Tuesday, March 6, 2012

സപ്ലൈകോയില്‍ വന്‍ അഴിമതിക്ക് നീക്കം

പൊതുവിപണിയിലെ വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കി അവശ്യവസ്തുക്കള്‍ വാങ്ങി വന്‍ അഴിമതിക്ക് സപ്ലൈകോയില്‍ നീക്കം. ഏഴുകോടിയിലേറെ രൂപയുടെ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നത്. ഇതിനുള്ള ടെന്‍ഡറും ഉറപ്പിച്ചു. പര്‍ച്ചേസ് ഓര്‍ഡര്‍ അടുത്തദിവസം നല്‍കിയേക്കും. മന്ത്രിതലത്തില്‍ തന്നെയുള്ള ഇടപെടലിനെ തുടര്‍ന്നാണ് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതെന്നാണ് സൂചന. ഫെബ്രുവരി എട്ടിലെ ടെന്‍ഡര്‍പ്രകാരം അമിതവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇവ ഗോഡൗണുകളില്‍ എത്തുംമുന്‍പ് 29ന് വീണ്ടും ടെന്‍ഡര്‍ വിളിച്ചു.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയ നിരക്കിലാണ് പല ഉല്‍പ്പന്നങ്ങള്‍ക്കും ഇക്കുറി ടെന്‍ഡര്‍ ഉറപ്പിച്ചത്. വിശേഷാവസരങ്ങളിലല്ലാതെ ഒരുമാസത്തില്‍തന്നെ രണ്ട് ടെന്‍ഡര്‍ സപ്ലൈകോയില്‍ പതിവില്ല. ചെറുപയറിന് പൊതുവിപണിയില്‍ കിലോഗ്രാമിന് 44 രൂപയാണ് വിലയെങ്കിലും 51.40 രൂപ നിരക്കില്‍ 147 ലോഡ് വാങ്ങാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ടെന്‍ഡറില്‍ 49.51 രൂപ നിരക്കില്‍ 131 ലോഡ് വാങ്ങിയിരുന്നു. വരുംമാസങ്ങളില്‍ സ്കൂള്‍ അവധിയായതിനാല്‍ ചെറുപയര്‍ ഇത്രയധികം ആവശ്യംവരില്ല. പക്ഷെ ഇതൊന്നും ടെന്‍ഡറിന് തടസ്സമായില്ല. വിപണിയില്‍ 45-46 രൂപ വിലയുള്ള മുളക് സപ്ലൈകോ വാങ്ങുന്നത് 59.70 രൂപയ്ക്കാണ്. 160 ലോഡ് മുളക് വാങ്ങാനാണ് നീക്കം. കഴിഞ്ഞ ടെന്‍ഡറില്‍ വില കൂടുതല്‍ ക്വോട്ട് ചെയ്തതുമൂലം മുളക് വാങ്ങുന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇക്കുറി മുകളില്‍നിന്നുള്ള സമ്മര്‍ദപ്രകാരം കൂടിയ വിലയ്ക്കുതന്നെ വാങ്ങാന്‍ ഉറപ്പിക്കുകയായിരുന്നു. പൊതുവിപണിയില്‍ 37 രൂപ വിലയുള്ള കടല 48 രൂപ വീതം നല്‍കി 171 ലോഡ് വാങ്ങാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ടെന്‍ഡറില്‍ 45.50 രൂപയ്ക്കാണ് വാങ്ങിയത്. വിപണിയില്‍ 42-43 രൂപ വിലയുള്ള ഉഴുന്ന് 47.63 രൂപവച്ച് 190 ലോഡ് വാങ്ങാനും പൊതുവിപണിയില്‍ 38 രൂപ വിലയുള്ള ഉഴുന്നുപരിപ്പ് കിലോഗ്രാമിന് 12.22 രൂപ അധികം നല്‍കി 50.22 രൂപയ്ക്ക് വാങ്ങാനുമാണ് നീക്കം. 340 ടണ്‍ ഉഴുന്നുപരിപ്പ് വാങ്ങാനാണ് ടെന്‍ഡര്‍ . വിപണിയില്‍ 36 രൂപ വിലയുള്ള വന്‍പയര്‍ 50.09 രൂപയ്ക്കാണ് ഇക്കുറി വാങ്ങുന്നത്. കഴിഞ്ഞ ടെന്‍ഡറില്‍ വാങ്ങിയത് 44 രൂപയ്ക്കും. പൊതുവിപണിയില്‍ 48 രൂപയ്ക്ക് മല്ലി കിട്ടുമെങ്കിലും സപ്ലൈകോ 54.75 രൂപയ്ക്കാകും വാങ്ങുക.

രണ്ട് ടെന്‍ഡറിലും ദേശീയ ശരാശരിയേക്കാള്‍ അഞ്ചു രൂപ മുതല്‍ 16 രൂപവരെ കൂട്ടിയാണ് പല സാധനങ്ങളുടെയും വില നിശ്ചയിച്ചത്. കടല, വന്‍പയര്‍ , തുവരപ്പരിപ്പ്, കടുക് എന്നീ സാധനങ്ങള്‍ വളരെ കുറച്ചുമാത്രമേ സാധാരണ വാങ്ങാറുള്ളൂ. എന്നാല്‍ ഇക്കുറി ഇവയുടെ അളവും കൂട്ടി. പതിവായി 15 ലോഡ് കടുകാണ്് വാങ്ങിയിരുന്നതെങ്കില്‍ ഇക്കുറി 35 ലോഡ് വാങ്ങാനാണ് ഒരുങ്ങുന്നത്. അതും കിലോയ്ക്ക് 7.31 രൂപ അധികം നിരക്കില്‍ . ഫെബ്രുവരി എട്ടിലെ ആദ്യ ടെന്‍ഡറില്‍തന്നെ മൂന്നുകോടിയോളം രൂപയുടെ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് അതിലും ഉയര്‍ന്ന തട്ടിപ്പിന് നീക്കം. മന്ത്രിയും കരാറുകാരും സപ്ലൈകോയിലെ ചില ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന ലോബിയാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന. കരാറുകാര്‍ക്ക് അമിതലാഭമുണ്ടാക്കി അവരില്‍ നിന്ന് കമ്മീഷനായി ലാഭവിഹിതം പറ്റാനുള്ള നീക്കമാണ് നടക്കുന്നത്.

deshabhimani 060312

1 comment:

  1. പൊതുവിപണിയിലെ വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കി അവശ്യവസ്തുക്കള്‍ വാങ്ങി വന്‍ അഴിമതിക്ക് സപ്ലൈകോയില്‍ നീക്കം. ഏഴുകോടിയിലേറെ രൂപയുടെ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നത്. ഇതിനുള്ള ടെന്‍ഡറും ഉറപ്പിച്ചു. പര്‍ച്ചേസ് ഓര്‍ഡര്‍ അടുത്തദിവസം നല്‍കിയേക്കും. മന്ത്രിതലത്തില്‍ തന്നെയുള്ള ഇടപെടലിനെ തുടര്‍ന്നാണ് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതെന്നാണ് സൂചന. ഫെബ്രുവരി എട്ടിലെ ടെന്‍ഡര്‍പ്രകാരം അമിതവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇവ ഗോഡൗണുകളില്‍ എത്തുംമുന്‍പ് 29ന് വീണ്ടും ടെന്‍ഡര്‍ വിളിച്ചു.

    ReplyDelete