Thursday, October 11, 2012

വിപ്ലവത്തിന്റെ കരുത്തും ജനപിന്തുണയും പ്രകടമാക്കിയ തെരഞ്ഞെടുപ്പ് : റൗല്‍ കാസ്‌ട്രൊ



ബൊളിവാരിയന്‍ വിപ്ലവത്തിന്റെ കരുത്തും അതിന്റെ ചോദ്യംചെയ്യപ്പെടാനാകാത്ത ജനപിന്തുണയും പ്രകടമാക്കിയ തെരഞ്ഞെടുപ്പെന്നാണ് ക്യൂബന്‍ പ്രസിഡന്റ് റൗല്‍ കാസ്‌ട്രൊ ഷാവേസിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ യഥാര്‍ഥമായ ഏകീകരണത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നതിന്റെ ഉറപ്പുകൂടിയാണ് ഈ വിജയമെന്നും ക്യൂബന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ വിമോചന നായകനായിരുന്ന സൈമണ്‍ ബൊളിവറുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് മുന്‍ സൈനിക ഓഫീസറായ ഹ്യൂഗൊ ഷാവേസ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ എന്നും പിന്നാമ്പുറത്ത് തള്ളിയ യു എസ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് ഷാവെസ് കടന്നുവന്നതിന്റെ പശ്ചാത്തലമതാണ്. ലാറ്റിനമേരിക്കയില്‍ ഇന്ന് രൂപംകൊണ്ടിട്ടുള്ള വിവിധ സഖ്യങ്ങളുടെ പിന്നില്‍ ഷാവെസാണുള്ളത്. എല്ലാ സഖ്യങ്ങളും സാമ്രാജ്യത്വവിരുദ്ധ സ്വഭാവമുള്‍ക്കൊള്ളുന്നതാണ്.

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ എണ്ണയുടെ നിയന്ത്രണം കയ്യടക്കിയിരുന്ന കുത്തക കമ്പനികളെ ദേശവല്‍ക്കരിച്ചുകൊണ്ടാണ് ഷാവേസ് ഭരണം മുന്നേറിയത്. എണ്ണ വില്‍പ്പനയിലൂടെ സമ്പാദിച്ച പണം ദാരിദ്ര്യമകറ്റുന്നതിനുള്ള പദ്ധതികള്‍ക്കായി ചെലവഴിച്ചതിലൂടെ ഷാവെസ് ജനങ്ങള്‍ക്ക് പ്രിയംകരനായിമാറി.

''ഇവിടെ പാവപ്പെട്ടവരായ ജനങ്ങള്‍ ഇന്ന് മൂന്നുനേരം ഭക്ഷണം കഴിക്കുന്നുണ്ട്''. ഷാവേസിന്റെ വിജയം ആഘോഷിച്ച ലിലിയന്‍ ഗൊണ്‍ സാലസ് എന്ന ഒരു വൃദ്ധ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഷാവേസ് തോല്‍ക്കുമോ എന്ന ഭയംതന്നെ അലട്ടിയിരുന്നതായി അവര്‍ പറഞ്ഞു. അത്രയും ശക്തമായ പ്രചാരണമാണ് ഷാവേസിനെതിരെ പ്രതിപക്ഷം അഴിച്ചുവിട്ടത്.
വലതുപക്ഷ സഖ്യത്തിന്റെ ഷാവെസ് വിരുദ്ധ പ്രചാരണം പൊളിംഗ് ശതമാനം ഉയരുന്നതിനിടയാക്കി. ഷാവെസിന്റെ ശക്തികേന്ദ്രമായ ഗ്രാമപ്രദേശങ്ങളില്‍ വോട്ടെടുപ്പ് ദിനമായിരുന്ന ഞായറാഴ്ച അതിരാവിലെ മുതല്‍തന്നെ വോട്ടര്‍മാരുടെ നീണ്ടനിരകാണാമായിരുന്നു.

ഇപ്പോഴത്തെ വിജയത്തിനുശേഷം ഷാവേസ് എടുക്കുന്ന തീരുമാനങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് ലോകം. ദേശസാല്‍ക്കരണ നടപടികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന സൂചനയുണ്ട്. ബാങ്കിംഗ്, ഭക്ഷ്യം, ആരോഗ്യം എന്നീ മേഖലകളിലെ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിക്കുന്നതിന് ഷാവെസിന് പരിപാടിയുണ്ട്.

2013 ജനുവരി 10നാണ് അടുത്ത ആറ് വര്‍ഷക്കാലത്തേക്കുള്ള ഷാവേസിന്റെ ഔദ്യോഗിക കാലാവധി ആരംഭിക്കുന്നത്. ഔദ്യോഗിക കാലാവധിയുടെ ആദ്യത്തെ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റിന് സ്ഥാനമൊഴിയേണ്ടിവന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനാ വ്യവസ്ഥ. ഇതൊഴിവാക്കുന്നതിനും കാലാവധി പൂര്‍ത്തിയാക്കുംവരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിക്ക് ഷാവേസ് മുതിര്‍ന്നേക്കുമെന്നും സൂചനയുണ്ട്. കാന്‍സര്‍ രോഗബാധികനായിരുന്ന ഷാവേസ് കഴിഞ്ഞവര്‍ഷം മൂന്നു തവണ ഓപ്പറേഷന് വിധേയനായ പശ്ചാത്തലത്തില്‍ ഈ നീക്കത്തിന് പ്രധാന്യമുണ്ട്.

1954 ജൂലൈ 25-ന് സബാനെറ്റ ഗ്രാമത്തിലെ ഒരു കുടിലിലായിരുന്നു ഷാവേസിന്റെ ജനനം. സൈനികനായി സേവനമനുഷ്ഠിച്ച ഷാവെസ് 1992 ല്‍ പ്രസിഡന്റായിരുന്ന കാര്‍ലോസ് ആന്ദ്രെ പെറസിനെതിരെ നടന്ന പരാജയപ്പെട്ട അട്ടിമറിശ്രമത്തിന്റെ സൂത്രധാരനായിരുന്നു.  അന്ന് ജയിലിലേക്ക് പോയ ഷാവേസ് ജനങ്ങളോട് പറഞ്ഞത് 'വിപ്ലവം തല്‍ക്കാലം പരാജയപ്പെട്ടു'വെന്നാണ്. ഷാവെസിന്റെ ഹൃസ്വമായ ആ സന്ദേശം വെനിസ്വലയില്‍ പിന്നീട് ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയായിരുന്നു.

1994-ല്‍ ജയില്‍മോചിതനായ ഷാവെസ് രാജ്യത്തുടനീളം സഞ്ചരിച്ച് തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. അതിലൂടെ സമാഹരിച്ച ജനപിന്തുണയുമായാണ് 1998 ല്‍ അധികാരത്തിലേറിയത്.
ഷാവേസിന്റെ നടപടികളില്‍ അസംതൃപ്തരായ ബിസിനസ് ലോബിയും സൈനിക നേതൃത്വത്തിലെ ഒരു വിഭാഗവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു 2002 ലെ അട്ടിമറി. അന്ന് അധികാരഭ്രഷ്ടനായ ഷാവേസ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ജനപിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്തി.

janayugom news

1 comment:


  1. ബൊളിവാരിയന്‍ വിപ്ലവത്തിന്റെ കരുത്തും അതിന്റെ ചോദ്യംചെയ്യപ്പെടാനാകാത്ത ജനപിന്തുണയും പ്രകടമാക്കിയ തെരഞ്ഞെടുപ്പെന്നാണ് ക്യൂബന്‍ പ്രസിഡന്റ് റൗല്‍ കാസ്‌ട്രൊ ഷാവേസിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ യഥാര്‍ഥമായ ഏകീകരണത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നതിന്റെ ഉറപ്പുകൂടിയാണ് ഈ വിജയമെന്നും ക്യൂബന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

    ReplyDelete