Tuesday, March 6, 2012

ത്യാഗനിര്‍ഭരം; അരനൂറ്റാണ്ട് പിന്നിട്ട ഈ കലാസപര്യ

മുഹമ്മ: ത്യാഗരാജന്‍ ഭാഗവതര്‍ ത്യാഗങ്ങള്‍ സഹിച്ച് കലാസപര്യ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 76-ാമത്തെ വയസിലും ഇദ്ദേഹത്തിന്റെ സ്വരമാധുരിക്ക് യുവത്വത്തിന്റെ ഇമ്പം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നാടകമെഴുതിയും അഭിനയിച്ചും വിപ്ലവഗാനങ്ങള്‍ രചിച്ചും ആലപിച്ചും കാഥികരുടെ പിന്നണിപാട്ടുകാരനായും ജനങ്ങളെ ഉണര്‍ത്തിയ കലാകാരനാണ് ത്യാഗരാജന്‍ ഭാഗവതര്‍ . നാഗര്‍കോവില്‍ സ്വദേശി ആനന്ദന്‍ ഭാഗവതരില്‍നിന്ന് മൂന്നുവര്‍ഷത്തോളം ശാസ്ത്രീയസംഗീതം അഭ്യസിച്ചു. കേരള നൃത്തകലാസമിതിയുടെ ബാനറിലാണ് ത്യാഗരാജന്‍ ഭഗവതരുള്‍പ്പെടെയുള്ള കലാകാരന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയങ്ങള്‍ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നത്. കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. എന്‍ എന്‍ ഇളയതിന്റെ മലയാള നാടകവേദിയുടെ ഭ്രാന്താലയം നാടകത്തിന്റെ പിന്നണിയില്‍ ഹാര്‍മോണിസ്റ്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം പിന്നീട് നിരവധി കാഥികരുടെ പിന്നണിയിലും സജീവമായി.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ നിറഞ്ഞ നാടകങ്ങളും കഥാപ്രസംഗങ്ങളും അവതരിപ്പിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടിവന്നതും ത്യാഗരാജന്റെ ഓര്‍മയിലുണ്ട്. പൊന്‍കുന്നത്ത് കഥാപ്രസംഗം പകുതിക്ക് നിര്‍ത്തേണ്ടിവന്നതും ആലപ്പുഴ സക്കറിയാ ബസാറില്‍ രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രനെക്കുറിച്ചുള്ള വില്‍കഥാമേള അവതരിപ്പിച്ചപ്പോള്‍ ഹാര്‍മോണിയം വായിക്കുകയായിരുന്ന തന്റെ ഇടതുകൈയില്‍ കല്ലേറുകൊണ്ടതും ഇദ്ദേഹം ഓര്‍ക്കുന്നു.

കമ്യൂണിസ്റ്റുപാര്‍ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി കലയിലൂടെ ചെറിയപങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ത്യാഗരാജന്‍ പറഞ്ഞു. 500ലേറെ കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കിയ ഇദ്ദേഹം ഇപ്പോഴും പാട്ടിലൂടെ വേദികളില്‍ നിറയുന്നു. തിങ്കളാഴ്ച ആര്യക്കര ക്ഷേത്രോത്സവത്തില്‍ ത്യാഗരാജന്‍ ഭാഗവതര്‍ ഭക്തിഗാനസുധ അവതരിപ്പിക്കും. കഴിഞ്ഞമാസം അഞ്ച് പാട്ടുകള്‍ എഴുതി സിഡിയിലേക്ക് പകര്‍ത്തി. "ഈ മായാ നാടകശാലയില്‍ ഞാനൊരു കഥയിലെ നായകനായി അഭിനയിക്കാന്‍ വന്നുവല്ലോ അഭിനയം തീര്‍ന്നെങ്കില്‍ യവനിക വീണെങ്കില്‍ ഞാനെത്രെ ധന്യനായേനെ"- മുഹമ്മ നിവര്‍ത്തില്‍ വീട്ടിലിരുന്ന് ത്യാഗരാജന്‍ ഭാഗവതര്‍ ഹാര്‍മോണിയത്തില്‍ പുതിയ പാട്ടിന്റെ ശ്രുതിമീട്ടുകയാണ്.
(കെ എസ് ലാലിച്ചന്‍)

deshabhimani 050312

1 comment:

  1. ത്യാഗരാജന്‍ ഭാഗവതര്‍ ത്യാഗങ്ങള്‍ സഹിച്ച് കലാസപര്യ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 76-ാമത്തെ വയസിലും ഇദ്ദേഹത്തിന്റെ സ്വരമാധുരിക്ക് യുവത്വത്തിന്റെ ഇമ്പം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നാടകമെഴുതിയും അഭിനയിച്ചും വിപ്ലവഗാനങ്ങള്‍ രചിച്ചും ആലപിച്ചും കാഥികരുടെ പിന്നണിപാട്ടുകാരനായും ജനങ്ങളെ ഉണര്‍ത്തിയ കലാകാരനാണ് ത്യാഗരാജന്‍ ഭാഗവതര്‍ . നാഗര്‍കോവില്‍ സ്വദേശി ആനന്ദന്‍ ഭാഗവതരില്‍നിന്ന് മൂന്നുവര്‍ഷത്തോളം ശാസ്ത്രീയസംഗീതം അഭ്യസിച്ചു. കേരള നൃത്തകലാസമിതിയുടെ ബാനറിലാണ് ത്യാഗരാജന്‍ ഭഗവതരുള്‍പ്പെടെയുള്ള കലാകാരന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയങ്ങള്‍ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നത്. കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. എന്‍ എന്‍ ഇളയതിന്റെ മലയാള നാടകവേദിയുടെ ഭ്രാന്താലയം നാടകത്തിന്റെ പിന്നണിയില്‍ ഹാര്‍മോണിസ്റ്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം പിന്നീട് നിരവധി കാഥികരുടെ പിന്നണിയിലും സജീവമായി.

    ReplyDelete