Thursday, October 11, 2012

ഗ്രീസില്‍ ജര്‍മ്മന്‍ വിരുദ്ധ വികാരം ശക്തമാകുന്നു


ഗ്രീസില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലിനെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. യൂറോ മേഖലയില്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ചെലവ് ചുരുക്കല്‍ നയങ്ങള്‍ക്കെതിരെയാണ് ജനരോഷമിരമ്പിയത്. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇതാദ്യമായി ജര്‍മന്‍ ചാന്‍സലര്‍ ഗ്രീസിലെത്തുകയായിരുന്നു.

തലസ്ഥാനമായ ഏതന്‍സ് നഗരത്തില്‍ 50,000 ത്തില്‍പ്പരം ആള്‍ക്കാര്‍ പ്രകടനം നടത്തി. ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളൊഴിച്ചാല്‍ പൊതുവില്‍ സമാധാനപരമായിരുന്നു പ്രതിഷേധറാലി. ജര്‍മന്‍ കവിയും നാടകകൃത്തുമായ ബര്‍തോള്‍ഡ് ബ്രക്തിന്റെ ഒരു കവിതാശകലം ആലേഖനം ചെയ്ത ബാനറുകള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു: ''ഏഞ്ചലാ കരയരുത്, എടുക്കാനായി ഒന്നും തന്നെ ഈ പാത്രത്തിലില്ല''. ജര്‍മ്മന്‍ ചാന്‍സലറെ നാസി യൂണിഫോമില്‍ ചിത്രീകരിച്ചു കൊണ്ടുപോസ്റ്ററുകളും ഉണ്ടായിരുന്നു.

കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏതന്‍സ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഏഴായിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിലേയ്ക്കുള്ള പ്രവേശന കവാടത്തില്‍ വിന്യസിച്ചിരുന്നത്. 1999 ല്‍ യു എസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ സന്ദര്‍ശനത്തിനുശേഷം ഇത്രയും വലിയ സുരക്ഷാ ഏര്‍പ്പാടുകള്‍ ഇതാദ്യമായിരുന്നു. അതിരാവിലെ തന്നെ പലരെയും കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അതുകാരണം നിരവധിപേര്‍ക്ക് പ്രകടനത്തില്‍ പങ്കെടുക്കാനായില്ല. പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ച് കടന്നുപോയ വീഥികളിലെല്ലാം തോക്കുധാരികളായ പൊലീസുകാര്‍ നിലയുറപ്പിച്ചു.

പ്രകടനക്കാരുടെ രോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് കഴിഞ്ഞില്ല. വിമാന ത്താവളത്തില്‍ നിന്നും ഗ്രീക്ക് പ്രധാന മന്ത്രിയുടെ വസതിയിലേയ്ക്ക് പോയ മെര്‍ക്കലിന്റെ കാറിനുനേര്‍ക്ക് അവര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞു. സുരക്ഷയ്ക്ക് നിയുക്തരായിരുന്ന പൊലീസുകാര്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. രോഷം ഏഞ്ചലാ മെര്‍ക്കല്‍ എന്ന വ്യക്തിയോടല്ല, മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടാണെന്ന് പ്രകടനക്കാര്‍ വ്യക്തമാക്കി. മെര്‍ക്കലിന്റെ സന്ദര്‍ശനം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. ഗ്രീക്ക് പ്രധാനമന്ത്രി അന്റോനിസ് സമരാസുമായി അവര്‍കൂടിക്കാഴ്ച നടത്തി.

ചെലവുചുരുക്കലിന്റെ ഭാഗമായി നാലാം ഗഡു നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെടുക്കുന്നതിന് മുന്നോടിയായിട്ടാണ് മെര്‍ക്കല്‍ ഗ്രീസില്‍ സന്ദര്‍ശനം നടത്തിയത്. വേതനവും പെന്‍ഷനുകളും ഇനിയും ഗണ്യമായി വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഇത്. 4000 കോടി ഡോളറിന്റെ സഹായമാണ് അടുത്തഗഡുവായി നല്‍കുക.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രീക്ക് ഗവണ്‍മെന്റ് നടത്തിയതായി പ്രധാനമന്ത്രി സമറാസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മെര്‍ക്കല്‍ പറഞ്ഞു. ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമെന്ന അഭ്യൂഹങ്ങള്‍ അവര്‍ നിഷേധിച്ചു. ജനങ്ങളുടെ ചോര വാര്‍ന്നൊഴുകുന്നുണ്ടെങ്കിലും യൂറോയില്‍ തുടരാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി സമരാസും പറഞ്ഞു.

ഗ്രീസില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ശക്തമായ ജര്‍മ്മന്‍വിരുദ്ധ വികാരം വളരുന്നതിനിടയാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1941 മുതല്‍ 44 വരെ നാസി ജര്‍മനിയുടെ ഭരണത്തിലമര്‍ന്ന രാജ്യമാണ് ഗ്രീസ്. നാസികള്‍ ഗ്രീസ് വെട്ടിപ്പിടിച്ചയുടന്‍ തന്നെ ഗ്രീസില്‍ നിന്നും ഭീമമായ ഒരു തുക വായ്പയായി ജര്‍മനി നേടിയിരുന്നു. ആ തുക ജര്‍മനിയില്‍ നിന്നും തിരിച്ചുലഭിക്കുന്നതിനുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നാസി ഭരണകാലത്ത് കൊന്നൊടുക്കപ്പെട്ട ഗ്രീക്ക് പൗരന്മാരുടെ അനന്തരാവകാശികള്‍ക്ക് മതിയായ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. 1960 കളില്‍ ജര്‍മനി 7.40 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കിയെങ്കിലും അത് തികച്ചും അപര്യാപ്തമാണെന്നവാദം ഉയര്‍ന്നിട്ടുണ്ട്. 1990 ല്‍ ജര്‍മന്‍ പുനരേകീകരണമുണ്ടായപ്പോള്‍ ചില വ്യക്തികള്‍ ജര്‍മ്മനിക്കെതിരെ കേസ് കൊടുക്കുകപോലുമുണ്ടായി.

ഗ്രീക്ക് ജനത ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെല്ലാം കാരണം ജര്‍മ്മനിയുടെ നയങ്ങളാണെന്ന വിശ്വാസം ജനങ്ങളില്‍ വേരുറയ്ക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധിയില്‍ 68,000 ബിസിനസ് സ്ഥാപനങ്ങളാണ് ഗ്രീസില്‍ പൂട്ടിപ്പോയത്. തൊഴിലില്ലായ്മ 25 ശതമാനമാണ്. 35 വയസിനു താഴെയുള്ളവരാണ് ഇതിന്റെ കെടുതി ഏറെയും അനുഭവിക്കുന്നത്. ഗ്രീസിന്റെമേല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ച് വീണ്ടും രാജ്യത്തെ സ്വന്തം വരുതിയില്‍ നിര്‍ത്താനാണ് ജര്‍മന്‍ ശ്രമമെന്ന് വിമര്‍ശനമുണ്ട്.

janayugom news

No comments:

Post a Comment