Tuesday, March 6, 2012

സുരക്ഷായാനം: പൊടിക്കുന്നത് കോടികള്‍

ദുരന്തനിവാരണത്തിന് പുതിയ സംവിധാനങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ കോടികള്‍ പൊടിച്ചു നടപ്പാക്കുന്ന "സുരക്ഷായാനം-2012" അന്തര്‍ദേശീയ ശില്‍പ്പശാലയും പ്രദര്‍ശനവും തുടക്കത്തിലേ പാളി. റവന്യൂ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാലുമുതല്‍ പത്തുവരെ കനകക്കുന്നിലാണ് ശില്‍പ്പശാല. ദുരന്തനിവാരണം, ദുരന്തങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കല്‍ , മുന്‍കരുതലുകള്‍ എന്നിവയ്ക്ക് പദ്ധതികള്‍ തയ്യാറാക്കുകയാണ് ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

എന്നാല്‍ , പ്രദര്‍ശനവേദിയില്‍ ഒരുക്കിയ സ്റ്റാളുകളില്‍ പകുതിയും പഴം, പച്ചക്കറി, ഭക്ഷ്യപദാര്‍ഥങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളുടേതാണ്. 80 സ്റ്റാളുള്ളതില്‍ പലതും ഒഴിഞ്ഞുകിടക്കുന്നു. 20 സ്റ്റാളില്‍ മാത്രമാണ് പ്രദര്‍ശനം. ഇതില്‍ ഭൂരിഭാഗവും ദുരന്തനിവാരണത്തിനുള്ള ഒരു ആശയവും ലഭിക്കാത്തവയാണ്. ബാക്കിയുള്ളവയില്‍ നിലവില്‍ ദുരന്തനിവാരണത്തിന് ഉപയോഗിക്കുന്ന പദ്ധതികളും. കേരള പൊലീസിന്റെ സ്റ്റാളില്‍ തോക്കുകളും വയര്‍ലെസ് സംവിധാനവുമാണ് ദുരന്തനിവാരണത്തിനുള്ള മാര്‍ഗമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ റോക്കറ്റുകളും ഫയര്‍ഫോഴ്സിന്റെ പഴയ ഉപകരണങ്ങളും വനം, വന്യജീവിവകുപ്പിന്റെ ചിത്രപ്രദര്‍ശനവും ജനങ്ങള്‍ കണ്ടു പഴകിയവയാണ്. എയര്‍ഫോഴ്സ്, റെയില്‍വേ, മെഡിക്കല്‍കോളേജ് എന്നിവയുടെ സ്റ്റാളുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഗ്രാമവികസന വകുപ്പിന്റെ സ്റ്റാളില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിവിധ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്ഥിരം ദുരന്തനിവാരണത്തിന് പ്രയോഗിക്കുന്ന ഉപകരണങ്ങളും പദ്ധതികളുമായി ഇന്ത്യന്‍ ആര്‍മിയും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പോലും പുതിയ ആശയം കണ്ടെത്തുമ്പോഴാണ് ഉത്തരവാദപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും പഴയ സംവിധാനങ്ങളുമായി അപഹാസ്യരാകുന്നത്. 9നും 10നും നടക്കുന്ന ശില്‍പ്പശാലയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഇവരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് ലക്ഷങ്ങളാണ് വകയിരുത്തിയിരിക്കുന്നത്. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവരുന്ന പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ദുരന്തനിവാരണത്തിനുള്ള "തിരുവനന്തപുരം പ്രഖ്യാപനം" നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

deshabhimani 050312

1 comment:

  1. ദുരന്തനിവാരണത്തിന് പുതിയ സംവിധാനങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ കോടികള്‍ പൊടിച്ചു നടപ്പാക്കുന്ന "സുരക്ഷായാനം-2012" അന്തര്‍ദേശീയ ശില്‍പ്പശാലയും പ്രദര്‍ശനവും തുടക്കത്തിലേ പാളി. റവന്യൂ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാലുമുതല്‍ പത്തുവരെ കനകക്കുന്നിലാണ് ശില്‍പ്പശാല. ദുരന്തനിവാരണം, ദുരന്തങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കല്‍ , മുന്‍കരുതലുകള്‍ എന്നിവയ്ക്ക് പദ്ധതികള്‍ തയ്യാറാക്കുകയാണ് ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

    ReplyDelete