Saturday, March 16, 2013

1138 കോടി അധിക നികുതി


ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ ചേരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 വയസ്സാക്കി ഉയര്‍ത്തിക്കൊണ്ട് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ്. വാറ്റ് നികുതിയുടെ പരിധിയില്‍ വരുന്ന സാധനങ്ങള്‍ക്ക് 650 കോടിയുടെ നികുതി വര്‍ധിക്കും. ബജറ്റ് നിര്‍ദേശങ്ങള്‍ മിക്കതും വിലക്കയറ്റം രൂക്ഷമാക്കുന്നതാണ്. പരമ്പരാഗത വ്യവസായങ്ങള്‍ക്കും പൊതുമേഖലയ്ക്കും തികഞ്ഞ അവഗണനയാണ് ബജറ്റില്‍. പ്രതിസന്ധിയിലായ സപ്ലൈകോയ്ക്കും കെഎസ്ആര്‍ടിസിക്കും അധിക സഹായമൊന്നും ബജറ്റിലില്ല. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതിയില്‍നിന്ന് വ്യക്തികളെ ഒഴിവാക്കുമെന്നും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത കാര്‍ഷിക വായ്പ നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. 1400 കോടിയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1138.33 കോടിയുടെ അധിക നികുതി നിര്‍ദേശങ്ങളാണുള്ളത്. സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍പ്രായം അറുപതാക്കിയത് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വായിച്ചില്ല. ബജറ്റ് പ്രസംഗത്തിലെ 107-ാം പേജിലാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നിലവിലുള്ള ജീവനക്കാരുടെ വിരമിക്കല്‍പ്രായം വര്‍ധിപ്പിക്കില്ലെന്നും 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍പ്രായം 60 ആക്കുമെന്നും മന്ത്രി പിന്നീട് പറഞ്ഞു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് വായിക്കാതെ വിട്ടതിനെക്കുറിച്ച് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ നടുവിലങ്ങിയതിനാല്‍ വിട്ടുപോയിരിക്കാമെന്നായിരുന്നു മാണിയുടെ പ്രതികരണം. ചിലപ്പോള്‍ പതുക്കെ വായിച്ചിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

നികുതി ഭാരം

$ മദ്യനികുതിയില്‍മാത്രം 250 കോടി അധികവരുമാനം $ വാങ്ങിയ ഭൂമി മൂന്നുമാസത്തിന:മ മറിച്ചുവിറ്റാല്‍ ഇരട്ടി മുദ്രവില $ സ്റ്റാമ്പ് ഡ്യൂട്ടി 2 ശതമാനം കുറച്ചു $ ആഡംബര കല്യാണങ്ങള്‍ക്ക് 3 ശതമാനം മംഗല്യനിധി $ ത്രീസ്റ്റാര്‍ ഹോട്ടല്‍, 500ല്‍ കൂടുതല്‍ ഇരിപ്പിടമുള്ള ഓഡിറ്റോറിയങ്ങള്‍ക്കും ബാധകം $ നിര്‍ധന യുവതികളുടെ വിവാഹത്തിന് 20000 രൂപ സഹായം $ എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് $ മൂന്നു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്. $ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലെയ്സ്മെന്റ് സെല്‍ $ വിദ്യാഭ്യാസ പലിശ ഇളവ് എപിഎല്‍ വിഭാഗത്തിനും ബാധകമാക്കി $ എം ജി യൂണിവേഴ്സിറ്റിയില്‍ വിവേകാനന്ദ പഠനകേന്ദ്രം. $ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ് $ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി $ കര്‍ഷകത്തൊഴിലാളി, കയര്‍ത്തൊഴിലാളി പെന്‍ഷന്‍ 100രൂപ കൂട്ടി $ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ $ വികലാംഗ പെന്‍ഷന്‍ 700 രൂപ $ വാര്‍ധക്യകാല പെന്‍ഷന്‍ 500 രൂപ $ വിധവ, വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി

$ താലൂക്ക് ആസ്ഥാനങ്ങളില്‍ 20 രൂപ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ തൃപ്തി ന്യായവില ഭക്ഷണശാല. $ സുസ്ഥിര തൊഴില്‍ വികസന പദ്ധതിക്ക് 10 കോടി $ പെന്‍ഷന്‍ ലഭിക്കാത്ത ബിപിഎല്‍ വിഭാഗക്കാരായ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട മരം, ഇരുമ്പ്, കല്ല്, കളിമണ്ണ്, സ്വര്‍ണ പണിക്കാര്‍ എന്നിവര്‍ക്ക് 400 രൂപ പെന്‍ഷന്‍ $ ക്യാന്‍സര്‍ രോഗികള്‍ക്ക് 800 രൂപ $ ഡയാലിസിസ് വേണ്ടിവരുന്ന വൃക്കരോഗികള്‍ക്ക് പെന്‍ഷന്‍ 900 രൂപ $ ക്ഷയരോഗികള്‍, കുഷ്ഠരോഗികള്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ 800 രൂപയാക്കി $ ക്യാന്‍സര്‍ ആശുപത്രികളുടെ നവീകരണത്തിന് 5 കോടി $ എല്ലാ താലൂക്കിലും ഡീ അഡിക്ഷന്‍ സെന്റര്‍ $ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ $ സംയോജിത കൃഷിത്തോട്ട പദ്ധതി ഓരോ യൂണിറ്റിനും പതിനായിരം രൂപ സഹായം $ മാതൃകാ ഹൈടെക് ഗ്രാമങ്ങള്‍ക്ക് 70 കോടി $ നീര ഉല്‍പ്പാദിപ്പിക്കാന്‍ 20 കോടി $ കാര്‍ഷിക വിള ഇന്‍ഷുറന്‍സിന് 25 കോടി $ മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് മറൈന്‍ ആംബുലന്‍സ് $ തീരദേശ ജില്ലകളില്‍ മത്സ്യപ്രോസസിങ് സെന്റര്‍ $ തീരദേശ ജലഗതാഗത പദ്ധതി വീണ്ടും $ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 7000 രൂപയാക്കി $ നോണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് 4000 രൂപ $ പത്രപ്രവര്‍ത്തക ഭവന സബ്സിഡി ഒരു ലക്ഷമാക്കി $ ആശാ വര്‍ക്കേഴ്സ് ഓണറേറിയം 700 രൂപയാക്കി $ ആലപ്പുഴയില്‍ കയര്‍കയറ്റുമതി-സംസ്കരണപാര്‍ക്കിന് 5 കോടി. $ മൂന്നു വര്‍ഷംകൊണ്ട് മൂന്നു ലക്ഷം ഭവനം $ ഇ എം എസ് ഭവനപദ്ധതി അവഗണിച്ചു $ പ്രവാസിക്ഷേമത്തിന് രണ്ടു കോടി $ ആലുവാ മണപ്പുറത്ത് 14.5 കോടിയുടെ സ്ഥിരം പാലം

വൈദ്യുതി, ഭക്ഷ്യം, കെഎസ്ആര്‍ടിസി പാടേ മറന്നു

തിരു: പൊതുമേഖലാ വ്യവസായങ്ങളെയും പൊതുവിതരണ രംഗത്തെയും അവഗണിച്ച ധനമന്ത്രി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെ പാടെ വിസ്മരിച്ചു. സംസ്ഥാനം കടുത്ത ഊര്‍ജപ്രതിസന്ധി നേരിടുമ്പോള്‍ ഈ മേഖലയ്ക്ക് 46 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. കടലാസിലുറങ്ങുന്ന പെട്രോനെറ്റ് ഉള്‍പ്പെടെ ചില വന്‍കിട പദ്ധതികളെക്കുറിച്ച് ആവര്‍ത്തിക്കുകയുംചെയ്തു. 55 മെഗാവാട്ട് ശേഷിയുള്ള അഞ്ച് ചെറുകിട ജല വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം. ഇക്കുറി എട്ട് പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ചു ലക്ഷം രൂപവീതം നീക്കിവച്ചിരിക്കുകയാണ്. സോപ്പ്, പേസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്നതാണ് മറ്റൊരു വസ്തുത. വാറ്റ് നികുതിയുടെ പരിധിയില്‍പ്പെടുന്ന ഇവയുടെ നികുതി ഒരു ശതമാനം കൂട്ടി. ഇതുവഴി 650 കോടിയാണ് അധിക വരുമാനം ലഭിക്കുന്നത്. ധാന്യപ്പൊടി, മൈദ, ഭക്ഷ്യഎണ്ണ, പയര്‍ എന്നിവയുടെ നികുതി കുറച്ചതുവഴിയുള്ള വരുമാന നഷ്ടം ഈ നികുതി വര്‍ധനയിലൂടെ നികത്താനും ലക്ഷ്യമിടുന്നു. നിര്‍മാണ സാമഗ്രികളും മറ്റും ഈ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. നികുതിനഷ്ടം നികത്തുന്ന തുക തട്ടിക്കഴിച്ചാണ് 650 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നത്. അതുകൂടി ചേരുമ്പോള്‍ ജനങ്ങള്‍ക്കുമേലുള്ള അധിക ഭാരം 1000 കോടി കവിയുമെന്ന് തീര്‍ച്ച.

മൊത്തം 1138 കോടിയുടെ അധിക നികുതി വിഭാവനംചെയ്യുമ്പോള്‍ ക്ഷേമ പെന്‍ഷനുകളില്‍ നാമമാത്രമായ വര്‍ധനയാണ് വരുത്തിയത്. പെന്‍ഷന്‍ വര്‍ധനയ്ക്ക് ആകെ വേണ്ടിവരുന്നതാകട്ടെ 100 കോടിയില്‍ താഴെയാണ്.

വ്യക്തികളില്‍നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് നിര്‍ത്തിയെന്നതാണ് ധനമന്ത്രിയുടെ മറ്റൊരു ആനുകൂല്യം. കാര്‍ഷികാദായ നികുതി നല്‍കുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. ഈ ഇനത്തില്‍ സര്‍ക്കാരിനു ലഭിക്കുന്ന തുക വളരെ കുറവാണ്. അത് ഉപേക്ഷിക്കുന്നതായി മേനിനടിച്ച ധനമന്ത്രി അവശ്യസാധനങ്ങളുടെയും നിര്‍മാണ സാമഗ്രികളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കൂനിന്മേല്‍ കുരുവായി ഈ നികുതിനിര്‍ദേശം മാറും. വ്യവസായമേഖലയ്ക്ക് 579 കോടി രൂപയാണ് നീക്കിവച്ചത്. ഇതില്‍ പ്രവര്‍ത്തന നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റാന്‍ വേറെ പണം കണ്ടെത്തണം. അനുവദിച്ച തുകയില്‍ ഏറിയപങ്കും വ്യവസായപാര്‍ക്കുകള്‍ക്കും മറ്റുമാണ്. വ്യവസായശാലകള്‍ ആരംഭിക്കുന്നതിനോ പുതിയ യൂണിറ്റുകള്‍ തുടങ്ങാനോ കാര്യമായ ഒന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ കുട്ടനാട്ടും പാലക്കാട്ടും റൈസ് ബയോപാര്‍ക്കുകള്‍ ആരംഭിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. പാര്‍ക്ക് ആരംഭിച്ചില്ലെന്നു മാത്രമല്ല ഇക്കുറി അക്കാര്യം മന്ത്രി മറന്നു. പകരം കുട്ടനാട്ട് റൈസ് മില്‍ തുടങ്ങുമെന്നാണ് പുതിയ പ്രഖ്യാപനം. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കാനാണ് മില്ല്. നെല്ല് സംഭരിക്കുന്നതിനുള്ള വില ചെലവഴിക്കേണ്ടത് സഹകരണസംഘങ്ങള്‍. സംഭരിക്കുന്ന സമയത്തുതന്നെ വില നല്‍കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.

കെഎസ്ആര്‍ടിസിക്ക് പുതിയ ബസ് വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചിട്ടില്ല. അതേസമയം, 100 കോടി രൂപ നല്‍കുമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം 125 കോടി രൂപയാണ് നീക്കിവച്ചത്. ഫലത്തില്‍ മുന്‍ ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് പ്രതിസന്ധി രൂക്ഷമായ സമയത്തും നല്‍കാന്‍ ധനമന്ത്രി സന്നദ്ധത കാട്ടിയത്. ഈ തുക പോരെന്ന് മന്ത്രി ആര്യാടന്‍ തുറന്നടിച്ചത് സര്‍ക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതിവേഗ റെയില്‍പ്പാത, മോണോ റെയില്‍ തുടങ്ങിയ വന്‍കിട പദ്ധതികളെക്കുറിച്ച് ഇക്കുറിയും ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചും പരാമര്‍ശമുണ്ടെങ്കിലും കാര്യമായ തുകയൊന്നും വകയിരുത്തിയിട്ടില്ല. അതിവേഗ റെയില്‍പ്പാതയ്ക്കും നയാപൈസയില്ല.

പൊതുവിതരണരംഗത്തെ ബജറ്റില്‍ തീര്‍ത്തും അവഗണിച്ചു. കഴിഞ്ഞ വര്‍ഷം 205 കോടി രൂപ കമ്പോള ഇടപെടലിന് അനുവദിച്ച സ്ഥാനത്ത് ഇക്കുറി 100 കോടിയാണ് നല്‍കിയത്. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണംചെയ്യുന്നതിന് ഇതര സാധനങ്ങളുടെ വിപണനം വികസിപ്പിച്ച് സപ്ലൈകോ പണം കണ്ടെത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. സ്വന്തം മക്കളുടെ കല്യാണത്തിന് മണ്ഡപം ബുക്ക് ചെയ്യുന്നതിനുമുമ്പ് മംഗല്യനിധിയിലേക്ക് വിഹിതം അടയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. 500ല്‍ അധികം ഇരിപ്പിടമുള്ള മണ്ഡപങ്ങള്‍, ത്രിസ്റ്റാര്‍ ഹോട്ടലുകളിലെ ഓഡിറ്റോറിയം എന്നിവിടങ്ങളിലെ കല്യാണങ്ങള്‍ക്കാണ് മംഗല്യനിധി ബാധകം. വിവാഹ ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുകയുടെ മൂന്നു ശതമാനത്തില്‍ കുറയാത്ത തുകയാണ് നിധിയിലേക്ക് നല്‍കേണ്ടത്. ഓഡിറ്റോറിയം ബുക്ക് ചെയ്യുന്ന സമയത്ത് മംഗല്യനിധിയിലേക്ക് വിഹിതം ഒടുക്കിയ രസീത് ഹാജരാക്കണം. ഈ നിധിയില്‍നിന്ന് 20,000 രൂപ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കുന്നതാണ് പദ്ധതി.

വില കുതിക്കും

മൂല്യവര്‍ധിത നികുതി (വാറ്റ്) 13.5 ശതമാനത്തില്‍നിന്ന് 14.5 ശതമാനമാക്കിയതോടെ സംസ്ഥാനത്ത് അവശ്യ സാധന വിലയടക്കം കുതിച്ചുയരും. ഡീസല്‍വില വര്‍ധിപ്പിച്ചതുമൂലമുണ്ടായ വിലവര്‍ധനയ്ക്കു പുറമെയാണ് ഈ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. ഇപ്രകാരം 1000 കോടിയിലേറെ രൂപയാണ് ജനങ്ങളില്‍നിന്ന് കവരുന്നത്.

വാറ്റ് നികുതി വര്‍ധന നിര്‍മാണമേഖലയ്ക്കും തിരിച്ചടിയാകും. ഭക്ഷ്യധാന്യം ഒഴികെയുള്ള അവശ്യവസ്തുക്കള്‍, സോപ്പ്, പേസ്റ്റ്, ടൂത്ത്ബ്രഷ് ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍, പ്ലാസ്റ്റിക് നിര്‍മിത ക്യാരിബാഗുകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസ്, ഇല, ആഡംബര വാഹനങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍, സാനിട്ടറി ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, സിമന്റ്, കമ്പി, പെയിന്റ്, മറ്റ് നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ വാറ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ പ്രഖ്യാപിത ചരക്കുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില കുതിച്ചുകയറും. സിഗററ്റ്, മദ്യം, ബീഡി ഒഴികെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.

പൊടിയരി, അവല്‍, മലര്‍, പൊരി, 500 രൂപവരെയുള്ള പാദരക്ഷ, ഐസ്, വാട്ടര്‍ ബെഡ്, സൗരോര്‍ജ ഉപകരണങ്ങള്‍, ഹൗസ് ബോട്ടിലെ ഭക്ഷണം, ധാന്യപ്പൊടി, തീരമൈത്രി ഉല്‍പ്പന്നങ്ങള്‍, സ്പൈസസ് ബോര്‍ഡ് വഴിയുള്ള ഏലം, കൃഷി-ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്ലൗസ്, വിളകള്‍ക്കുള്ള ഷേയ്ഡ് നെറ്റ്, റെഡ് ഓക്സൈഡ്, ക്ഷീരകര്‍ഷക സംഘങ്ങളുടെ ക്യാന്റീനുകളിലെ ഭക്ഷണപാനീയങ്ങള്‍ എന്നിവയ്ക്കുമാത്രമാണ് വില കുറയുക. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഉയരും.

deshabhimani 160313

No comments:

Post a Comment