Saturday, March 2, 2013

കേന്ദ്ര പ്രവാസി ക്ഷേമപദ്ധതിക്ക് ആളില്ല


അശാസ്ത്രീയ നടപടിക്രമങ്ങളും ആനുകൂല്യങ്ങളുടെ കുറവുംമൂലം കേന്ദ്രസര്‍ക്കാരിന്റെ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന പദ്ധതിയില്‍ ചേരാന്‍ ആളില്ല. രാജ്യത്താകെ 150പേര്‍ മാത്രമാണ് പദ്ധതിയിലുള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലാരംഭിച്ച ക്ഷേമപദ്ധതിയില്‍ ഒന്നരലക്ഷത്തിലേറെ പ്രവാസികള്‍ അംഗങ്ങളാണ്. 2012 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന (എംജിപിഎസ്വൈ)തുടങ്ങിയത്. എസ്എസ്എല്‍സി പാസാവാത്ത ദുര്‍ബല വിഭാഗം തൊഴിലാളികളായ പ്രവാസികള്‍ക്കാണ് ഇതില്‍ അംഗത്വം ലഭിക്കുക. ഇവരുടെ എണ്ണം താരതമ്യേന കുറവാണ്. ഭൂരിപക്ഷം പ്രവാസികളെ തഴഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. അതോടൊപ്പം പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പരിമിതമാണെന്നതും അനാകര്‍ഷകമാക്കി. അംഗങ്ങളാകുന്നവര്‍ക്ക് അഞ്ചുവര്‍ഷം മാത്രമാണ് പെന്‍ഷന്‍ ലഭിക്കുക. 65വയസുവരെ പ്രതിമാസം ആയിരംരൂപയാണ് ആനുകൂല്യം. മറ്റ് ആനുകൂല്യങ്ങളോ പരിരക്ഷയോ ഇല്ല.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കേരള പ്രവാസിക്ഷേമ ബോര്‍ഡില്‍ അഞ്ചുവര്‍ഷം അംശദായം അടച്ചവര്‍ക്ക് മരണംവരെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യമുണ്ട്. അതോടൊപ്പം അരലക്ഷം രൂപവരെ ചികിത്സാ സഹായവും മക്കള്‍ക്ക് വിവാഹധനസഹായവും നല്‍കുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി വിഹിതമടച്ചാല്‍ സ്വയംതൊഴില്‍ വായ്പയും അഞ്ചുവര്‍ഷമടച്ചാല്‍ ഭവന വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്തുനിന്നുള്ള 35ലക്ഷത്തിലേറെപ്പേര്‍ ഗള്‍ഫ് നാടുകളിലുണ്ട്. മറ്റു രാജ്യങ്ങിലെ മലയാളികളുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇത് അരക്കോടി കവിയും. ഇതില്‍ ഒന്നരലക്ഷംപേര്‍ മാത്രമാണ് കേരള സര്‍ക്കാരിന്റെ ക്ഷേമ ബോര്‍ഡില്‍ അംഗമായിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതിനപ്പുറം ഒന്നും ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവാത്തതും പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാത്തതുമാണ് പ്രവാസികളെ പിറകോട്ടടിപ്പിക്കുന്നത്. മറ്റ് ക്ഷേമനിധികളുടെ മാതൃകയില്‍ പ്രവാസികളുടെ വിഹിതം പലിശയടക്കം തിരിച്ചുനല്‍കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അംഗീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ പ്രവാസിക്ഷേമനിധി തുടങ്ങുന്നതിന് പകരം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവാസിക്ഷേമബോര്‍ഡിന് ഗ്രാന്റ് നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് കേരള പ്രവാസിസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ പറഞ്ഞു. 1970 മുതല്‍ 2010വരെ കേന്ദ്രസര്‍ക്കാര്‍ യാത്രക്കാരില്‍നിന്ന് എമിഗ്രേഷന്‍ ഫീസിനത്തില്‍ പിരിച്ചെടുത്തത് 25,000കോടിയിലേറെ രൂപയാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. ഇതുപയോഗിച്ച് പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം നല്‍കണം. അതോടൊപ്പം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ബിജു കാര്‍ത്തിക്)

deshabhimani 020313

No comments:

Post a Comment