Sunday, April 14, 2013

ചരിത്രമായി "ആ തീ പിടിച്ച ദിനങ്ങള്‍“


ബിനോദ് ബിഹാരി ചൗധരി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ത്രസിപ്പിക്കുന്ന ഏടായ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകരില്‍ ഒരാളും വിപ്ലവകാരിയുമായിരുന്ന ബിനോദ് ബിഹാരി ചൗധരി അന്തരിച്ചു. 103 വയസ്സായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ചിറ്റഗോങ്ങിലേക്ക് കൊണ്ടുപോയി ദേശീയ ബഹുമതികളോടെ സംസ്കരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങ്ങില്‍ താമസിക്കുകയായിരുന്ന അദ്ദേഹത്തെ ചികിത്സയ്ക്കാണ് കൊല്‍ക്കത്തയില്‍ കൊണ്ടുവന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവും മറ്റു നേതാക്കളും ആശുപത്രിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ സൗമ്യ സുര്‍വ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരാസാത്തിലാണ് താമസം.

ചരിത്രമായി "ആ തീ പിടിച്ച ദിനങ്ങള്‍“

കൊല്‍ക്കത്ത: ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവരില്‍ അവസാന കണ്ണിയായിരുന്നു ബിനോദ് ബിഹാരി ചൗധരി. 1930 ഏപ്രില്‍ 18ന് ആയുധപ്പുര ആക്രമണത്തില്‍ മുഖ്യപങ്ക് വഹിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 19. ആയുധപ്പുര ആക്രമണത്തിന്റെ നായകനായിരുന്ന സ്വാതന്ത്ര്യസമരസേനാനി "മാസ്റ്റര്‍ ദാ" (സുര്യസെന്‍)യുടെ ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മിയില്‍ അംഗമായിരുന്നു ബിനോദ് ബിഹാരി. ആയുധപ്പുര പിടിച്ചെടുത്തശേഷം അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റര്‍ ദായുടെ നേതൃത്വത്തില്‍ പ്രാദേശിക വിപ്ലവ ഗവണ്‍മെന്റ് രൂപീകരിച്ചു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷുകാര്‍ തിരിച്ചടിച്ചു. ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിനോദ് ബിഹാരിക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് പിടിയിലായ അദ്ദേഹം വളരെക്കാലം ജയിലില്‍ കഴിഞ്ഞു. ആയുധപ്പുര കൂടാതെ പൊലീസ് സ്റ്റേഷന്‍, ടെലിഗ്രാഫ് ഓഫീസ് എന്നിവയും വിപ്ലവകാരികള്‍ ആക്രമിച്ചു. പല സംഘങ്ങളായി നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തോടാപ്പം പ്രീതി ലതാ വടേദാര്‍, കല്‍പ്പന ദത്ത, കാളിപാദ ചക്രവര്‍ത്തി, അംബികാ ചക്രവര്‍ത്തി, താരകേശ്വര്‍ ചക്രവര്‍ത്തി എന്നിവരുമുണ്ടായിരുന്നു.

സ്വാതന്ത്ര്യലബ്ദിക്കുശേഷം കിഴക്കന്‍ പാകിസ്ഥാനില്‍ താമസമാക്കിയ അദ്ദേഹം 1947ല്‍ പ്രവിശ്യാ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1954ല്‍ അവിടെ നടന്ന മാതൃഭാഷാ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തു. 1971ല്‍ നടന്ന ബംഗ്ലാദേശ് വിമോചനപോരാട്ടത്തിലും അദ്ദേഹം സജീവമായിരുന്നു. ബംഗ്ലാദേശ് സ്വതന്ത്രമായശേഷം സര്‍ക്കാര്‍ അദ്ദേഹത്തിന് ദേശീയ ബഹുമതി നല്‍കി ആദരിച്ചു. ചിറ്റഗോങ് സമരത്തിന്റെ ഓര്‍മക്കുറിപ്പുകളായ അദ്ദേഹം "അഗ്നിജോര്‍ ദിന്‍ഗുലി" (ആ തീ പിടിച്ചദിനങ്ങള്‍) എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
(ഗോപി)

deshabhimani 140413

No comments:

Post a Comment