Wednesday, March 7, 2012

ജനദ്രോഹത്തിനും അഴിമതിക്കും എതിരായ വിധിയെഴുത്ത്

യുപിയില്‍ നിലംതൊടാതെ കോണ്‍ഗ്രസ്

ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവിനുള്ള സാധ്യത ഇനിയും അകലെയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. സമാജ്വാദിപാര്‍ടി വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. അജിത്സിങിന്റെ ആര്‍എല്‍ഡിയുമായി സഖ്യത്തില്‍ മത്സരിച്ചിട്ടും കോണ്‍ഗ്രസിന്റെ സംഖ്യ 28 സീറ്റില്‍ ഒതുങ്ങി. ആര്‍എല്‍ഡിക്ക് ഒമ്പതുസീറ്റ് ലഭിച്ചു. 2007ല്‍ തനിച്ച് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റ് സ്വന്തമാക്കിയിരുന്നു.

ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടുന്ന രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ തള്ളുന്ന കാഴ്ചയാണ് യുപിയില്‍ കണ്ടത്. ഒരു വര്‍ഷത്തിലേറെയായി രാഹുല്‍ യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പായി ജനകീയ നേതാവായി രാഹുല്‍ വളര്‍ന്നുവെന്ന് തെളിയിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. മുഖ്യധാരാ മാധ്യമങ്ങളുടെ നിര്‍ലോഭ പിന്തുണയില്‍ യുപിയില്‍ തിളങ്ങിനിന്ന രാഹുലിന് ജനമനസ്സുകളില്‍ ഇടംനേടാനായില്ല. രാഹുലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടത് 2010ല്‍ ബീഹാറിലായിരുന്നു. അന്നത്തെ പ്രകടനം നാലുസീറ്റില്‍ ഒതുങ്ങി. ബീഹാറിലെ ക്ഷീണം യുപിയില്‍ മറികടക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ നേടിയ വിജയമായിരുന്നു ആത്മവിശ്വാസത്തിന്റെ അടിത്തറ. ഇതോടൊപ്പം ആര്‍എല്‍ഡിയുമായുള്ള സഖ്യം കൂടിയായതോടെ നൂറുസീറ്റിനടുത്ത് കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ യുപിയെ രാഷ്ട്രപതി ഭരണത്തിന് വിട്ട് 2014ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കാനും കോണ്‍ഗ്രസ് പദ്ധതിയൊരുക്കി. എന്നാല്‍ , യുപിയിലെ ജനങ്ങള്‍ എല്ലാ പ്രതീക്ഷയും തകര്‍ത്തു. ന്യൂനപക്ഷ- പിന്നോക്ക വോട്ടുകള്‍ നേടിയെടുക്കാന്‍ പരമാവധി അടവുകള്‍ കോണ്‍ഗ്രസ് പ്രയോഗിച്ചെങ്കിലും പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് നാലുശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഒന്നൊന്നായി പ്രഖ്യാപിച്ചു. സാം പിത്രോദയെപോലുള്ളവരെ പിന്നോക്ക നേതാക്കളായി അവതരിപ്പിച്ചു. എന്നാല്‍ , വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇതൊന്നും പര്യാപ്തമായില്ല.

അതേസമയം, സമാജ്വാദി പാര്‍ടിക്ക് നേരത്തെയുണ്ടായിരുന്ന വിശ്വാസ്യത തിരികെ കൊണ്ടുവരാന്‍ അഖിലേഷിന് സാധിച്ചു. അമര്‍സിങ്ങിനെപോലുള്ള ദല്ലാള്‍മാരുടെ പിടിയില്‍നിന്ന് പാര്‍ടിയെ മോചിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അഖിലേഷാണ്. കര്‍ഷകര്‍ക്ക് കടാശ്വാസം, താങ്ങുവിലകളില്‍ 50 ശതമാനം വര്‍ധനവ്, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ തുടങ്ങി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും വോട്ടര്‍മാരെ ആകര്‍ഷിച്ചു. ഒബിസി വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കാനായതും എസ്പിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി. ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ നിറഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്രയിക്കാവുന്ന ഏക പാര്‍ടിയായി എസ്പി മാറുകയായിരുന്നു. ബുന്ദേല്‍ഖണ്ഡ് ഒഴികെ യുപിയുടെ എല്ലാ മേഖലകളിലും എസ്പി ആധിപത്യം സ്ഥാപിച്ചു. പ്രത്യേകിച്ച് വടക്കു-കിഴക്കന്‍ , കിഴക്കന്‍ യുപി ഉള്‍പ്പെടുന്ന പൂര്‍വാഞ്ചല്‍ മേഖല പൂര്‍ണമായും എസ്പിയ്ക്കൊപ്പം നിന്നു. ദളിത്വോട്ടുകളിലടക്കം ചോര്‍ച്ച വന്നതോടെ മൂന്നക്കത്തിലെത്താന്‍പോലും ബിഎസ്പിക്ക് കഴിഞ്ഞില്ല. 200ല്‍ സഹായിച്ച ന്യൂനപക്ഷ- സവര്‍ണ വിഭാഗങ്ങളും മായാവതിയെ കൈവിട്ടു. നൂറിനടുത്ത് സീറ്റ് പ്രതീക്ഷിച്ചിരുന്ന ബിജെപിക്കും ഫലം നിരാശാജനകമാണ്.
(എം പ്രശാന്ത്)

ജനദ്രോഹത്തിനും അഴിമതിക്കും എതിരായ വിധിയെഴുത്ത്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധംകൂടിയാണ് അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചണ്ഡ പ്രചാരണം അമ്പേ പൊളിഞ്ഞു. യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് പിന്നോക്കം പോയി. പഞ്ചാബ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ന്നതിന് കാരണം യുപിഎ സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ ശൈഥില്യവുമാണ്.

യുപിയില്‍ 2007ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ നേട്ടമെന്നാണ് അവര്‍ വിലയിരുത്തുന്നത്. എന്നാല്‍ , 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റ് നേടിയിരുന്നു. 65 നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനായിരുന്നു കൂടുതല്‍ വോട്ട് കിട്ടിയത്. ഇപ്പോള്‍ അതിനേക്കാള്‍ മോശമായി. രാഹുലിന്റെ സംഘടനാ പുനഃസംഘടനാ ശ്രമങ്ങളും ഒരുവര്‍ഷം തുടര്‍ച്ചയായി നടത്തിയ ഹൈടെക് പ്രചാരണവും ജനം തള്ളി.

മായാവതിയുടെ അഴിമതിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസാണ് കേന്ദ്രത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ 2ജി അഴിമതിക്കും കോമണ്‍വെല്‍ത്ത് അഴിമതിക്കും കൃഷ്ണ-ഗോദാവരി തട അഴിമതിക്കും കളമൊരുക്കിയത്. 2ജി അടക്കമുള്ള വന്‍ അഴിമതികള്‍ സജീവ ചര്‍ച്ചയായത് 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമായിരുന്നു. ജനവിരുദ്ധ നയങ്ങളും പരിപാടികളും ഒന്നൊന്നായി പുറത്തെടുത്തു രണ്ടാം യുപിഎ സര്‍ക്കാര്‍ . പെട്രോളിന്റെ വിലനിയന്ത്രണം നീക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുകയുംചെയ്തു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വില നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തില്ല. രാസവളത്തിന്റെ വിലനിയന്ത്രണം നീക്കുകയും സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചില്ലറവില്‍പ്പന മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പൂര്‍ണമായും തുറന്നുകൊടുക്കാന്‍ ശ്രമം നടത്തി.

പതിവ് തെറ്റിച്ച് പഞ്ചാബ്

ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷി മാറുകയെന്ന 40 വര്‍ഷത്തെ ശീലം പഞ്ചാബ് തിരുത്തി. സര്‍ക്കാര്‍വിരുദ്ധ വികാരത്തില്‍ ഭരണകക്ഷികള്‍ തോല്‍ക്കുന്ന പാരമ്പര്യത്തെ അകാലിദള്‍ അട്ടിമറിച്ചപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിപക്ഷത്ത്. അകാലിദള്‍ 56 സീറ്റും സഖ്യകക്ഷിയായ ബിജെപി 12 സീറ്റും നേടിയതോടെ 117 അംഗ നിയമസഭയില്‍ സഖ്യത്തിന് ഭൂരിപക്ഷം. കോണ്‍ഗ്രസിന് ലഭിച്ചത് 46 സീറ്റ്. അകാലിദളിന് 2007ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റാണ് ലഭിച്ചത്. ഇക്കുറി നില മെച്ചപ്പെടുത്തിയപ്പോള്‍ ബിജെപി 19 സീറ്റില്‍നിന്ന് 12 സീറ്റിലേക്ക് താണു. കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 സീറ്റായിരുന്നു.

കോണ്‍ഗ്രസിലെ പടലപിണക്കവും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളും പഞ്ചാബില്‍ ജനങ്ങളുടെ അതൃപ്തി വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിനേക്കാള്‍ ഭേദം അകാലിദള്‍ ആണെന്ന നിലപാടെടുക്കാന്‍ ഇതാണ് വോട്ടര്‍മാരെ പ്രേരിപ്പിച്ചത്. കോട്ടയായി കൊണ്ടുനടന്ന ദൊവാബ മേഖലയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അകാലിദളിലും ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു. പ്രകാശ്സിങ് ബാദലിന്റെ സഹോദരന്‍ ഗുരുദാസ് ബാദലിന്റെ മകന്‍ മന്‍പ്രീത്സിങ് അകാലിദള്‍ വിട്ട് പീപ്പിള്‍സ് പാര്‍ടി ഓഫ് പഞ്ചാബ് എന്ന പാര്‍ടി രൂപീകരിച്ച് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 24,739 വോട്ടിന് തോല്‍പ്പിച്ച് പ്രകാശ്സിങ് ബാദല്‍വീണ്ടും വിജയിച്ചു. ഗുരുദാസ് ബാദല്‍ വളരെ പിന്നില്‍ മൂന്നാംസ്ഥാനത്തായി. പ്രകാശ്സിങ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍സിങ് ജലാലാബാദില്‍നിന്ന് അര ലക്ഷത്തിലേറെ വോട്ടിനാണ് വിജയിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അശ്വനി ശര്‍മ പത്താന്‍കോട്ട് മണ്ഡലത്തില്‍നിന്ന് വിജയിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍സിങ് പട്യാലയില്‍നിന്ന് വിജയിച്ചു. എന്നാല്‍ , അമരീന്ദറിന്റെ മകന്‍ റണീന്ദര്‍ സാമനയില്‍ പരാജയപ്പെട്ടു. അകാലി-ബിജെപി മന്ത്രിസഭയിലെ അംഗങ്ങളായ ഉപീന്ദര്‍ജിത് കൗര്‍ , സേവാസിങ് സെഖ്വാന്‍ , ഡെപ്യൂട്ടി സ്പീക്കറും ബിജെപി സ്ഥാനാര്‍ഥിയുമായ സത്പാല്‍ ഗൊസയിന്‍ എന്നിവര്‍ പരാജയപ്പെട്ട പ്രമുഖരില്‍ പെടുന്നു. വികസനവും സംസ്ഥാനത്തെ സമാധാന അന്തരീക്ഷവുമാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് പ്രകാശ്സിങ് ബാദല്‍ പറഞ്ഞു.

ഉത്തര്‍ഖണ്ഡില്‍ കുതിരക്കച്ചവടത്തിന് സാധ്യത

ഉത്തര്‍ഖണ്ഡില്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഒടുവില്‍ ബിജെപിക്ക് ഒപ്പമെത്താനേ കഴിഞ്ഞുള്ളൂ. ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനം പുറത്താക്കി. എഴുപത് സീറ്റ് മാത്രമുള്ള ഉത്തര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമായിരുന്നു. കോണ്‍ഗ്രസ് 32 ഉം ബിജെപി 31 ഉം സീറ്റ് നേടി. ഭരണവിരുദ്ധവികാരത്തെ ഒരു പരിധിവരെ അതിജീവിച്ച ബിജെപിക്ക് പക്ഷേ, മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ തോല്‍വി കനത്ത തിരിച്ചടിയായി. ബിഎസ്പി മൂന്നുസീറ്റ് നേടിയപ്പോള്‍ മൂന്ന് സ്വതന്ത്രരും ഉത്തര്‍ഖണ്ഡ് ക്രാന്തിദള്‍ സ്ഥാനാര്‍ഥിയും വിജയിച്ചു. സമതലപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വലിയ വെല്ലുവിളി ഉയര്‍ത്തിയ ബിഎസ്പി മൂന്ന് സീറ്റുനേടി നിര്‍ണായക ശക്തിയായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ കുതിരക്കച്ചവടത്തിനുള്ള സാഹചര്യമാണ് ഉത്തര്‍ഖണ്ഡില്‍ ഒരുങ്ങിയിരിക്കുന്നത്.

ഉത്തര്‍ഖണ്ഡില്‍ തനിച്ച് ഭൂരിപക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള പോരും മുറുകിയിരുന്നു. ലൈംഗികാപവാദത്തില്‍ ഉള്‍പ്പെട്ട എന്‍ ഡി തിവാരിയടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നി രംഗത്തെത്തി. മറുവശത്ത് ബിജെപിയാകട്ടെ അഞ്ചുവര്‍ഷത്തെ ഭരണചെയ്തികള്‍ സൃഷ്ടിച്ച ജനവിരുദ്ധവികാരം മറികടക്കാന്‍ പാടുപെട്ടു. അവസാന ശ്രമമെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രിസ്ഥാനത്ത് ബി സി ഖണ്ഡൂരിയെ നിയമിച്ച തന്ത്രം ലക്ഷ്യംകണ്ടെന്നുവേണം വിലയിരുത്താന്‍ . ഖണ്ഡൂരിയുടെ പ്രതിച്ഛായയിലൂന്നിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ , കോട്ദ്വാര്‍ മണ്ഡലത്തില്‍ ഖണ്ഡൂരിക്കേറ്റ പരാജയം ബിജെപി ക്യാമ്പുകളില്‍ നിരാശ പടര്‍ത്തി. കോണ്‍ഗ്രസിന്റെ എസ് എസ് നെഗിയാണ് ഖണ്ഡൂരിയെ തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍നിന്ന് നയിച്ച ഖണ്ഡൂരിക്ക് സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ വികാരമാണ് ബിജെപിക്ക് സഹായകമായത്. നാല്‍പ്പതംഗ സഭയില്‍ 21 സീറ്റോടെ ബിജെപി ഭരണം ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ് മനോഹര്‍ പാരീക്കര്‍ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടിക്ക് മൂന്നുസീറ്റുമുണ്ട്. ഭരണത്തിലായിരുന്ന കോണ്‍ഗ്രസ് ഒമ്പതുസീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ഏഴ് സീറ്റ് സ്വതന്ത്രര്‍ക്ക് ലഭിച്ചു. മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ചില മന്ത്രിമാരും വിജയിച്ചെങ്കിലും കോണ്‍ഗ്രസിനൊപ്പമുള്ള കരുത്തരായ അലിമാവോ കുടുംബത്തിന് തെരഞ്ഞെടുപ്പ് വലിയ തിരിച്ചടിയായി. ചര്‍ച്ചില്‍ അലിമാവോയും ജോയക്വിം അലിമാവോയും തോറ്റു. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മല്‍സരിച്ച എന്‍സിപിക്ക് ഒരു സീറ്റിലും ജയിക്കാനായില്ല. മണിപ്പുരില്‍ ഭരണം നിലനിര്‍ത്താനായതു മാത്രം കോണ്‍ഗ്രസിന് ആശ്വാസമായി. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ആകെ 60 സീറ്റില്‍ കോണ്‍ഗ്രസിന് 42 എണ്ണം ലഭിച്ചു. പ്രതിപക്ഷം ചിതറിനില്‍ക്കുന്ന മണിപ്പുരില്‍ കാര്യമായ എതിര്‍പ്പ് കോണ്‍ഗ്രസിനുണ്ടായില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് ഏഴുസീറ്റ് ലഭിച്ചു. ഒക്രം ഇബോബി സിങ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകും.

deshabhimani 070312

1 comment:

  1. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധംകൂടിയാണ് അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചണ്ഡ പ്രചാരണം അമ്പേ പൊളിഞ്ഞു. യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് പിന്നോക്കം പോയി. പഞ്ചാബ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ന്നതിന് കാരണം യുപിഎ സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ ശൈഥില്യവുമാണ്.

    ReplyDelete