Friday, March 22, 2013
റബര്‍ തീരുവ വിജ്ഞാപനമായില്ല; പിന്നില്‍ ടയര്‍ലോബി
റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. വേനല്‍ കടുത്ത് ഉല്‍പാദനം പൂര്‍ണമായും നിലച്ചിട്ടും തീരുവ വര്‍ധനവിന് ആനുപാതികമായി വില ഉയരുന്നില്ല. ഇറക്കുമതി തീരുവ 20 ശതമാനമാക്കി വാണിജ്യമന്ത്രാലയം തീരുമാനിച്ച് ധനവകുപ്പിന് കൈമാറി ആഴ്ച്ചകളായിട്ടും ഇക്കാര്യത്തില്‍ ഗസറ്റ് വിജ്ഞാപനം ഇറങ്ങാത്തത് ദുരൂഹമാണ്. ഈ സാഹചര്യം മനസ്സിലാക്കി വന്‍കിട ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. വിദേശ വിപണിയില്‍ വിലയിടിയുന്നതും ഇവര്‍ക്ക് പ്രതീക്ഷയേകുന്നു. ഇതാണ് ഫലപ്രദമായ നിലയില്‍ വില ഉയരാത്തതിന് കാരണം. ഉല്‍പാദനം ഇല്ലാതായതിലൂടെയുള്ള സ്വാഭാവിക വിലക്കയറ്റം മാത്രമാണ് വിപണിയില്‍ പ്രകടമാകുന്നത്. ഇതിന്റ മറവില്‍ വന്‍കിട ടയര്‍ ലോബിക്കാര്‍ വീണ്ടും അവരുടെ താല്‍പര്യ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ഗസറ്റ് വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതെന്ന് സൂചനയുണ്ട്. ഇത്തരം അനിശ്ചിതത്വം വിപണിക്കും കര്‍ഷക താല്‍പര്യങ്ങള്‍ക്കും ഗുണം ചെയ്യില്ലെന്ന് റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് പയസ് സ്ക്കറിയ പറഞ്ഞു.
കഴിഞ്ഞ 26 ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുവ അന്താരാഷ്ട്രവിലയുടെ 20 ശതമാനമാക്കി. ഇതുപ്രകാരം ഈ ആഴ്ച്ചയിലെ വില അനുസരിച്ച് ഇറക്കുമതിക്കാര്‍ 34 രൂപയോളം തീരുവ നല്‍കണം. വില കുറഞ്ഞ ഘട്ടത്തില്‍ റബര്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്ന ടയര്‍ കമ്പനിക്കാര്‍ ഇപ്പോള്‍ ഇറക്കുമതിക്ക് കൂട്ടാക്കുന്നുമില്ല. നേരത്തെ കിലോക്ക് 20 രൂപയായിരുന്നു തീരുവ. വേനല്‍ കനത്ത് ഉല്‍പാദനം കുറഞ്ഞുതുടങ്ങിയ സമയത്ത് പത്ത് രൂപയുടെ വര്‍ധനവ് മാത്രമാണ് കിലോയ്ക്ക് ഇപ്പോഴുള്ളത്- 158 രൂപ. ഈ വര്‍ധനവിന്റെ ഗുണം കൂടുതലും കിട്ടുന്നത് വന്‍കിട വ്യാപാരികള്‍ക്കാണ്. ഒരു മാസമായുള്ള വില വര്‍ധനവിന്റെ പ്രവണത മനസ്സിലാക്കി പല വ്യാപാരികളും വന്‍കിട പ്ലാന്റര്‍മാരും റബര്‍ കൂടുതലായി വിപണിയില്‍ ഇറക്കുന്നില്ല. ഏപ്രില്‍ അവസാനത്തോടെ ഉല്‍പാദനം കുറഞ്ഞ് കര്‍ഷകര്‍ റബര്‍ ടാപ്പിങും നിര്‍ത്തി. വേനലില്‍ മൂന്നു മാസം തുടര്‍ച്ചയായി നൂറുശതമാനം ഉല്‍പാദനവും നിലയ്ക്കുന്നതിലൂടെ വിപണിയിലുണ്ടാകുന്ന വര്‍ധനവാണ് ഇപ്പോഴും ദൃശ്യമാകുന്നതെന്ന് പാലയിലെ കര്‍ഷകന്‍ പി ജെ ചാക്കോ പറഞ്ഞു. ഉല്‍പാദനം ആരംഭിക്കുന്നതോടെ വിലയിടിവ് തുടങ്ങുന്നതാണ് സാധാരണ കാണുന്ന രീതിയെന്നും അദ്ദേഹം പറഞ്ഞു.
(എസ് മനോജ്)
deshabhimani
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment