Friday, October 12, 2012
മന്ത്രിമാര്‍ക്ക് നിയമം ബാധകമല്ലെന്ന് ഗണേശ്
വനം-വന്യജീവി സംരക്ഷണനിയമം ലംഘിച്ച് വനംമന്ത്രി കെ ബി ഗണേശ്കുമാറും ടൂറിസം മന്ത്രി എ പി അനില്‍കുമാറും തേക്കടി തടാകത്തില്‍ നടത്തിയ രാത്രിസവാരി വിവാദമായി. കടുവാസങ്കേതത്തിലൂടെ വൈകിട്ട് ആറിനുശേഷം യാത്ര നിരോധിച്ചിരിക്കെയാണ് മന്ത്രിമാര്‍ പെരിയാര്‍ കടുവാസങ്കേതത്തിലൂടെ ബോട്ടുയാത്ര നടത്തിയത്. കടുവാസങ്കേതങ്ങളിലൂടെയുള്ള യാത്ര നിയന്ത്രിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് മന്ത്രിമാര്‍ ഉല്ലാസയാത്ര നടത്തിയത്. എന്നാല്‍, ഉല്ലാസയാത്ര സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മാന്യത കൈവിട്ട് രോഷാകുലനായി പ്രതികരിച്ച വനം മന്ത്രി ഗണേശ്കുമാര്‍ നിയമം മന്ത്രിമാര്‍ക്ക് ബാധകമല്ലെന്നും തട്ടിവിട്ടു.
വനംമന്ത്രിക്ക് വനം-വന്യ ജീവിസംരക്ഷണ നിയമം ബാധകമല്ല, ഇതൊക്കെ വാര്‍ത്തയാക്കുന്നത് നാണക്കേടാണ്- എന്നിങ്ങനെ പറഞ്ഞ മന്ത്രി ആംഗ്യഭാഷയിലുടെയും വാര്‍ത്താ സമ്മേളനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെ നിയമവും മര്യാദയും പഠിപ്പിക്കാന്‍ ശ്രമിച്ച മന്ത്രി യാത്രയെ പൂര്‍ണമായും ന്യായീകരിച്ചു. ഔദ്യോഗിക കാര്യത്തിനാണ് രാത്രിയില്‍ ബോട്ട് യാത്ര നടത്തിയതെന്നാണ് ഗണേശ്കുമാറിന്റെ വിശദീകരണം. ഔദ്യോഗിക യാത്രയാകുമ്പോള്‍ മന്ത്രിക്ക് നിയമം ബാധകമല്ല, മന്ത്രി എക്സിക്യൂട്ടീവ് ഓഫീസറാണ്. അത് മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ട് മന്ത്രിമാരും തേക്കടി തടാകത്തിലുടെ ബോട്ടുസവാരി നടത്തിയത്. തടാകത്തിലൂടെ സ്വയം ഓടിച്ചാണ് നാലു കിലോമീറ്റര്‍ അകലെയുള്ള ലേക്ക് പാലസിലേക്ക് ഇരുവരും വെവ്വേറെ ബോട്ടുകളില്‍ പോയത്. അന്ന് രാത്രി അവിടെ തങ്ങി. ബോട്ട് യാത്ര നടത്താതെതന്നെ ഇരുവര്‍ക്കും താമസിക്കാന്‍ തേക്കടിയിലും പരിസരങ്ങളിലും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടും ലേക്ക് പാലസിലേക്ക് പോയത് ദുരൂഹതയുണര്‍ത്തുന്നു. ബോട്ട് ഓടിക്കുന്നതിന് ആവശ്യമായ ലൈസന്‍സും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരെ മാറ്റി നിര്‍ത്തിയാണ് ഇവര്‍ നിയമം ലംഘിച്ച് ബോട്ട് ഓടിച്ചത്.
രണ്ടു മന്ത്രിമാരും ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചില ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിരുന്നു. തിങ്കളാഴ്ചത്തെ പരിപാടി കഴിഞ്ഞ് രാത്രി എട്ടോടെയാണ് മന്ത്രി ഗണേശ്കുമാര്‍ തേക്കടിയിലെത്തിയത്. രാത്രി ഒമ്പതോടെ മന്ത്രി എ പി അനില്‍കുമാറും എത്തി. അനില്‍കുമാറിന്റെ ബോട്ട് മരക്കുറ്റിയില്‍ തട്ടി ഇടയ്ക്ക് യാത്ര നിര്‍ത്തി. പിന്നീട് മറ്റൊരു ബോട്ടിലാണ് യാത്രചെയ്തത്. വനംവകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കേണ്ട കാര്യവും മന്ത്രിക്കില്ലായിരുന്നു. പരിശോധന നടത്താന്‍ പോയതാണെന്നു പറയുന്ന മന്ത്രി എന്താണ് അന്നു രാത്രി പരിശോധിച്ചതെന്നും ആരെയാണ് സന്ദര്‍ശിച്ചതെന്നും വെളിപ്പെടുത്തുന്നുമില്ല. സംഭവത്തില്‍ തുറമുഖ വകുപ്പ് വിശദീകരണം തേടിയതായി വിവരമുണ്ട്.
deshabhimani 131012
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete