Wednesday, March 7, 2012

റവന്യൂവരവ്: 2010-11ല്‍ മികച്ച വളര്‍ച്ചനിരക്ക് നേടി- സിഎജി

സംസ്ഥാനം 2010-11 സാമ്പത്തിക വര്‍ഷം റവന്യൂവരവില്‍ ആരോഗ്യകരമായ വളര്‍ച്ചാനിരക്ക് കൈവരിച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.69 ശതമാനം വളര്‍ച്ചാനിരക്കാണ് നേടിയത്. 30,990.95 കോടി രൂപയായിരുന്നു മൊത്തം റവന്യൂവരവ്. ഇതില്‍ 21,721.69 കോടി രൂപയും നികുതി വരുമാനത്തില്‍നിന്നാണെന്ന് ചൊവ്വാഴ്ച നിയമസഭയില്‍വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. റവന്യൂവരവില്‍ സംസ്ഥാനത്തിന് ശ്രദ്ധേയമായ വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ കഴിഞ്ഞതില്‍ സിഎജി സന്തുഷ്ടി രേഖപ്പെടുത്തി.

അതേസമയം, സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സഹായധനം 2010-11ല്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2,196.62 കോടി രൂപയാണ് കേന്ദ്രസഹായമായി കിട്ടിയത്. തൊട്ടുമുന്‍വര്‍ഷം ഇത് 2,233.38 കോടിയായിരുന്നു. 2008-09ല്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് 2,687.19 കോടി രൂപ ലഭിച്ചിരുന്നു. പടിപടിയായി കേന്ദ്രസഹായം വെട്ടിക്കുറച്ചിട്ടും റവന്യൂവരവില്‍ കേരളത്തിന് വളര്‍ച്ച കൈവരിക്കാനായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തുണ്ടായ വരുമാന വര്‍ധനവിന്റെ സാക്ഷ്യപത്രമാണിത്.

വില്‍പ്പന നികുതിവരുമാനം 2010-11ല്‍ 15,833 കോടിയായി കുതിച്ചുയര്‍ന്നു. അതിനുമുമ്പുള്ള അഞ്ചു വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് (23.97ശതമാനം)നേടാന്‍ ധനവകുപ്പിന് കഴിഞ്ഞതായി സിഎജി വിലയിരുത്തി. 2005-06ല്‍ ഇത് 7,000 കോടി രൂപ മാത്രമായിരുന്നു. 2006-07ല്‍ 8563 കോടിയായി നികുതി വരുമാനം ഉയര്‍ന്നു. പീന്നിട് ക്രമമായ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. 2010-11ല്‍ 1699 കോടിരൂപ എക്സൈസ് നികുതിയിനത്തില്‍ ലഭിച്ചു. കാര്‍ഷികാദായനികുതിയും വര്‍ധിച്ചതായി സിഎജി ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷത്തെക്കാള്‍ 69.38 ശതമാനം വര്‍ധനവുണ്ടായി. 46.97 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഇനത്തിലും ഈ കാലയളവില്‍ വളര്‍ച്ച കൈവരിച്ചു. വാഹനനികുതിയിനത്തില്‍ വരവ് 1331.37 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 17.70 ശതമാനം വര്‍ധന.

അതേസമയം, ഭൂനികുതി,കെട്ടിടനികുതി എന്നിവ പിരിക്കുന്നതില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാനായില്ല. ബജറ്റ് മതിപ്പില്‍നിന്ന് താഴെയായിരുന്നു നികുതി പിരിവ്. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യവും ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപം ബാര്‍ഹോട്ടലുകള്‍ ഒഴിവാക്കുന്നതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. കൃത്രിമക്കള്ള് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സംവിധാനം ഉണ്ടാക്കണമെന്നും എക്സൈസ് അകമ്പടിയോടെ മാത്രമേ മറ്റുഡിവിഷനുകളിലേക്ക് കള്ള് വിതരണംചെയ്യാവൂ എന്നും സിഎജി നിര്‍ദേശിച്ചു.

deshabhimani 070312

1 comment:

  1. സംസ്ഥാനം 2010-11 സാമ്പത്തിക വര്‍ഷം റവന്യൂവരവില്‍ ആരോഗ്യകരമായ വളര്‍ച്ചാനിരക്ക് കൈവരിച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.69 ശതമാനം വളര്‍ച്ചാനിരക്കാണ് നേടിയത്. 30,990.95 കോടി രൂപയായിരുന്നു മൊത്തം റവന്യൂവരവ്. ഇതില്‍ 21,721.69 കോടി രൂപയും നികുതി വരുമാനത്തില്‍നിന്നാണെന്ന് ചൊവ്വാഴ്ച നിയമസഭയില്‍വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. റവന്യൂവരവില്‍ സംസ്ഥാനത്തിന് ശ്രദ്ധേയമായ വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ കഴിഞ്ഞതില്‍ സിഎജി സന്തുഷ്ടി രേഖപ്പെടുത്തി.

    അതേസമയം, സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സഹായധനം 2010-11ല്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2,196.62 കോടി രൂപയാണ് കേന്ദ്രസഹായമായി കിട്ടിയത്. തൊട്ടുമുന്‍വര്‍ഷം ഇത് 2,233.38 കോടിയായിരുന്നു. 2008-09ല്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് 2,687.19 കോടി രൂപ ലഭിച്ചിരുന്നു. പടിപടിയായി കേന്ദ്രസഹായം വെട്ടിക്കുറച്ചിട്ടും റവന്യൂവരവില്‍ കേരളത്തിന് വളര്‍ച്ച കൈവരിക്കാനായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തുണ്ടായ വരുമാന വര്‍ധനവിന്റെ സാക്ഷ്യപത്രമാണിത്.

    ReplyDelete