Thursday, October 11, 2012

അഴിമതിയെ പെരുപ്പിച്ചു കാട്ടുന്നുവെന്ന് പ്രധാനമന്ത്രി


അഴിമതി വല്ലാതെ പെരുപ്പിച്ചുകാട്ടി രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അഴിമതി ഫലപ്രദമായി തടയാന്‍ നിലവിലുള്ള അഴിമതി നിരോധനിയമം ഭേദഗതിചെയ്യുമെന്നും സിബിഐ, സംസ്ഥാന അഴിമതി നിരോധന ബ്യൂറോകള്‍ എന്നിവയുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അഴിമതി നിരോധിക്കാനുള്ള ആഗോള രീതികളുമായി ഒത്തുപോകുംവിധം നിയമത്തിലെ വകുപ്പുകള്‍ മാറ്റും. കോഴ നല്‍കുന്നയാളെയും സ്വീകരിക്കുന്നയാളെയും ഉള്‍പ്പെടുത്തി അഴിമതിക്ക് പുതിയ നിര്‍വചനം നല്‍കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാവും ഭേദഗതി. അഴിമതി ഇല്ലാതാക്കണമെന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധത യുള്ളപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ ആത്മവീര്യം തകരാതെ നോക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും വേണം. അഴിമതിക്കാര്യത്തില്‍ പ്രതികൂല മനോഭാവവും ശുഭപ്രതീക്ഷയില്ലായ്മയും രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും. ഭരണസംവിധാനത്തിന്റെ ആത്മവീര്യം തകരും. നിയന്ത്രണം, ലൈസന്‍സ്, പെര്‍മിറ്റ് രാജ് എന്നിവയുമായി ബന്ധപ്പെട്ട് നിലനിന്ന അഴിമതി തൊണ്ണൂറുകളിലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ ഇല്ലാതാക്കാനായി. ഇതുമൂലം സാമ്പത്തികവളര്‍ച്ചയ്ക്ക് വേഗംകൂടി. ഇത് പുതിയ അഴിമതിക്ക് ഇടയാക്കി. സാമ്പത്തികവികാസത്തിന്റെ പുതിയ മേഖലകളുമായി ബന്ധപ്പെട്ട് അഴിമതി ശക്തമാകാന്‍ തുടങ്ങി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോള്‍ അഴിമതിനിരോധന ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം- അദ്ദേഹം പറഞ്ഞു.

deshabhimani 111012

No comments:

Post a Comment