Saturday, March 2, 2013

അഴിമതിത്തിളക്കത്തില്‍ മന്ത്രി അനൂപ്


അനൂപ് ജേക്കബ് മന്ത്രിയായി ചുമതലയേറ്റിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുംമുമ്പ് പ്രതിയായത് മൂന്ന് അഴിമതിക്കേസില്‍. രണ്ടുമാസത്തിനിടെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് അഴിമതിക്കേസില്‍ ഒന്നിന്റെ റിപ്പോര്‍ട്ട് അടുത്തമാസം പുറത്തുവരും. മൂന്നു കേസിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളോ പ്രതിപക്ഷമോ അല്ല അന്വേഷണത്തിനു വഴിവച്ച ആരോപണങ്ങളുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത് എന്നതും ശ്രദ്ധേയം.

അനൂപ് മന്ത്രിയായി ചുമതലയേറ്റ് ആറുമാസത്തിനകം ആദ്യ അഴിമതി ആരോപണം ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ച് 17ന് നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അനൂപ് 22 നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ്, രജിസ്ട്രേഷന്‍ മന്ത്രിയായി ചുമതലയേറ്റത്. മന്ത്രിയും കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കളും പ്രൈവറ്റ് സെക്രട്ടറിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഭക്ഷ്യ, രജിസ്ട്രേഷന്‍ വകുപ്പുകളില്‍ വന്‍ അഴിമതിയും ക്രമക്കേടും നടത്തുന്നതായാണ് ആക്ഷേപം ഉയര്‍ന്നത്. അധികാരദുര്‍വിനിയോഗവും രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നതായും പരാതി ഉയര്‍ന്നു. കൈക്കൂലി വാങ്ങാന്‍ മന്ത്രിയുടെ വീട്ടില്‍ നാല് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയിലൂടെ അനൂപിന്റെ ബന്ധുക്കളും അഴിമതി ആരോപണത്തിനു വിധേയരായി. ടി എം ജേക്കബിനൊപ്പം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും പിന്നീട് പുറത്താകുകയും ചെയ്ത പി ടി എബ്രഹാമാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. മന്ത്രിയോ യുഡിഎഫ് നേതൃത്വമോ തൃപ്തികരമായ മറുപടിപറയുകയോ ആരോപണങ്ങള്‍ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ജനുവരി 10നാണ് അനൂപിനെതിരായ ആദ്യ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവായത്. കേസില്‍ മന്ത്രി എട്ടാം പ്രതിയായപ്പോള്‍ പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബിജു മറ്റപ്പള്ളി, സി മോഹനന്‍പിള്ള, പ്രൈവറ്റ് സെക്രട്ടറി പി എസ് രാധാകൃഷ്ണന്‍, മുന്‍ കോട്ടയം ഡിഎസ്ഒ എസ് ശ്രീലത എന്നിവര്‍ കൂട്ടുപ്രതികളായി. എസ് ശ്രീലതയ്ക്ക് കോട്ടയത്ത് നിയമനം നല്‍കാന്‍ പാര്‍ടി നേതാക്കള്‍ ഉള്‍പ്പെട്ട് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതും അതു പങ്കിട്ടതും സംബന്ധിച്ച വെളിപ്പെടുത്തലുകളും ഉള്ള വീഡിയോ ദൃശ്യങ്ങള്‍പോലും തെളിവായി സമര്‍പ്പിക്കപ്പെട്ടു. കോട്ടയത്ത് റേഷന്‍ മൊത്തവ്യാപാരകേന്ദ്രം അനുവദിച്ചതിന്റെയും രജിസ്ട്രേഷന്‍വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ക്ക് പണം വാങ്ങിയതിന്റെയും തെളിവുകളും സമര്‍പ്പിക്കപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് കമീഷണര്‍ അന്വേഷിക്കുന്ന കേസിലെ റിപ്പോര്‍ട്ട് ഏപ്രില്‍ 17നകം സമര്‍പ്പിക്കും.

ഫെബ്രുവരിയിലാണ് രണ്ട് വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഉത്തരവായത്. സാമ്പത്തിക ക്രമക്കേടില്‍ വകുപ്പുതല നടപടിക്ക് വിധേയായ തൃക്കാക്കര സബ് രജിസ്ട്രാര്‍ക്ക് പ്രൊമോഷനോടെ പുനര്‍നിയമനം നല്‍കിയ കേസിലാണ് അന്വേഷണം. സാമ്പത്തിക ക്രമക്കേടിലൂടെ ഒരുകോടിയോളം രൂപ സര്‍ക്കാരിന് നഷ്ടംവരുത്തിയ ഈ ഉദ്യോഗസ്ഥയ്ക്കെതിരെ നേരത്തെ വകുപ്പുതല നടപടിയെടുത്ത രജിസ്ട്രേഷന്‍ ഐജിയെ തരംതാഴ്ത്തിയായിരുന്നു മന്ത്രിയുടെ നടപടി. ജൂണ്‍ ഒന്നിനകം ഈ കേസിലെ അന്വേഷണം പൂര്‍ത്തിയാകും. വ്യാജ ആധാരം നിര്‍മിച്ചതിന് സസ്പെന്‍ഷനിലായ സബ്രജിസ്ട്രാറെ അനധികൃതമായി തിരിച്ചെടുത്ത കേസിലാണ് മൂന്നാമത്തെ അന്വേഷണം. ജോണി നെല്ലൂര്‍, രജിസ്ട്രേഷന്‍ ഐജി സി രഘു, സബ്രജിസ്ട്രാര്‍ എ ദാമോദരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനാണ് കേസുകളില്‍ ഹര്‍ജിക്കാരന്‍. ഇതിനിടെ, അധികാരദുര്‍വിനിയോഗം നടത്തുന്നതിന്റെ വേറെയും പരാതികള്‍ മന്ത്രിക്കും പാര്‍ടി നേതാക്കള്‍ക്കും എതിരെ ഉയര്‍ന്നിരുന്നു. മണിമലക്കുന്ന് കോളേജിലെ നേഴ്സിങ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി വഴിവിട്ട് ഇടപെടല്‍ നടത്തിയതായി വൈസ് ചാന്‍സലറായിരുന്ന പ്രശസ്ത ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കളാണ് വെളിപ്പെടുത്തിയത്.

അനൂപിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് അത്ഭുതം: ബേബിച്ചന്‍ മുക്കാടന്‍

കോട്ടയം: മന്ത്രി അനൂപ് ജേക്കബ്ബിനെതിരെ രണ്ടു മാസത്തിനിടെ മൂന്നു കേസില്‍ വിജിലന്‍സ് കോടതി അന്വേഷണ ഉത്തരവിട്ടിട്ടും രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്് അത്ഭുതമാണെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെ പി വിശ്വനാഥനും കെ കെ രാമചന്ദ്രനും എതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ രാജി വയ്ക്കാന്‍ നിര്‍ദേശിച്ച ഉമ്മന്‍ചാണ്ടി, അനൂപ് ജേക്കബ്ബിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു. സാമുദായിക പരിഗണനയും ഭൂരിപക്ഷം നഷ്ടമാകുമെന്ന ഭയത്താലും അഴിമതിക്കാരെ സംരക്ഷിക്കുന്നു. അഴിമതിക്കാരായ മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ പുനഃസംഘടിപ്പിക്കണം. മൂന്നു കേസിലും താനാണ് പരാതി നല്‍കിയത്. ജോണി നെല്ലൂരിനെ ഔഷധി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണം. അഴിമതി നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന രാജുനാരായണസ്വാമി അടക്കമുള്ള ഐഎഎസുകാരുടെ പരാതി ഞെട്ടിക്കുന്നതാണെന്നുംഅദ്ദേഹം പറഞ്ഞു.

deshabhimani 020313

No comments:

Post a Comment