തെരുവുകളിലും പാടങ്ങളിലും വീണ ചോരയും കണ്ണീരും പുരണ്ട വഴികള്‍ . സിരകളെ കോരിത്തരിപ്പിക്കുന്ന പ്രക്ഷോഭദൃശ്യങ്ങള്‍ . പിന്തിരിപ്പന്മാരുടെ മാടമ്പിത്തരങ്ങള്‍ക്കെതിരെ ഒരു ജനത നടത്തിയ ചെറുത്തുനില്‍പിന്റെ താളുകള്‍ . ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വേലുത്തമ്പിദളവയുടെ ധീരമായ പ്രതികരണമായ കുണ്ടറവിളംബരത്തിന്റെ രേഖ. 1950-ലെ വിശ്വകേരളത്തിന്റെ റഷ്യന്‍വിപ്ലവപതിപ്പും 16-ാം വയസില്‍ ഇഎംഎസ് എഴുതിയ ലേഖനമുള്ള ഉണ്ണിനമ്പൂതിരിയും. കൂടാതെ, 300 വര്‍ഷം പഴക്കമുള്ളതാണ് താളിയോലഗ്രന്ഥം. ചരിത്ര കുതുകികള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും സമ്പന്നമായ വിരുന്നാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ചരിത്രസന്ദര്‍ഭങ്ങളുടെ കുറിപ്പുകള്‍ക്ക് അനുബന്ധമായി ചിത്രങ്ങള്‍ ചേര്‍ത്തിരിക്കുന്നു. കൂടാതെ ചരിത്രത്തിലെ ജ്വലിക്കുന്ന സന്ദര്‍ഭങ്ങളുടെ ത്രിമാനചിത്രങ്ങള്‍ , കാള്‍ മാര്‍ക്സടക്കമുള്ള ലോകവിപ്ലവകാരികളുടെ ശില്‍പങ്ങള്‍ എന്നിങ്ങനെ മാനാഞ്ചിറയോട് ചേര്‍ന്ന പ്രദര്‍ശന നഗരിയില്‍ കാലത്തിന് മുന്നേ നടന്ന ഇതിഹാസപുരുഷന്മാരെ കാണാം.
ജീവരക്തത്താല്‍ തടവറയില്‍ അരിവാള്‍ ചുറ്റികനക്ഷത്രം വരച്ച ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് ധീരന്‍ മണ്ടോടികണ്ണന്റെ പോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരം ആവേശഭരിതമായ കാഴ്ചയാണ്. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലാഴ്ത്തിയ "കേരളത്തിന്റെ പാരീസ് കമ്യൂണ്‍ "പുന്നപ്ര-വയലാര്‍ സമരം, ദേശീയപതാകചോരയില്‍ കുതിര്‍ന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ച പി കൃഷ്ണപിള്ളയുടെ സ്വാതന്ത്ര്യസമരപ്രക്ഷോഭം, പുതിയപ്രഭാതത്തിനായി പുഞ്ചിരിയോടെ തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികള്‍ , അനശ്വരമായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം, തെലുങ്കാനയിലെ ധീരോദാത്തമായ ചെറുത്തുനില്‍പ്, ബ്രിട്ടീഷുകാരുടെ അധികാരഭീകരതയുടെ എക്കാലത്തേയും പ്രതീകമായ വാഗണ്‍ട്രാജഡി - പോരാട്ടവീറിന് തീപ്പിടിപ്പിക്കുന്ന മഹത്തായ സംഭവങ്ങളും ത്രിമാനചിത്രമായി മുന്നിലെത്തുന്നു. ബാലഗംഗാധരതിലകന്‍ , സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ ജീവസ്സുണര്‍ത്തുന്ന ശില്‍പങ്ങളുമുണ്ട്. മീറത്ത്, കാണ്‍പൂര്‍ , പെഷവാര്‍ കമ്യൂണിസ്്റ്റുകാര്‍ക്കെതിരായ ഗൂഢാലോചനാകേസുകളുടെ ഹ്രസ്വചിത്രം ഇവിടെ കിട്ടും. സാന്താള്‍ കലാപവും ചാന്നാര്‍ ലഹളയും കാവുമ്പായിയിലെയും തേഭാഗയിലെയും കര്‍ഷകമുന്നേറ്റങ്ങളുമുണ്ട്. "സോഷ്യലിസമാണ് ഭാവി" എന്ന പേരില്‍ സാര്‍വ്വദേശീയം, ദേശീയം, കേരളം, കോഴിക്കോട്, സമകാലികം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സംശയങ്ങള്‍ തീര്‍ക്കാന്‍ ഗ്രന്ഥശേഖരമടങ്ങിയ ലൈബ്രറി ഒരുക്കിയിരിക്കുന്നു. സിനിമാശാല, പുസ്തകശാല എന്നിവയും പ്രദര്‍ശനത്തിന്റെ് ഭാഗം. നിറംപിടിപ്പിച്ച നുണകളാല്‍ നിശബ്ദമാക്കപ്പെട്ട ജനകീയപ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന അനുഭവങ്ങളുടെ പത്രികകളിവിടെ നട്ടെല്ലുയര്‍ത്തി നെഞ്ചുവിരിച്ച് സംസാരിക്കയാണ്. ഏപ്രില്‍ എട്ടുവരെയാണ് പ്രദര്‍ശനം. ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് സമയം.
(പി വി ജീജോ)
deshabhimani 060312
ലോകത്താകെ മാറ്റത്തിന് തീകൊളുത്തിയ വിപ്ലവപ്രതിഭ കാള്‍ മാര്‍ക്സിന്റെ കൈപ്പട, 1925-ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന ആദ്യപാര്‍ടി കോണ്‍ഗ്രസിലെ ബാഡ്ജും സ്ലിപ്പും, 1920 ഒക്ടോബര്‍ 17-ന് താഷ്കന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരിച്ച് എം എന്‍ റോയിയും അബനീമുഖര്‍ജിയും അടങ്ങുന്ന ഏഴ്പേര്‍ ഒപ്പിട്ട രേഖ. ഇന്നലെകളിലെ തിളച്ചുമറിയുന്ന മുഹൂര്‍ത്തങ്ങളുടെ സര്‍ഗാവിഷ്കാരവുമായി പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം. ജനകീയമുന്നേറ്റങ്ങളുടെ, സാംസ്കാരികവികാസത്തിന്റെ തുടിപ്പുകള്‍ 254 പോസ്റ്ററുകളിലായി ചരിത്രകാരന്മാരും കലാകാരന്മാരും ചേര്‍ന്ന് ആവിഷ്കരിച്ചിരിക്കയാണ്. ഒരു മാസം നീളുന്ന പ്രദര്‍ശനം തിങ്കളാഴ്ച വൈകിട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
ReplyDelete