Monday, September 16, 2013

നരോദ പാട്യ വംശഹത്യക്കേസ്: മായ കോട്നാനിക്ക് വധശിക്ഷ ആവശ്യപ്പെടേണ്ടെന്ന് ഗുജറാത്ത്

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി 96 പേരെ ചുട്ടുകൊന്ന നരോദ പാട്യ കേസില്‍ മുന്‍മന്ത്രി മായ കോട്നാനിക്ക് വധശിക്ഷ നല്‍കാന്‍ മേല്‍കോടതിയില്‍ ഹര്‍ജിനല്‍കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം ഗുജറാത്ത് സര്‍ക്കാര്‍ നിരസിച്ചു. ഗുജറാത്ത് വംശഹത്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യസ്ത്രീയും എംഎല്‍എയുമായ മായ കോട്നാനി മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈയായിരുന്നു.

നരോദ പാട്യയില്‍ നിന്നുള്ള നിയമസഭാംഗമായ മായ കോട്നാനിയും ബജരംഗ്ദള്‍ നേതാവ് ബാബു ഭജറംഗിയുമടക്കം മുപ്പതുപേര്‍ക്കാണ് 96പേരെ കൊന്ന കേസില്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഇവര്‍ക്ക് ലഭിച്ച ശിക്ഷ ലഘുവാണെന്ന കടുത്ത ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ ആവശ്യപ്പെട്ട് മേല്‍കോടതിയില്‍ ഹര്‍ജിനല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന്റെ അനുമതി തേടിയത്. കൊലയില്‍ മായ കോട്നാനിക്ക് നേരിട്ട് പങ്കുള്ളതായി "തെളിയിക്കാനായിട്ടില്ലെന്നാണ്" ഗുജറാത്ത് അഡ്വക്കറ്റ് ജനറല്‍ കമല്‍ ത്രിവേദിയുടെ നിലപാട്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്കോടതി ശിക്ഷിച്ചത്. അതിനാല്‍ മായ കോട്നാനിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെടേണ്ടെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമെന്ന് പ്രത്യേക അന്വേഷകസംഘത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് ദേശായി ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു.

deshabhimani

No comments:

Post a Comment