെയാണെന്നത് ഉദാഹരണ സഹിതമാണ് ടി വി രാജേഷ് ചൂണ്ടിക്കാട്ടിയത്. വിദ്യാഭ്യാസമേഖലയെ പണ്ട് ബിജെപി കാവിവല്‍ക്കരിച്ചെങ്കില്‍ ഇപ്പോള്‍ ലീഗ്വല്‍ക്കരിച്ചിരിക്കുകയാണ്. തീവ്രവാദി സംഘത്തെ തള്ളിപ്പറയാന്‍ ലീഗ് തയ്യാറാകണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. കല്ലേറ്, വടിയേറ്, മുണ്ടുരിയല്‍ തുടങ്ങിയവ കോണ്‍ഗ്രസില്‍ അന്യംനിന്നുപോകില്ലെന്ന പക്ഷത്താണ് രാജേഷ്. കെഎസ്യുക്കാര്‍ അടുത്തിടെ നടത്തിയ അരങ്ങേറ്റമാണ് അദ്ദേഹത്തിന് പ്രതീക്ഷയ്ക്ക് വക നല്‍കിയത്. നാലുവര്‍ഷം കഴിഞ്ഞ് റോഡില്‍ ഒരു കുഴി കാണിച്ചുകൊടുത്താല്‍ പതിനായിരം രൂപ ഇനാം നല്‍കാന്‍ തയ്യാറെന്ന് എം ഉമ്മര്‍ . മദ്യവിമുക്ത കേരളം വിദൂരത്തല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബിവറേജസിന് മുന്നിലെ ക്യൂവിന്റെ നീളം കൂടിവരികയാണെന്ന സ്പീക്കറുടെ ഓര്‍മപ്പെടുത്തല്‍ ഉമ്മറിന്റെ വീര്യം ചോര്‍ത്തി.
സര്‍ക്കാരിന്റെ വിഷന്‍ -2030ന് "പിറവം വിഷന്‍" എന്നാണ് ഇ ചന്ദ്രശേഖരന്‍ നല്‍കിയ ഭേദഗതി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ തട്ടിപ്പിനെക്കുറിച്ചും അദ്ദേഹം വാചാലനായി. തോമസ് ഉണ്ണിയാടന് തുടക്കംമുതല്‍ പാളി. പെറ്റമ്മ പോറ്റമ്മയും പോറ്റമ്മ പെറ്റമ്മയുമായി കുഴഞ്ഞുമറിഞ്ഞ ഉണ്ണിയാടന്‍ ഒടുവില്‍ ഒരുവാക്ക് പറഞ്ഞ് നിര്‍ത്താന്‍ കടലാസ് തപ്പിയപ്പോഴാണ് കാണാനില്ലെന്ന് ബോധ്യമായത്. അതോടെ ആ ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങി. ബന്ധുവിന് ഭൂമി നല്‍കിയെന്ന് ആരോപിച്ച് വി എസ് അച്യുതാനന്ദനെ കേസില്‍ പ്രതിയാക്കിയതിനു പിന്നിലെ ഗൂഢാലോചനയാണ് എസ് ശര്‍മ തുറന്നുകാട്ടിയത്. വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെക്കൊണ്ട് വി എസിനെ പ്രതിചേര്‍ക്കുകയായിരുന്നുവെന്ന് ശര്‍മ പറഞ്ഞു. വി എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയത് 1977ല്‍ കരുണാകരന്റെ കാലത്താണ്. അച്യുതാനന്ദന്റെ ബന്ധുവായതുകൊണ്ടാണോ അന്ന് ഭൂമി നല്‍കിയതെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. ആത്മവിശ്വാസമില്ലാത്ത കുറെ വാക്കുകള്‍ തുന്നിച്ചേര്‍ത്ത പുസ്തകമാണ് നയപ്രഖ്യാപന പ്രസംഗമെന്ന് എ കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. പാല, പുതുപ്പള്ളി, പാണക്കാട് ബജറ്റ് എന്നതിനേക്കാള്‍ ആപല്‍ക്കരമാണ് സണ്ണിജോസഫ് വെളിപ്പെടുത്തിയ അച്ചുതണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാര്‍ക്ക് സര്‍ക്കാര്‍ മാന്യത കല്‍പ്പിച്ചിരിക്കുകയാണെന്ന് കെ ടി ജലീല്‍ . മഞ്ഞളാംകുഴി അലിയുടെ മുഖത്ത് നോക്കിയിട്ട് അനൂപിനെ മന്ത്രിയാക്കുമെന്ന് പറയാന്‍ എങ്ങനെ തോന്നുന്നുവെന്ന് കെ രാജു. പിറവത്ത് യുഡിഎഫ് തരംഗം മാത്രമേ കാണാനുള്ളൂവെന്ന് ജോസഫ് വാഴക്കന്‍ . മൂവാറ്റുപുഴ ജില്ലയെന്ന വാഴക്കന്റെ ആവശ്യം നേടണമെങ്കില്‍ പിറവത്ത് യുഡിഎഫിനെ തോല്‍പ്പിക്കണമെന്ന് കോടിയേരി ഉപദേശിച്ചു.
(കെ ശ്രീകണ്ഠന്‍)
deshabhimani 070312
കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണ് ഭരണത്തിലെന്ന് ഒടുവില്‍ ഭരണപക്ഷത്ത് നിന്നുതന്നെ വെളിപ്പെടുത്തലുണ്ടായി. നന്ദിപ്രമേയത്തെ പിന്താങ്ങിയ സണ്ണിജോസഫ് ആണ് ആ "രഹസ്യം" പരസ്യമാക്കിയത്. അക്കാര്യം തുറന്നുസമ്മതിച്ചതില്‍ സന്തുഷ്ടനായ കോടിയേരി ബാലകൃഷ്ണന് ഒരു സംശയമേയുള്ളൂ. കുഞ്ഞുമാണി ഇപ്പോഴും ആ അതിനകത്തുണ്ടോ? കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അച്ചുതണ്ടില്‍പോലും ഉള്‍പ്പെടുത്തിയില്ലല്ലോയെന്നും അദ്ദേഹത്തിന് വിഷമം. മുഖ്യമന്ത്രിക്കുനേരെ വെല്ലുവിളി ഉയര്‍ത്തിയാണ് രണ്ടാം ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച കോടിയേരി ഉപസംഹരിച്ചത്. പിറവത്ത് തോറ്റാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമോയെന്നായിരുന്നു വെല്ലുവിളി. സഭയില്‍ ഹാജരായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടി മൗനം പൂണ്ടതേയുള്ളൂ. കോടിയേരിയുടെ വെല്ലുവിളി തള്ളുമോ കൊള്ളുമോയെന്നറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
ReplyDelete